Image

മോഹന്‍ലാല്‍ ചിത്രം അതിമനോഹരത്തിന്റെ ഷൂട്ടിംഗ് സന്നിധാനത്ത് നടക്കില്ല

Published on 17 August, 2026
 മോഹന്‍ലാല്‍ ചിത്രം അതിമനോഹരത്തിന്റെ ഷൂട്ടിംഗ് സന്നിധാനത്ത് നടക്കില്ല

തിരുവനന്തപുരം: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം അതിമനോഹരത്തിന്റെ ചിത്രീകരണം ശബരിമല ക്ഷേത്ര സന്നിധാനത്ത് നടക്കില്ല. സിനിമയുടെ ചിത്രീകരണത്തിന് വനംവകുപ്പ് അനുമതി നിഷേധിച്ചു. ഏറ്റവും പുതിയ ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് വനംവകുപ്പ് നടപടി. ശബരിമല ക്ഷേത്രം ഉള്‍പ്പെടുന്ന ഭാഗം പെരിയാര്‍ കടുവ സങ്കേതത്തിലാണ്. ഇതുകൊണ്ടാണ് ചിത്രീകരണത്തിന് വനംവകുപ്പിന്റെ അനുമതി ആവശ്യമായത്.

അതേസമയം പമ്പ വരെ റാന്നി വനം വകുപ്പ് ഡിവിഷന്‍ ഭാഗത്ത് അനുമതി നല്‍കിയിട്ടുണ്ട്. അവിടങ്ങളില്‍ നാളെ ഷൂട്ടിംഗ് നടക്കും. ചിത്രീകരണത്തിന് നേരത്തെ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയിരുന്നു. മുഴുവന്‍ സ്‌ക്രിപ്റ്റും സമര്‍പ്പിക്കണം എന്നതാണ് ഇതിനുവേണ്ടി ദേവസ്വം ബോര്‍ഡ് വെച്ച നിബന്ധന. ശബരിമല ക്ഷേത്രത്തെയോ വിശ്വാസ പ്രമാണങ്ങളെയോ 
ഹനിക്കുന്ന യാതൊന്നും ചിത്രത്തിലുണ്ടായിരിക്കരുത് എന്നുമുണ്ടായിരുന്നു നിബന്ധന. ഇതിന് പുറമെ അമ്പതിനായിരം രൂപ കെട്ടിവെക്കുകയും വനംവകുപ്പില്‍ നിന്ന് അനുമതി തേടണമെന്നും നിബന്ധനവെച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സന്നിധാനത്തെ ചിത്രീകരണത്തിന് വനംവകുപ്പ് കട്ട് പറഞ്ഞതോടെ അണിയറ പ്രവര്‍ത്തകര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

തുടരും എന്ന മെഗാഹിറ്റ് ചിത്രത്തിനുശേഷം തരുണ്‍മൂര്‍ത്തിയും മോഹന്‍ലാലും ഒത്തുചേരുന്ന ചിത്രമാണിത്. മീര ജാസ്മിനാണ് നായിക. വലിയ ഇടവേളയ്ക്കുശേഷമാണ് ഇവര്‍ ഒന്നിക്കുന്നത്. ഒരു പോലീസ് സബ് ഇന്‍സ്പെക്ടറായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്.

ചിത്രത്തിന്റെ വലിയൊരു ഭാഗവും ശബരിമല കേന്ദ്രീകരിച്ചാണ് നടക്കുന്നത്. 
ചിത്രീകരത്തിന്റെ ഏതാണ്ട് എണ്‍പത് ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ടെന്നും തരുണ്‍ മൂര്‍ത്തി പറഞ്ഞിട്ടുണ്ട്. ശബരിമലയ്ക്ക് പുറമെ തൊടുപുഴ, കൊച്ചി, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലാണ് ചിത്രീകരണം. ക്രിസ്മസ് റിലീസായാണ് ചിത്രം ആസൂത്രണം ചെയ്തിരിക്കുന്നത്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക