Image

ഫോമായുടെ ട്രഷററായി പ്രദീപ് നായര്‍; സേവനപാരമ്പര്യത്തിന്റെയും സാമ്പത്തിക അച്ചടക്കത്തിന്റെയും ഉജ്വല വിജയം (എ.എസ് ശ്രീകുമാര്‍)

Published on 01 August, 2026
ഫോമായുടെ ട്രഷററായി പ്രദീപ് നായര്‍; സേവനപാരമ്പര്യത്തിന്റെയും സാമ്പത്തിക അച്ചടക്കത്തിന്റെയും ഉജ്വല വിജയം (എ.എസ് ശ്രീകുമാര്‍)

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ വിശ്വാസവും പ്രതീക്ഷയും ജനാധിപത്യത്തിന്റെ വിജയമുദ്രയായി മാറിയപ്പോള്‍, ഫോമായുടെ 2026-2028 ഭരണസമിതിയുടെ ട്രഷറര്‍ സ്ഥാനത്തേക്ക് 'ടീം വോയ്സ് ഓഫ് ഫോമാ'യുടെ സ്ഥാനാര്‍ഥിയായ പ്രദീപ് നായര്‍ ഉജ്വല വിജയത്തോടെ ട്രശര്‍ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ കാഴ്ചവെച്ച ആത്മാര്‍ഥതയ്ക്കും, സാമ്പത്തിക അച്ചടക്കത്തിനും, സാമൂഹിക പ്രതിബദ്ധതയ്ക്കും, മികച്ച നേതൃത്വത്തിനും പ്രവാസി മലയാളികള്‍ നല്‍കിയ അംഗീകാരമായാണ് ഈ വിജയത്തെ സംഘടനാ പ്രവര്‍ത്തകരും അംഗങ്ങളും വിലയിരുത്തുന്നത്.

അടിത്തട്ടില്‍ നിന്നുള്ള സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ ദേശീയ നേതൃത്വത്തിലേക്ക് ഉയര്‍ന്ന അപൂര്‍വ നേതാക്കളില്‍ ഒരാളാണ് പ്രദീപ് നായര്‍. എല്ലാവരുമായും ആത്മബന്ധം പുലര്‍ത്തുകയും പ്രവര്‍ത്തകരെ ചേര്‍ത്തുനിര്‍ത്തുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ നേതൃത്വശൈലിയാണ് ഈ വിജയത്തിന് അടിത്തറയായതെന്ന് സഹപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

2006-ല്‍ യോങ്കേഴ്‌സ് മലയാളി അസോസിയേഷനില്‍ കമ്മിറ്റി അംഗമായാണ് പ്രദീപ് നായരുടെ സംഘടനാ ജീവിതത്തിന് തുടക്കമാകുന്നത്. തുടര്‍ന്ന് അസോസിയേഷന്റെ വിവിധ ഭാരവാഹിത്വങ്ങള്‍ വഹിച്ച് മികച്ച സംഘാടകനെന്ന പേരുകേട്ട അദ്ദേഹം, 2008-ല്‍ വൈ.എം.എ സെക്രട്ടറിയായിരിക്കെയാണ് ഫോമായിലേക്കുള്ള സജീവ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്.

2008 മുതല്‍ 2010 വരെ എമ്പയര്‍ റീജിയന്‍ യൂത്ത് ഫെസ്റ്റിവല്‍ കോ-ഓര്‍ഡിനേറ്റര്‍, 2010 മുതല്‍ 2014 വരെ ഫോമാ നാഷണല്‍ കമ്മിറ്റി അംഗം, തുടര്‍ന്ന് റീജിയണല്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം, 2016-ല്‍ മയാമിയില്‍ നടന്ന ഫോമാ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്റെ കണ്‍വീനറായും ശ്രദ്ധേയമായ നേതൃത്വം നല്‍കി. പിന്നീട് എമ്പയര്‍ റീജിയന്‍ ആര്‍.വി.പിയായിരുന്ന കാലത്ത് ഏറ്റവും കൂടുതല്‍ കുടുംബ രജിസ്‌ട്രേഷനുകള്‍ ഉറപ്പാക്കി കണ്‍വെന്‍ഷനെ വന്‍ വിജയമാക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും പ്രദീപ് നായരുടെ ഇടപെടല്‍ മാതൃകാപരമായിരുന്നു. യോങ്കേഴ്സ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ കാന്‍സര്‍ സെന്ററിനായി ധനസഹായം സമാഹരിച്ചതിനൊപ്പം, ഫോമയുടെ എമ്പയര്‍ റീജിയന്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാനായിരിക്കെ റീജിയണല്‍ കാന്‍സര്‍ സെന്റര്‍ പദ്ധതിക്കായി 10,000 ഡോളര്‍ സമാഹരിച്ച് നല്‍കുകയും ചെയ്തു. സാമൂഹിക പ്രതിബദ്ധതയും സേവന മനോഭാവവും തെളിയിച്ച ഈ പ്രവര്‍ത്തനങ്ങള്‍ പ്രവാസി സമൂഹത്തിന്റെ ആദരവ് അദ്ദേഹത്തിന് നേടിക്കൊടുത്തു.

കഴിഞ്ഞ വര്‍ഷം പുന്റെക്കാനയില്‍ നടന്ന ഫോമായുടെ അന്തര്‍ദേശീയ കണ്‍വെന്‍ഷന്റെ ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ എന്ന നിലയിലും അദ്ദേഹം മികച്ച സംഘാടന മികവ് തെളിയിച്ചു. നാഷണല്‍ വൈസ് പ്രസിഡന്റ്, എമ്പയര്‍ റീജിയന്‍ ആര്‍.വി.പി, യോങ്കേഴ്സ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അനുഭവസമ്പത്ത്, ഫോമായുടെ ട്രഷറര്‍ എന്ന പുതിയ ഉത്തരവാദിത്വത്തിന് കൂടുതല്‍ കരുത്തേകുമെന്നാണ് സംഘടനാ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍.

സാമ്പത്തിക കാര്യങ്ങളില്‍ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിനൊപ്പം, സംഘടനയുടെ വികസന പദ്ധതികള്‍ക്ക് ശക്തമായ സാമ്പത്തിക അടിത്തറ ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രദീപ് നായര്‍ ട്രഷറര്‍ സ്ഥാനമേല്‍ക്കുന്നത്. പ്രവര്‍ത്തന മികവും വിശ്വാസ്യതയും കൈമുതലായ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ്, ഫോമായുടെ ഭാവി വളര്‍ച്ചയ്ക്ക് പുതിയ ആത്മവിശ്വാസം പകരുന്നതായാണ് മലയാളി സമൂഹം വിലയിരുത്തുന്നത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക