
കേരളത്തിൽ അധികാരത്തിൽ വന്ന യു.ഡി.എഫ് സർക്കാരിനെ ജനങ്ങൾ വലിയ പ്രതീക്ഷയോടെയാണ് എതിരേറ്റത്.പ്രതിപക്ഷത്തിരുന്നപ്പോൾ വളരെ നന്നായി ശോഭിച്ചിരുന്ന ഇപ്പോഴത്തെ മുഖ്യമന്ത്രി വി.ഡി സതീശൻ വിസ്മയങ്ങൾ തീർക്കുമെന്ന് ഏറ്റവും കുറഞ്ഞത് സർക്കാർ ഉദ്യോഗസ്ഥരെങ്കിലും വിശ്വസിച്ചു.അധികാരമേറ്റയുടനെ ധവളപത്രം പുറത്തിറക്കി.പിന്നാലെ ബജറ്റും .ബജറ്റ് അവതരണം കഴിഞ്ഞതോടെയാണ് യു.ഡി.എഫ് സംവിധാനത്തിന് പുറത്ത് ചില തീരുമാനങ്ങൾ ധനകാര്യമന്ത്രി കൂടിയായ താൻ എടുക്കുമെന്ന് സതീശൻ പറയാതെ പറയാൻ ശ്രമിച്ചത്.യു.ഡി,എഫിന്റെ മദ്യനയം വരുന്നതിന് മുമ്പ് തന്നെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി 120 ശതമാനമായി കുറച്ച് കൊണ്ടുള്ള അദ്ദേഹത്തിന്റെ ബജറ്റ് പ്രഖ്യാപനം വന്നു .ബാക്കാഡി കമ്പനിയ്ക്ക് വേണ്ടിയാണ് ഇത്തരം ഒരു നീക്കം നടത്തിയതെന്ന് പ്രതിപക്ഷവും മാധ്യമങ്ങളും പറഞ്ഞു.ഇതു വരെ വിൽക്കാൻ അനുമതിയില്ലാത്ത ഒരു ഉൽപ്പന്നത്തിന് സാങ്കൽപ്പിക നികുതി ബജറ്റ് പോലൊരു രേഖയിൽ എഴുതി വയ്ക്കാനും വേണ്ടി വിഡ്ഢിയില്ല വി.ഡി സതീശനെന്ന് അദ്ദേഹത്തെ അറിയുന്നവർക്ക് അറിയാം.പിന്നെന്ത് കൊണ്ട് സ്വന്തം എക്സൈസ് മന്ത്രിയെ പോലും ഇരുട്ടിൽ നിറുത്തി ഇത്തരം പ്രഖ്യാപനം നടത്താൻ സതീശൻ തുനിഞ്ഞു?
കോൺഗ്രസ്സിൽ ഒരു കാലത്തും സമവായമുണ്ടാകാത്ത ഒന്നാണ് മദ്യനയം.കോൺഗ്രസ് അധികാരത്തിലായാലും പുറത്തായാലും മദ്യത്തിന്റെ കാര്യം വരുമ്പോൾ ചേരികൾ രൂപപ്പെടും.വി,എം സുധീരൻ എല്ലാക്കാലത്തും മദ്യ വിരുദ്ധനാണ്.അബ്കാരികളുടെ പക്കൽ നിന്നും സംഭാവന പോലും സ്വീകരിക്കാത്തയാൾ.പക്ഷേ കെ.ബാബു അങ്ങനെയല്ല.തൃപ്പൂണിത്തുറയിലും പരിസരത്തും ബോർഡ് വയ്ക്കാൻ കാശു വേണമെങ്കിൽ അബ്കാരികൾ വേണമെന്ന് അദ്ദേഹത്തിന് അറിയാം.മുസ്ളീം ലീഗിനാണെങ്കിൽ മദ്യം ഹറാമാണ്.മദ്യമില്ലാതെ കുഞ്ഞാലിക്കുട്ടി സാഹിബ് വ്യവസായികളുടെ മീറ്റിംഗ് എങ്ങനെ സംഘടിപ്പിക്കുമെന്ന് ചോദിക്കരുത്.കഥയിൽ ചോദ്യമില്ല.പാണക്കാട് കൂടിയ പ്രത്യേക പ്ളീനത്തിൽ അവരും വീര്യം കുറഞ്ഞ മദ്യത്തെ എതിർക്കുമെന്ന് പരസ്യ പ്രസ്താവനയിറക്കി.പാംപ്ളാനി അച്ചനും ജിഫ്രിക്കോയ തങ്ങൾക്കും ഇതൊക്കെ സർക്കാർ കാര്യമാണെന്നും തങ്ങൾ അഭിപ്രായം പറയേണ്ടതില്ലെന്നതിലും സംശയമേയില്ല.ഇത്തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളെ മറിക്കടക്കാനാണ് വി.ഡി.എസ് ശ്രമിച്ചതെന്നാണ് സതീശൻ ക്യാമ്പിന്റെ അഭിപ്രായം.പക്ഷേ എരിതീയിൽ എണ്ണയൊഴിച്ച് കൊണ്ട് കെ.സി വേണുഗോപാൽ എത്തിയതോടെ വിഷയം പിന്നെയും വഷളായി.രമേശ് ചെന്നിത്തലയും തന്നാൽ ആകുന്ന കെണി ഇക്കാര്യത്തിൽ സതീശനിട്ടു വച്ചു.ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ബാറുകളുടെ എണ്ണം കുറച്ചു എന്ന പച്ച നുണയും കോൺഗ്രസ്സ് വക്താക്കൾ ടെലിവിഷൻ സ്റ്റുഡിയോകളിരുന്ന് പറഞ്ഞു.സുപ്രീം കോടതി ഉത്തരവ് പ്രകാരം വേണ്ട ക്ളാസിഫിക്കേഷൻ നേടാൻ ബാറുകാർക്ക് കഴിയാതെ വന്നപ്പോഴാണ് അന്ന് പൂട്ടലുകൾ നടന്നത്.അവർ ആ കൂട്ടലുകളും കിഴിക്കലുകളും നടത്തി വന്നപ്പോഴേയ്ക്കും ഒന്നാം പിണറായി സർക്കാർ വന്നു കഴിഞ്ഞിരുന്നു.അവ പിന്നെയും തുറന്നു.പിണറായി വിജയൻ മദ്യപന്മാർക്ക് വേണ്ട ഒത്താശ ചെയ്തു എന്നൊക്കെ ചാനൽ ചർച്ചകളിൽ പറഞ്ഞ് ബി.ആർ.എം ഷരീഫിനെ പോലുള്ള വക്താക്കൾ മദ്യചർച്ചകൾക്ക് അകമഴിഞ്ഞ പിന്തുണ നൽകി വി.ഡി സതീശന് തലവേദനയായി,

പി.എം.ശ്രീ പദ്ധതിയിൽ യൂടേൺ എടുത്തതായിരുന്നു അടുത്ത നീക്കം.വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരിക്കാൻ നോക്കുന്ന പി.എം.ശ്രീ പദ്ധതിയെ തങ്ങൾ അധികാരമേറ്റ് ആദ്യദിനത്തിൽ തന്നെ കടലിലെറിയുമെന്നായിരുന്നു യു.ഡി.എഫ് നേതാക്കൾ തെരഞ്ഞെടുപ്പ് കാലത്ത് പ്രചരണരംഗത്ത് പറഞ്ഞിരുന്നത്.വിദ്യാഭ്യാസ വകുപ്പ് മുസ്ളീംലീഗിനെ ഏൽപ്പിക്കുക കൂടി ചെയ്തപ്പോൾ കറകളഞ്ഞ സഖാക്കൾ പോലും കോരിത്തരിച്ചതാണ്.കേന്ദ്രത്തിൽ നിന്നും ലഭിക്കേണ്ട നക്കാപിച്ച ഇല്ലാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നും അതു കൊണ്ട് അതിൽ ഒപ്പു വയ്ക്കേണ്ടി വരുമെന്ന് സതീശനും കൂട്ടരും നയം വ്യക്തമാക്കിയപ്പോൾ കേരളം മൂക്കത്ത് വിരൽ വച്ചു പോയി.കേന്ദ്ര സർക്കാരിന്റെ കാശ് കൊണ്ട് വയ്ക്കുന്ന വീടിന്റെ മുന്നിൽ പ്രധാനമന്ത്രിയുടെ ചിത്രം വയ്ക്കുന്നതിൽ തെറ്റില്ലെന്ന് കണ്ടുപിടിച്ച കെ.എം ഷാജി പിന്നീട് നിലപാട് മാറ്റി.കേന്ദ്രസർക്കാരിൻ്റെ മുദ്രപതിപ്പിക്കുന്നതിൽ തെറ്റില്ലെന്നാണ് താൻ പറഞ്ഞതെന്നും ഒരു മുദ്രയില്ലാത്തത് കൊണ്ട് പാവപ്പെട്ടവർക്ക് വീട് വയ്ക്കാൻ ലഭിക്കുന്ന അവസരം കളഞ്ഞു കുളിക്കുന്നത് നെഹ്റൂവിയൻ ചിന്താധാരകൾക്ക് എതിരാണെന്നും അദ്ദേഹം അതിവേഗം മനസ്സിലാക്കി.കേന്ദ്രവുമായി അനാവശ്യ ഉടക്കിന് താനില്ലെന്ന് കെ.എം ഷാജി അർത്ഥശങ്കയ്ക്ക് ഇടിയില്ലാതെ വ്യക്തമാക്കിയപ്പോൾ പ്രതിപക്ഷത്തായിരുന്നപ്പോൾ ഇതല്ലായിരുന്നല്ലോ നിലപാടെന്ന് പത്രക്കാർ ചോദിച്ചു.കാലം മാറിയെന്നായിരുന്നു കെ.എം ഷാജിയെന്ന ചാണക്യന്റെ ഉത്തരം.
മാറ്റങ്ങൾക്ക് മാത്രം മാറ്റമില്ലെന്ന ആപ്തവാക്യം പിന്നെ അരക്കിട്ടുറപ്പിച്ചത് ബഹുമാന്യനായ കെ.മുരളീധരനാണ്.എരണംകെട്ടവർ ഭരിക്കുമ്പോൾ വൈറസുകൾ പടരുമെന്ന പഴയ പ്രസ്താവനയിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നുണ്ടോയെന്ന ഏതോ മാധ്യമവിശാരദന്റെ ചോദ്യത്തിന് മറുപടി, അന്ന് താൻ പ്രതിപക്ഷത്തായിരുന്നു എന്നും ഇപ്പോൾ മന്ത്രിയാണെന്നും ഓർമ്മിപ്പിക്കലായിരുന്നു.മുരളീധരന്റെ രാഷ്ട്രീയ പാപ്പരത്തത്തിന്റെ മറ്റൊരു ഉദാഹരണമായേ അതിനെ പൊതു സമൂഹം കണ്ടുള്ളൂ.പക്ഷേ പ്രശ്നം അവിടെയല്ല.ഷിഗല്ലയും,നിപ്പയും പോലുള്ള മാരക രോഗങ്ങൾ കേരളത്തിലേക്ക് വീണ്ടുമെത്തിയപ്പോൾ ആരോഗ്യഡയറക്ടർ തസ്തികയിൽ രണ്ടു ഡോക്ടർന്മാർ തമ്മിൽ നാണമില്ലാതുള്ള കസേരകളി നടക്കുകയായിരുന്നു.നിപ്പവൈറസിനെ പ്രതിരോധിക്കാനുള്ള മരുന്ന് നാട്ടിലെ മെഡിക്കൽ സ്റ്റോറുകളിൽ ലഭിക്കാത്തത് കൊണ്ട് ആസ്ട്രേലിയയിൽ നിന്നും വരുത്തി ചെന്നൈയിൽ കുടിയിരുത്തിയ ശേഷമാണ് മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഈ കസേരകളി.പഴയ ആരോഗ്യ മന്ത്രിമാരൊക്കെ റീൽസിട്ടും വീണമീട്ടി കളിക്കുകയും ചെയ്തിരുന്നവരാണെന്ന് കരുണാകരപുത്രൻ നിയമസഭയിൽ പറഞ്ഞത് നീതിമാനായ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സഭാരേഖകളിൽ നിന്നും നീക്കം ചെയ്തു.റീലിടലിനും വീണമീട്ടലിനും ശേഷം നടന്ന കസേര കളിയിൽ വശംവദരായിരിക്കുന്നത് ജനങ്ങളാണ്.സർവ്വവിധ രോഗങ്ങളും കൊണ്ട് സമ്പന്നമായിരിക്കുന്ന ഈ മഴക്കാലത്ത് സർക്കാർ ആശുപത്രികളിൽ പാരസെറ്റാമോൾ പോലും കിട്ടാനില്ല.മന്ത്രിയദ്ദേഹത്തിന്റെ മണ്ഡലമായ വട്ടിയൂർക്കാവിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ പോലും ഇതാണ് സ്ഥിതി.വിവിധ വകുപ്പുകളെ യോജിപ്പിച്ചു കൊണ്ട് ഇനി തിരുവനന്തപുരത്ത് മഴക്കാല ശുചീകരണം നടക്കുമെന്ന് തോന്നുന്നില്ല.
വന്യമൃഗങ്ങളിൽ നിന്നും നാട്ടുകാരെ സംരക്ഷിക്കാൻ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞതിനെ കുട്ടിത്തരമായി കണ്ടാൽ മതി.കാട്ടിലെ കടുവകളുടെ എണ്ണം കൂടുതലാണെങ്കിൽ അവയെ മയക്കുവെടി വച്ച് പിടികൂടി വിമാനമാർഗ്ഗം രാജ്യത്തെ വിവിധ കാടുകളിലേക്ക് മാറ്റുമെന്നാണ് അദ്ദേഹത്തിന്റെ മതം.പറയുന്നത് കേട്ടാൽ തോന്നും തിരുവനന്തപുരം,കൊച്ചി വിമാനത്താവളങ്ങളിൽ കടുവയെ കൊണ്ടുപോകാനുള്ള വിമാനങ്ങൾ നിരന്ന് കിടക്കുകയാണെന്ന്.ദേശീയ സംരക്ഷിത മൃഗമായ കടുവയെ പിടിക്കണമെങ്കിലുള്ള നൂലാമമാലകൾ കടുവകളെ മയക്കുവെടി വച്ച് പിടിക്കുന്ന ഡോ.അരുൺ സക്കറിയയോടെങ്കിലും ഒന്ന് ചോദിക്കാനുള്ള മിനിമം കോമൺസെൻസ് മന്ത്രി കാണിച്ചാൽ മതിയായിരുന്നു.ചീഫ് വൈൽഡ് ലൈഫ് സർജനായ ഡോ.അരുണും മന്ത്രിയും തിരുവനന്തപുരത്ത് തന്നെയുള്ള ആളുകളായത് കൊണ്ട് കൂടിക്കാണൽ എളുപ്പവുമായിരുന്നു.നമ്മുടെ സ്വന്തം വൈദ്യുതി മന്ത്രിയും ഈ കുറിപ്പെഴുതുമ്പോഴും കെ.പി.സി.സി പ്രസിഡന്റുമായ സണ്ണിജോസഫിന്റെ മണ്ഡലമായ പേരാവൂരിലാണ് ആറളം ഫാം.പണ്ട് സി.കെ ജാനു ഈ ലേഖകനോട് തന്നെ പറഞ്ഞത് പോലെ അതിപ്പോൾ ആനളം ഫാമാണ്.ആനയെ തുരത്താൻ പോയ വനപാലക സംഘത്തെ ഓടിക്കുകയും അവരുടെ ജീപ്പ് കുത്തിമറിച്ച ശേഷം കാട്ടിലേക്ക് മടങ്ങിയ ആന ഇപ്പോഴും സ്ഥിരതാമസം ആറളം ഫാമിലെ ഒമ്പതാം ഡിവിഷനിലാണ്,നേരമിരുട്ടിയാൽ ആളുകൾ പ്രാഥമികാവശ്യങ്ങൾക്ക് പോലും പുറത്തിറങ്ങാൻ മടിക്കുന്ന സ്ഥലമാണ് കണ്ണൂർ ജില്ലയിലെ ആറളം ഫാം.ആന വരാതിരിക്കാനുള്ള് ആനമതിലും വൈദ്യുതി വേലികളും ഉടൻ പ്രവർത്തനസജ്ജമാക്കുമെന്നാണ് നാലാമത്തെ തവണ പേരാവൂരിൽ നിന്നും ജയിച്ച് എം.എൽ.എയായ സണ്ണിജോസഫ് പറയുന്നത്.കഴിഞ്ഞ മൂന്ന് ടേമുകളിലും അദ്ദേഹത്തിന് കോൺഗ്രസ്സിലെ താപ്പാനകളെ മേയ്ക്കാനുള്ള ഉത്തരവാദിത്വങ്ങൾ ആയിരുന്നത് കൊണ്ട് സ്വന്തം മണ്ഡലത്തിലെ ആനകളെ മേയ്ക്കാൻ കഴിഞ്ഞിരുന്നില്ല.ഫലമോ ആനചവിട്ടി കൊല്ലൽ അവിടെ ഇപ്പോഴും രസകരമായ ഒരു വിനോദമായി തുടരുന്നു.ആനകളെ പെട്ടെന്ന് പൂട്ടാനുള്ള മാന്ത്രികവടിയൊന്നും തന്റെ പക്കലില്ലെന്ന് പറഞ്ഞ് ഷിബുബേബി ജോൺ നേരത്തെ തന്നെ തടി കഴിച്ചിലാക്കിയിരുന്നു.
കേരളമാകെ പൊതുമരാമത്ത് പ്രവർത്തികൾ ഏറ്റെടുത്ത് ചെയ്യുന്ന ഊരാളുങ്കൽ സഹകരണ സംഘം വലിയ അഴിമതിക്കാരാണെന്നാണ് അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.ഡി സതീശൻ പറഞ്ഞിരുന്നത്.സിപി,എമ്മിന്റെ അഴിമതി പണം പാര്‍ക്ക് ചെയ്യുന്ന സ്ഥലമാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയെന്ന ഗുരുതര ആരോപണമാണ് അന്ന് വി.ഡി സതീശന്‍ ഉന്നയിച്ചത്.അതിലും യു.ഡി.എഫ് മലക്കം മറിഞ്ഞു.പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ നിയമസഭയിൽ പറഞ്ഞത് ഇങ്ങനെ."പൊതുമരാമത്ത് വകുപ്പ് ഊരാളുങ്കല്‍ കോപ്പറേറ്റീവ് സൊസൈറ്റിക്ക് നടപടിക്രമങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തി അനുവദിച്ചതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല. പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തികളെല്ലാം തന്നെ കര്‍ശനമായ ഗുണനിലവാര പരിശോധന പാലിക്കുന്നുണ്ട്. ദേശീയപാത നിര്‍മ്മാണത്തില്‍ ഊരാളുങ്കലിന് പ്രത്യേക മുന്‍ഗണന ഇല്ല.ഊരാളുങ്കല്‍ സൊസൈറ്റിക്ക് പൊതുമരാമത്തു വകുപ്പിന്റെ 165 പ്രവര്‍ത്തികള്‍ ഉണ്ട്. റോഡ് വിഭാഗത്തില്‍ 61, കിഫ്ബി പ്രവര്‍ത്തികള്‍ 46 എണ്ണം എന്നിങ്ങനെയാണിവ. 40 ഓളം പ്രവര്‍ത്തികള്‍ മന്ദഗതിയിലാണ്. വര്‍ക്ക് ലോഡ് കൂടിയതാണ് കാരണം".
ഇതൊക്കെയാണ് ഇതുവരെയുള്ള യു.ഡി.എഫ് വൃത്താന്തങ്ങൾ.ബാക്കി കഥകൾ ഇനി വരാനിരിക്കുന്നതേയുള്ളൂ.