Image

പ്രോഗ്രസീവ് മുന്നേറ്റത്തിൽ അടിതെറ്റി ഇന്ത്യൻ അമേരിക്കൻ തനെദാർ (പിപിഎം)

Published on 06 August, 2026
പ്രോഗ്രസീവ് മുന്നേറ്റത്തിൽ അടിതെറ്റി ഇന്ത്യൻ അമേരിക്കൻ തനെദാർ (പിപിഎം)

ഡെമോക്രാറ്റിക്‌ പാർട്ടിയിലെ പ്രോഗ്രസീവ് വിഭാഗത്തിന്റെ കുതിപ്പിലാണ് ഇന്ത്യൻ അമേരിക്കൻ ശ്രീ തനെദാർ ചൊവാഴ്ച്ച മിഷിഗണിലെ പ്രൈമറി തോറ്റത്. 2022ലും 2024ലും യുഎസ് ഹൗസിലേക്കു ജയിച്ച അദ്ദേഹം ഇക്കുറി ആഫ്രിക്കൻ അമേരിക്കൻ കോട്ടയിൽ ആ വിഭാഗത്തിൽ നിന്നുള്ള ഡെമോക്രാറ്റിക്‌ സോഷ്യലിസ്റ്റ്  ഡൊണോവൻ മക്കിന്നിയോടു (34) തോറ്റത് 3.8% വോട്ടിനാണ്.

ദാരിദ്ര്യത്തിൽ നിന്നു വൻ സമ്പത്തിലേക്കു എത്തിയ കഥ പറയുന്ന തനെദാർ മുൻ തിരഞ്ഞെടുപ്പുകളിൽ ജയിച്ചത് ഒന്നിലേറെ ആഫ്രിക്കൻ അമേരിക്കൻ സ്ഥാനാർഥികൾ ആ വോട്ടുകൾ വിഭജിച്ചപ്പോഴാണ് എന്നു വിലയിരുത്തൽ ഉണ്ടായിട്ടുണ്ട്. എന്നാൽ കോൺഗ്രസിലെ പ്രവർത്തനത്തിൽ മികവുണ്ടായില്ല എന്ന വിമർശനവുമുണ്ട്. പ്രസിഡന്റ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം വരെ കൊണ്ടു വന്ന തനെദാർ അതിനു പാർട്ടി അനുമതി തേടിയില്ല എന്ന ആക്ഷേപവുമുണ്ട്.  

ഡിട്രോയിറ്റ് ഉൾപ്പെട്ട മിഷിഗൺ 13ആം ഡിസ്ട്രിക്ടിൽ ഡെമോക്രാറ്റിക് പാർട്ടിക്കു ആഴത്തിൽ വേരുകളുണ്ട്. ഇസ്രയേലിനെതിരായ നിലപാടുകളുടെ പേരിൽ യഹൂദ സംഘടനകൾ മക്കിന്നിക്കു വെല്ലുവിളി ഉയർത്തുമെന്നു തീർച്ചയാണ്. സെനറ്റിലേക്കു ഡെമോക്രാറ്റിക് നോമിനേഷൻ നേടിയ ഡോക്ടർ അബ്ദുൾ സായിദിനെ തോൽപിക്കാൻ അവർ കഠിനാധ്വാനം ചെയ്‌തിരുന്നു. നവംബർ 3 തിരഞ്ഞെടുപ്പിലും അത് ആവർത്തിക്കും. 

സ്റ്റേറ്റ് ജനപ്രതിനിധിയായിരുന്ന മക്കിന്നി എല്ലാവർക്കും മെഡികെയർ വാഗ്‌ദാനം ചെയ്യുന്നു. ഇസ്രയേലിനു സൈനിക സാധ്യം നൽകുന്നതിനെ എതിർക്കയും ചെയ്യുന്നു.  

തനെദാർ പുറത്തായതോടെ യുഎസ് ഹൗസിലെ ഇന്ത്യൻ അമേരിക്കൻ അംഗങ്ങളുടെ എണ്ണം അഞ്ചിൽ  നിന്നു നാലായി. സെനറ്റിലേക്കുള്ള പ്രൈമറിയിൽ തോറ്റ രാജാ കൃഷ്ണമൂർത്തി ഉൾപ്പെടെ ആറു പേരാണ് സമോസ കോക്കസ് എന്നറിയപ്പെട്ട ഗ്രൂപ്പിൽ ഉണ്ടായിരുന്നത്. അരിസോണയിൽ ഡെമോക്രാറ്റിക് നോമിനേഷൻ നേടിയ അമിഷ് ഷാ ജയിച്ചാൽ എണ്ണം വീണ്ടും അഞ്ചാകും.

ശ്രീനിവാസ് പ്രസാദ് തനെദാർ ജനിച്ചത് കർണാടകയിലെ ചിക്കോടിയിൽ മറാഠി കുടുംബത്തിലാണ്. യുഎസിൽ യൂണിവേഴ്സിറ്റി ഓഫ് ആക്രോണിൽ നിന്നു പിഎച് ഡി എടുക്കാൻ എത്തിയ അദ്ദേഹം ചെറിയൊരു വായ്പ എടുത്തു പൊളിഞ്ഞ ഒരു കമ്പനി വാങ്ങി. അത് വിജയമായതിനെ തുടർന്നു പല കമ്പനികളും വാങ്ങുകയും കോടീശ്വരനാവുകയും ചെയ്തു. 2022 തിരഞ്ഞെടുപ്പിൽ സ്വന്തം പണം ഇറക്കിയാണ് മത്സരിച്ചു ജയിച്ചത്.

Progressives down Indian American Thanedar 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക