
ദമ്മാം: സൗദി അറേബ്യയിലെ റിയാദ്, ജിദ്ദ എന്നീ സ്ഥലങ്ങളില്‍ നിന്നും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേയ്ക്ക് നേരിട്ടുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകള്‍ നിര്‍ത്തലായിട്ട് ഒമ്പത് മാസം പിന്നിട്ടിട്ടും, അവ പുനഃസ്ഥാപിക്കാന്‍ നടപടി എടുക്കാത്ത മാനേജ്മെന്റിന്റെ നിരുത്തരവാദപരമായ സമീപനം അവസാനിപ്പിയ്ക്കണമെന്ന് നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.
2025 ഒക്ടോബറിലാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് റിയാദില്‍ നിന്നും, ജിദ്ദയില്‍ നിന്നും തിരുവനന്തപുരത്തേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ പൂര്‍ണമായും അവസാനിപ്പിച്ചത്. ഇതോടെ തെക്കന്‍ കേരളത്തിലെ ആയിരക്കണക്കിന് പ്രവാസികളാണ് കടുത്ത യാത്രാദുരിതത്തിലായത്.
നിലവില്‍ കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ വഴിയോ, വിദേശ രാജ്യങ്ങളിലെ ട്രാന്‍സിറ്റ് സര്‍വീസുകള്‍ ആശ്രയിച്ചോ മാത്രമാണ് പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ സാധിക്കുന്നത്. ഇത് അധിക യാത്രാസമയത്തിനും, ഉയര്‍ന്ന ടിക്കറ്റ് നിരക്കിനും വഴി വെക്കുന്നതിനൊപ്പം, പ്രവാസികളുടെ കുടുംബസമേതമുള്ള യാത്രകളെ വലിയ ദുരിതമാക്കി മാറ്റുകയുമാണ്.
ഇക്കാര്യത്തില്‍ എയര്‍ ഇന്ത്യ എക്‌സ് പ്രസ്സ് അധികൃതര്‍ ഉടനടി നടപടി കൈക്കൊള്ളാനായി കേന്ദ്ര വ്യോമയാന മന്ത്രാലയം ഇടപെടണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാല്‍ വില്യാപ്പള്ളിയും, ജനറല്‍ സെക്രെട്ടറി എം.എ.വാഹിദ് കാര്യറയും വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.