
അമേരിക്കന്‍ അതിഭദ്രാസനത്തില്‍ ശ്ലൈഹിക സന്ദര്‍ശനം നടത്തുന്ന ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂന്‍ മാര്‍ ബസേലിയോസ് ജോസഫ് ബാവാ തിരുമേനി ന്യൂജേഴ്‌സിയിലെ വാണാക്യൂ സെന്റ് ജെയിംസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദൈവാലയത്തിലേക്ക് എഴുന്നള്ളി വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. ജൂലൈ 26-ാം തീയതി വൈകുന്നേരം ദേവാലയ അങ്കത്തില്‍ എത്തിച്ചേര്‍ന്ന ബാവാ തിരുമേനിയെ ഭദ്രാസന മെത്രാപ്പോലീത്തായും, പാത്രിയര്‍ക്കല്‍ വികാരിയുമായ അഭിവന്ദ്യ എല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്താ പുഷ്പഹാരം അണിയിച്ച് സ്വീകരിച്ച്, വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആനയിച്ചു. ദേവാലയത്തിന്റെ മുഖ്യകവാടത്തില്‍ ഇടവക വികാരി ബഹുമാനപ്പെട്ട ഗീവറുഗീസ് ജേക്കബ് അച്ചന്‍ കാപ്പാ അണിയിച്ചും, കത്തിച്ച മെഴുകുതിരി നല്‍കിയും സ്വാഗതമരുളി. പ്രാരംഭ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം സന്ധ്യാ പ്രാര്‍ത്ഥനയും, തുടര്‍ന്ന് ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ മുഖ്യ കാര്‍മ്മികത്വത്തിലും, ഭദ്രാസന മെത്രാപ്പോലീത്തായുടെ സഹകാര്‍മ്മികത്വത്തിലും, ഇടവക വികാരി ഫാ.ഗീവറുഗീസ് ജേക്കബ് ചാലിശ്ശേരി, ഫാ.വറുഗീസ് പോള്‍, ഫാ.ആകാശ് പോള്‍ എന്നീ വൈദീകരുടെ സാന്നിദ്ധ്യത്തിലും വിശുദ്ധ കുര്‍ബാന നടത്തപ്പെട്ടു.

വിശുദ്ധ കുര്‍ബാനാനന്തരം നടന്ന അനുമോദന സമ്മേളനത്തിന് ഇടവക വികാരി സ്വാഗതം പറഞ്ഞു. ഇടവക മെത്രാപ്പോലീത്താ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ശ്രേഷ്ഠ ബാവായുടെ പ്രവര്‍ത്തനങ്ങളെ സഭ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണെന്നും, സഭയുടെ കീര്‍ത്തി ബാവയിലൂടെ എല്ലായിടത്തും പരക്കട്ടെയെന്നും തിരുമേനി ആശംസിച്ചു. സ്റ്റാറ്റന്‍ ഐലഡ് മോര്‍ ഗ്രിഗോറിയോസ് ഇടവകയുടെ സഹവികാരി റവ.ഫാ.ആകാശ് പോള്‍, ഭദ്രാസന ജോയിന്റ് ട്രഷറാര്‍ ശ്രീ.ബോബി കുറിയാക്കോസ്, ഇടവക വൈസ് പ്രസിഡന്റ് ശ്രീ.ബിജു കുര്യന്‍ മാത്യു, ആത്മീയ സംഘടനകളെ പ്രതിനിധീകരിച്ച് കുമാരി ഐറിന്‍ എല്‍ദോ(യൂത്ത്), ശ്രീമതി അനുജ നൈനാന്‍(സണ്ടേ സ്‌ക്കൂള്‍), ശ്രീമതി അജ്ഞലി മെവിന്‍(മര്‍ത്തമറിയം സമാജം) എന്നിവര്‍ അനുമോദന പ്രസംഗങ്ങള്‍ നടത്തി. സണ്ടേസ്‌ക്കൂള്‍ കുട്ടികളുടേയും, യൂത്ത് അംഗങ്ങളുടേയും, മര്‍ത്തമറിയം സമാജം അംഗങ്ങളുടേയും ഗാനങ്ങള്‍ സമ്മേളനത്തെ വര്‍ണ്ണാഭമാക്കി. ഇടവകയുടെ ഉപഹാരമായി വി.സ്ലീബാ കമ്മറ്റിയംഗങ്ങളും, അംശവടി അഭിവന്ദ്യ മോര്‍ തീത്തോസ് തിരുമേനിയും, അരക്കെട്ടും മുദ്രയും ഇടവക വികാരി ചാലിശ്ശേരി അച്ചനും, ശ്രേഷ്ഠ കാതോലിക്കാ ബാവയ്ക്ക് സമര്‍പ്പിച്ചു.

വായിക്കുന്നത് വിശ്വസിക്കുകയും, വിശ്വസിക്കുന്നത് പ്രസംഗിക്കുകയും, പ്രസംഗിക്കുന്നത് പ്രവര്‍ത്തിക്കുകയും, വേണമെന്ന ആപ്തവാക്യം അനുസ്മരിച്ചാണ് സഭയെ ശുശ്രൂഷിക്കുന്നത് എന്ന് മറുപടി പ്രസംഗത്തില്‍ ബാവാ പറഞ്ഞു. സെന്റ് ജെയിംസ് ദേവാലയത്തില്‍ എത്തുവാന്‍ സാധിച്ചത് സന്തോഷകരമാണ്. ചെറുതെങ്കിലും മനോഹരമായ ഇടവകയില്‍ മദ്ബഹാ ശുശ്രൂഷയില്‍ താത്പര്യമുള്ള നിരവധി യുജവങ്ങളെ കാണുവാന്‍ സാധിക്കുന്നത് പ്രതീക്ഷ നല്‍കുന്നതാണ് എന്ന് ബാവാ കൂട്ടിച്ചേര്‍ത്തു. സെന്റ് ജെയിംസ് ഇടവക ഭദ്രാസനത്തിലെ ഒരു മോഡല്‍ ഇടവകയാണ് എന്നും അംഗങ്ങള്‍ യഥാര്‍ത്ഥ വിശ്വാസത്തില്‍ നിലനില്‍ക്കട്ടെ എന്നും ശ്രേഷ്ട പിതാവ് ആശംസിച്ചു. ഇടവക സെക്രട്ടറി ശ്രീ.ജീമോന്‍ ജോസഫ് പൊയ്ക്കാട്ടില്‍ നന്ദി പറഞ്ഞു. പ്രാര്‍ത്ഥനയോടെ യോഗം പര്യവസാനിച്ചു.
