
1984 ലാണ് ഞാന്‍ വിജയ നിര്‍മ്മലയെ ആദ്യമായി കാണുന്നത് . മദ്രാസില്‍ അവരുടെ ഭര്‍ത്താവും പ്രശസ്ത തെലുഗു നടനുമായ കൃഷ്ണയുടെ ഒരു വാര്‍ത്ത സമ്മളനത്തില്‍ .അതിനും ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഭാര്‍ഗവി നിലയത്തിലൂടെ അവര്‍ മലയാളത്തിലെ എക്കാലത്തെയും മികച്ച നടികളില്‍ ഒരാളായി മാറിയത് .മലയാളികളുടെ ആരാധനാപാത്രം .ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ തിരശീലയെ ത്രസിപ്പിക്കുകയും തെല്ലു ഭയപ്പെടുത്തുകയും ചെയ്ത ആ നായികയുടെ സൗന്ദര്യത്തിന്റെ അവശേഷിപ്പുകള്‍ മാത്രമേ അന്ന് കാണാന്‍ ഉണ്ടായിരുന്നുള്ളൂ.സംവിധായകന്‍ ഏ വിന്‍സെന്റിനെ ആകര്‍ഷിച്ച പ്രേതമാവേശിച്ച ആ കണ്ണുകള്‍ പക്ഷേ ഇന്നും എന്‍റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു .ഭാര്‍ഗവി നിലയത്തിലെ ആ അസാധാരണ നടിയെ കാണാന്‍ കഴിഞ്ഞുവെന്നത് ഇന്നും ഒരു ഭാഗ്യമായി ഞാന്‍ കരുതുന്നു അതും കഴിഞ്ഞു ഒരു നാല് പതിറ്റാണ്ടിനിപ്പുറം അവരെ ഓര്‍ക്കാന്‍ പ്രേരിപ്പിക്കുകയാണ് അടുത്തിടെ ഇറങ്ങിയ നീലവെളിച്ചം എന്ന സിനിമ.ഒരു പ്രേത സിനിമ എന്ന നിലയിലും പ്രണയ (കൊലപാതക )സിനിമ എന്ന നിലയിലും ഒരു എഴുത്തുകാരന്‍റെ ജീവിതത്തിലെ ഒരേട് എന്ന നിലയിലും സിനിമയിലെ പഴയ തലമുറയിലെ താരങ്ങളുടെ അവിസ്മരണീയമായ ഗ്യാലറി എന്ന നിലയിലും സംഗീതത്തിന്റെയും ആലാപനത്തിന്റെയും സംവിധാനത്തിന്റെയും ഉന്നതമായ ഒരതിര് സൃഷ്ടിച്ച ചിത്രം എന്ന നിലയിലും പ്രശസ്തമായ ഭാര്‍ഗവിനിലയത്തിനു പുതിയ തലമുറയിലെ ശ്രദ്ധേയനായ സംവിധായകന്‍ ആഷിക് അബു പുതിയ ഭാഷ്യം തീര്‍ക്കുമ്പോള്‍ അത് ചരിത്രസംഭവം ആകേണ്ടതായിരുന്നു .പക്ഷെ നീലവെളിച്ചത്തിനു പകരം നിലാത്തിരി കത്തുന്ന കാഴ്ചയാണ് നമുക്ക് കാണേണ്ടി വന്നത് എന്നത് ദയനീയമായ കഥ.അറുപതു കൊല്ലത്തിനു ശേഷവും കറുപ്പിലും വെളുപ്പിലും തീര്‍ത്ത തന്‍റെ സൃഷ്ടിയും അതിലെ കലയും (പാട്ടും സംഗീതവും അഭിനയവും ക്യാമറയും എല്ലാം )ഇന്നും കാലത്തെ അതിജീവിച്ചു നില്‍ക്കുന്നതില്‍ ഏതായാലും വിന്‍സെന്റിന് അഭിമാനിക്കാം .

ഭാര്‍ഗ്ഗവീനിലയം
വിജയകരമായ സിനിമകള്‍ക്ക് എക്കാലത്തും റിമേക്കുകള്‍ ഉണ്ടായിട്ടുണ്ട് .ഒരു സ്വതന്ത്രമായ സിനിമ ചെയ്യുന്നതിലും വിഷമകരമാണ് അതെന്നു മാത്രം .ഇന്നത്തെ സിനിമയാണെങ്കില്‍ suspect x പോലെ അത് കാലികവും ദേശീയവുമായ മാറ്റം വരുത്തി അവതരിപ്പിക്കാറും ഉണ്ട് .ചിലപ്പോള്‍ അവ വിജയിക്കും അല്ലെങ്കില്‍ പരാജയപ്പെടും .പക്ഷെ അത് വലിയ ധാര്‍മികമായ ബാധ്യത സൃഷ്ടിക്കില്ല.പക്ഷേ മലയാളസിനിമ ചരിത്രത്തില്‍ ഇടം തേടിയ ,നമ്മുടെ ഭാവുകത്വത്തില്‍ വലിയ സ്വാധീനം ചെലുത്തിയ ഭാര്‍ഗവി നിലയം എതാണ്ട് അറുപതു വര്‍ഷങ്ങള്‍ക്കു ശേഷം അതേ രൂപത്തില്‍ ബഷീറിന്റെ തിരക്കഥയെ ആശ്രയിച്ചു അവതരിപ്പിക്കുന്നത് വല്ലാത്ത സാഹസമാണ് .ഒന്നുകില്‍ അതിനെ കുടുതല്‍ കാലികമായി അവതരിപ്പിക്കുക അല്ലെങ്കില്‍ അതിനു കലാപരമായ ഒരു മാറ്റം നല്‍കുക എന്നതാണ് സംവിധായകന്റെ വെല്ലുവിളി .തിരക്കഥ ബഷീറിന്റെ ആണെങ്കിലും അതൊരു അസംസ്കൃത വസ്തു ആണെന്ന നിലയില്‍ ഒരു പുതു തലമുറ സംവിധായകന് സാഹസികമായ സര്‍ഗാല്മക ഇടപെടലുകള്‍ അതില്‍ നടത്താമായിരുന്നു .പക്ഷേ ഇവിടെ ചെറിയ മാറ്റം ഒഴിവാക്കിയാല്‍ തിരക്കഥയെ തന്നെ സംവിധായകന്‍ പിന്തുടരുന്നു .അതിലെ സംഗീതവും പാട്ടും ഉപയോഗപ്പെടുത്തുന്നു .എന്നിട്ടും അതൊന്നും ബോക്സ് ഓഫീസിലും കലാപരമായും ഗുണം ചെയ്യുന്നുമില്ല .

ഭാര്‍ഗവി നിലയം എന്ന സിനിമയെ ആ കാലം ഏറെ സഹായിച്ചു .ബഷീര്‍ ജീവിച്ചിരുന്ന കാലം .എഴുത്തുകാരന്‍ എന്ന നിലയില്‍ ഒരു കള്‍ട്ട് ഫിഗര്‍ ആയിരിക്കുന്ന വ്യക്തി തന്നെ നടനായി വരുന്നു .അത് അന്ന് വലിയൊരു കൌതുകമായിരുന്നു .ബഷീറിനെ അവതരിപ്പിച്ചത് അന്ന് തിളങ്ങി നിന്ന നടന്‍ മധു .ചില ഷോട്ടുകളില്‍ മധുവും നായകനായ പ്രേം നസീറുമായുള്ള സാമ്യം സംവിധായകന്‍ ചൂണ്ടിക്കാട്ടുന്നുണ്ട് .ഒരു കഥ പോലെ ആന്തരികമായ ഒരു പ്രണയ തകര്‍ച്ചയുടെ കഥ കൂടിയാണ് ഇതെന്ന് സാഹിത്യകാരനില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആദ്യ ഭാഗം വ്യക്തമാക്കുന്നു .എഴുത്തുകാരന്‍റെ മനസ്സില്‍ രൂപപ്പെടുന്ന കഥാപാത്രമാണ് ഭാര്‍ഗവിക്കുട്ടി .അവര്‍ക്ക് തനതു രൂപം അയാള്‍ നല്‍കുന്നു .മറ്റുള്ളവരുടെ കാഴ്ചകളില്‍ നിന്ന് വ്യത്യസ്തമായി പ്രണയം തുളുമ്പുന്ന യുവതിയാണ് ഭാര്‍ഗവിക്കുട്ടി .പതിനെട്ടുകാരിയായ വിജയ നിര്‍മലയാണ് ആ റോളില്‍ .ആ തിളങ്ങുന്ന കണ്ണുകളാണ് സിനിമയുടെ വിജയത്തിന്‍റെ ആണിക്കല്ല് .ഭീതിയും പ്രണയിക്കുമ്പോള്‍ തിളക്കവും സമ്മാനിക്കുന്ന കണ്ണുകള്‍ .
സിനിമ കറുപ്പിലും വെളുപ്പിലും ആണെന്നത് ഇന്ന് നോക്കുമ്പോള്‍ ഒരു ന്യൂനതയായി തോന്നാം .പക്ഷെ സിനിമയില്‍ ഭീതി സൃഷ്ടിക്കാന്‍ ഇത് സഹായകമാകുന്നു .വേഷവിധാനത്തിലെ പരിമിതികള്‍ ഒഴിവാക്കാന്‍ ആകുന്നു .മാത്രമല്ല ഓരോ സീനിലെയും വിശദാംശങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ഒരു സ്വാഭാവിക നിയന്ത്രണം വരുന്നു .സിനിമ കളറില്‍ ആകുമ്പോള്‍ ഇതൊരു വലിയ വെല്ലുവിളിയാണ് ഫോട്ടോഗ്രഫിയില്‍ മാന്ത്രികത കൊണ്ടു വന്ന വിന്സന്റിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് ഭാസ്കര്‍ റാവു. .കളറില്‍ ഇത് ഒരു സംവിധായകന് വെല്ലുവിളിയും വലിയ സാധ്യതയുമാണ് . കഥപോലെ പശ്ചാത്തലവും വേഷവിധാനവും കുറേകൂടി കാലികമാക്കിയിരുന്നെങ്കില്‍ അത് മറ്റൊരു ഭാര്‍ഗവി നിലയം സൃഷ്ടിക്കുമായിരുന്നു .

നീലവെളിച്ചം
ഭാര്‍ഗവി നിലയത്തിന്‍റെ ശക്തി ഒരു ചെറിയ മൌനം പോലും അനുവദിക്കാത്ത ,അല്ലെങ്കില്‍ ഭയാനകമായ ശക്തിയോടെ കടന്നു വരുന്ന മൌനമാണ് .ഒരു ഫ്രെയിം ഇല്ല പശ്ചാത്തല സംഗീതം സൃഷ്ടിക്കുന്ന അലൌകിക അന്തരീക്ഷം ഇല്ലാതെ .സ്ക്രീന്‍ നിറഞ്ഞു നില്‍ക്കുകയാണ് സംഗീതം .ഇടവേളകളില്‍ ഹൃദ്യമായ ആലാപന വസന്തം .എകാന്തതയും കാത്തിരിപ്പും പ്രണയവും സിത്താറിലെ തന്ത്രികളെ പോലെ നമ്മെ ഗാഡമായി സ്പര്‍ശിക്കുന്നു.ഒരു കോഴിക്കോടന്‍ ഗസല്‍ സന്ധ്യയായിരുന്നു ആ സിനിമ .പാടിയത് ആരെല്ലാം എന്നോര്‍ക്കുമ്പോള്‍ ഇന്നും രോമാഞ്ചം ഉണ്ടാകും .ബാബുരാജ് ഏകാന്തതയുടെ അദൃശ്യലോകവും കാത്തിരിപ്പിന്‍റെ വേദനയും മൃതിയുടെ ഭീതിയും പ്രണയത്തിന്‍റെ മാധുര്യവും പി ഭാസ്കരന്‍റെ വരികള്‍ക്ക് കമുകറയിലൂടെയും യേശുദാസിലൂടെയും പി സുശീലയിലൂടെയും എസ് ജാനകിയിലൂടെയും പകരുന്നു .പുതിയ ഗാനങ്ങള്‍ക്കും ,പുതിയ ഗായകര്‍ക്കും കാലത്തെ വെല്ലുന്ന മറ്റൊരു രാഗപ്രപഞ്ചം സൃഷ്ടിക്കാനുള്ള അവസരം ആകേണ്ടിയിരുന്നു ഈ പുതിയ സിനിമ. ഷാബാസ് അമന്‍ മാത്രമല്ല ഹരിഷ് ശിവരാമകൃഷ്ണനെയും വീട്രാഗ് ഗോപിയെയും ശ്വേത അശോകിനെയും പോലുള്ള പുതു തലമുറയുടെ മിന്നല്‍ പ്രവേശം ആയിരിക്കേണ്ടിയിരുന്നു ഇത്തരം സിനിമകള്‍
കൌതുകകരമെന്നു പറയട്ടെ ,മധു ഒഴികെ എതാണ്ട് മണ്മറഞ്ഞ താരങ്ങള്‍ അഭിനയിക്കുന്ന ഭാര്‍ഗ്ഗവി നിലയം ഇന്നും ഒരു വിരസതയും കൂടാതെ നമുക്ക് കണ്ടിരിക്കാം .എഴുത്തുകാരന്‍ എന്ന നിലയില്‍ ഇന്നും മധു തിളങ്ങുന്നു .നീലവെളിച്ചത്തില്‍ ടോവിനോ തോമസ് ആദ്യപകുതിയില്‍ തന്‍റേതായ ഒരു ബഷീറിനെ സൃഷ്ടിക്കുന്നു .ഒരു പക്ഷെ ആ മികവാകാം നീല വെളിച്ചത്തിന്റെ തിളക്കം .(ടോവിനോ തന്നെ ആ കാമുകനെ അവതരിപ്പിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ സിനിമ വേറൊരു തലത്തില്‍ എത്തുമായിരുന്നു .)ഹിന്ദിയിലും മറ്റും മികച്ച വേഷം ചെയ്തിട്ടുള്ള ,തെക്കന്‍ തല്ലു കേസിലെ തല്ലുകാരന്‍ റോഷന്‍ മാത്യൂ എങ്ങനെ ഈ ചിത്രത്തില്‍ ഇത്ര ദുര്‍ബലതാരമായി?ഒരു കാമുകന്‍ എന്ന നിലക്ക് പ്രേംനസീര്‍ അതുല്യനായി ഭാര്‍ഗവി നിലയത്തില്‍ നിലകൊള്ളുന്നു .താരതമ്യം അപ്രസക്തമാണെങ്കിലും നസീര്‍ എന്ന നടന്‍റെ ശക്തി തെളിയിക്കുന്ന ചില സിനിമകള്‍ ആണിവ . പി ജെ ആന്റണിയും അടൂര്‍ ഭാസിയും അഭിനയത്തില്‍ വലിയ മികവ് കാട്ടുന്നു .നീലവെളിച്ചത്തില്‍ ഷൈന്‍ ടോം ചാക്കോ ഒരു കൈ നോക്കുന്നുവെങ്കിലും പൂര്‍ണ്ണത എത്രയോ അകലെ .

വിജയ നിര്‍മ്മല
റീമ കല്ലിങ്ങല്‍ എന്ന നടിയുടെയും ചരിത്ര നിമിഷം ആകേണ്ടിയിരുന്നു ഈ ചിത്രം .പൊന്നിയന്‍ സെല്‍വനില്‍ അഭിനയിക്കുന്ന തൃഷയുടെയും ഐശ്വര്യ റായിയുടെയും പ്രായം ഇല്ലെങ്കിലും റീമയുടെ സ്വാഭാവിക സൗന്ദര്യത്തെ പ്രായം ബാധിച്ചിട്ടില്ലെങ്കിലും(സൗന്ദര്യം അല്ലെങ്കില്‍ തന്നെ ഈ സിനിമയില്‍ പ്രസക്തമാണോ ?) കഥാപാത്രത്തിന് കാലികമായ ഒരു വ്യാഖ്യാനവും സംഭാഷണവും അതിനനുസരിച്ച് സര്‍ഗാത്മകമായ വേഷഭൂഷാദികളും നല്‍കാത്തത് അവരുടെ അഭിനയസാധ്യതയെ വല്ലാതെ ബാധിച്ചു .എന്തായിരുന്നു ഭാര്‍ഗവി നിലയത്തിലെ നായികയുടെ യു എസ് പി? വശീകരിക്കുന്ന ഒരു നിഷ്ക്കളങ്കത ,കൌമാരത്തെ വെല്ലുന്ന പക്വത ,കാത്തിരിപ്പിന്‍റെ സാര്‍വലൌകികമായ ഭാവം?തീഷ്ണമായ വികാരം ?സ്ക്രീനിലെ സാന്നിധ്യം ?
ഏ. വിന്സന്റിന്റെ ഭാര്‍ഗവി നിലയത്തെ മറികടക്കാന്‍ ഒരു സംവിധായകന് ബുദ്ധിമുട്ടായിരിക്കാം .പക്ഷേ തന്‍റേതായ എന്തെങ്കിലും മികവോ വ്യഖ്യാനമോ അതില്‍ അവശേഷിപ്പിക്കാന്‍ ആഷിക് അബുവിന് കഴിഞ്ഞുവോ എന്നത് വലിയ ചോദ്യമാണ് .