Image

ദി ഒഡീസി, ഐമാക്സ് 70 എം എമ്മിൽ ഡാലസിലെ ഒരു തിയേറ്ററിൽ (ഏബ്രഹാം തോമസ്)

Published on 02 August, 2026
ദി ഒഡീസി, ഐമാക്സ്  70 എം എമ്മിൽ ഡാലസിലെ ഒരു തിയേറ്ററിൽ  (ഏബ്രഹാം തോമസ്)

ഡാലസ് : ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫർ നോലന്റെ  പുതിയ ചിത്രം, ദി ഒഡീസി 'സാധാരണ', ഐ മാക്സ്, 70 എം എം, 35 എം എം, തുടങ്ങിയ ഫോർമാറ്റുകളിൽ പ്രദർശനം തുടരുകയാണ്. ഈ ആഴ്ച മുതൽ നോർത്ത് ടെക്സസിലെ ഡാലസിലെ ദി സിനിമാക്സ് ഡാലസ് എക്സ് ഡി ആൻഡ് ഐ മാക്സ് തിയേറ്ററിൽ പ്രദർശനം ആരംഭിച്ചു. ഇതിനകം തന്നെ 250 മില്യൺ ഡോളർ നേടി കഴിഞ്ഞ ചിത്രം ചലച്ചിത്ര നിരൂപകരുടെയും മികച്ച പ്രതികരണം കരസ്ഥമാക്കി കഴിഞ്ഞു. 

നോലന്റെ പ്രിയ ചലച്ചിത്ര രൂപമാണ് ഐ മാക്സ്. ഹോമറുടെ  ഒഡീസി ഗ്രീക്ക് കാവ്യത്തിന് പ്രത്യേകിച്ച് പരിചയപ്പെടുത്തലുകളുടെ  ആവശ്യമില്ല.  ഐ മാക്സ് 70 എം എമ്മിൽ വളരെ  വലിയ രൂപത്തിൽ, അതിന്റെ എല്ലാ പൂർണ്ണതയിലും കാണുക എന്ന സ്വപ്ന സാക്ഷാത്‌കരമാണ് ഡാലസ് തിയേറ്ററിൽ ഉണ്ടാകുന്നത്. സിനിമാക്സ് ഡാലസ് എക്സ് ഡി യും ഐ മാക്‌സും ഒന്ന് ചേരുന്ന ഈ അനുഭവം യു എസിൽ 25 തീയേറ്ററുകളിൽ മാത്രമാണ്  ഉണ്ടാകുന്നത്. ടെക്‌സാസിൽ മറ്റൊരു തിയേറ്ററിൽ കൂടി മാത്രം (സാൻ അന്റോണിയോ എ എം സി റിവർ സെന്റർ സെക്കന്റ് ആൻഡ് ഐ മാക്സ്) ഈ ചിത്രം ഇതേ രൂപത്തിൽ പ്രദർശിപ്പിക്കുന്നു. . ഈ തീയേറ്ററുകളിലെല്ലാം നിറഞ്ഞ സദസുകളിലാണ് പ്രദർശനങ്ങൾ നടക്കുന്നത് എന്നാണ് റിപ്പോർ്‌ട്ടുകൾ. പല ഇടത്തും സ്ക്രീനിനു വളരെ അടുത്തുള്ള സീറ്റുകളിലാണ് പലപ്പോഴും ടിക്കറ്റുകൾ ലഭിക്കുക. ഈ സീറ്റുകൾ കണ്ണുകൾക്കു അനുയോജ്യമല്ല എന്ന കാരണത്താൽ പലരും ഒഴിവാക്കാറുണ്ട്. 
70 എം എം ഫോർമാറ്റ് ഇപ്പോൾ വളരെ ദുർലഭമാണ്. കാരണം ഏതാണ്ട് അമ്പതു വർഷം മുൻപ് ഐ മാക്സ് ഇതിനു ആവശ്യമായ പ്രോജെക്ടറുകളുടെ നിർമ്മാണം നിർത്തി. ഹോളിവുഡ് 2000 ത്തോടെ ഡിജിറ്റൽ  ടെക്നോളോജികളിലേക്കു മാറിയതാണ് കാരണം. പാർട്ടുകൾ വിതരണം ചെയ്തിരുന്നവരും രംഗം വിട്ടൊഴിഞ്ഞിരുന്നു. പ്രോജെക്ടറുകൾ നിലനിർത്തുന്നവരും രംഗത്ത് നിന്ന് മാറി. ഇപ്പോൾ ഏതാണ്ട് 40 തീയേറ്ററുകളാണ് ലോകം  ഒട്ടാകെ 'പ്രായമേറിയ' ഐ മാക്സ് 70 എം എം പ്രോജെക്ടറുകളുമായി നില നിൽക്കുന്നത്. ഇവക്കു റിപ്പയറുകൾ വേണ്ടി വന്നാൽ വില ഏറിയ പാർട്ടുകൾ ആവശ്യമാണ്. അതി വിദഗ്ദരായ ഓപ്പറേറ്റർമാർ പ്രോജെക്ടറുകൾ ഓടിക്കുവാൻ ആവശ്യമാണ്.

ഫിലിം റീലുകൾ ചുരുളഴിഞ്ഞു ഐ മാക്സ് 70 എം എം പ്രോജെക്ടറുകളിൽ ഓടുന്നത് വെർട്ടിക്കൽ ആയി അല്ല. ഹൊറിസോണ്ടൽ ആയി ആണ്. ഒരു സാധാരണ 35 എം എം ഫിലിമിനെക്കാൾ 10 ഇരട്ടി വലിപ്പം ഉള്ള ഫിലിം വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടത് ആവശ്യമാണ്. ഒരു ചെറിയ പോറൽ പോലും ഫിലിം നശിപ്പിക്കും. ഒരു ഐ മാക്സ് 70 എം എം ഫിലിമിന് 11 മൈൽ നീളവും 600 പൗണ്ടോളം ഭാരവും ഉണ്ടാകും. ജോലി ഭാരം ഏറെ കൂടുതലാണ് ഇത് കൈകാര്യം ചെയ്യുന്നവർക്ക്. 
പൂർണമായും ഐ മാക്സ് 70 എം എം ഫിലിം ക്യാമെറകൾ ഉപയോഗിച്ച് ഷൂട്ട് ചെയ്ത ആദ്യ മുഴു നീള നറേറ്റീവ് ഫിലിം ആയി ദി ഒഡീസി വിശേഷിപ്പിക്കപ്പെടുന്നു. വളരെ ഭാരമുള്ള ഈ ക്യാമെറകൾ പ്രധാനമായും സംഘട്ടന രംഗങ്ങളിലാണ് ഉപയോഗിച്ചത്. ക്യാമെറകൾ പ്രവർത്തിക്കുമ്പോൾ വലിയ ശബ്ദം ഉണ്ടാകുന്നു. അതിനാൽ തത്സമയം ശബ്ദവും റെക്കോർഡ് ചെയ്യുക ദുഷ്കരമാണ്. നോലാൻ ബ്ലിംപ്സ് എന്നറിയപ്പെടുന്ന സാങ്കേതികത (ക്യാമെറകൾ സൗണ്ട് ഡംപിങ് ങ് നടത്തിയാണ് ) ഉപയോഗിച്ചാണ് ചിത്രീകരണം ചെയ്തത്.
മാറ്റ് ഡേയ്മൻ ആണ് പ്രധാന താര ആകർഷണം. ട്രാവിസ് സ്കോട്ട്, റോബർട്ട് പാറ്റിൻസൺ,  കോരി ഹാകിൻസ്, ആൻ  ഹാത്തവേ, മിയ ഹോത് തുടങ്ങി ഒരു വലിയ തറ നിര മറ്റു കഥാപാത്രങ്ങളെ പ്രതിനിതീകരിച്ചു. 

ചിത്രം ഐ മാക്സിലെങ്കിലും കാണാൻ കഴിഞ്ഞാൽ അതൊരു വ്യത്യസ്ത അനുഭവം ആയിരിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക