
ഹ്യൂസ്റ്റൺ: ഫോമായുടെ 2028–2030 കാലയളവിലേക്കുള്ള പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രമുഖ സാമൂഹിക-സംഘടനാ പ്രവർത്തകനും മുഖ്യധാരാ രാഷ്ട്രീയ നേതാവുമായ പി. റ്റി . തോമസ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു. ദീർഘകാല പ്രവാസജീവിതവും വിവിധ സംഘടനകളിലെ നേതൃത്വപരിചയവും കൈമുതലാക്കിയ അദ്ദേഹം, സേവനാധിഷ്ഠിതവും സുതാര്യവും ഐക്യബദ്ധവുമായ നേതൃത്വമാണ് തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രധാന സന്ദേശമാക്കുന്നത്. 'Leadership • Integrity • Vision' എന്ന മുദ്രാവാക്യത്തോടെയാണ് അദ്ദേഹം അംഗങ്ങളുടെ പിന്തുണ തേടുന്നത്.
'നേതൃത്വം ഒരു പദവിയല്ല, സേവനമാണ്' എന്ന ആശയം മുൻനിർത്തി, കൂടുതൽ ശക്തവും പുരോഗമനപരവുമായ ഫോമായെ വാർത്തെടുക്കുകയാണ് തന്റെ ലക്ഷ്യമെന്ന് പി. റ്റി . തോമസ് പറഞ്ഞു. സുതാര്യത, വിശ്വാസ്യത, അംഗങ്ങളുടെ പങ്കാളിത്തം എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ട് സംഘടനയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാനുള്ള കാഴ്ചപ്പാടാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.
ഫോമായുടെ വളർച്ചയിൽ എല്ലാ അംഗങ്ങളെയും ഒരുമിച്ച് കൂട്ടിക്കൊണ്ടുപോകുന്ന നേതൃത്വമാണ് ആവശ്യമെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, സംഘടനയുടെ പാരമ്പര്യവും വിശ്വാസ്യതയും കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിക്കുമെന്നും വ്യക്തമാക്കി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ അംഗങ്ങളുടെ പിന്തുണ അഭ്യർഥിച്ച അദ്ദേഹം, സേവനവും ഐക്യവും അടിസ്ഥാനമാക്കിയുള്ള പുതിയ നേതൃത്വത്തിന് അവസരം നൽകണമെന്ന് അഭ്യർഥിച്ചു.ഫോമായുടെ റീജിയണൽ വൈസ് പ്രസിഡന്റ് എന്ന നിലയിലുള്ള പി. റ്റി. തോമസിന്റെ പ്രവർത്തനങ്ങൾ കണക്കിലെടുക്കുമ്പോൾ അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം ഏറെ പ്രതീക്ഷയോടെയാണ് ഏവരും നോക്കിക്കാണുന്നത്.
