Image

മൃഗങ്ങളുടെ വിമോചനപാത, മനുഷ്യരുടെയും (ബുക്ക് റിവ്യൂ: എസ് സുന്ദർദാസ്)

Published on 01 August, 2026
മൃഗങ്ങളുടെ വിമോചനപാത, മനുഷ്യരുടെയും (ബുക്ക് റിവ്യൂ: എസ്  സുന്ദർദാസ്)

മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള പാരസ്പര്യത്തിന്റെ ഏറ്റവും പുതിയതും ഗഹനവും ആയ അപ്ഡേറ്റ് ആണ് ഈ പുസ്തകം. ഇത് നമ്മെ  ആഴത്തിൽ ചിന്തിപ്പിക്കുകതന്നെ  ചെയ്യും.  

ലോകത്തിലെ ഏറ്റവും വലിയ മൃഗസ്നേഹി ആരായിരുന്നു?ആരാണ്?.ചരിത്രത്തിലും ഇതിഹാസങ്ങളിലും ഒക്കെ പരതിനോക്കിയാൽ കിട്ടുന്ന ഉത്തരം ഒന്നേയുള്ളു: യുധിഷ്ഠിരൻ.മഹാപ്രസ്ഥാനത്തിൽ തന്റെ സഹോദരന്മാരും പത്നിയും മരിച്ചുവീണിട്ടും യാത്ര തുടർന്ന യുധിഷ്ഠിരനെ ഉടലോടെ സ്വർഗപ്രവേശനത്തിന് ക്ഷണിച്ചുകൊണ്ട് ഇന്ദ്രൻ സമീപിച്ചു.യാത്രയിൽ ഉടനീളം യുധിഷ്ഠിരനെ പിന്തുടർന്ന ഒരു നായ ഉണ്ടായിരുന്നു. ആ നായയെ ഉപേക്ഷിച്ച് സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ ഇന്ദ്രൻ നിർദ്ദേശിച്ചു ഇന്ദ്രൻ പറഞ്ഞു: "നായ്ക്കളുടെ ഉടമസ്ഥർക്ക് സ്വർഗത്തിൽ സ്ഥാനമില്ല. നായ്ക്കൾ യാഗങ്ങൾ തടസ്സപ്പെടുത്തുന്നു.വഴിപാടുകളും അശുദ്ധമാക്കും. നീ നിൻ്റെ ഭാര്യയെയും സഹോദരന്മാരെയും ഉപേക്ഷിച്ചു. ഇപ്പോൾ നായയെ ഉപേക്ഷിക്കുക!" അപ്പോൾ യുധിഷ്ഠിരന്റെ  മറുപടി ഇതായിരുന്നു:" “എൻ്റെ ഭാര്യയെയും സഹോദരങ്ങളെയും അവർ മരിച്ചതിനാൽ ഞാൻ ഉപേക്ഷിച്ചു.പക്ഷേ ഈ നായ ജീവിച്ചിരിക്കുന്നു, എന്നിൽ അഭയം പ്രാപിച്ചിരിക്കുന്നു. എന്നോടുള്ള ഭക്തിയെ ഉപേക്ഷിക്കരുത്. അത് കൊല്ലുന്നതിന് തുല്യമായ പാപമായിരിക്കും” ഒരു നായക്കുവേണ്ടി സ്വർഗം തന്നെ തിരസ്കരിക്കാൻ അദ്ദേഹം തയാറായി.തുടർന്നുള്ള കഥയൊക്കെ നമുക്കറിയാം.യുധിഷ്ഠിരന്റെ ആ അചഞ്ചലമായ ശ്വാനസ്നേഷം എക്കാലത്തും ഉയർത്തിപ്പിടിക്കേണ്ട മാതൃകയാണ്. ഇതിപ്പോൾ ഓർക്കാൻ കാരണം സമീപകാലത്ത് പുറത്തിറങ്ങിയ ഒരു പുസ്തകമാണ്.
സമകാലീന ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള തത്വചിന്തകൻ എന്ന് പ്രശംസിക്കപ്പെടുന്ന പീറ്റർ സിംഗറുടെ പുതിയ പുസ്തകം "അനിമൽ  ലിബറേഷൻ നൗ " മൃഗസ്നേഹികളുടെ ബൈബിൾ തന്നെയാണെന്നുപറയാം. i975 -ൽ പ്രസിദ്ധീകരിച്ച "അനിമൽ ലിബറേഷൻ" എന്ന പുസ്തകത്തിന്റെ പരിഷ്കരിച്ച പതിപ്പാണിത്. രണ്ട് പുസ്തകങ്ങളും തമ്മിലുള്ള 48  വർഷത്തെ ഇടവേളയിൽ ഈ ലോകത്ത് മൃഗങ്ങളോടുള്ള മനുഷ്യന്റെ പരിഗണനയിൽ സംഭവിച്ച മാറ്റം അദ്ദേഹം ചർച്ച ചെയ്യുന്നു.

പീറ്റർ ആൽബർട്ട് തോമസ് ഡേവിഡ് സിങർ ഒരു ആസ്ത്രെലിയൻ നൈതികശാസ്ത്രജ്ഞ്ഞനും തത്ത്വചിന്തകനുമാണ്. അദ്ദേഹത്തിന്റെ പ്രശസ്തമായ ഗ്രന്ഥമാണ് ആനിമൽ ലിബറേഷൻ(1975). മതകേന്ദ്രീകൃതവും, മനുഷ്യ കേന്ദ്രീകൃതവുമായ ധാർമികചിന്തകളെ സിങർ ഈ പുസ്തകത്തിൽ നിരാകരിക്കുന്നു. അദ്ദേഹത്തെ സംബന്ധിച്ച് ജീവലോകത്തിനാകെ ഗുണകരമായതാവണം ആത്യന്തിക നന്മ. മനുഷ്യൻ മറ്റുജീവികളെക്കാൾ മഹാൻ ആണെന്നും, അതുകൊണ്ട് മനുഷ്യനു മറ്റു ജീവികളെ ഇഷ്ടത്തിനൊത്ത് ചൂഷണം ചെയ്യാമെന്നുമുള്ള ചിന്ത (Speciesism), വർണവിവേചനം പോലെ ധാർമികമായും ശാസ്ത്രീയമായും തെറ്റാണ് എന്ന് അദ്ദേഹം കരുതുന്നു.

1975-ലെ ‘അനിമൽ ലിബറേഷൻറെ’ പ്രസിദ്ധീകരണം, ഫാക്ടറി ഫാമുകളിലും ശാസ്ത്രീയ ഗവേഷണങ്ങളിലും എണ്ണമറ്റ മൃഗങ്ങളെ പതിവായി പീഡിപ്പിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുന്നതിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ട് മൃഗാവകാശ പ്രസ്ഥാനത്തിൻ്റെ വളർച്ചയ്ക്ക് വളരെയധികം സംഭാവന നൽകി. അതേ സമയം, അത് മനുഷ്യേതര മൃഗങ്ങളുടെ ധാർമ്മിക പദവിയിൽ ധാർമ്മിക തത്ത്വചിന്തകർക്കിടയിൽ ഗണ്യമായ പുതിയ താൽപ്പര്യം സൃഷ്ടിച്ചു. മനുഷ്യരല്ലാത്ത മൃഗങ്ങളേക്കാൾ വലിയ ധാർമ്മിക അവകാശങ്ങൾ മനുഷ്യമൃഗങ്ങൾക്ക് ലഭിക്കുന്നതിന് മനുഷ്യനായിരിക്കുന്നത് മതിയായ കാരണമാണെന്ന ആശയമാണ് 'സ്പീഷിസം'.മനുഷ്യരല്ലാത്ത മൃഗങ്ങളേക്കാൾ വലിയ അവകാശങ്ങൾ മനുഷ്യർക്ക് നൽകുന്നത് വെള്ളക്കാർക്ക് വെള്ളക്കാരല്ലാത്തവരേക്കാൾ വലിയ അവകാശങ്ങൾ നൽകുന്നത് പോലെ സ്വേച്ഛാധിപത്യമാണ് (ധാർമ്മികമായി തെറ്റാണ്) എന്ന് സ്പീഷിസിസം  പറയുന്നു.

ഇന്നത്തെ ഫാക്‌ടറി ഫാമുകളുടെയും ഉൽപന്ന-പരിശോധനാ നടപടിക്രമങ്ങളുടെയും ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യങ്ങളെ സിംഗർ തുറന്നുകാട്ടുന്നു, അവയ്‌ക്ക് പിന്നിലെ വ്യാജമായ ന്യായീകരണങ്ങളെ അദ്ദേഹം ചോദ്യം ചെയ്യുന്നു. പല  രാജ്യങ്ങളും .മൃഗങ്ങളുടെ അവകാശങ്ങൾ സംബന്ധിച്ചും മനുഷ്യർ ആ അവകാശങ്ങളിൽ കടന്നുകയറ്റം നടത്തുന്നതുസംബന്ധിച്ചും നിയമങ്ങളും ബോധവൽക്കരണങ്ങളും നടത്തിയിട്ടുണ്ട്. എന്നിട്ടും വലിയ പ്രയോജനമൊന്നും ഉണ്ടായിട്ടില്ല. നമ്മുടെ നാട്ടിലെ കോഴി, പന്നി,പശു ഫാമുകളുടെ സ്ഥിതി നമുക്ക് അറിവുള്ളതാണല്ലോ..

ഇപ്പോൾ, ഈ അപ്‌ഡേറ്റ് എഡിഷനിൽ സിംഗർ യൂറോപ്യൻ യൂണിയനിലെയും വ്യക്തിഗത യു.എസ്. സ്റ്റേറ്റുകളിലെയും പ്രധാനപ്പെട്ട പരിഷ്‌കാരങ്ങൾ  അഭൂതപൂർവമായ ഫാക്‌ടറി ഫാമിംഗിൽ ഉണ്ടായ വിസ്‌ഫോടനത്തിൽ എങ്ങനെ മറികടക്കപ്പെടുന്നുവെന്ന് അദ്ദേഹം നമുക്ക് കാണിച്ചുതരുന്നു. ചൈനയിൽ മൃഗങ്ങളുടെ ഉൽപന്നങ്ങൾക്കുള്ള അഭൂതപൂർവമായ ഡിമാൻഡ് മൂലമുണ്ടായ ഫാക്ടറി ഫാമിംഗിൻ്റെ വിസ്ഫോടനം അദ്ദേഹം നമുക്ക് കാണിച്ചുതരുന്നു. മാംസ ഉപഭോഗം ഭൂമിയെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നുവെന്നും സിംഗർ കണ്ടെത്തുന്നു. കൂടാതെ കോവിഡ് -19 നേക്കാൾ മോശമായ പുതിയ വൈറസുകൾ പടരുന്നതിന് ഫാക്ടറി ഫാമുകൾ എങ്ങനെയാണ് ആഴത്തിലുള്ള അപകടസാധ്യത സൃഷ്ടിക്കുന്നതെന്ന് സിംഗർ ചൂണ്ടിക്കാട്ടുന്നുമുണ്ട്. കൂടാതെ, ഈ അഗാധമായ പാരിസ്ഥിതികവും സാമൂഹികവും ധാർമ്മികവുമായ പ്രശ്‌നം പരിഹരിക്കുന്നതിന് നമുക്ക് ഉപയോഗിക്കാവുന്ന ബദലുകൾ സിംഗർ മുന്നോട്ടുവെക്കുന്നു.
സിംഗറുടെ ഏറ്റവും പ്രധാനമായ നിരീക്ഷണം മൃഗങ്ങളോടുള്ള മനുഷ്യന്റെ സമീപനം ദീനാനുകമ്പയുടെയോ ഔദാര്യത്തിന്റെയോ പേരിൽ ആകരുത് എന്നതാണ്. ഈ ഭൂമിയിൽ മനുഷ്യർക്കെന്നപോലെ മൃഗങ്ങൾക്കും അവകാശങ്ങളുണ്ട്.അത് പരിരക്ഷിക്കപ്പെടുകതന്നെ വേണം. "എല്ലാ മൃഗങ്ങളും തുല്യരാണ്" എന്നത് സിംഗറുടെ പ്രസിദ്ധമായ ഒരു പ്രഖ്യാപനമാണ്.  മനുഷ്യമൃഗമായാലും മനുഷ്യേതര മൃഗമായാലും ഏക ഭാവനയോടെയുള്ള പരിഗണനവേണം. ഭക്ഷിക്കുക എന്ന ഏക ലക്ഷ്യത്തോടെ ജീവികളെ വളർത്തുക എന്നത് അദ്ദേഹം അംഗീകരിക്കുന്നില്ല. നമ്മുടെ ഭക്ഷണ രീതിയെയും ഭക്ഷണത്തിനായി ജീവികളെ വളർത്തുന്ന രീതിയെയും മാറ്റത്തിന്  വിധേയമാക്കണമെന്ന് സിംഗർ ആവശ്യപ്പെടുന്നു.മൃഗങ്ങളോടുള്ള തന്റെ പ്രതിപത്തി സമഗ്രമായ ഒരു ജീവിതദര്ശനത്തിന്റെ ഭാഗമായാണ്, അടിസ്ഥാനമായാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.

എന്താണ് സിംഗർ നമുക്ക്, നമ്മുടെ നാടിന്   നൽകുന്ന സന്ദേശം?ഇന്ത്യയിൽ മൃഗ സംരക്ഷണ ഗ്രൂപ്പുകൾ പലതുണ്ട്. തീർച്ചയായും, വളർത്തുമൃഗങ്ങളുടെ ദുരവസ്ഥയെക്കുറിച്ച് ,പൂച്ചകളെയും നായ്ക്കളെയും പോലെ ഉപേക്ഷിക്കപ്പെട്ട വളർത്തുമൃഗങ്ങളുടെ അനാഥത്വത്തെക്കുറിച്ച്   അവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അത് വേണ്ടതുതന്നെ. എന്നാൽ വൻകിട ഫാമുകളുടെ വ്യാപനം ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ച് സിംഗർ പറയുന്നു. ഇത്തരം ഫാമുകൾ കോവിഡ് പോലെ ഭാവിയിൽ പല മഹാമാരികളുടെയും ഉറവിടങ്ങളായേക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നുണ്ട്. സർക്കാരുകളും സന്നദ്ധസംഘടനകളും പൊതുപ്രവർത്തകരും ഈ വിപൽസാധ്യതയെക്കുറിച്ച് ജാഗ്രത പുലർത്തുകതന്നെ വേണം.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക