
ക്രിസ്തീയ വിശ്വാസത്തിന്റെ പ്രതീകമായി ഇന്ത്യ വാഴ്ത്തുന്ന, ആഗോളതലത്തിൽ ക്രൈസ്തവ വിശ്വാസികൾക്ക് ആവേശ മാതൃകയായ മിഷണറി സാധു സുന്ദർ സിംഗി(1889-1929)ന്റെ പിൻഗാമികളുടെ ജീവിതം പറയുന്ന ചലച്ചിത്രം- 'ഗവാഹ്: ദി വിറ്റ്നസ്' ഉടൻ പുറത്തിറങ്ങുന്നു. സാധു സുന്ദർ സിംഗിന്റെ സഹോദരപുത്രനായ സാധു കിഷൻ സിംഗ്, സഹോദരീപുത്രി ശാന്താ കൗർ എന്നിവരുടെ അസാധാരണമായ ആത്മീയ ജീവിത യാത്രയാണ് (GAWAH - The Witness) ന്റെ പ്രധാന ഇതിവൃത്തം.
പ്രശസ്ത സംവിധായകൻ ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് കോശി ജോർജ്ജ് ആണ്. ഡോ. ബാബു കെ. വർഗീസ് രചിച്ച 'തണ്ടർ ഇൻ ദി ഹിമാലയസ്' (Thunder in the Himalayas) എന്ന പ്രശസ്തമായ പുസ്തകത്തെ ഇതിവൃത്തമാക്കിയാണ് ചിത്രത്തിന്റെ കഥാവിഷ്കാരം .

ഗവാഹ് മീഡിയ (Gawah Media) ആണ് ചിത്രം ആഗോളതലത്തിൽ എത്തിക്കുന്നത്.
മിഷനറിയായി ജീവിച്ച സാധു സുന്ദർ സിംഗിന്റെ വിടവാങ്ങലോടെ കഥ അവസാനിക്കുന്നില്ല എന്നതിൽ നിന്നാണ് 'ഗവാഹി'ന്റെ കഥ തുടങ്ങുന്നത്.
രാജകീയതയോളം സമ്പന്നമായ ജീവിത സാഹചര്യങ്ങളിൽ വളരുന്നതിനിടെ സർവ്വതും ഉപേക്ഷിച്ച്, ക്രിസ്തുവിനെ പിന്തുടരാൻ ഇറങ്ങിത്തിരിച്ച സിഖ് വംശജരായ രണ്ട് കസിൻസിൻറെ അസാധാരണമായ ദൈവസ്നേഹത്തിന്റെ കഥ ഇരുത്തിച്ചിന്തിപ്പിക്കുന്ന കഥാസന്ദർഭങ്ങളിലൂടെയാണ് കടന്നുപോകുന്നത് .
ഹിമാലയൻ മലനിരകളുടെ പശ്ചാത്തലത്തിൽ തികച്ചും അപകടകരമായ സാഹചര്യങ്ങളിൽ പട്ടിണിയും കഷ്ടപ്പാടുകളും കടുത്ത എതിർപ്പുകളും നിറഞ്ഞ വഴിയിലൂടെയുള്ള ഇവരുടെ സുവിശേഷ യാത്ര നിരവധി മനുഷ്യരുടെ ജീവിതങ്ങളെ ആഴത്തിൽ മാറ്റിമറിക്കുന്നതും ഗ്രാമങ്ങൾ ഒന്നൊന്നായി ക്രിസ്തുവിനെ അറിയുന്നതും ചിത്രത്തിൽ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.
സാധു സുന്ദർ സിംഗിന്റെ പിൻഗാമികളായ സാധു കിഷൻ സിംഗ്, സിസ്റ്റർ ശാന്താ കൗർ എന്നിവരുടെ യഥാർത്ഥ ജീവിതത്തെ ആസ്പദമാക്കിയുള്ള ഈ ചിത്രം ക്രിസ്തുവിലുള്ള അടിയുറച്ച സമർപിത ജീവിതത്തിന്റെയും അതിജീവനത്തിന്റെയും സമാനതകളില്ലാത്ത കഥയാണ് പറയുന്നത്.
കഥാസംഗ്രഹം:
രാജകീയ പാരമ്പര്യത്തിൽ ജനിച്ച കിഷൻ സിംഗ്, സാധു സുന്ദർസിംഗിന്റെ മാതൃക പിന്തുടർന്ന് തനിക്കുണ്ടായിരുന്ന സമ്പത്തും സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് പിതാവിന്റെ ശക്തമായ എതിർപ്പിനിടയിലും ക്രിസ്തുവിനുവേണ്ടി ജീവിക്കാൻ തയ്യാറാകുന്നു.
സ്കൂൾ പഠന കാലത്ത് അധ്യാപകരിൽ നിന്നും കഥാപുസ്തകങ്ങളിൽ നിന്നും ക്രിസ്തുവിനെയും വിശുദ്ധ ബൈബിളിനെയും കുറിച്ച് കൂടുതൽ അറിഞ്ഞ കിഷൻ സിംഗിന്റെ വിശ്വാസത്തിലേക്കുള്ള വഴി അത്ര സുഗമമായിരുന്നില്ല. പിതാവ് തന്നെ ആയിരുന്നു പ്രധാന വില്ലൻ . ബൈബിൾ കഥകൾ പറഞ്ഞുതന്ന് ജീവിതത്തിന് വെളിച്ചം പകർന്ന, ഒരുവേള മരണകിടക്കയിൽ നിന്ന് തന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന അദ്ധ്യാപിക തന്റെ പിതാവിനാൽ കൊല്ലപ്പെട്ടതും മരണക്കിടക്കയിൽ പോലും തന്റെ കൊലപാതകിയോട് ക്ഷമിക്കാൻ അദ്ധ്യാപിക തയ്യാറായതും കിഷന്റെ ക്രിസ്തീയ വിശ്വാസത്തെ ആഴത്തിൽ ഉറപ്പിച്ചു.
വീട് വിട്ട്, സ്വത്തുക്കളും പ്രിയപ്പെട്ട അമ്മയെയും ഉപേക്ഷിച്ച് ദൂരദേശങ്ങളിലേക്ക് കിഷൻ സുവിശേഷവുമായി കടന്നുചെന്നു. ലഡാക്കിലെ ദുർഘടമായ മലനിരകളിലും ഒറ്റപ്പെട്ട ബുദ്ധമത സമൂഹങ്ങൾക്കിടയിലും വിദൂര ഗ്രാമങ്ങളിലും ദൈവവചനവുമായി എത്തിച്ചേർന്ന കിഷന്റെ ജീവിതം പലപ്പോഴും വിശ്വാസത്തിനെതിരായ ആക്രമണങ്ങളിൽ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്കാണ് .

ഇന്ത്യയിലെ പ്രശസ്ത ആത്മീയ-സാമൂഹിക പരിഷ്കർത്താവായിരുന്ന വിനോബ ഭാവെയുമായി നടത്തിയ കൂടിക്കാഴ്ചകൾ, ലഡാക്കിലെ കുപ്രസിദ്ധ കൊള്ളക്കാരനും കൊലപാതകിയുമായ രംബാ സിംഗിനെ മനസാന്തരപ്പെടുത്തുന്നത് തുടങ്ങിയ സംഭവങ്ങളൊക്കെ ഏറെ ഹൃദയ സ്പൃക്കായി ചിത്രത്തിൽ പ്രതിപാദിക്കുന്നു. ജീവന് തന്നെ ഭീഷണിയായ അപകടങ്ങൾ, കടുത്ത എതിർപ്പുകൾ, വാക്കുകൾക്ക് അതീതമായ പീഡനങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞ വഴിയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സുവിശേഷ യാത്ര.
ഇതിനിടെ ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ അഞ്ചുവയസുകാരി കസിൻ സിസ്റ്റർ ശാന്ത കൗർ, കിഷനിൽ നിന്ന് ക്രിസ്തുവിനെ അറിയുന്നു. 14 വയസിൽ ഡോക്ടർമാർ 'ക്ലിനിക്കലി ഡെഡ് ആയി പ്രഖ്യാപിച്ച് സംസ്കാര ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ സ്വർഗീയ ദർശനമുണ്ടായി ശാന്താ കൗർ അത്ഭുതകരമായി ജീവനിലേക്ക് തിരിച്ചുവന്നത് ബന്ധുക്കളിലും പ്രദേശത്തെ ജനങ്ങൾക്കിടയിൽ പോലും വലിയ സാക്ഷ്യമായി. മരണത്തിൽ നിന്നുള്ള ഈ അത്ഭുതകരമായ തിരിച്ചുവരവാണ് പിന്നീട് പൂർണ്ണഹൃദയത്തോടെയുള്ള മിഷണറി പ്രവർത്തനങ്ങൾക്കായി ജീവിതം സമർപ്പിക്കാൻ ശാന്താ കൗറിന് പ്രചോദനമായത്. ശാന്താ കൗറിന്റെ ജീവിതത്തിലെ നിരവധി അദ്ഭുതകരമായ മുഹൂർത്തങ്ങൾ ചിത്രത്തിലുണ്ട്.
മുന്നോട്ടുള്ള വഴികളിൽ തങ്ങളുടെ അചഞ്ചലമായ വിശ്വാസത്തിലൂടെയും ശാന്തമായ ധീരതയിലൂടെയും ഇരുവരും പ്രതിസന്ധികളെ അതിജീവിച്ച് ക്രിസ്തുവിന് വേണ്ടി ജീവിക്കുന്നു.
ക്രിസ്തുവിലുള്ള പൂർണ്ണമായ സമർപ്പണവും ത്യാഗവും ദൃശ്യവൽക്കരിക്കുന്ന 'ഗവാഹ്' ആഗോളതലത്തിൽ വിശ്വാസ വഴികളിൽ വലിയൊരു ചലനം സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്.
കിഷൻ സിംഗിന്റെ സുവിശേഷ യാത്രകൾക്കൊപ്പം, ശാന്താ കൗറിന്റെ അത്ഭുതകരമായ ജീവിതസാക്ഷ്യവും ചേരുമ്പോൾ ചിത്രം പ്രേക്ഷകരിൽ വലിയൊരു ആത്മീയ മുന്നേറ്റത്തിന് കാരണമാകുമെന്നുറപ്പാണ്.
കോശി ജോർജ്ജ് നിർമ്മിച്ച ഈ ചിത്രത്തിന്റെ വേൾഡ് പ്രീമിയർ 2026 ഓഗസ്റ്റ് 29 ശനിയാഴ്ച ഉച്ചയ്ക്ക് 12:30-ന് ന്യൂയോർക്കിലെ ബെൽമോർ പ്ലേഹൗസിൽ വെച്ച് നടക്കും. (Bellmore Playhouse- 525 Bedford Ave, Bellmore, New York 1171)
മലയാളത്തിന് പുറമെ ഇംഗ്ലീഷ്, പഞ്ചാബി, ഹിന്ദി, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലും ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്തും. ചിത്രത്തിന്റെ പോസ്റ്റർ ഇതിനോടകം തന്നെ വിശ്വാസസമൂഹത്തിനിടയിൽ വലിയ ആവേശം ജനിപ്പിച്ചിട്ടുണ്ട്.
വിശ്വാസത്തിനായി വലിയ വില നൽകേണ്ടി വന്നിട്ടും പിന്മാറാത്ത ഒരു തലമുറയുടെ കഥയാണ് ഈ രണ്ട് മണിക്കൂർ നീളുന്ന ചിത്രം പറയുന്നത്.
കൂടുതൽ വിവരങ്ങൾക്ക് : +1 (718) 314-8171, +91 9819037122 എന്ന നമ്പറുകളിലോ gawahmedia.com എന്ന വെബ്സൈറ്റിലോ ബന്ധപ്പെടാവുന്നതാണ്.