Image

കൂടുതൽ ശക്തിയോടെയും കരുത്തോടെയും ഫൊക്കാന മുന്നേറുന്നത് കാണുമ്പോൾ തികഞ്ഞ അഭിമാനം : ജോർജി വർഗീസ്

- മീട്ടു റഹ്മത്ത് കലാം Published on 03 August, 2026
കൂടുതൽ ശക്തിയോടെയും കരുത്തോടെയും ഫൊക്കാന മുന്നേറുന്നത് കാണുമ്പോൾ തികഞ്ഞ അഭിമാനം : ജോർജി വർഗീസ്

ചരിത്രം സൃഷ്ടിക്കുന്നവരുണ്ട്... ചരിത്രം തിരുത്തിയെഴുതുന്നവരുമുണ്ട്.

ഒരു സംഘടന വിജയകാലത്ത് നേതൃത്വം നൽകുന്നത് എളുപ്പമാണ്. എന്നാൽ പ്രതിസന്ധികളുടെയും അഭിപ്രായഭിന്നതകളുടെയും അനിശ്ചിതത്വത്തിന്റെയും നടുവിൽ ഒരു സംഘടനയ്ക്ക് വീണ്ടും ആത്മവിശ്വാസം പകർന്നു കൊടുക്കുകയും, തകർച്ചയുടെ വക്കിൽ നിന്ന് കൈപിടിച്ചുയർത്തുകയും ചെയ്യുന്നവർ അപൂർവമാണ്. അത്തരമൊരു വ്യക്തിത്വമാണ് ജോർജി വർഗീസ്.

മൂന്നു പതിറ്റാണ്ടിലേറെയായി ഫൊക്കാനയുടെ ഓരോ ചുവടും അടുത്തറിഞ്ഞ വ്യക്തി. വിഭജനത്തിന്റെ വേദനയും സംഘടനയുടെ പോരാട്ടങ്ങളും നേരിൽ കണ്ട നേതാവ്. കോവിഡ് മഹാമാരിക്കുശേഷം ഫൊക്കാനയെ വീണ്ടും ദേശീയ ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയ 2020–2022 കാലഘട്ടത്തിലെ പ്രസിഡന്റ്.

2022-ലെ ഓർലാൻഡോ കൺവൻഷൻ ഇന്ന് പലരും ഒരു ദേശീയ സമ്മേളനമായി മാത്രമല്ല, ഫൊക്കാനയുടെ ശക്തമായ തിരിച്ചുവരവിന്റെ പ്രഖ്യാപനമായാണ് വിശേഷിപ്പിക്കുന്നത്. അതോടൊപ്പം, കേരളത്തിൽ മുതുകാട് മാജിക് അക്കാദമിയിൽ സംഘടിപ്പിച്ച വേറിട്ട കേരള കൺവെൻഷൻ പ്രവാസി സംഘടനാപ്രവർത്തനത്തിന് പുതിയൊരു സാമൂഹിക മുഖം നൽകി.

ഇന്ന് ഫൊക്കാനയുടെ ഇലക്ഷൻ കമ്മീഷൻ ചെയർമാൻ എന്ന നിലയിലും അദ്ദേഹം സംഘടനയുടെ ജനാധിപത്യ പാരമ്പര്യത്തിന് കാവലിരിക്കുന്നു.

ഹാരിസൺസ് ആൻഡ് ക്രോസ്ഫീൽഡിലെ ലേബർ ഓഫീസറിൽ നിന്ന് അമേരിക്കയിലെ ഹ്യൂമൻ സർവീസ് മാനേജരിലേക്കുള്ള സമ്പന്നമായ ഔദ്യോഗിക ജീവിതവും സാമൂഹ്യസേവന രംഗത്തെ അനുഭവസമ്പത്തും അദ്ദേഹത്തിന്റെ നേതൃത്വത്തിന് കൂടുതൽ ആഴവും കരുത്തും നൽകി.

അനുഭവങ്ങളുടെ വെളിച്ചത്തിൽ ഫൊക്കാനയുടെ ഇന്നലെയും ഇന്നും നാളെയും വായിച്ചറിയാൻ, ജോർജി വർഗീസുമായി നടത്തിയ ഈ പ്രത്യേക അഭിമുഖത്തിലേക്ക്...

ഫൊക്കാനയുമായുള്ള ബന്ധം ഏകദേശം മൂന്നു പതിറ്റാണ്ട് പിന്നിടുകയാണ്. ആദ്യമായി പങ്കെടുത്ത ഫൊക്കാന കൺവൻഷൻ ഇന്നും ഓർമ്മയിലുണ്ടോ?

തീർച്ചയായും. അതൊരിക്കലും മറക്കാനാകാത്ത അനുഭവമാണ്.
1998-ലാണ് ഞാൻ ഫൊക്കാനയുടെ പ്രവർത്തനങ്ങളുമായി സജീവമായി ബന്ധപ്പെടുന്നത്. ഞാൻ പങ്കെടുത്ത ആദ്യ ഫൊക്കാന കൺവെൻഷൻ ന്യൂയോർക്കിലെ റോച്ചസ്റ്ററിലായിരുന്നു. അന്ന് ഫൊക്കാനയ്ക്ക് വിഭജനമൊന്നും സംഭവിച്ചിരുന്നില്ല. മാത്യു സാറായിരുന്നു പ്രസിഡന്റ്.ഡോ. മാമൻ സി. ജേക്കബ് ജനറൽ സെക്രട്ടറിയായിരുന്നു.

അന്നത്തെ സമ്മേളനത്തിൽ സാംസ്‌കാരിക മന്ത്രി ടി കെ രാമകൃഷ്ണൻ, ഉമ്മൻ ചാണ്ടി,  ജസ്റ്റിസ് കെ ടി തോമസ്,കെ.ജെ. യേശുദാസ്, ചിത്ര, സുരേഷ് ഗോപി തുടങ്ങി കേരളത്തിലെ പ്രമുഖ രാഷ്ട്രീയ-സാംസ്കാരിക നേതാക്കളുടെ വലിയ സാന്നിധ്യമുണ്ടായിരുന്നു. ഇന്നും ആ കൺവെൻഷനെ ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മേളനങ്ങളിലൊന്നായാണ് ഞാൻ വിലയിരുത്തുന്നത്.

ആ കൺവൻഷൻ കണ്ടപ്പോൾ തന്നെ ഒരിക്കൽ ഫൊക്കാനയെ നയിക്കണമെന്നോ ദേശീയ കൺവൻഷൻ സംഘടിപ്പിക്കണമെന്നോ മനസ്സിൽ ആഗ്രഹമുണ്ടായിരുന്നോ?

പ്രസിഡന്റാകണം എന്ന ചിന്ത അന്നുണ്ടായിരുന്നില്ല.
അമേരിക്കയിൽ എത്തിയിട്ട് അധികം നാളായിരുന്നില്ല. എന്നാൽ, ഒരു കാര്യം മനസ്സിൽ ഉറപ്പിച്ചിരുന്നു—ഈ സംഘടനയ്ക്ക് ഇനിയും ഒരുപാട് വളരാൻ കഴിയും. ഓരോ കൺവൻഷനും കാണുമ്പോൾ അതിലെ നല്ല കാര്യങ്ങളും പോരായ്മകളും ഞാൻ ശ്രദ്ധിക്കുമായിരുന്നു.

'ഇത് ഇനിയും എങ്ങനെ മികച്ചതാക്കാം?' എന്ന ചിന്തയായിരുന്നു എപ്പോഴും മനസ്സിലുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ പിന്നീട് നടന്ന എല്ലാ ഫൊക്കാന കൺവെൻഷനുകളിലും ഞാൻ പങ്കെടുത്തു. നേതൃത്വം എന്നത് ഒരു പദവി നേടുന്നതല്ല; ഒരു ദർശനം വളർത്തിയെടുക്കുന്നതാണ്. ആ ദർശനത്തിന്റെ വിത്ത് അന്നുതന്നെ എന്റെ മനസ്സിൽ വീണിരുന്നു.

ഇന്ന് പിന്നോട്ടു നോക്കുമ്പോൾ നാല് പതിറ്റാണ്ടിലെ ഫൊക്കാനയുടെ വളർച്ചയെ എങ്ങനെ വിലയിരുത്തുന്നു?

ഫൊക്കാനയുടെ ചരിത്രം വിജയങ്ങളുടെ മാത്രം ചരിത്രമല്ല. അത് പരീക്ഷണങ്ങളുടെയും തിരിച്ചുവരവുകളുടെയും ചരിത്രം കൂടിയാണ്. സംഘടന വിഭജിക്കപ്പെട്ടപ്പോൾ ഫൊക്കാനയ്ക്ക് വലിയ തിരിച്ചടിയേറ്റു. പുതിയൊരു സംഘടന രൂപംകൊണ്ടു. നിയമപോരാട്ടങ്ങളും സംഘടനാപരമായ പ്രതിസന്ധികളും അതിനെ കൂടുതൽ വെല്ലുവിളികളിലേക്ക് നയിച്ചു.

ആ സാഹചര്യത്തിൽ ഫൊക്കാനയ്ക്ക് വീണ്ടും ആത്മവിശ്വാസം വീണ്ടെടുക്കുക എന്നത് എളുപ്പമായിരുന്നില്ല. എന്നാൽ സംഘടനയിലെ പ്രവർത്തകരുടെ ആത്മാർത്ഥതയും മുൻനിര നേതാക്കളുടെ അർപ്പണബോധവുമാണ് ഫൊക്കാനയെ വീണ്ടും മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവന്നത്. ഇന്ന് അഭിമാനത്തോടെ പറയാം—ഫൊക്കാന ആ പ്രതിസന്ധികളെയെല്ലാം അതിജീവിച്ചു. മുമ്പത്തേക്കാൾ കൂടുതൽ ശക്തിയോടെയും ആത്മവിശ്വാസത്തോടെയും സംഘടന മുന്നേറുകയാണ്.

പലരും താങ്കളുടെ നേതൃത്വത്തിൽ നടന്ന 2022-ലെ ഓർലാൻഡോ കൺവെൻഷനെ ഫൊക്കാനയുടെ ശക്തമായ തിരിച്ചുവരവായി വിശേഷിപ്പിക്കുന്നു. ആ വിജയത്തിന്റെ രഹസ്യം എന്തായിരുന്നു?

ഞാൻ അതിനെ ഒരാളുടെ വിജയമായി ഒരിക്കലും കാണുന്നില്ല. അത് ഒരു ടീമിന്റെ വിജയമായിരുന്നു.ലോകത്തെ മുഴുവൻ നിശ്ചലമാക്കിയ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലായിരുന്നു ഞങ്ങൾ ചുമതലയേറ്റത്. അത്തരം സാഹചര്യത്തിൽ ഇത്രയും വലിയ ദേശീയ കൺവൻഷൻ നടത്തുക അസാധ്യമാണെന്നാണ് പലരും കരുതിയത്.പക്ഷേ ഞങ്ങൾ വിശ്വസിച്ചത് ഒരേയൊരു കാര്യത്തിലായിരുന്നു—അമേരിക്കൻ മലയാളികൾ വീണ്ടും ഒരുമിച്ച് കൂടാൻ ആഗ്രഹിക്കുന്നു.
ഓർലാൻഡോ അതിന് ഏറ്റവും അനുയോജ്യമായ വേദിയായിരുന്നു. അമേരിക്കയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ആ നഗരം കുടുംബങ്ങൾക്കും ഏറെ അനുയോജ്യമായിരുന്നു. ജനറൽ സെക്രട്ടറി സജിമോൻ ആന്റണിയുൾപ്പെടെ മുഴുവൻ ടീമും ഒരേ മനസ്സോടെ പ്രവർത്തിച്ചു. അതുകൊണ്ടുതന്നെ ആ കൺവൻഷൻ ഒരു ദേശീയ സമ്മേളനം മാത്രമായിരുന്നില്ല; ഫൊക്കാനയുടെ പുനരുജ്ജീവനത്തിന്റെ പ്രഖ്യാപനമായി അത് മാറി.

കോവിഡിന് ശേഷമുള്ള സാഹചര്യത്തിൽ ഇത്ര വലിയ കൺവൻഷൻ സംഘടിപ്പിക്കുമ്പോൾ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി എന്തായിരുന്നു?

ഇന്ന് ഒരു ദേശീയ കൺവെൻഷൻ സംഘടിപ്പിക്കുന്നത് വളരെ വലിയ സാമ്പത്തിക ഉത്തരവാദിത്വമാണ്. മുമ്പ് പങ്കെടുക്കുന്നവർ ഭക്ഷണവും താമസവും പലപ്പോഴും സ്വയം ക്രമീകരിക്കുമായിരുന്നു. ഇന്ന് മൂന്ന് ദിവസത്തെ താമസവും ഭക്ഷണവും ഉൾപ്പെടെ എല്ലാം സംഘാടകരുടെ ഉത്തരവാദിത്വമാണ്.

ഒരു വ്യക്തിയുടെ ഭക്ഷണച്ചെലവ് മാത്രം വലിയ തുകയാണ്. അതിനൊപ്പം താമസസൗകര്യം, കലാപരിപാടികൾ, സാങ്കേതിക സൗകര്യങ്ങൾ, മറ്റ് സംഘാടനച്ചെലവുകൾ എന്നിവ കൂടി ചേർന്നാൽ ചെലവ് കോടിക്കണക്കിന് രൂപയിലെത്തും. അത്തരം സാഹചര്യത്തിൽ സ്പോൺസർമാരെ കണ്ടെത്തുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.

പലപ്പോഴും സംഘടനാ നേതാക്കൾ സ്വന്തം പോക്കറ്റിൽ നിന്നാണ് വലിയൊരു ഭാഗം ചെലവഴിക്കേണ്ടി വരുന്നത്. പുറത്തുനിന്ന് കാണുന്നവർക്ക് അത് മനസ്സിലാകാറില്ല. എന്നാൽ പ്രവാസി സംഘടനകൾ മുന്നോട്ടുപോകുന്നത് വലിയ സാമ്പത്തികവും വ്യക്തിപരവുമായ ത്യാഗങ്ങളിലൂടെയുമാണ്. കേരളത്തിൽ ഒരു സർക്കാർ തീരുമാനം നടപ്പാക്കുമ്പോൾ അതിന് പിന്നിൽ വലിയൊരു ഭരണസംവിധാനമുണ്ട്. ഉദ്യോഗസ്ഥരും വകുപ്പുകളും സംവിധാനങ്ങളുമുണ്ട്. എന്നാൽ പ്രവാസി സംഘടനകൾക്ക് അത്തരമൊരു മെഷിനറി ഇല്ല.

ഇവിടെ പ്രവർത്തിക്കുന്നവർ ഓരോരുത്തരും സ്വന്തം ജോലിയും കുടുംബജീവിതവും മാറ്റിവെച്ച്, സ്വന്തം സമയവും പണവും ചെലവഴിച്ചാണ് സംഘടനയ്ക്കുവേണ്ടി പ്രവർത്തിക്കുന്നത്. അതിനാൽ ഒരു ദേശീയ കൺവൻഷൻ വിജയിപ്പിക്കാൻ സാമ്പത്തിക ശേഷി മാത്രം പോരാ; വ്യക്തമായ ദർശനവും ആളുകളെ ഒരുമിച്ച് നയിക്കാനുള്ള നേതൃത്വശേഷിയും അനിവാര്യമാണ്.

കേരള കൺവൻഷൻ ഒരു ആഡംബര ഹോട്ടലിൽ നടത്താതെ മുതുകാട് മാജിക് അക്കാദമിയിൽ സംഘടിപ്പിച്ച തീരുമാനം എങ്ങനെ രൂപപ്പെട്ടു?

ഒരു കൺവൻഷൻ ആഘോഷം മാത്രമാകരുത്; അത് സമൂഹത്തിന് തിരികെ എന്തെങ്കിലും നൽകുകയും വേണമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതുകൊണ്ടാണ് കേരള കൺവൻഷൻ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ നടത്തുന്നതിനുപകരം മുതുകാട് മാജിക് അക്കാദമിയിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചത്.അവിടെയുള്ള ഭിന്നശേഷിക്കാരായ കുട്ടികളോടൊപ്പം സമയം ചെലവഴിക്കാൻ ഞങ്ങൾക്ക് സാധിച്ചു.

ആഡംബര ഹോട്ടലിൽ ചെലവഴിക്കേണ്ടിയിരുന്ന പണം അവിടുത്തെ കുട്ടികളുടെ വികസനത്തിനായി വിനിയോഗിക്കാനും പുതിയ സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഫൊക്കാനയ്ക്ക് പങ്കാളിയാകാനും കഴിഞ്ഞു. പ്രവാസി സംഘടനയുടെ സാമൂഹിക ഉത്തരവാദിത്വം എങ്ങനെയായിരിക്കണം എന്നതിന് മാതൃക സൃഷ്ടിക്കണമെന്നായിരുന്നു ആ തീരുമാനത്തിന് പിന്നിലെ ചിന്ത. ഇന്നും അതിൽ എനിക്ക് വലിയ അഭിമാനമുണ്ട്.

ഈ സാമൂഹിക കാഴ്ചപ്പാടിന് പിന്നിൽ താങ്കളുടെ ഔദ്യോഗിക ജീവിതവും സാമൂഹ്യസേവന അനുഭവങ്ങളും എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്?

വളരെയേറെ. കേരളത്തിൽ ഹാരിസൺസ് ആൻഡ് ക്രോസ്ഫീൽഡിൽ ലേബർ ഓഫീസറായി പ്രവർത്തിച്ച കാലം മുതൽ മനുഷ്യരോടൊപ്പം പ്രവർത്തിക്കാനാണ് എനിക്ക് കൂടുതൽ താൽപര്യം. കൂട്ടുകൃഷി പദ്ധതിയിൽ പ്രവർത്തിച്ചപ്പോൾ സാധാരണ കർഷകരോടൊപ്പം ജീവിക്കാനും അവരുടെ ജീവിതം അടുത്തറിയാനും അവസരം ലഭിച്ചു. അമേരിക്കയിലെത്തിയശേഷം 38 വർഷം ഹ്യൂമൻ സർവീസ് രംഗത്ത് ജോലി ചെയ്തു. ജീവിതത്തിൽ പിന്നാക്കം നിൽക്കുന്ന മനുഷ്യരുടെ പ്രശ്നങ്ങളാണ് ഞാൻ ദിവസവും കണ്ടത്.

അതുകൊണ്ടുതന്നെ ഏത് സംഘടനയിലും എനിക്ക് ഏറ്റവും പ്രധാനപ്പെട്ടത് സാധാരണക്കാരാണ്. കോവിഡ് കാലത്ത് ഫൊക്കാനയുടെ നേതൃത്വത്തിൽ കേരളത്തിലേക്ക് മെഡിക്കൽ സഹായങ്ങൾ എത്തിക്കാനും സർക്കാരുമായി സഹകരിച്ച് നിരവധി സേവന പ്രവർത്തനങ്ങൾ നടത്താനും കഴിഞ്ഞത് ഈ ചിന്തയുടെ തുടർച്ചയായിരുന്നു. ഒരു സംഘടനയുടെ മഹത്വം അതിന്റെ കെട്ടിടങ്ങളിലോ വേദികളിലോ അല്ല; അത് സ്പർശിക്കുന്ന മനുഷ്യരുടെ ജീവിതങ്ങളിലാണ്. അതാണ് ജീവിതം എന്നെ പഠിപ്പിച്ച ഏറ്റവും വലിയ പാഠം. ഒരു നേതാവിന്റെ മഹത്വം വേദിയിൽ ലഭിക്കുന്ന കൈയടികളിലല്ല; എത്ര മനുഷ്യരുടെ ജീവിതത്തിൽ പ്രതീക്ഷയുടെ വെളിച്ചം തെളിയിക്കാൻ കഴിഞ്ഞുവെന്നതിലാണ്. അതുകൊണ്ടാണ് ഫൊക്കാനയുടെ എല്ലാ പ്രവർത്തനങ്ങളിലും സാമൂഹിക പ്രതിബദ്ധതയ്ക്ക് ഞാൻ എന്നും വലിയ പ്രാധാന്യം നൽകിയിരുന്നത്.


ഫൊക്കാനയുടെ നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പ്രവർത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു?

വളരെ പോസിറ്റീവായാണ് ഞാൻ അതിനെ കാണുന്നത്.ഓരോ നേതൃത്വത്തിനും അതിന്റേതായ പ്രത്യേകതകളുണ്ട്. എന്റെ കാലഘട്ടം ഫൊക്കാനയുടെ ശക്തമായ തിരിച്ചുവരവിന്റെ കാലമായിരുന്നുവെങ്കിൽ, ഇന്നത്തെ നേതൃത്വത്തിന്റെ കാലഘട്ടം സംഘടനയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്ന കാലമാണെന്നാണ് എന്റെ വിശ്വാസം.

പുതിയ പദ്ധതികൾ അവതരിപ്പിക്കുന്നതിലും അംഗസംഘടനകളുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിലും ഇപ്പോഴത്തെ ടീം ശ്രദ്ധേയമായ പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്.

ഇന്ന് ഫൊക്കാന കൂടുതൽ ആത്മവിശ്വാസത്തോടെയും ജനകീയതയോടെയും മുന്നേറുന്ന ഒരു സംഘടനയായി മാറിയിട്ടുണ്ട്. അതിൽ നിലവിലെ നേതൃത്വത്തിന്റെ പങ്ക് വളരെ വലുതാണ്.

പ്രസിഡന്റ് സജിമോൻ ആന്റണിയുമായി അദ്ദേഹം ജനറൽ സെക്രട്ടറിയായിരിക്കെ അടുത്ത് പ്രവർത്തിച്ച വ്യക്തിയാണ് താങ്കൾ. അദ്ദേഹത്തിന്റെ നേതൃത്വത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് കരുതുന്നു?

സജിമോൻ ആന്റണി ഒരു ഡൈനാമിക് ലീഡറാണ്.

പുതിയ ആശയങ്ങൾ രൂപപ്പെടുത്താനും അവ പ്രാവർത്തികമാക്കാനും അദ്ദേഹത്തിനുള്ള കഴിവ് ശ്രദ്ധേയമാണ്.

കേരളത്തിലെ ആശുപത്രികളുമായി സഹകരിച്ച് മെഡിക്കൽ കാർഡ് പദ്ധതി നടപ്പാക്കിയതും അതിന് മികച്ച ഉദാഹരണമാണ്. അമേരിക്കയിൽ കഴിയുന്ന മലയാളികൾക്കും അവരുടെ കുടുംബങ്ങൾക്കും നേരിട്ട് പ്രയോജനം ചെയ്യുന്ന പദ്ധതിയാണത്.അതുപോലെ, കേരളത്തിലെ രണ്ട് വിമാനത്താവളങ്ങളിൽ പ്രിവിലേജ് കാർഡ് സംവിധാനം നടപ്പിലാക്കുന്നതിനുള്ള ചർച്ചകൾ വിജയകരമായി മുന്നോട്ടുകൊണ്ടുപോയതും മികച്ച നേതൃത്വത്തിന്റെ തെളിവാണ്.

രണ്ട് വർഷമെന്നത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ വളരെ ചെറിയ കാലയളവാണ്. എന്നിട്ടും ആ സമയത്തിനുള്ളിൽ ഫൊക്കാനയെ കൂടുതൽ ജനകീയമാക്കാനും അംഗങ്ങൾക്ക് ഉപകാരപ്രദമായ പദ്ധതികൾ നടപ്പാക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും ട്രഷറർ ജോയ് ചാക്കപ്പനും സജിമോന് നൽകുന്ന പിന്തുണയും എടുത്തുപറയേണ്ടതാണ്. അതുകൊണ്ടുതന്നെ ഈ കാലഘട്ടത്തെ ഫൊക്കാനയുടെ സുവർണഘട്ടങ്ങളിലൊന്നായാണ് ഞാൻ കാണുന്നത്.

ഫൊക്കാന ഇനി കൂടുതൽ ശ്രദ്ധിക്കേണ്ടതോ മെച്ചപ്പെടുത്തേണ്ടതോ ആയ മേഖലകൾ ഏതൊക്കെയാണെന്ന് താങ്കൾക്ക് തോന്നുന്നു?

ഒരു സംഘടനയും ഒരിക്കലും പൂർണതയിലെത്തുന്നില്ല.ഓരോ നേതൃത്വവും ഒരു അടിത്തറ പാകുന്നു. അടുത്ത നേതൃത്വം അതിനുമുകളിൽ പുതിയ കെട്ടിടം പണിയുന്നു. അതാണ് ഒരു സംഘടനയുടെ സ്വാഭാവിക വളർച്ച. ഇനിയും യുവജനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കണം.അംഗസംഘടനകൾ തമ്മിലുള്ള ആശയവിനിമയം കൂടുതൽ ശക്തിപ്പെടുത്തണം. സാമൂഹിക സേവന പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കണം.പ്രവാസി സമൂഹത്തിന്റെ യഥാർഥ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് അതിനനുസരിച്ചുള്ള പദ്ധതികൾ രൂപപ്പെടുത്തേണ്ടതുണ്ട്. നമ്മൾ ചെയ്യുന്ന ഓരോ പ്രവർത്തനവും അംഗങ്ങൾക്ക് ഗുണം ചെയ്യുന്നതായിരിക്കണം. അപ്പോഴാണ് സംഘടനയോടുള്ള വിശ്വാസവും സ്വീകാര്യതയും കൂടുതൽ ശക്തമാകുന്നത്.

കൽഹാരി കൺവൻഷനെക്കുറിച്ചുള്ള താങ്കളുടെ പ്രതീക്ഷകൾ എന്തൊക്കെയാണ്?

വളരെ വലിയ പ്രതീക്ഷകളാണ് എനിക്കുള്ളത്. ആദ്യം തന്നെ പറയേണ്ടത്, വേദിയുടെ തിരഞ്ഞെടുപ്പ് അത്യുത്തമമാണ് എന്നുള്ളതാണ്. കൽഹാരി റിസോർട്ടിൽ ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ വാട്ടർ പാർക്കുകളിലൊന്നുണ്ട്. രണ്ടായിരത്തോളം മുറികളുള്ള വിപുലമായ റിസോർട്ട് സമുച്ചയമാണത്. കുടുംബങ്ങൾക്കും പ്രത്യേകിച്ച് കുട്ടികളോടൊപ്പമുള്ള പങ്കാളികൾക്കും ഏറ്റവും അനുയോജ്യമായ വേദിയാണിത്. സമ്മർ സീസണിൽ അവിടുത്തെ പ്രകൃതിഭംഗിയും കാലാവസ്ഥയും കൺവൻഷനെ കൂടുതൽ ആകർഷകമാക്കും.ഒരു ദേശീയ കൺവൻഷന്റെ വിജയത്തിന് മികച്ച പരിപാടികൾ മാത്രം പോരാ; കുടുംബങ്ങൾക്ക് അവിസ്മരണീയമായ അനുഭവം സമ്മാനിക്കാനും കഴിയണം. ആ നിലയിൽ കൽഹാരി ഏറ്റവും അനുയോജ്യമായ തിരഞ്ഞെടുപ്പാണെന്നാണ് എന്റെ വിശ്വാസം.

മോഹിനിയാട്ടത്തിന്റെയും ചെണ്ടമേളത്തിന്റെയും ഗിന്നസ് റെക്കോർഡ് ശ്രമങ്ങളെ എങ്ങനെ കാണുന്നു?

വളരെ ദൂരദർശിത്വമുള്ള ആശയമാണത്. ആയിരത്തിലധികം സ്ത്രീകളെ പങ്കെടുപ്പിച്ച് മോഹിനിയാട്ടത്തിലൂടെ ഗിന്നസ് റെക്കോർഡ് സൃഷ്ടിക്കാനുള്ള ശ്രമം ലോക മലയാളി സമൂഹത്തിന്റെ ചരിത്രത്തിൽ വേറിട്ടൊരു അധ്യായമായി മാറും.അതുപോലെ, അഞ്ഞൂറിലധികം കലാകാരന്മാർ അണിനിരക്കുന്ന ചെണ്ടമേളവും അത്രത്തോളം അഭിമാനകരമായ സംരംഭമാണ്. ഇവിടെ സൃഷ്ടിക്കപ്പെടുന്നത് ഒരു ലോക റെക്കോർഡ് മാത്രമല്ല.കേരളത്തിന്റെ കലയും സംസ്കാരവും ലോകവേദിയിൽ കൂടുതൽ ശക്തമായി അവതരിപ്പിക്കാനുള്ള അവസരവുമാണ്. അമേരിക്കയിലെ വിവിധ നൃത്തവിദ്യാലയങ്ങളെയും കലാകാരന്മാരെയും ഒരേ വേദിയിൽ ഒന്നിപ്പിക്കുന്ന ഈ സംരംഭം ഫൊക്കാനയുടെ സാംസ്കാരിക ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി മാറുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.

ഫൊക്കാനയുടെ ഇലക്ഷൻ കമ്മീഷൻ ചെയർമാനെന്ന നിലയിൽ ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ എങ്ങനെ വിലയിരുത്തുന്നു?

ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മത്സരങ്ങളിലൊന്നാണ് ഇത്തവണത്തേത്. ഈ വർഷം വിവിധ പദവികളിലേക്ക് എഴുപത്തിയാറോളം സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. എണ്ണൂറിലധികം ഡെലിഗേറ്റുകൾ വോട്ടവകാശം വിനിയോഗിക്കും. ഇത്രയും വലിയ ജനാധിപത്യ പ്രക്രിയ നിഷ്പക്ഷമായും സുതാര്യമായും മുന്നോട്ടുകൊണ്ടുപോകുക എന്നത് വലിയ ഉത്തരവാദിത്വമാണ്. ഇലക്ഷൻ കമ്മിറ്റിയുടെ ജോലി തിരഞ്ഞെടുപ്പ് ദിവസം വോട്ടെടുപ്പ് നടത്തുക മാത്രമല്ല. വോട്ടർ പട്ടിക തയ്യാറാക്കുക, അംഗസംഘടനകളുടെ അർഹതകൾ പരിശോധിക്കുക, നാമനിർദ്ദേശങ്ങൾ നിയമാനുസൃതമായി സ്വീകരിക്കുക, പരാതികൾ പരിശോധിക്കുക—ഇങ്ങനെ നിരവധി ഘട്ടങ്ങളുണ്ട്.അവയെല്ലാം കൃത്യമായും സുതാര്യമായും നടപ്പാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

മത്സരം ശക്തമാകുമ്പോഴും സംഘടനയുടെ ഐക്യം നിലനിർത്താൻ നേതൃത്വം എന്താണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത്?

മത്സരം ജനാധിപത്യത്തിന്റെ ഭാഗമാണ്.പക്ഷേ അത് ഒരിക്കലും വ്യക്തിപരമായ വൈരാഗ്യത്തിലേക്ക് മാറരുത്. ഇത്തവണ മത്സരിക്കുന്ന രണ്ട് ടീമുകളിലെയും പ്രധാന നേതാക്കളെ ഒരുമിച്ച് വിളിച്ചിരുത്തി ഞങ്ങൾ ഒരു കാര്യം വ്യക്തമായി പറഞ്ഞു—മത്സരം ശക്തമായിരിക്കട്ടെ, പക്ഷേ അത് ആരോഗ്യകരമായിരിക്കണം. പരസ്പര ബഹുമാനം ഒരിക്കലും നഷ്ടപ്പെടരുത്.തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ എല്ലാവരും വീണ്ടും ഒരേ കുടുംബത്തിന്റെ ഭാഗമാണ്. ഒരു ടീം ജയിക്കും. മറ്റൊരു ടീം തോൽക്കും. എന്നാൽ, അവസാനം ജയിക്കേണ്ടത് ഫൊക്കാന തന്നെയാണ്. ഓരോ നേതാവും മനസ്സിൽ സൂക്ഷിക്കേണ്ട ഏറ്റവും വലിയ സത്യം അതാണ്.

ഫൊക്കാന പോലൊരു അംബ്രല്ല സംഘടനയെ വിജയകരമായി നയിക്കാൻ ഒരു നേതാവിന് ഏറ്റവും ആവശ്യമായ ഗുണങ്ങൾ എന്തൊക്കെയാണെന്ന് താങ്കൾ കരുതുന്നു?

ഫൊക്കാനയെ ഒരു സാധാരണ സംഘടനയായി കാണാൻ പാടില്ല. ഇത് സംഘടനകളുടെ സംഘടനയാണ്. ഓരോ അംഗസംഘടനയിൽ നിന്നുമുള്ള നേതാക്കളാണ് ദേശീയ നേതൃത്വത്തിലേക്ക് എത്തുന്നത്. അവർ ഓരോരുത്തരും സ്വന്തം മേഖലകളിൽ തിരഞ്ഞെടുക്കപ്പെട്ട നേതാക്കളാണ്. അവരെ ഒരേ ലക്ഷ്യത്തിലേക്ക് നയിക്കുക എന്നത് വളരെ സൂക്ഷ്മവും ഉത്തരവാദിത്വമുള്ളതുമായ ദൗത്യമാണ്.

നേതൃത്വം എന്നത് അധികാരം പ്രയോഗിക്കുന്നതല്ല; എല്ലാവരുടെയും അഭിപ്രായങ്ങളെ ബഹുമാനിച്ചുകൊണ്ട് മുന്നോട്ട് പോകുന്നതാണ്. അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണ്. എന്നാൽ, ഓരോ അംഗത്തിനും സംഘടന തങ്ങളുടേതാണെന്ന തോന്നൽ ഉണ്ടാക്കാൻ കഴിയണം.ഫൊക്കാനയിൽ വിജയിക്കാൻ ഏറ്റവും പ്രധാനമായി വേണ്ടത് പക്വതയും ക്ഷമയും എല്ലാവരെയും ചേർത്തുനിർത്താനുള്ള മനസ്സുമാണ്.


38 വർഷത്തെ ഔദ്യോഗിക സേവനത്തിനുശേഷം ഇപ്പോൾ വിരമിച്ചിരിക്കുകയാണ്. ഇനി സാമൂഹിക പ്രവർത്തനങ്ങളിലും ഫൊക്കാനയിലും എന്തെല്ലാം പദ്ധതികളാണ് മുന്നിലുള്ളത്?

അതെ, അടുത്തിടെയാണ് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചത്. പക്ഷേ സേവനത്തിൽ നിന്ന് ഒരിക്കലും വിരമിക്കാനാകില്ല. സമൂഹത്തോടൊപ്പം പ്രവർത്തിക്കുന്നത് ഒരു ജോലിയല്ല; അത് എന്റെ ജീവിതശൈലിയാണ്.ഇനിയും സാമൂഹിക സേവനരംഗത്തും ഫൊക്കാനയിലും എനിക്ക് കഴിയുന്ന രീതിയിൽ പ്രവർത്തിക്കാനാണ് ആഗ്രഹം. ഇപ്പോൾ കൂടുതൽ സമയം ലഭിക്കും. ആ സമയം സമൂഹത്തിനും സംഘടനയ്ക്കുമായി വിനിയോഗിക്കാനാണ് എന്റെ തീരുമാനം.

ഒരു പദവി ഇല്ലാതെയും സംഘടനയ്ക്ക് ആത്മാർത്ഥമായി സേവനം ചെയ്യാൻ കഴിയുമെന്ന് അടുത്ത തലമുറയ്ക്ക് കാണിച്ചുകൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിലവിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഫ്ലോറിഡ ചാപ്റ്റർ പ്രസിഡന്റാണ്.ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ ഫ്ലോറിഡ ചാപ്റ്റർ പ്രസിഡന്റായും സേവനമനുഷ്ഠിക്കുന്നു.

ഫൊക്കാനയിലെ ദീർഘകാല സംഘടനാ പ്രവർത്തനത്തിനിടയിൽ കുടുംബത്തിന്റെ പിന്തുണ എത്രത്തോളം നിർണായകമായിരുന്നു?

ഒരു സംഘടനാ പ്രവർത്തകനും കുടുംബത്തിന്റെ പിന്തുണയില്ലാതെ മുന്നോട്ട് പോകാൻ കഴിയില്ല. ഭാര്യ ഡോ.ഷീലാ വർഗീസ് എപ്പോഴും എന്റെ ഏറ്റവും വലിയ കരുത്തായിരുന്നു.ഫൊക്കാനയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട യാത്രകളും യോഗങ്ങളും കൺവൻഷനുകളും കുടുംബത്തിൽനിന്ന് ഒട്ടേറെ ത്യാഗങ്ങൾ ആവശ്യപ്പെടുന്നവയാണ്. മക്കളായ സുജിത്തും ഷീനയും ആ പിന്തുണയുടെ അവിഭാജ്യഘടകങ്ങളാണ്.

ഇന്ന് ഫൊക്കാനയ്ക്കുവേണ്ടി എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ എന്റെ കുടുംബത്തിന്റെ നിശ്ശബ്ദമായ പിന്തുണയുണ്ട്. ഒരു നേതാവിന്റെ വിജയത്തിൽ കുടുംബത്തിന്റെ പങ്ക് പലപ്പോഴും പുറത്തുകാണില്ല. എന്നാൽ അതാണ് ഏറ്റവും വലിയ ശക്തി.

പതിറ്റാണ്ടുകളുടെ  സംഘടനാ പ്രവർത്തനത്തിനൊടുവിൽ ഫൊക്കാനയെക്കുറിച്ച് ഓർക്കുമ്പോൾ ഏറ്റവും വലിയ അഭിമാനം നൽകുന്ന നേട്ടം ഏതാണ്?


ഒരു തിരിച്ചുവരവിന്റെ ഭാഗമാകാൻ കഴിഞ്ഞത് തന്നെയാണ് എന്റെ ഏറ്റവും വലിയ അഭിമാനം.വിഭജനത്തിനുശേഷം ഫൊക്കാനയ്ക്ക് വലിയ വെല്ലുവിളികളുണ്ടായിരുന്നു. പലരും സംഘടനയുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെട്ടിരുന്നു.അത്തരം സാഹചര്യത്തിൽ കോവിഡ് മഹാമാരിക്കുശേഷം വീണ്ടും ആയിരക്കണക്കിന് ആളുകളെ ഒരുമിപ്പിച്ച് ഓർലാൻഡോയിൽ ദേശീയ കൺവൻഷൻ വിജയകരമായി സംഘടിപ്പിക്കാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സംതൃപ്തിയാണ്. അതോടൊപ്പം, മുതുകാട് മാജിക് അക്കാദമിയിൽ കേരള കൺവെൻഷൻ സംഘടിപ്പിച്ച് സമൂഹത്തിന് തിരികെ എന്തെങ്കിലും നൽകാൻ കഴിഞ്ഞതും എന്റെ ഹൃദയത്തിൽ എന്നും പ്രത്യേക സ്ഥാനമുള്ള നേട്ടമാണ്. നമ്മൾ പോയശേഷവും ആളുകൾ ഓർക്കുന്നത് പദവികളെയല്ല; നമ്മൾ സ്പർശിച്ച ജീവിതങ്ങളെയാണ്.

ഫൊക്കാനയുടെ അടുത്ത തലമുറ നേതാക്കൾക്ക് താങ്കൾ നൽകാൻ ആഗ്രഹിക്കുന്ന ഏറ്റവും വലിയ സന്ദേശം എന്താണ്?

നല്ല ഉദ്ദേശ്യത്തോടെ പ്രവർത്തിക്കൂ. ജനങ്ങളെ ഒരിക്കലും ചെറുതായി കാണരുത്.ഇന്ന് സോഷ്യൽ മീഡിയയുടെ കാലമാണ്. ജനങ്ങൾ എല്ലാം കാണുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്. ആരാണ് ആത്മാർത്ഥമായി പ്രവർത്തിക്കുന്നത്, ആരാണ് വെറും പ്രകടനങ്ങൾ നടത്തുന്നത് എന്നത് അവർക്ക് തിരിച്ചറിയാൻ കഴിയും. സത്യസന്ധതയാണ് ഒരു നേതാവിന്റെ ഏറ്റവും വലിയ സമ്പത്ത്. പ്രശസ്തിയെ പിന്തുടരരുത്. പ്രവർത്തനത്തെ പിന്തുടരൂ. പ്രവർത്തനം ആത്മാർത്ഥമാണെങ്കിൽ അംഗീകാരം നിങ്ങളെ തേടിയെത്തും. അതാണ് എന്റെ ജീവിതാനുഭവം.

ലോകമെമ്പാടുമുള്ള ഫൊക്കാന കുടുംബത്തിനും നിലവിലെ ഭാരവാഹികൾക്കും താങ്കൾ നൽകാൻ ആഗ്രഹിക്കുന്ന സന്ദേശം എന്താണ്?

ഫൊക്കാന നമ്മുടെ എല്ലാവരുടെയും സംഘടനയാണ്. തിരഞ്ഞെടുപ്പുകൾ വരും. മത്സരങ്ങൾ ഉണ്ടാകും. അഭിപ്രായവ്യത്യാസങ്ങളും സ്വാഭാവികമാണ്. എന്നാൽ, അതെല്ലാം കഴിഞ്ഞാലും ഫൊക്കാന ഒരൊറ്റ കുടുംബമായി മുന്നോട്ട് പോകണം.വ്യക്തികളെക്കാൾ വലുതാണ് സംഘടന. പദവികളെക്കാൾ വലുതാണ് സേവനം. നമ്മൾ എല്ലാവരും ചേർന്നാണ് ഫൊക്കാനയെ ഇന്നത്തെ നിലയിലെത്തിച്ചത്.
അടുത്ത തലമുറയ്ക്ക് കൂടുതൽ ശക്തിയും ഐക്യവുമുള്ള ഒരു സംഘടന കൈമാറുക എന്നത് നമ്മുടെ കൂട്ടായ ഉത്തരവാദിത്വമാണ്. ആ യാത്രയിൽ എല്ലാവരും കൈകോർക്കട്ടെയെന്നാണ് എന്റെ പ്രാർത്ഥന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക