
ഒറ്റപ്പെട്ട അവസ്ഥയില്‍ വൃദ്ധസദനത്തില്‍ കഴിയുന്ന നടനും സംവിധായകനുമായ മോഹന്‍ ശര്‍മയ്ക്ക് സഹായവുമായി സൂപ്പര്‍താരം രജനികാന്ത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന മോഹന്‍ ശര്‍മയുടെ ദയനീയാവസ്ഥ വിവരിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് രജനീകാന്തിന്റെ ഈ ഇടപെടല്‍ ഉണ്ടായത്. സിനിമയില്‍ പതിറ്റാണ്ടുകളുടെ പരിചയസമ്പത്തുള്ള ഒരു കലാകാരന്റെ ദുരവസ്ഥ തിരിച്ചറിഞ്ഞ ഉടന്‍ തന്നെ രജനീകാന്ത് സഹായം എത്തിക്കുകയായിരുന്നു. രജനികാന്ത് സഹായിച്ച വിവരം മോഹന്‍ ശര്‍മതന്നെ സ്ഥിരീകരിക്കുകയും ചെയ്തു.
ഒരുലക്ഷം രൂപയാണ് രജനികാന്ത് മോഹന്‍ ശര്‍മയ്ക്ക് സഹായമായി നല്‍കിയത്. വൃദ്ധസദനത്തില്‍ ഭക്ഷണവും താമസവും സൗജന്യമാണെങ്കിലും, മരുന്നുകള്‍ വാങ്ങാന്‍ പോലും പണമില്ലാതെ ബുദ്ധിമുട്ടിയിരുന്ന മോഹന്‍ ശര്‍മ്മയ്ക്ക് ഈ തുക വലിയൊരു ആശ്വാസമായി മാറിയിരിക്കുകയാണ്. ഈ സഹായം തന്റെ ജീവിതത്തിന് ഒരു കൈത്താങ്ങായെന്നും ഇതിലൂടെയാണ് ഇപ്പോള്‍ ജീവിതം മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം നന്ദിയോടെ സ്മരിച്ചു. ദേശീയ പുരസ്‌കാരം നേടിയ തന്റെ 'നമ്മ ഗ്രാമം' എന്ന സിനിമയുടെ സാറ്റലൈറ്റ് അവകാശങ്ങള്‍ ആരെങ്കിലും വാങ്ങുകയാണെങ്കില്‍ തന്റെ ചികിത്സാ ചെലവുകള്‍ക്ക് അത് വലിയ സഹായമാകുമെന്ന് അദ്ദേഹം ചലച്ചിത്ര പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു.
എന്റെ സാഹചര്യം രജനീകാന്ത് അറിഞ്ഞതായി ഞാന്‍ വിവരം ലഭിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തില്‍ നിന്ന് 1 ലക്ഷം രൂപ സാമ്പത്തിക സഹായം എനിക്ക് ലഭിച്ചു. ആ സഹായത്തോടെയാണ് ഞാനെന്റെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. പോയസ് ഗാര്‍ഡനില്‍ എനിക്കൊരു വീടുണ്ടായിരുന്നു, പക്ഷേ അത് വില്‍ക്കേണ്ടി വന്നു. എന്റെ കുടുംബജീവിതം ശരിയായി നടന്നില്ല. എന്റെ കയ്യില്‍ പണമില്ല, രോഗിയായാല്‍ പരിചരിക്കാനും ആരുമില്ല.' മോഹന്‍ ശര്‍മയുടെ വാക്കുകള്‍.