Image

16-ാമത് കെ.സി.സി.എന്‍.എ കൺവൻഷന് മണിക്കൂറുകൾ മാത്രം: ഫ്ലോറിഡയിലേക്ക് ഒഴുകിയെത്താൻ ഒരുങ്ങി വടക്കേ അമേരിക്കൻ ക്‌നാനായ സമൂഹം

-ബൈജു ആലപ്പാട്ട് (KCCNA P.R.O) Published on 01 August, 2026
16-ാമത് കെ.സി.സി.എന്‍.എ കൺവൻഷന് മണിക്കൂറുകൾ മാത്രം: ഫ്ലോറിഡയിലേക്ക് ഒഴുകിയെത്താൻ ഒരുങ്ങി വടക്കേ അമേരിക്കൻ ക്‌നാനായ സമൂഹം

ഫോർട്ട് ലോഡർഡെയിൽ, ഫ്ലോറിഡ: തങ്ങളുടെ ഉറ്റവരോടൊപ്പം സുഹൃത്തുക്കളോടൊപ്പം ഏതാനും ദിനങ്ങൾ സന്തോഷത്തോടെ ചെലവഴിക്കാനും, വിശ്വാസവും പാരമ്പര്യവും കുടുംബസ്നേഹവും ഒരുമിച്ച് ആഘോഷിക്കാനുമായി രണ്ട് വർഷത്തിലൊരിക്കൽ വടക്കേ അമേരിക്കയിലെ ക്‌നാനായ സമൂഹം ആകാംക്ഷയോടെ കാത്തിരിക്കുന്ന 16-ാമത് KCCNA കൺവൻഷന് ഇനി മണിക്കൂറുകൾ മാത്രം. ഓഗസ്റ്റ് 6 മുതൽ 10 വരെ ഫ്ലോറിഡയിലെ ബ്രൗവാർഡ് കൗണ്ടി കൺവൻഷൻ സെന്ററിൽ നടക്കുന്ന അഞ്ചുദിവസത്തെ ഈ മഹാസംഗമത്തിൽ പങ്കെടുക്കാൻ അമേരിക്കയിലെയും കാനഡയിലെയും കെ.സി .സി .എൻ.എ. യുടെ 25 യൂണിറ്റുകളിൽ നിന്നായി ക്‌നാനായ  കുടുംബങ്ങൾ യാത്രയ്ക്കുള്ള അവസാന ഒരുക്കങ്ങളിലാണ്.

വർഷങ്ങൾക്കുശേഷം ബന്ധുമിത്രാദികളെയും സുഹൃത്തുക്കളെയും വീണ്ടും കണ്ടുമുട്ടാനും, പുതിയ തലമുറയ്ക്ക് ക്‌നാനായ പാരമ്പര്യവും വിശ്വാസവും കൈമാറാനും, കുടുംബബന്ധങ്ങൾ കൂടുതൽ ദൃഢമാക്കാനുമുള്ള അപൂർവ അവസരമായാണ് ഓരോ കുടുംബവും ഈ കൺവൻഷനെ കാണുന്നത്. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ക്‌നാനായ കുടുംബസംഗമമായി വിശേഷിപ്പിക്കപ്പെടുന്ന ഈ മഹാമാമാങ്കത്തിലേക്ക് എല്ലാ യൂണിറ്റുകളിലെയും പ്രതിനിധികൾ ആവേശത്തോടെ യാത്ര തിരിക്കുകയാണ്.

KCCNAയുടെ കീഴിലുള്ള അമേരിക്കയിലെയും കാനഡയിലെയും 25 യൂണിറ്റുകളും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി ഫ്ലോറിഡയിലേക്കുള്ള യാത്രയ്ക്ക് സജ്ജമായി കഴിഞ്ഞു. ഏതാനും ദിവസങ്ങൾക്കുള്ളിൽ വിവിധ നഗരങ്ങളിൽ നിന്ന് നൂറുകണക്കിന് കുടുംബങ്ങൾ ഫോർട്ട് ലോഡർഡെയിലിലേക്ക് എത്തിച്ചേരും.

രജിസ്ട്രേഷനിൽ ആതിഥേയ യൂണിറ്റുകളിലൊന്നായ താമ്പാ (KCCCF) 200-ലധികം പ്രതിനിധികളുമായി മുന്നിലാണ്. ഷിക്കാഗോ KCS-ഉം 200-ലധികം രജിസ്ട്രേഷനുമായി ഏറ്റവും വലിയ പ്രതിനിധി സംഘത്തെ അണിനിരത്തും. ഹൂസ്റ്റൺ KCS, ഗ്രേറ്റർ IKCC ന്യൂയോർക്ക് എന്നി  140-ഓളം രജിസ്ട്രേഷനുമായി മികച്ച പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്. സഹ-ആതിഥേയരായ മയാമിയും (KCASF) ഡാള സ്–ഫോർട്ട് വർത്ത് (KCADFW) , നോർത്ത് കാലിഫോർണിയ (സാൻ ജോസ്) എന്നീ യൂണിറ്റുകൾ തൊട്ടു പിന്നിൽ തന്നെയുണ്ട് ജോർജിയയും ലോസ് ആഞ്ചലസ്, KCS ഡെട്രോയിറ്റ്–വിൻഡ്സർ  സാക്രമെന്റോ സാൻ അന്റോണിയോ  മിന്നസോട്ടയും ടൊറന്റോയും  മികച്ച മികച്ച സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. ഫിലാഡൽഫിയ, വാഷിംഗ്ടൺ–ബാൾട്ടിമോർ, അരിസോണ, ഒഹായോ, കാൽഗറി, എഡ്മന്റൺ, ചാത്തം, ന്യൂ ഇംഗ്ലണ്ട് എന്നിവയുൾപ്പെടെയുള്ള മറ്റ് യൂണിറ്റുകളും പ്രതിനിധികളുമായി ഫോർട്ട് ലോഡർഡെയിലിലേക്ക് എത്തും. അമേരിക്കയ്ക്കും കാനഡയ്ക്കും പുറമെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള അതിഥികളും പങ്കെടുക്കുന്നതോടെ കൺവൻഷന് കൂടുതൽ അന്തർദേശീയ ഭാവം കൈവരും.

KCCNAയുടെ 25 യൂണിറ്റുകൾ തമ്മിലുള്ള ആവേശം നിറഞ്ഞ മത്സരങ്ങൾക്കും, വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയ്ക്കും, മനോഹരമായ സ്റ്റേജ് കലാപരിപാടികൾക്കും, ദേശീയതല കലാ-കായിക മത്സരങ്ങൾക്കും സാക്ഷ്യം വഹിക്കാൻ സൗത്ത് ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയിൽ നഗരം പൂർണ സജ്ജമായി കഴിഞ്ഞു. ഓരോ യൂണിറ്റും തങ്ങളുടെ അഭിമാനവും മികവും തെളിയിക്കുന്നതിനായി മാസങ്ങളായി കഠിന പരിശീലനത്തിലാണ്. കുട്ടികൾ, യുവജനങ്ങൾ, മുതിർന്നവർ തുടങ്ങി എല്ലാ പ്രായവിഭാഗങ്ങളിലുമുള്ള മത്സരാർത്ഥികൾ ദേശീയ ചാമ്പ്യൻമാരാകാനുള്ള ആവേശത്തോടെ ഫ്ലോറിഡയിലേക്ക് എത്തുകയാണ്. ഉദ്ഘാടനദിനത്തിലെ വർണ്ണാഭമായ യൂണിറ്റ് പരേഡ്, വിവിധ യൂണിറ്റുകളുടെ കലാവിരുന്നുകൾ, നൃത്ത-സംഗീത മത്സരങ്ങൾ, ബാൻഡ് അവതരണങ്ങൾ, നാടകങ്ങൾ, യുവജന പരിപാടികൾ, കായിക മത്സരങ്ങൾ എന്നിവ കൺവൻഷന്റെ പ്രധാന ആകർഷണങ്ങളായിരിക്കും. ഓരോ യൂണിറ്റും തങ്ങളുടെ കലാപാരമ്പര്യവും സംഘാടന മികവും പ്രകടിപ്പിക്കാൻ മത്സരിക്കുന്ന ഈ ദേശീയ വേദി, ക്‌നാനായ സമൂഹത്തിന്റെ ഐക്യത്തിന്റെയും പാരമ്പര്യത്തിന്റെയും യുവശക്തിയുടെയും ഉജ്ജ്വല ആഘോഷമായി മാറുമെന്ന് കൺവെൻഷൻ കമ്മറ്റി അറിയിച്ചു.

വിശുദ്ധ കുർബാനകൾ, ആത്മീയ ശുശ്രൂഷകൾ, കുടുംബസമ്മേളനങ്ങൾ, യുവജന-വനിതാ സമ്മേളനങ്ങൾ, കുട്ടികൾക്കായുള്ള പ്രത്യേക പരിപാടികൾ, ദേശീയതല കലാമത്സരങ്ങൾ, സെമിനാറുകൾ, പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന മെഗാ സംഗീതനിശ, ഹാസ്യവിരുന്ന്, ബിസിനസ് നെറ്റ്‌വർക്കിംഗ്, സാമൂഹിക-സാംസ്കാരിക പരിപാടികൾ തുടങ്ങി എല്ലാ പ്രായക്കാർക്കും അനുയോജ്യമായ വൈവിധ്യമാർന്ന പരിപാടികളാണ് അഞ്ചു ദിവസങ്ങളിലായി ഒരുക്കിയിരിക്കുന്നത്.

അമേരിക്കയിലെയും കാനഡയിലെയും ക്‌നാനായ കുടുംബങ്ങളെ ഒരേ വേദിയിൽ ഒന്നിപ്പിക്കുന്ന ഈ മഹാസംഗമം, വടക്കേ അമേരിക്കയിലെ ക്‌നാനായ സമൂഹത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയതും ഏറ്റവും ശ്രദ്ധേയവുമായ കൺവൻഷനുകളിൽ ഒന്നായി മാറുമെന്ന ആത്മവിശ്വാസത്തിലാണ് സംഘാടകരും മുഴുവൻ ക്‌നാനായ സമൂഹവും.

KCCNAയ്ക്ക് നേതൃത്വം നൽകുന്നത് പ്രസിഡന്റ് ജെയിംസ് ഇല്ലിക്കൽ (താമ്പ), എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സിജു ചെരുവൻകാലായിൽ (ന്യൂയോർക്ക്), ജനറൽ സെക്രട്ടറി വിപിൻ ചാലുങ്കൽ (ചിക്കാഗോ), ജോയിന്റ് സെക്രട്ടറി ഡോ.സൂസൻ തെങ്ങുംതറയിൽ (സാൻ ഹൊസെ), ട്രഷറർ ജോജോ തറയിൽ (ഹൂസ്റ്റൺ), വൈസ് പ്രസിഡന്റ് ജേക്കബ് കുസുമാലയം (ന്യൂയോർക്ക്), ജോയിന്റ് ട്രഷറർ ജെസ്‌നി കൊട്ടിയാനിക്കൽ (അറ്റ്ലാന്റ) എന്നിവരാണ്.

ഇവർക്കൊപ്പം കൺവെൻഷൻ ചെയർപേഴ്സൺ ജോബി ഊരാളിൽ, ആതിഥേയ യൂണിറ്റ് പ്രസിഡന്റുമാരായ ജയമോൾ മൂശാരിപ്പറമ്പിൽ (ടാമ്പാ), എബി തെക്കനാട്ട് (മയാമി) എന്നിവരും നൂറുകണക്കിന് കമ്മിറ്റി അംഗങ്ങളും സന്നദ്ധ പ്രവർത്തകരും മാസങ്ങളായി നടത്തിയ കൂട്ടായ പരിശ്രമമാണ് 16-ാമത് KCCNA നാഷണൽ കൺവെൻഷന്റെ വിജയത്തിനായുള്ള  ശക്തമായ അടിത്തറ.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക