
കൊച്ചി: മമ്മൂട്ടി അവര്‍ക്ക് കൊടുത്തയച്ചതായിരുന്നു ആ റേഡിയോ. അതിനൊപ്പം കസവ് മുണ്ടും മാവേലിയുടെ ചിത്രമുള്ള ഷര്‍ട്ടും. മക്കളെ കസവ് മുണ്ട് ഉടുപ്പിക്കുന്ന സമയത്ത് സന്തോഷത്താല്‍ കണ്ണീരണഞ്ഞുകൊണ്ട് ബോബിന പറഞ്ഞു: 'മമ്മൂക്ക മക്കള്‍ക്ക് നല്‍കിയ കേള്‍വിയാണ് ജീവിതത്തിലെ വലിയ ഓണസമ്മാനം!'. അപ്പോള്‍ റേഡിയോയില്‍ ആ പഴയ പാട്ടുവന്നു... 'കാതോടുകാതോരം...
തിങ്കളാഴ്ച ചിങ്ങം പിറക്കുമ്പോള്‍ കേള്‍വിയുടെ പുതിയ വര്‍ഷത്തിലേക്ക് കാതുതുറക്കുകയാണ് ഇടുക്കി വണ്ടിപ്പെരിയാറിലെ കുഞ്ഞുസഹോദരങ്ങളായ മിഖായേലും മിഹോക്കും. ജന്മനാ കേള്‍വിശക്തിയില്ലാതിരുന്ന ഇവര്‍ക്ക് മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയും ചേര്‍ന്നു നടപ്പിലാക്കുന്ന
'കാതോടു കാതോരം' പദ്ധതിയാണ് തുണയായത്. ഇതിലൂടെ രണ്ടുപേര്‍ക്കും കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ സൗജന്യമായി ചെയ്തു.
ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശികളായ സോനു-ബോബിന ദമ്പതികളുടെ മക്കളാണ് മിഖായേലും മിഹോക്കും. മൂത്തയാളായ മിഖായേലിന് രണ്ട് വയസ്സുള്ളപ്പോഴാണ് മാതാപിതാക്കള്‍ കേള്‍വി തകരാര്‍ തിരിച്ചറിയുന്നത്. കൂട്ടുകാരുമായി കളിക്കുന്നതിനിടെ കുരച്ചുകൊണ്ട് പാഞ്ഞടുത്ത നായയെ കണ്ട് കൂടെ ഉണ്ടായിരുന്നവര്‍ ഓടിയെങ്കിലും, മിഖായേല്‍ അത് കേട്ടില്ല. ആദ്യം കാണിച്ച ആശുപത്രിയില്‍ നാക്കിന്റെ പ്രശ്‌നമാണെന്നും പ്രായമാകുമ്പോള്‍ ശരിയാകുമെന്നും പറഞ്ഞ് തിരിച്ചയച്ചു. പിന്നീട് കട്ടപ്പനയിലെ ആശുപത്രിയില്‍ പരിശോധന നടത്തി ഇയര്‍ഫോണ്‍ വെച്ചെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. കേള്‍വിയെ സഹായിക്കുന്ന കോക്ലിയയിലെ കോശങ്ങള്‍ക്ക് ആയിരുന്നു തകരാര്‍. ഇതിനിടെ രണ്ടാമത്തെ കുട്ടിയായ മിഹോക്കിനും സമാനമായ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി.
രാജഗിരി ആശുപത്രിയിലെ ഇ.എന്‍.ടി, ഹെഡ് ആന്‍ഡ് നെക്ക് സര്‍ജറി വിഭാഗം മേധാവി ഡോ. രാജേഷ് രാജു ജോര്‍ജിന്റെ നേതൃത്വത്തിലാണ് കുട്ടികളുടെ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇ.എന്‍.ടി സര്‍ജന്‍ ഡോ. സജിത്ത് അബ്രാഹാം, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. ജോജി ആന്റണി, ഇംപ്ലാന്റ് കോ ഓര്‍ഡിനേറ്റര്‍ എല്‍ജി എം മാത്യു, സീനിയര്‍ ഓഡിയോളജിസ്റ്റ് അബിന്‍ ലാസര്‍, സീനിയര്‍ സ്പീച്ച് തെറാപ്പിസ്റ്റ് സാറ പോള്‍ എന്നിവരടങ്ങുന്ന വിദഗ്ദ്ധ മെഡിക്കല്‍ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്.