
ഹൂസ്റ്റൺ: ഫോമായുടെ മുൻ ജനറൽ സെക്രട്ടറി ഷാജി എഡ്വേർഡ് സംഘടനയുടെ വളർച്ചയുടെ ചരിത്രം അനുസ്മരിച്ചുകൊണ്ട്, ഐക്യവും ജനാധിപത്യബോധവും കൈമുതലാക്കി ദേശീയ കൺവെൻഷൻ വിജയിപ്പിക്കണമെന്ന് പ്രതിനിധികളോട് ആഹ്വാനം ചെയ്തു. ഹൂസ്റ്റണിൽ നടക്കുന്ന ദേശീയ കൺവെൻഷനിൽ അതിഥികളെ സ്വാഗതം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘടനയുടെ രൂപീകരണകാലം മുതൽ ഇന്നുവരെയുള്ള യാത്രയെ അനുസ്മരിച്ച ഷാജി എഡ്വേർഡ്, നിരവധി പ്രതിസന്ധികളും നിയമപോരാട്ടങ്ങളും സാമ്പത്തിക വെല്ലുവിളികളും അതിജീവിച്ചാണ് സംഘടന ഇന്ന് ശക്തമായ നിലയിലെത്തിയതെന്ന് പറഞ്ഞു. മുൻകാല നേതാക്കളുടെ ദീർഘവീക്ഷണവും പ്രവർത്തകരുടെ ആത്മാർത്ഥമായ സമർപ്പണവുമാണ് സംഘടനയുടെ കരുത്തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ സംഘടനയുടെ വളർച്ച ശ്രദ്ധേയമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അംഗസംഘടനകളുടെയും റീജിയനുകളുടെയും എണ്ണം ഗണ്യമായി വർധിച്ചതായും, വിവിധ കമ്മിറ്റികളുടെയും ആർബിട്രേറ്റർമാരുടെയും നാഷണൽ കമ്മിറ്റി അംഗങ്ങളുടെയും കൂട്ടായ പ്രവർത്തനമാണ് ഈ നേട്ടങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ ദേശീയ കൺവെൻഷൻ ഒരു സാമ്പത്തിക സഹായവും തേടാതെ ശക്തമായ സ്പോൺസർഷിപ്പിന്റെയും അംഗങ്ങളുടെ പിന്തുണയുടെയും കരുത്തിൽ സംഘടിപ്പിക്കാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണെന്ന് ഷാജി എഡ്വേർഡ് പറഞ്ഞു. രണ്ട് ഗ്രാൻഡ് സ്പോൺസർമാർ, നാല് പ്ലാറ്റിനം സ്പോൺസർമാർ, പത്ത് ഗോൾഡ് സ്പോൺസർമാർ, പതിനാലോളം സിൽവർ സ്പോൺസർമാർ എന്നിവരുടെ പിന്തുണയും ഏകദേശം 900 പ്രതിനിധികളുടെ രജിസ്ട്രേഷനും സംഘടനയുടെ സ്വീകാര്യത തെളിയിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾക്കും അതിഥികൾക്കും യാത്ര, താമസം, ഭക്ഷണം തുടങ്ങി എല്ലാ സൗകര്യങ്ങളും ഒരുക്കാൻ വിവിധ കമ്മിറ്റികൾ ആത്മാർത്ഥമായി പ്രവർത്തിച്ചുവെന്നും, മടക്കയാത്രയ്ക്കുള്ള ക്രമീകരണങ്ങൾ ഉൾപ്പെടെ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ചെറിയ പാളിച്ചകൾ ഉണ്ടായാലും അതെല്ലാം ഒരു കുടുംബത്തിന്റെ മനോഭാവത്തോടെ ക്ഷമയോടെ കാണണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
കൺവെൻഷനോടനുബന്ധിച്ച് നടക്കുന്ന തിരഞ്ഞെടുപ്പിനെ പരാമർശിച്ച അദ്ദേഹം, ശക്തമായ രണ്ട് പാനലുകൾ മത്സരരംഗത്തുണ്ടെങ്കിലും അംഗങ്ങൾ ജനാധിപത്യബോധത്തോടെ മികച്ച നേതൃത്വത്തെ തിരഞ്ഞെടുക്കണമെന്നും, തിരഞ്ഞെടുപ്പിന് ശേഷം എല്ലാവരും ഒരുമിച്ച് സംഘടനയുടെ വളർച്ചയ്ക്കായി പ്രവർത്തിക്കണമെന്നും ആഹ്വാനം ചെയ്തു.

മുൻ ദേശീയ കൺവെൻഷനുകൾ, കേരളത്തിൽ സംഘടിപ്പിച്ച സേവന-സാംസ്കാരിക പദ്ധതികൾ, 'അമ്മയോടൊപ്പം' ഉൾപ്പെടെയുള്ള സാമൂഹിക സംരംഭങ്ങൾ എന്നിവയും സംഘടനയുടെ അഭിമാനകരമായ നേട്ടങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ഫോമയെ കൂടുതൽ ശക്തിപ്പെടുത്താൻ എല്ലാവരുടെയും സഹകരണവും ഐക്യവും അനിവാര്യമാണെന്ന് ഓർമിപ്പിച്ചുകൊണ്ടാണ് ഷാജി എഡ്വേർഡ് തന്റെ സ്വാഗതപ്രസംഗം സമാപിപ്പിച്ചത്.