
ന്യൂയോര്‍ക്ക്: മതസൗഹാര്‍ദ്ദം, മനുഷ്യസ്‌നേഹം, മതസ്വാതന്ത്ര്യം, അന്തര്‍മത സംവാദം, ലോകസമാധാനം എന്നിവയ്ക്കായി ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ നടത്തിയ വിശിഷ്ട സേവനങ്ങളെ മാനിച്ച് ഫൊക്കാന (Federation of Kerala Associations in North America - FOKANA)യുടെ ഹ്യൂമാനിറ്റേറിയന്‍ എക്‌സലന്‍സ് അവാര്‍ഡ് 2026 പ്രമുഖ മതാന്തര സംവാദ പ്രവര്‍ത്തകനും സാമൂഹിക സേവകനുമായ ഫാ. ജോസഫ് വര്‍ഗീസിന് സമ്മാനിക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ. സാജിമോന്‍ ആന്റണിയും ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താനും സംയുക്തമായി പ്രഖ്യാപിച്ചു.
2026-ലെ ഫൊക്കാന ദേശീയ കണ്‍വെന്‍ഷനോടനുബന്ധിച്ച് പെന്‍സില്‍വാനിയയിലെ Kalahari Resorts & Convention Center-ല്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.
മതപരവും വംശീയവുമായ സംഘര്‍ഷങ്ങള്‍ നിറഞ്ഞ സമൂഹങ്ങളില്‍ സമാധാനപരമായ സഹവര്‍ത്തിത്വത്തിനും പരസ്പര ബഹുമാനത്തിനും വേണ്ടി ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചുവരുന്ന ഫാ. ജോസഫ് വര്‍ഗീസ്, വിവിധ മതവിഭാഗങ്ങള്‍ തമ്മിലുള്ള സഹകരണവും സൗഹൃദവും വളര്‍ത്തുന്നതില്‍ ശ്രദ്ധേയമായ സംഭാവനകളാണ് നല്‍കിയിട്ടുള്ളത്.
ന്യൂയോര്‍ക്കിലെ Institute for Religious Freedom and Tolerance (IRFT)-ന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായും, ഐക്യരാഷ്ട്രസഭയുമായി സഹകരിക്കുന്ന Religions for Peace-ന്റെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമായും, National Council of Churches (NCC-USA)-ന്റെ ഇന്റര്‍-റിലീജിയസ് ഡയലോഗ് കോ-കണ്‍വീനറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. Holy Sophia Coptic School of Theology-യില്‍ അഡ്ജങ്ട് പ്രൊഫസറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അമേരിക്കയിലെ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ മലങ്കര അതിരൂപതയിലെ അഭിഷിക്ത വൈദികനുമാണ്.
ഒരു പതിറ്റാണ്ടിലേറെക്കാലം ജോര്‍ദാന്‍, ലെബനന്‍, ഈജിപ്ത് എന്നിവിടങ്ങളിലെ അഭയാര്‍ഥികള്‍ക്കിടയില്‍ സേവനം അനുഷ്ഠിക്കുകയും, ഐ.എസ്.ഐ.എസ്. ആക്രമണങ്ങളില്‍ ദുരിതമനുഭവിച്ച കുടുംബങ്ങള്‍ക്ക് സഹായവും ആശ്വാസവും നല്‍കുകയും ചെയ്തു. പാകിസ്ഥാന്‍, സിറിയ, മ്യാന്‍മര്‍ എന്നിവിടങ്ങളിലെ മതപീഡനമനുഭവിക്കുന്ന ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായി ഐക്യരാഷ്ട്രസഭയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു. യുക്രെയ്ന്‍ യുദ്ധകാലത്ത് സമാധാനത്തിനായുള്ള അന്തര്‍മത പ്രാര്‍ത്ഥനാ ദൗത്യത്തിന്റെ ഭാഗമായി കീവ് സന്ദര്‍ശിക്കുകയും ലോകസമാധാനത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്തു.
2014 മുതല്‍ National Council of Churches-ന്റെ ഇന്റര്‍-റിലീജിയസ് റിലേഷന്‍സ് കണ്‍വീനിംഗ് ടേബിളില്‍ അംഗമായും പിന്നീട് കോ-കണ്‍വീനറായും പ്രവര്‍ത്തിച്ച അദ്ദേഹം, ഹിന്ദു, ബൗദ്ധ, സിഖ് മതനേതാക്കളുമായുള്ള ദേശീയ സംവാദങ്ങള്‍ക്ക് നേതൃത്വം നല്‍കി. മതപീഡനം, അസഹിഷ്ണുത, സാമൂഹിക നീതി, പരസ്പര ധാരണ എന്നിവ പ്രോത്സാഹിപ്പിക്കുന്ന നിരവധി സംരംഭങ്ങളില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു.
Parliament of the World's Religions, ഐക്യരാഷ്ട്രസഭ, National Council of Churches എന്നിവയുടെ വിവിധ വേദികളില്‍ അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. കൂടാതെ Federation of Indian American Christian Organizations of North America (FIACONA)-യുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമായും അദ്ദേഹം സേവനം അനുഷ്ഠിച്ചുവരുന്നു.
മനുഷ്യത്വം, മതസൗഹാര്‍ദ്ദം, സമാധാനശ്രമങ്ങള്‍, മതപീഡിതരുടെ സംരക്ഷണം, അന്തര്‍ദേശീയ സാമൂഹിക സേവനം എന്നിവയില്‍ നല്‍കിയ അസാധാരണ സംഭാവനകളെ അംഗീകരിച്ചാണ് ഫൊക്കാനയുടെ പരമോന്നത മാനവിക ബഹുമതികളിലൊന്നായ ഹ്യൂമാനിറ്റേറിയന്‍ എക്‌സലന്‍സ് അവാര്‍ഡ് 2026 ഫാ. ജോസഫ് വര്‍ഗീസിന് നല്‍കുന്നതെന്ന് ഫൊക്കാന ഭാരവാഹികള്‍ അറിയിച്ചു.