Image

മെല്‍ബണ്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാളപ്പെരുമ; തമിഴ്, കന്നഡ ചിത്രങ്ങളും

Published on 01 August, 2026
 മെല്‍ബണ്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാളപ്പെരുമ; തമിഴ്, കന്നഡ ചിത്രങ്ങളും

 

ഓസ്ട്രേലിയന്‍ മണ്ണില്‍ ദക്ഷിണേന്ത്യന്‍ സിനിമയുടെ വിസ്മയക്കാഴ്ചകള്‍ വിരിയാന്‍ ദിവസങ്ങള്‍ മാത്രം. ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണിന്റെ (ഐഎഫ്എഫ്എം) 17-ാമത് പതിപ്പില്‍ മലയാള ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുമെന്നത് അഭിമാനനേട്ടമായി. യുവതാരം ദുല്‍ഖര്‍ സല്‍മാനെ മേളയില്‍ ആദരിക്കുകയും ചെയ്യുന്നുണ്ട്. ഓഗസ്റ്റ് 13 മുതല്‍ 23 വരെ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ വ്യത്യസ്ത പ്രമേയങ്ങളാല്‍ സമ്പന്നമായ മലയാളം, തമിഴ്, കന്നഡ ചിത്രങ്ങളുടെ വലിയ നിരതന്നെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഫീച്ചര്‍ സിനിമകള്‍ക്കു പുറമെ ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും മേളയ്ക്കു മാറ്റുകൂട്ടും.

സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത അവിഹിതം എന്ന ചിത്രമാണ് മലയാളനിരയിലെ പ്രധാന ആകര്‍ഷണം. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരു സ്ത്രീയുടെ രഹസ്യബന്ധത്തെക്കുറിച്ചുള്ള സംശയങ്ങളും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളും സാമൂഹിക പ്രസക്തിയുള്ള സന്ദേശവും കോര്‍ത്തിണക്കിയാണു ചിത്രം ഒരുക്കിയിരിക്കുന്നത്.

മോസ്‌കോ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള അന്താരാഷ്ട്ര അംഗീകാരം നേടിയ ഫാസില്‍ റസാഖിന്റെ മോഹം മേളയില്‍ ശ്രദ്ധാകേന്ദ്രമാകും. ശ്രീജിത്ത് എസ്. കുമാര്‍ - ഗ്രിറ്റോ വിന്‍സെന്റെ കൂട്ടുകെട്ടിന്റെ ശേഷിപ്പ്, നിപിന്‍ നാരായണന്‍ ഒരുക്കിയ കാത്തിരിപ്പ്, സഞ്ജു സുരേന്ദ്രന്റെ ഖിഡ്കി ഗാവ്, ഉണ്ണികൃഷ്ണന്‍ ആവളയുടെ തന്തപ്പേര് എന്നിവയാണ് പ്രദര്‍ശനത്തിനെത്തുന്ന മറ്റു മലയാള ചിത്രങ്ങള്‍. ഹ്രസ്വചിത്ര വിഭാഗത്തില്‍ സ്വിച്ച് ഓഫ്, കുട്ടിക്കളി എന്നീ ചിത്രങ്ങളും മേളയില്‍ മാറ്റുരയ്ക്കും.

പാ രഞ്ജിത്തിന്റെ നിര്‍മാണത്തില്‍ സെമ്മലര്‍ സംവിധാനം ചെയ്ത മയിലാ, രാമലിംഗം ഗൗതം സംവിധാനം ചെയ്ത മേളയുടെ ഉദ്ഘാടന ചിത്രമായ മെമ്പേഴ്‌സ് ഓഫ് ദ പ്രോബ്ലമാറ്റിക് ഫാമിലി എന്നിവയാണ് തമിഴ് വിഭാഗത്തിലെ പ്രധാന ആകര്‍ഷണം. ഭാവി, ഞാന്‍ രേവതി എന്നീ ഡോക്യുമെന്ററികളും ഓട്ടോ ക്വീന്‍സ്, ഗിവിംഗ് മോം ദ ടോക്ക് എന്നീ ഹ്രസ്വചിത്രങ്ങളും തമിഴില്‍നിന്ന് മേളയിലെത്തുന്നുണ്ട്. കന്നഡയില്‍നിന്ന് അനൂപ് ലോകുറിന്റെ ചിത്രത്തോടൊപ്പം ഭാവി എന്ന ഡോക്യുമെന്ററിയും മുംഗാരിന എട്ടേ, പങ്കജ എന്നീ ഹ്രസ്വചിത്രങ്ങളും പ്രദര്‍ശനത്തിനെത്തും.

ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് പ്രമുഖ താരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍, ഋഷഭ് ഷെട്ടി, പങ്കജ് ത്രിപാഠി എന്നിവരെ ചടങ്ങില്‍ ആദരിക്കും. കൂടാതെ, ബോളിവുഡ് ഇതിഹാസ നായിക രേഖയുടെ സാന്നിധ്യമാണ് മേളയുടെ മറ്റൊരു പ്രത്യേകത. രേഖ പങ്കടുക്കുന്ന ചടങ്ങില്‍ അവരുടെ രാജ്യാന്തരഖ്യാതി നേടിയ ഉമ്രാവോ ജാന്‍ പ്രത്യേകമായി പ്രദര്‍ശിപ്പിക്കുകയും താരത്തെ ആദരിക്കുകയും ചെയ്യും.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക