Image

ചേര്‍ത്തലയുടെ വികസനത്തിന് തൂലിക ചലിപ്പിച്ച മാതൃഭൂമി ബേബി ഓര്‍മ്മയായി

Published on 01 August, 2026
ചേര്‍ത്തലയുടെ വികസനത്തിന് തൂലിക ചലിപ്പിച്ച മാതൃഭൂമി ബേബി ഓര്‍മ്മയായി

ചേര്‍ത്തല : ആലപ്പുഴ ജില്ലയിലെ ആദ്യകാല പത്രപ്രവര്‍ത്തകനും മാതൃഭൂമി ദിനപത്രത്തിന്റെ ചേര്‍ത്തല ലേഖകനുമായിരുന്ന കോക്കമംഗലം കടവില്‍ കെ.എം ജോസഫ് (മാതൃഭൂമി ബേബി-87) അന്തരിച്ചു. കാല്‍നൂറ്റാണ്ട് കാലത്തോളം മാതൃഭൂമിയുടെ ചേര്‍ത്തലയിലെ ഒരു മുഖമായിരുന്നു അദ്ദേഹം.  പത്രപ്രവര്‍ത്തകര്‍ക്കിടയില്‍ തലയെടുപ്പുള്ള വ്യക്തിത്വവുമായിരുന്നു കെ.എം ജോസഫ്.

ആലപ്പുഴയിലെ മാതൃഭൂമി ലേഖകനായിരുന്ന എം.എം വര്‍ഗീസിന്റെ ചുവടുപിടിച്ച് 1970കളില്‍ പത്രപ്രവര്‍ത്തനത്തിലേക്ക് വന്ന കെ.എം ജോസഫ് ചേര്‍ത്തലയുടെ വികസനത്തിന് വേണ്ടി നിരന്തരമായി എഴുതിയിരുന്നു. തണ്ണീര്‍മുക്കം ബണ്ട്, ആലപ്പുഴ ബൈപ്പാസ് എന്നിവയ്ക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു. ചേര്‍ത്തല താലൂക്കിലെ സമസ്ത മേഖലയിലെയും പൊതുപ്രശ്‌നം അദ്ദേഹം മാതൃഭൂമിയിലൂടെ പുറംലോകത്തെ അറിയിച്ചു. ഒരു കാലത്ത് ചേര്‍ത്തല നേരിട്ടിരുന്ന സമാനതകളില്ലാത്ത പ്രശ്‌നങ്ങള്‍ ഭരണകൂടത്തിന്റെയും പൊതുസമൂഹത്തിന്റെയും മുന്നിലെത്തിച്ചു. അദ്ദേഹം എഴുതിയ വികസനോന്മക വാര്‍ത്തകള്‍ പുതുതലമുറയ്ക്ക് പഠനവിഷയമാണ്. 1998ലാണ് അദ്ദേഹം മാതൃഭൂമിയില്‍ നിന്ന് വിരമിക്കുന്നത്.

ചേര്‍ത്തല താലൂക്കിലെ പൊതുപ്രവര്‍ത്തകര്‍ക്കെല്ലാം മാതൃഭൂമിയുമായി ഹൃദയബന്ധം സ്ഥാപിക്കുന്നതില്‍ കെ.എം ജോസഫിന്റെ പങ്ക് വലുതാണ്. മുന്‍കേന്ദ്രമന്ത്രി എ.കെ ആന്റണി അടക്കമുള്ള പൊതുപ്രവര്‍ത്തകരുമായി അടുത്ത ബന്ധവും അദ്ദേഹം പുലര്‍ത്തിയിരുന്നു. ചേര്‍ത്തല പ്രസ്‌ക്ലബിന്റെ ആദ്യകാല പ്രസിഡന്റുമായിരുന്നു.

ഭാര്യ: നെടുംകുന്നം പുതിയാപറമ്പില്‍ കുടുംബാംഗം പരേതയായ അച്ചാമ്മ ജോസഫ്. മക്കള്‍: മിനി ജോസഫ് (പ്രിന്‍സിപ്പല്‍, ലിയോ തേര്‍ട്ടീന്ത് സി.ബി.എസ്.ഇ.സ്‌കൂള്‍, ആലപ്പുഴ), പ്രിന്‍സ് ജോസഫ്, മനോജ് മാത്യു (മസ്‌കറ്റ്). മരുമക്കള്‍: ടോമിച്ചന്‍ വര്‍ഗ്ഗീസ്, പുത്തന്‍വീട്ടില്‍, (റിട്ട.എന്‍ജിനിയര്‍, ഫാക്ട്), ഡാനി ആന്റണി, എള്ളുക്കുന്നേല്‍, കാഞ്ഞിരപ്പള്ളി (മസ്‌കറ്റ്). സംസ്‌കാരം തിങ്കളാഴ്ച (03-08-2026) 11-ന് കോക്കമംഗലം മാര്‍തോമ തീര്‍ത്ഥാടനകേന്ദ്രം സെമിത്തേരിയിലെ കുടുംബ കല്ലറയില്‍ നടക്കും. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക