
സർവ്വോദയം രാമൻകുട്ടി ഇന്നലെ അന്തരിച്ചു. പഞ്ചായത്തു പടിയിലുള്ള വെയ്റ്റിംഗ് ഷെഡ്‌ഡിലെ , ആർക്കും ഇരിക്കാൻ പറ്റാത്ത രീതിയിൽ ഉരുളൻകമ്പിയിൽ നിർമ്മിച്ച ചാരില്ലാത്ത ബഞ്ചിന്റെ ഓരം ചേർന്നാണ് മൃതശരീരം കാണപ്പെട്ടത്.
ആളൊഴിഞ്ഞിടം പാർപ്പിടമാക്കി കഴിയുന്ന ശുനകന്മാരാണ് കുരച്ചും, ഓരിയിട്ടും ഈ മരണവാർത്ത ആദ്യം കൊച്ചു വെളുപ്പാൻകാലത്തെ നടത്തക്കാരെ അറിയിച്ചത്.
ഇപ്പോൾ നാട്ടിൽ ചെന്നാൽ നടത്തക്കാരെ തട്ടിയിട്ട് നടക്കാൻ മേല. ചിക്കനും. മട്ടനും, ‘കുട്ടനും' പിന്നെ കുഴിമന്തിയും കഴിച്ച് മന്ത് വന്നവനെപ്പോലെ, അമ്പട ഞാനേ എന്ന ഭാവത്താൽ കുമ്പയും വീർപ്പിച്ച് ആരേയും കൂസാതെ നടക്കുന്നവർ - ഷുഗറും, പ്രഷറും, കൊളസ്ട്രോളും അതിന്റെ പാരമ്യത്തിലെത്തുമ്പോൾ ഗത്യന്തരമില്ലാതെ ഡോക്ടറെ കാണുവാനെത്തും. അപ്പോൾ അദ്ദേഹം പറയും “ആഹാരം കുറയ്ക്കണം, വ്യായാമം ചെയ്യണം. അതിരാവിലെ വേഗത്തിൽ നടക്കുന്നത് അത്യുത്തമം.”
‘ആഹാരം കുറയ്ക്കുന്ന കാര്യം അങ്ങ് പള്ളിയിൽ ചെന്ന് പറഞ്ഞാൽ മതി, ഡോക്ടർക്ക് വേണമെങ്കിൽ ഞാൻ നടക്കാം’ എന്ന ഭാവത്തിലാണ് ഭൂരിപക്ഷം പേരും നടത്തത്തിന് ഇറങ്ങിയിരിക്കുന്നത്.
മിന്നാം മിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലത്തെ ഒരു ടോർച് മിക്കവരുടെയും കയ്യിൽ കാണും. അത് തെളിച്ചും കെടുത്തിയും ചൂട്ട് മിന്നിച്ചു പോവുന്നത് പോലെയാണ് പോക്ക്. നടക്കുന്ന വഴിയിലേക്ക് ആരും ടോർച്ച്തെളിച്ച് പിടിക്കുന്നതായി കണ്ടിട്ടില്ല. നാൽപ്പത് വയസ്സിനു മുകളിലുള്ളവരാണ് നടത്തക്കാരിൽ അധികവും.
ടോർച്ചിന്റെ സഹായത്താൽ ഇത് നമ്മുടെ സർവ്വോദയം രാമൻകുട്ടി തന്നെയെന്ന് നടത്തക്കാർ ഉറപ്പാക്കി.
പോലീസിൽ വിവരമറിയിച്ച് അവിടെന്ന് ഏമാന്മാർ വരുന്നതിന് മുമ്പുതന്നെ പഞ്ചായത്തുപടി വാട്സ്സാപ്പ് കൂട്ടായ്മയിൽ ആരോ പൊടിപ്പും തൊങ്ങലും ചേർത്ത് മരണവാർത്ത ഗോളാന്തര വാർത്തയാക്കി.
കൊച്ചിന്റെ ഇരുപത്തിയെട്ടുകെട്ടിനും, ചോറൂണിനും, മാമോദീസാക്കും, കുടിപ്പള്ളിക്കൂടത്തിൽ നിന്നും ഒന്നാംക്ലാസ്സിലേക്കു കയറ്റം കിട്ടുന്നതിനും വരെ വലിയ ഫോട്ടോ വച്ച് നാട് നീളെ ഫ്ളക്സ് വയ്ക്കുന്ന ജനം, രാമൻകുട്ടിയുടെയും ഒരു ഫോട്ടോ സംഘടിപ്പിച്ച് മഞ്ചേരിപ്പടി മുതൽ മാറാടിക്കവല വരെ വലിയ ഫ്ളക്സ് വച്ചു.
വിവിധ സംഘടനകളും, സംഘാടകരും, രാഷ്ട്രീയ മീമാംസകരും (രാഷ്ട്രീയം കൊണ്ട് മീനും മാംസവും ഭക്ഷിക്കുന്നവർ) ഫ്ളക്സ് വയ്ക്കുന്ന കാര്യത്തിൽ മത്സരത്തിലായിരുന്നു. ഇക്കാര്യത്തിനായി പാട്ടപ്പിരിവും ‘കുപ്പി'പ്പിരിവും ആവോളം നടത്തി.
രാമൻകുട്ടി നാലാം ക്ലാസ്സിൽ നാലു കൊല്ലം തോറ്റ് നാണംകെട്ട് പഠിപ്പ് നിറുത്തി. വീട്ടിലും നാട്ടിലും ഒരു പണിയും ചെയ്യാതെ, നാല് കാശിന് ഗതിയില്ലാതെ നാട് നീളെ അലഞ്ഞു നടന്നു.
ജീവിക്കുവാൻ വേറെ വഴിയില്ലാത്തവർക്ക് പിന്നെ പെരുവഴി ശരണം. ദേവാലയങ്ങളുടെ മുന്നിലുള്ള വലിയ വഞ്ചിപ്പെട്ടിയിലേക്ക് വഴിയെ പോകുന്ന വണ്ടികളിൽ നിന്നും ‘അന്ധരായ' വിശ്വാസികൾ വലിച്ചെറിയുന്ന നാണയത്തുട്ടുകൾ വഞ്ചിയിൽ വീഴാതെ വഴിയിലേക്ക് വീഴുന്നത് പെറുക്കിയെടുക്കുന്നതായി പിന്നെ രാമൻകുട്ടിയുടെ ജീവിത മാർഗ്ഗം. ജാതിഭ്രാന്തർ അതു തടഞ്ഞപ്പോൾ ചില വിപ്ലവ പ്രസ്ഥാനത്തിൽ ആകൃഷ്ടനായ രാമൻകുട്ടിക്ക് അവിടെയും വേരുറപ്പിക്കാനായില്ല. തോക്ക് എടുക്കുന്നതിനു മുമ്പേ തോക്കിൽ കയറി വെടിവച്ചു തുടങ്ങിയപ്പോൾ പാർട്ടിക്കാർ അവിടെ നിന്നും പുറത്താക്കി.
ആരെങ്കിലും വിളിച്ചു പണി കൊടുത്താൽ പണി ചെയ്യാതെ, പണി കൊടുക്കുന്നവനെ പണി പഠിപ്പിക്കുന്ന ശീലം തുടങ്ങിയപ്പോൾ പിന്നെ ആരും ഒരു പണിയും കൊടുക്കാതായി.
അങ്ങനെ ഒരു ഗതിയും പരഗതിയും ഇല്ലാതെ വട്ടത്തിലും നീളത്തിലും നടക്കുമ്പോഴാണ് പണ്ട് നാലാം ക്ലാസ്സിൽ പഠിച്ച ഒരു കഥ രാമൻകുട്ടിയുടെ മനസ്സിലേക്ക് ഓടിയെത്തുന്നത്. വെറും യുവാവായിരുന്ന സിദ്ധാർത്ഥൻ ബോധി വൃക്ഷത്തിന്റെ ചുവട്ടിൽ പോയി തപസ്സിരുന്നപ്പോൾ ബോധോദയം ഉണ്ടായെന്നും അങ്ങനെ സാധാരണക്കാരനായിരുന്ന സിദ്ധാർത്ഥന് ജ്ഞാന സിദ്ധിയാൽ അനേകം അനുയായികൾ ഉണ്ടായെന്നും അതോടെ സിദ്ധാർഥൻ ശ്രീബുദ്ധനായി അവതരിച്ചുവെന്നുമൊക്കെ.
ഈ തിരിച്ചറിവ് രാമൻകുട്ടിയെ സടകുടഞ്ഞെഴുന്നേല്പിച്ചു. ഭഗവതി ക്ഷേത്രത്തിന്റെ മുറ്റത്തുള്ള ആൽമരച്ചോട്ടിൽ ജലപാനം പോലുമില്ലാതെ തപസ്സിരിക്കുവാൻ തീരുമാനിച്ചു. പല നാൾ കഴിഞ്ഞിട്ടും ആരും ശ്രദ്ധിക്കാതായപ്പോൾ ഒരു നാൾ സ്വയം നാരങ്ങാവെള്ളം കുടിച്ച് തപസ്സ് അവസാനിപ്പിച്ചു.
‘ഈ ഉഡായിപ്പൊക്കെ നിറുത്തി നിനക്ക് വല്ല പണിക്കും പോയിക്കൂടെ’ എന്ന് ആരെങ്കിലും ചോദിച്ചാൽ അങ്ങനെ കുറച്ചു പേരായിട്ട് അദ്ധ്വാനിക്കേണ്ട ആവശ്യമില്ലെന്നും, ഉള്ളവൻ ഇല്ലാത്തവന്കൊടുത്ത് ഉള്ളവനും കൂടി ഇല്ലാതാവുമ്പോൾ എല്ലാവരും സമന്മാരാകുമെന്നുമൊക്കെയുള്ള പുതിയ പുതിയ സിദ്ധാന്തങ്ങൾ രാമൻകുട്ടിയിൽ നിന്നും ഉദയം ചെയ്തു തുടങ്ങിയപ്പിഴാണ് രാമൻകുട്ടിക്ക് സർവ്വോദയം രാമൻകുട്ടിയെന്ന വിളിപ്പേരുണ്ടായത്.
രാമൻകുട്ടി കല്യാണം കഴിക്കാത്ത ഒരു യുക്തിവാദി ആയിരുന്നു. കല്യാണം കഴിക്കാത്തതിന്റെ കാരണങ്ങൾ കാര്യകാരണ സഹിതം വിവരിക്കുന്നത് കേട്ടാൽ ഈ മനുഷ്യന് ഈ അറിവൊക്കെ എവിടെന്നുണ്ടായി എന്ന് നമ്മൾ ചിന്തിച്ചു പോകും.
ജീവിക്കാൻ വേണ്ടിപ്പോലും തൊഴിൽ ഒന്നും ചെയ്യില്ല എന്നതൊഴിച്ചാൽ രാമൻകുട്ടിക്ക് മറ്റ് ദുശീലങ്ങളൊന്നും ഉണ്ടായിരുന്നതായി കേട്ടിട്ടില്ല.
ആരെ കണ്ടാലും പണം കടം ചോദിക്കും. ചോദിക്കുന്നത് കേട്ടാൽ കൃത്യമായി തിരിച്ചടക്കും എന്ന് തോന്നിപ്പോകും. പണ്ട് തന്റെ അമ്മ പണിക്ക് പോയിട്ടുള്ള വീടുകളാണെങ്കിൽ പിന്നെ ആ ബലത്തിലാണ് കടം ചോദിക്കുന്നത്.
ശരിയാണ്. ഞാൻ ഓർക്കുന്നുണ്ട്. അവർ ഒരു പാവം അമ്മൂമ്മ ആയിരുന്നു. ആ അമ്മയെ ഓർത്തിട്ടാണ് ഞാനും അയാളെ ചെറുതായിട്ടൊക്കെ സഹായിച്ചുകൊണ്ടിരുന്നത്.
ഞാൻ നാട്ടിൽ വന്നിട്ടുണ്ട് എന്നറിഞ്ഞാൽ അടച്ചിട്ടിരിക്കുന്ന പടിവാതിലും മതിലുമൊക്കെ ചാടിക്കയറി വീട്ടിലേക്ക് വരും.
“ഇങ്ങനെ ഗേറ്റും മതിലുമൊക്കെ ചാടി വീടുകൾ കയറി നടന്നാൽ വല്ല പട്ടിയും പിടിച്ചു കടിച്ചാലോ" ഞാൻ ആരാഞ്ഞു.
“ഏയ് എന്നെ ഒരു പട്ടിയും കടിക്കത്തില്ല"
“അപ്പോൾ കഴിഞ്ഞ മാസം തോട്ടത്തിലെ പട്ടി കടിച്ചെന്നു കേട്ടല്ലോ"
“ആ അങ്ങനെ ഒന്ന് ”
“അപ്പോൾ കഴിഞ്ഞ ഓണത്തിന് കുഴിമറ്റത്തിലെ പട്ടി ഓടിച്ചിട്ട് കടിച്ചെന്നു കേട്ടല്ലോ"
അപ്പോഴും പറഞ്ഞു “ആ അങ്ങനെ ഒന്ന് ”
രാമൻകുട്ടി ഭയങ്കര സൂത്രക്കാരൻ കൂടിയായിരുന്നു. ഉദാഹരണത്തിന് - നമ്മൾ ഒരു സഹായം (പണം) കൊടുത്തിട്ട് -
‘എന്നാൽ പിന്നെ രാമൻകുട്ടി പോകുന്നതിനു മുമ്പ് രണ്ടു തേങ്ങാ പൊതിച്ചു തരാമോ?’ എന്ന് ചോദിച്ചാൽ -
“പിന്നെന്താ ഇപ്പം പൊതിച്ചു തരാം. തേങ്ങയിങ്ങു എടുത്താട്ടെ “
തേങ്ങാ എടുക്കുവാനായി നമ്മൾ അകത്തേക്ക് പോകുമ്പോൾ പുറത്തു നിന്നും ആരോ വിളിച്ചിട്ടെന്ന പോലെ രാമൻകുട്ടി “എന്തോ.……” എന്ന് ഉറക്കെ വിളി കേൾക്കും.
“എന്താ രാമൻകുട്ടി ആരാ വിളിച്ചേ?”
“എന്നെ ആരോ വിളിക്കുന്നു. ഞാൻ നോക്കിയേച്ചും വരാം “
ചുമ്മാതാണ്. ആരും വിളിച്ചിട്ടു പോകുന്നതല്ല.
കഴിഞ്ഞ പ്രാവശ്യം അയാൾ എന്നെ ചെറുതായിട്ടൊന്നു കബളിപ്പിച്ചു. കബളിപ്പിച്ചു എന്ന് തീർത്തും പറയാനും പറ്റില്ല. ഞാൻ വന്നിട്ടുണ്ടെന്നറിഞ്ഞ് ഒരു തുക കടം ചോദിക്കുവാനാണ് വന്നത്. ഒന്ന് രണ്ട് അസുഖങ്ങളുടെ പേരൊക്കെ പറഞ്ഞു.
ചോദിച്ചത്ര കൊടുത്തില്ലെങ്കിലും ഒരു തുക കൊടുത്തിട്ട് ഞാൻ പറഞ്ഞു ”പോയി ചികിൽത്സിക്ക്. തിരികെ തരുകയൊന്നും വേണ്ടാ”
എന്നാലും ഞാൻ ചോദിച്ചു. “സർക്കാർ ആശുപത്രിയിൽ ഇതൊക്കെ ചെയ്യില്ലേ? അമേരിക്കയിലേക്കാളും നല്ല ചികിൽത്സയാണ് ഇവിടത്തെ സർക്കാർ ആശുപത്രികളിൽ കിട്ടുന്നത് എന്നാണല്ലോ പറയുന്നത്.
“അതൊന്നും അറിയില്ല മോനെ. ആശുപത്രിയിൽ നിലത്തു കെടക്കാൻ പോലും സ്ഥലമില്ല. പിന്നെ ഡാക്കട്ടർമാർക്ക് നല്ല തുക വീട്ടിൽ പോയി കൊടുക്കണം.”
ഞാൻ ഇത്രയും പൈസ കൊടുത്തതിൽ എന്റെ അഭ്യുദയകാംഷികൾ എന്നെ കുറ്റപ്പെടുത്തി.
“സഹായ ഹസ്തം നീട്ടി വരുന്നതല്ലേ. അത്രക്കും ബുദ്ധിമുട്ടില്ലാത്ത ആരെങ്കിലും കൈ നീട്ടിക്കൊണ്ടു വരുമോ? അതും ചികിൽത്സക്കു വേണ്ടി. അടുത്ത തവണ വരുമ്പോൾ
കണ്ടില്ലങ്കിലോ?” ഞാൻ അവരോട് ചോദിച്ചു.
അസുഖം നേരാണെങ്കിൽ, ചികിൽത്സക്ക് പോയതായിട്ടൊന്നും ആരും പറഞ്ഞു കേട്ടില്ല.
ചോദിച്ചു വന്നിട്ട് കൊടുത്തില്ലായിരുന്നെങ്കിൽ അതെന്തൊരു പ്രയാസമാകുമായിരുന്നെന്ന് ഞാൻ ഈ മരണവാർത്ത കേട്ടപ്പോൾ ഓർത്തുപോയി.
(സർവ്വോദയം) രാമൻകുട്ടിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.
Read More: https://www.emalayalee.com/writer/319