Image

തൃശൂർ പൂരത്തിൽ നിന്ന് അമേരിക്കൻ ഗിന്നസ് വേദിയിലേക്ക്; താളത്തിന്റെ ഇതിഹാസം കലാമണ്ഡലം ശിവദാസ് ആശാൻ

- മീട്ടു റഹ്മത്ത് കലാം Published on 03 August, 2026
തൃശൂർ പൂരത്തിൽ നിന്ന് അമേരിക്കൻ ഗിന്നസ് വേദിയിലേക്ക്; താളത്തിന്റെ ഇതിഹാസം കലാമണ്ഡലം ശിവദാസ് ആശാൻ

ഓരോ താളവും ഒരു തപസ്സാണ്... ഓരോ ശിഷ്യനും ഗുരുവിന്റെ തുടർച്ചയാണ്.കലയുടെ നവഭാവങ്ങൾ താലപ്പൊലിയേന്തി നിൽക്കുന്ന ഏതോ പുണ്യമുഹൂർത്തത്തിലാണ് ചില മഹാത്മാക്കൾ അവതരിക്കുന്നത്. അവർ വാദ്യവൃന്ദങ്ങളുടെ കേവല പ്രയോക്താക്കളല്ല; തനതു പാരമ്പര്യത്തിന്റെ കാവൽക്കാരും തലമുറകളുടെ വഴികാട്ടികളുമാണ്. ചെണ്ടയുടെ ഓരോ നാദത്തിലും ശാസ്ത്രീയതയുടെ സൗന്ദര്യവും, ഓരോ താളത്തിലും അച്ചടക്കത്തിന്റെ മഹത്വവും പകർന്നുനൽകി അരനൂറ്റാണ്ടിലേറെയായി മേളകലയുടെ ലോകത്ത് നിറഞ്ഞുനിൽക്കുന്ന  മഹാഗുരുവാണ് കലാമണ്ഡലം ശിവദാസ് ആശാൻ.
കേരളത്തിലെ ക്ഷേത്രോത്സവങ്ങളിൽ നിന്ന്  മുപ്പത്തെട്ടോളം രാജ്യങ്ങളിലേക്ക് കേരളത്തിന്റെ താളവൈഭവം എത്തിച്ച അദ്ദേഹം, ഇന്ന് നോർത്ത് അമേരിക്കയിൽ ചരിത്രം കുറിക്കാനൊരുങ്ങുന്ന ഫൊക്കാനയുടെ ഗിന്നസ് വേൾഡ് റെക്കോർഡ് ചെണ്ട പഞ്ചാരിമേളത്തിന്റെ മുഖ്യസാന്നിധ്യമാണ്. ആയിരക്കണക്കിന് ശിഷ്യരെ വാർത്തെടുത്ത ഗുരുവും, അദ്ദേഹത്തിന്റെ ശിഷ്യർ അമേരിക്കൻ മണ്ണിൽ വളർത്തിയെടുത്ത പുതിയ കലാതലമുറയും ഒന്നിക്കുന്ന ഈ വേദി ഗുരുപാരമ്പര്യത്തിന്റെ അപൂർവ ആഘോഷം കൂടിയാണ്.

കലാമണ്ഡലം  ശിവദാസ് ആശാൻ.

അരനൂറ്റാണ്ടിലേറെ നീണ്ട കലാസപര്യയിൽ കേരള കലാമണ്ഡലം അവാർഡ്, ഭാരത സർക്കാരിന്റെ സീനിയർ ഫെല്ലോഷിപ്പ്, ബോസ്റ്റൺ വാദ്യകലാസംഘത്തിന്റെ 'ഗുരുശ്രേഷ്ഠ' പുരസ്കാരം, ഡൽഹി പഞ്ചവാദ്യ ട്രസ്റ്റിന്റെ 'കലാചാര്യ' പുരസ്കാരം, 'മേളകലാരത്നം' അടക്കമുള്ള ഒട്ടേറെ ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. എന്നാൽ, തന്റെ ഏറ്റവും വലിയ നേട്ടം പുരസ്കാരങ്ങളല്ല, ലോകമെമ്പാടും കലയുടെ ദീപം തെളിക്കുന്ന ശിഷ്യരാണെന്ന് അദ്ദേഹം അഭിമാനത്തോടെ പറയുന്നു.

ഫൊക്കാനയുടെ ഗിന്നസ് വേദിയിൽ എത്തുന്ന കലാകാരന്മാരിൽ 90 ശതമാനത്തിലധികം പേരും തന്റെയും തന്റെ പ്രഗത്ഭ ശിഷ്യനായ കലാക്ഷേത്ര രാജേഷ് നായരുടെയും ശിഷ്യന്മാരാണെന്നത് ഗുരുപാരമ്പര്യത്തിന്റെ ശക്തമായ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ചെണ്ടയോടുള്ള ജീവിതകാലത്തെ സമർപ്പണവും, ലോകമെമ്പാടുമുള്ള കലാപ്രചാരണവും, അമേരിക്കയിൽ വളർന്നുവരുന്ന മേളസംസ്കാരവും, ഫൊക്കാനയുടെ ഗിന്നസ് ശ്രമത്തെക്കുറിച്ചുള്ള പ്രതീക്ഷകളും പങ്കുവെച്ച് കലാമണ്ഡലം ശിവദാസ്  ആശാൻ മനസ്സ് തുറക്കുന്നു...


ആശാന്റെ ചെണ്ടയാത്രയ്ക്ക് ഇപ്പോൾ എത്ര വർഷങ്ങളുടെ ചരിത്രമുണ്ട്?

ചെണ്ടയുമായുള്ള എന്റെ ബന്ധം അമ്പത് വർഷം പിന്നിട്ടു. പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് എന്ന കലാഗ്രാമത്തിലാണ് ഞാൻ ജനിച്ചത്. പത്താം വയസ്സിൽ വാദ്യപഠനം ആരംഭിച്ചു. പ്രാഥമിക പഠനത്തിന് ശേഷം  കേരള കലാമണ്ഡലത്തിൽ ആറുവർഷത്തെ പഠനം പൂർത്തിയാക്കി. അവിടെയാണ് കലയുടെ ശാസ്ത്രീയ അടിത്തറ ലഭിച്ചത്. തുടർന്ന് അധ്യാപകനായും പിന്നീട് പ്രിൻസിപ്പലായും പ്രവർത്തിക്കാൻ ഭാഗ്യം ലഭിച്ചു. ആ യാത്രയാണ് എന്നെ ഇന്നിവിടെ എത്തിച്ചത്.

അമ്പത് വർഷത്തെ കലാജീവിതത്തിൽ ഏറ്റവും വിലപ്പെട്ട അംഗീകാരമായി കാണുന്നത് എന്താണ്?

എനിക്ക് നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ സീനിയർ ഫെല്ലോഷിപ്പ്, കേരള കലാമണ്ഡലം അവാർഡ്, ബോസ്റ്റൺ വാദ്യകലാസംഘത്തിന്റെ ഗുരുശ്രേഷ്ഠ പുരസ്കാരം, ഡൽഹി പഞ്ചവാദ്യ ട്രസ്റ്റിന്റെ കലാചാര്യ പുരസ്കാരം, മേളകലാരത്നം തുടങ്ങി ഒട്ടേറെ ബഹുമതികൾ ജീവിതത്തിലുണ്ടായി. എന്നാൽ ഒരു കലാകാരന്റെ ഏറ്റവും വലിയ പുരസ്കാരം ജനങ്ങളുടെ സ്നേഹവും ശിഷ്യരുടെ വളർച്ചയുമാണ്. എന്റെ ശിഷ്യർ ലോകത്തിന്റെ പല ഭാഗങ്ങളിലും ഈ കലയുടെ ദീപം തെളിയിക്കുന്നത് കാണുമ്പോഴാണ് യഥാർത്ഥ സംതൃപ്തി ലഭിക്കുന്നത്. ഇതൊരു ഉപജീവനമായി കാണുന്ന ആയിരത്തിൽപരം ശിഷ്യഗണങ്ങളുണ്ട്.

നാല്പത്തെട്ടു വർഷമായി തൃശൂർ പൂരത്തിൽ പങ്കെടുക്കുന്ന അനുഭവം എത്രത്തോളം അഭിമാനകരമാണ്?

തൃശൂർ പൂരം ഒരു ഉത്സവം മാത്രമല്ല; കേരളത്തിന്റെ സാംസ്കാരിക ആത്മാവാണ്. തുടർച്ചയായി നാല്പത്തെട്ടു വർഷം അതിന്റെ ഭാഗമാകാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ വലിയ അനുഗ്രഹമാണ്. അതുപോലെ കുമാരനല്ലൂർ,തിരുനക്കര, ഇരിങ്ങാലക്കുട, കൂടൽമാണിക്യം, നെന്മാറ-വല്ലങ്ങി വേല,എറണാകുളം ശിവരാത്രി,തൃപ്പുണിത്തുറ ഉത്സവം തുടങ്ങി കേരളത്തിലെ അനേകം മഹോത്സവങ്ങളിലും വാദ്യം അവതരിപ്പിക്കാൻ കഴിഞ്ഞു.

ഇന്ത്യയ്ക്ക് പുറത്തേക്കുള്ള കലായാത്ര എങ്ങനെയാണ് ആരംഭിച്ചത്?

ഇന്ത്യൻ സർക്കാരിന്റെ സാംസ്കാരിക ദൗത്യത്തിന്റെ ഭാഗമായി മുപ്പത്തെട്ടോളം രാജ്യങ്ങളിൽ ചെണ്ടയുടെ താളം അവതരിപ്പിക്കാൻ അവസരം ലഭിച്ചു. ഡിപ്ലോമാറ്റിക് പാസ്‌പോർട്ടിൽ അമേരിക്കയിലെ വൈറ്റ് ഹൗസിൽ പരിപാടി അവതരിപ്പിച്ചതും ജീവിതത്തിലെ അവിസ്മരണീയ നിമിഷമാണ്. കേരളത്തിന്റെ താളവൈഭവം ലോകം എത്രമാത്രം ആദരവോടെ സ്വീകരിക്കുന്നുവെന്ന് അവിടെ നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞു.

അമേരിക്കയുമായി ഇത്രയും ശക്തമായ ബന്ധം രൂപപ്പെട്ടത് എങ്ങനെയാണ്?

എന്റെ പ്രധാന ശിഷ്യനായ കലാക്ഷേത്ര രാജേഷ് നായരിലൂടെയാണ് ആ ബന്ധം കൂടുതൽ ശക്തമായത്. അദ്ദേഹം മിഷിഗൺ കലാക്ഷേത്ര സ്ഥാപിച്ച്  നൂറുകണക്കിന് കലാകാരന്മാർക്ക് പരിശീലനം നൽകുന്നു. അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചാണ് ഞാൻ വീണ്ടും വീണ്ടും അമേരിക്കയിലെത്താൻ തുടങ്ങിയത്. ഇന്ന് അമേരിക്കയിലെ പല സംസ്ഥാനങ്ങളിലായി എനിക്കും രാജേഷ് നായർക്കും ചേർന്ന് ആയിരത്തിലധികം ശിഷ്യരുണ്ട്. അവരിൽ പലരും ഇന്ന് മികച്ച കലാകാരന്മാരും ഗുരുക്കന്മാരുമാണ്.

ഫൊക്കാനയുടെ ഗിന്നസ് ചെണ്ട പഞ്ചാരിമേളത്തിൽ പങ്കെടുക്കുന്നതിന്റെ പ്രാധാന്യം?

ഇത് ഒരു റെക്കോർഡ് ശ്രമം മാത്രമല്ല; കേരളത്തിന്റെ പാരമ്പര്യ കല ലോകവേദിയിൽ ഒരുമിച്ച് അവതരിപ്പിക്കുന്ന മഹത്തായ സാംസ്കാരിക ദൗത്യമാണ്. അഞ്ഞൂറിലധികം കലാകാരന്മാർ ഒരേ താളത്തിൽ അണിനിരക്കുന്നത് ചരിത്രമാണ്. അതിലുപരി ഒരു കാര്യം എനിക്ക് ഏറെ അഭിമാനമുണ്ട്. ഈ ഗിന്നസ് ശ്രമത്തിൽ പങ്കെടുക്കുന്ന അമേരിക്കയിലെ കലാകാരന്മാരിൽ 90 ശതമാനത്തിലധികം പേരും എന്റെയും എന്റെ ശിഷ്യനായ കലാക്ഷേത്ര രാജേഷ് നായരുടെയും ശിഷ്യന്മാരാണ്. ഒരു ഗുരുവിന് ഇതിലും വലിയ സന്തോഷം മറ്റൊന്നില്ല.

ഈ ഗിന്നസ് ശ്രമം വിജയിച്ചാൽ ലോകമലയാളികൾക്ക് എന്ത് സന്ദേശമാണ് നൽകുക?

കേരളത്തിന്റെ കലയും സംസ്കാരവും അതിരുകളില്ലാത്തതാണെന്ന സന്ദേശമാണ് ലോകത്തിന് ലഭിക്കുക. ഒരു കാലത്ത് ചില വിഭാഗങ്ങളിൽ മാത്രം ഒതുങ്ങിയിരുന്ന മേളകല ഇന്ന് ലോകമെമ്പാടുമുള്ള മലയാളികളെയും ഇന്ത്യക്കാരെയും ഒരുമിപ്പിക്കുന്ന ശക്തിയായി മാറിയിരിക്കുന്നു. ഈ ഐക്യമാണ് ഏറ്റവും വലിയ നേട്ടം.

അമേരിക്കയിലെ ശിഷ്യരും കേരളത്തിലെ ശിഷ്യരും തമ്മിൽ എന്തെങ്കിലും വ്യത്യാസം കാണുന്നുണ്ടോ?

കലാപ്രേമത്തിൽ യാതൊരു വ്യത്യാസവുമില്ല. അമേരിക്കയിലെ ജീവിതം വളരെ തിരക്കേറിയതാണ്. എന്നിട്ടും ജോലി കഴിഞ്ഞ് സമയം കണ്ടെത്തി അവർ ചെണ്ട പഠിക്കുന്നു. അത് ഒരു വിനോദമെന്നതിലുപരി മനസ്സിന് സമാധാനവും ആത്മസന്തോഷവും നൽകുന്ന അനുഭവമായാണ് അവർ കാണുന്നത്. അതാണ് എന്നെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്നത്.

ഡോക്ടർമാർ ഉൾപ്പെടെ വിവിധ മേഖലകളിലുള്ള ആളുകൾ ചെണ്ട പഠിക്കുന്നതിനെ എങ്ങനെ കാണുന്നു?

അതാണ് കലയുടെ ശക്തി. ഡോക്ടർമാരും എഞ്ചിനീയർമാരും അധ്യാപകരും വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരും ചെണ്ട പഠിക്കാൻ എത്തുന്നു. അവർക്ക് ഇത് ഒരു കല മാത്രമല്ല; മാനസിക സമ്മർദ്ദങ്ങൾ മറക്കാനും ആത്മസന്തോഷം കണ്ടെത്താനുമുള്ള വഴിയാണ്. കല മനുഷ്യനെ കൂടുതൽ സമ്പന്നനാക്കുന്നു.

കലാക്ഷേത്ര രാജേഷ് നായര്‍
 

ഗുരുവും ശിഷ്യനും ഒരുമിച്ച് ഗിന്നസ് ചരിത്രത്തിന്റെ ഭാഗമാകുന്ന നിമിഷത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ?

ഒരു ഗുരുവിന് ഇതിലും വലിയ സന്തോഷമില്ല. ഞാൻ പഠിപ്പിച്ച ശിഷ്യൻ ഇന്ന് നൂറുകണക്കിന് പുതിയ ശിഷ്യരെ വാർത്തെടുക്കുന്നു. ഗുരുപാരമ്പര്യം ഇങ്ങനെ തലമുറകളിലൂടെ മുന്നോട്ടുപോകുന്നതാണ് യഥാർത്ഥ വിജയം. ഗിന്നസ് വേദിയിൽ ആ പാരമ്പര്യം ലോകം കാണുകയാണ്.

ചെണ്ടയെ സ്നേഹിക്കുന്ന പുതിയ തലമുറയോട് എന്താണ് പറയാനുള്ളത്?

കല വെറും തൊഴിൽ മാത്രമല്ല; അത് ജീവിതശൈലിയാണ്. അച്ചടക്കത്തോടെയും ആത്മസമർപ്പണത്തോടെയും പഠിച്ചാൽ ചെണ്ട നിങ്ങളെ ലോകത്തിന്റെ ഏത് വേദിയിലേക്കും എത്തിക്കും. നമ്മുടെ പാരമ്പര്യത്തെ അഭിമാനത്തോടെ അടുത്ത തലമുറയിലേക്ക് കൈമാറുക എന്നതാണ് ഓരോ കലാകാരന്റെയും ഉത്തരവാദിത്തം.

 ഓഗസ്റ്റ് 8ന് പെൻസിൽവേനിയയിലെ കൽഹാരിയിൽ ഫൊക്കാനയുടെ ഗിന്നസ് വേദിയിൽ ചെണ്ട കൈയിലെടുക്കുമ്പോൾ മനസ്സിൽ എന്തായിരിക്കും?

റെക്കോർഡ് നേടണമെന്ന ആഗ്രഹമല്ല മനസ്സിലുള്ളത്. ലോകമെമ്പാടുമുള്ള മലയാളികൾ ഒരേ താളത്തിൽ ഒന്നിക്കുന്ന ചരിത്ര നിമിഷത്തിന് സാക്ഷിയാകണം എന്നതാണ് എന്റെ ആഗ്രഹം. ആ ദിവസം ലോകത്തോട് പറയാനുള്ളത് ഒരേയൊരു സന്ദേശമാണ് — കേരളത്തിന്റെ താളവും സംസ്കാരവും അതിരുകളില്ലാത്തതാണ്. ഈ മഹാസംരംഭം വരുംതലമുറകൾക്ക് പ്രചോദനമാകട്ടെയെന്നാണ് എന്റെ പ്രാർത്ഥന.ഈ ഗിന്നസ് മഹാസംരംഭത്തിന് മറ്റൊരു അപൂർവ സവിശേഷതയും കൂടിയുണ്ട്. ചെണ്ടയുടെ ലോകത്ത് സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും വേദിയിൽ അണിനിരക്കുന്നുണ്ട്. ഞങ്ങൾ ഇരുവരും ഒരേ ഗുരുവിന് കീഴിൽ പരിശീലിച്ചവരാണ് എന്നതും സന്തോഷത്തിന് ആക്കം കൂട്ടുന്നു. ഗുരുവിൽ നിന്ന് പകർന്നുകിട്ടിയ താളശുദ്ധിയും പാരമ്പര്യത്തിന്റെ വിശുദ്ധിയും ലോകവേദിയിലേക്ക് കൈമാറുന്ന ഈ സംഗമം, കേരളത്തിന്റെ മേളപാരമ്പര്യത്തിന്റെ മഹത്തായ ആഘോഷം കൂടിയാണ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക