
താന്‍ ഇനി കുടുംബത്തിന് വേണ്ടി മാത്രമായി ജീവിക്കുമെന്നും മറ്റു മേഖലകളില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന സൂചന നല്‍കി നടനും സംവിധായകനും റിയാലിറ്റി ഷോ താരവുമായ അഖില്‍ മാരാര്‍.
അനാവശ്യമായി മറ്റുള്ളവര്‍ക്കുവേണ്ടി സംസാരിച്ച് താന്‍ ഒരുപാടുപേരെ വെറുപ്പിച്ചുവെന്നും തന്റെ ശബ്ദം ഇനി തനിക്കുവേണ്ടി മാത്രമായി ഒതുക്കുമെന്നും അഖില്‍ വ്യക്തമാക്കി.
കുറിപ്പിന്റെ പൂര്‍ണരൂപം
ഞാന്‍ ആലോചിക്കാറുണ്ട് സത്യത്തില്‍ ഞാന്‍ എന്ത് തെറ്റാണു ചെയ്തതെന്ന്..
അഖില്‍ എന്നെ സഹായിച്ചിട്ടുണ്ട് എന്നല്ലാതെ അവന്‍ എന്നെ ചതിച്ചവന്‍ ആണെന്ന് ഒരാള്‍ പോലും പറയില്ല..
അനാവശ്യമായി മറ്റുള്ളവര്‍ക്ക് വേണ്ടി സംസാരിച്ചു ഒരുപാട് പേരെ വെറുപ്പിച്ചു..
ഏറ്റവും കൂടുതല്‍ വെറുപ്പ് എനിക്ക് കിട്ടിയ ഒരു വിഷയമായിരുന്നു ദിലീപിനെ പിന്തുണച്ചത്.. അന്ന് കുറെ പേര് പറഞ്ഞു ഞാന്‍ പണം വാങ്ങി സംസാരിക്കുന്നു എന്ന്..
തെണ്ടി തിരിഞ്ഞു കുത്തുപാള എടുത്തു നിന്ന നാളില്‍ പോലും എനിക്കൊരു 5000 രൂപ വേണം എന്ന് ഞാന്‍ ആരോടും ചോദിച്ചിട്ടില്ല.. ദിലീപ് വിഷയത്തില്‍ അയാളില്‍ ഒരു സത്യം ഉണ്ടെന്ന് കരുതി സമൂഹം അയാളെ ഇല്ലാതാക്കാന്‍ നോക്കുന്നു എന്ന് കണ്ടു മാത്രം പിന്തുണച്ചു..
ദിലീപിന് വേണ്ടി പല തവണ എന്നെ വിളിച്ചിട്ടുള്ള നാദിര്‍ഷ ദിലീപിന്റെ ജീവിതം തകര്‍ത്ത പി.ടി. തോമസിന്റെ ഭാര്യ മത്സരിക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ വോട്ടര്‍ ആയിട്ട് കൂടി എനിക്കൊരു ആശംസ പോലും നല്‍കിയില്ല എന്ന് മാത്രമല്ല പിഷാരടിക്ക് വേണ്ടി പ്രോഗ്രാം ചെയ്തു കൊടുക്കാന്‍ പോയി..
തോല്‍ക്കാന്‍ പോകുന്നവന് എന്ത് ആശംസ അതായിരുന്നു ചിന്ത..
രാമക്ഷേത്രത്തില്‍ ക്ഷണിച്ചിട്ട് പോലും പോകാത്ത ഞാന്‍ വേടന്റെ രാമനെ കുറിച്ചുള്ള പ്രസ്താവനയില്‍ എതിര്‍ത്തു.. അതോടെ ദളിത് സമൂഹം അനാവശ്യമായി എന്റെ ശത്രുവായി.. സത്യത്തില്‍ വേടന് എന്നെയും എനിക്ക് വേടനെയും വലിയ ഇഷ്ടമാണ്.. ഞങ്ങള്‍ വിളിച്ചു സംസാരിക്കുന്നവരാണ്..
എന്റെ നാട്ടില്‍ ഭൂരിപക്ഷം വരുന്ന എന്‍.എസ്.എസിനെ എതിര്‍ത്തു കെ.പി.എം.എസിന് വേണ്ടി സംസാരിച്ചതായിരുന്നു കോണ്‍ഗ്രസില്‍ ഉള്ള കാലം എനിക്ക് പുറത്തുപോകേണ്ടി വന്ന കാരണങ്ങളുടെ തുടക്കം..
80% നായര്‍ അംഗങ്ങള്‍ ഉള്ള കോട്ടത്തലയില്‍ എന്റെ സുഹൃത്തുക്കളുടെ ഉള്‍പ്പെടെ ശത്രുത എനിക്ക് കിട്ടിയപ്പോഴും ഞാന്‍ സത്യത്തിനൊപ്പം ആണെന്ന ചിന്ത മാത്രം ആയിരുന്നു എന്റെ ധൈര്യം..
പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയുടെ പല തീരുമാനങ്ങളും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു എന്ന് കണ്ടപ്പോള്‍ മുഖ്യമന്ത്രിയെ ശക്തമായി എതിര്‍ത്തു..
അതിന്റെ പേരില്‍ സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും ശത്രു ആയി..
ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ അമേരിക്കന്‍ ഇടപെടലില്‍ പിന്മാറിയ മോദിയുടെ രീതി ഭാരതീയന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഒന്നയപ്പോള്‍ അതിനെ ശക്തമായി എതിര്‍ത്തു.. ഫലമോ ബി.എന്‍.എസ്. പ്രകാരം കേരളത്തിലെ ആദ്യത്തെ രാജ്യദ്രോഹി..
അതെ ബിജെപി ക്കാര്‍ ഇന്ന് ജാന്‍മണിയും മറ്റ് ചില യൂട്യൂബര്‍മാരും തീവ്ര പ്രസ്താവനകള്‍ നടത്തിയപ്പോള്‍ കൊടുത്ത കേസുകള്‍ വെറും സ്റ്റേഷന്‍ ജാമ്യം കിട്ടുന്നവ.. അത്രയ്ക്ക് ദേഷ്യം ബിജെപിക്കാര്‍ക്ക് എന്നോടുണ്ട്..
എമ്പുരാന്‍ വിഷയത്തില്‍ പൃഥ്വിരാജ് ചെയ്തത് ശരിയല്ല എന്ന് പറഞ്ഞത് കേരളത്തില്‍ സമാധാനമായി ജീവിക്കുന്ന മനുഷ്യര്‍ ഒരു സിനിമയുടെ പേരില്‍ തമ്മില്‍ അടിക്കരുത് എന്ന് ചിന്തിച്ചിട്ടാണ്..
ദിവസേന പല പ്രശ്നങ്ങള്‍ പറഞ്ഞു എന്നെ വിളിക്കുന്ന കൊട്ടാരക്കരയിലെ എന്റെ നാട്ടുകാര്‍ക്ക് വേണ്ടി ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്യണം എന്ന ചിന്ത മാത്രമാണ് അവിടെ മത്സരിക്കണം എന്ന് ചിന്തിപ്പിച്ചത്..
രണ്ടര വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊച്ചിയില്‍ ഫ്‌ലാറ്റ് വാങ്ങിയിട്ടും എന്റെ അഡ്രസ്സ് ഇന്നും കോട്ടത്തലയിലെ ആണ്.. എന്റെ വാഹനം രജിസ്റ്റര്‍ ചെയ്യുന്നത് KL 24 ആണ്.. ആ നാട് എനിക്കൊന്നും തന്നിട്ടില്ലെങ്കിലും എന്റെ മഹാ ഗണപതിയുടെ മണ്ണില്‍ എന്തെങ്കിലും ചെയ്യണം എന്ന ചിന്ത.. പക്ഷെ ഞാന്‍ അത് പൂര്‍ണമായും ഉപേക്ഷിക്കുകയാണ്..
അവനവനു വേണ്ടിയല്ലാതെ അപരന് വേണ്ടി സംസാരിച്ചു ശത്രുക്കളെ ഉണ്ടാക്കിയ എനിക്ക് നാളിതുവരെ എന്താ യാതൊരു പ്രശ്‌നങ്ങളും ഇല്ലാതെ സന്തോഷത്തോടെ മുന്നോട്ടുപോകാന്‍ കഴിയുന്നതെന്ന് ചോദിച്ചാല്‍ എന്റെ സത്യം തിരിച്ചറിയുന്ന ഒരു ശക്തി എന്റെ കൂടെയുണ്ട്..
വിരലില്‍ എണ്ണാവുന്ന കൂട്ടുകാര്‍ മാത്രമേ അന്നും ഇന്നും ഉള്ളൂ..
എന്റെ ശബ്ദം ഇനി എനിക്ക് വേണ്ടി മാത്രമായി ഒതുക്കി സന്തോഷത്തോടെ ഞാന്‍ എന്റെ കുടുംബത്തിന് വേണ്ടി ജീവിക്കും..