
അഭിനയരംഗത്തേക്കുള്ള പ്രവേശനത്തിനൊപ്പം ജീവിതത്തിലെ വ്യക്തിപരമായ മാറ്റങ്ങളെക്കുറിച്ചും മനസ് തുറന്ന് വിസ്മയ മോഹന്‍ലാല്‍. ഒരുകാലത്ത് ഏകദേശം 100 കിലോ ഭാരമുണ്ടായിരുന്നെന്നും പടികള്‍ കയറാന്‍ പോലും ശ്വാസംമുട്ടുന്ന അവസ്ഥയിലായിരുന്നെന്നും വിസ്മയ പറയുന്നു. ശരീരഭാരം കുറയ്ക്കാനല്ല, യാത്രയ്ക്കായാണ് തായ്ലന്‍ഡിലെത്തിയതെന്നും അവിടെ യാദൃച്ഛികമായി നടത്തിയ മുവായ് തായ് പരിശീലനമാണ് തന്റെ ശരീരത്തെ മാറ്റിമറിച്ചതെന്നും വിസ്മയ വെളിപ്പെടുത്തി. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
അത് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവങ്ങളിലൊന്നായിരുന്നു. അന്ന് ഞാന്‍ തീര്‍ത്തും ഫിറ്റല്ലായിരുന്നു. ഫിറ്റ്‌നസും ശരീരഭാരവും രണ്ടും രണ്ടാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. 98 കിലോ ഭാരമുണ്ടെങ്കിലും ഒരാള്‍ ഫിറ്റായിരിക്കാം. പക്ഷേ ഞാന്‍ ഏകദേശം 100 കിലോ ഭാരമുണ്ടായിരുന്ന സമയത്ത് പടികള്‍ കയറാന്‍ പോലും ബുദ്ധിമുട്ടായിരുന്നു. കയറിയാല്‍ ശ്വാസംമുട്ടും. എന്റെ സുഹൃത്തുക്കള്‍ പോലും 'എന്തിനാണ് ഇത്രയും കിതയ്ക്കുന്നത്?' എന്ന് ചോദിക്കുമായിരുന്നു.
അങ്ങനെയിരിക്കെയാണ് തായ്ലന്‍ഡില്‍ പോയത്. അവിടെ എന്തെങ്കിലും പുതിയത് പരീക്ഷിക്കാമെന്ന് വിചാരിച്ചു. കോ സാമുയിയിലെ ഫിറ്റ്കോ എന്ന സ്ഥലത്താണ് മുവായ് തായ് പരിശീലനം തുടങ്ങിയത്. ആദ്യമൊന്നും അത് എനിക്ക് ഇഷ്ടമായിരുന്നില്ല. വളരെ ബുദ്ധിമുട്ടുള്ള പരിശീലനമാണെന്ന് തോന്നി.
പിന്നീട് കോവിഡ് വന്നു. അതോടെ നാട്ടിലേക്ക് മടങ്ങാതെ അവിടെ തന്നെ തുടരുകയായിരുന്നു. അപ്പോഴാണ് ഈ പരിശീലനം ഞാന്‍ ശരിക്കും ആസ്വദിക്കാന്‍ തുടങ്ങിയത്.കലകളായാലും ആയോധനകലകളായാലും ഒരു പ്രത്യേകതയുണ്ട്. അത് ചെയ്യുമ്പോള്‍ മറ്റെല്ലാ ചിന്തകളും മാറും. ആ നിമിഷത്തില്‍ ചെയ്യേണ്ട കാര്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും. ഒരു മണിക്കൂര്‍ നേരത്തേക്ക് പഞ്ച്, കിക്ക്, പരിശീലനം എന്നിവയെക്കുറിച്ച് മാത്രമേ ചിന്തിക്കൂ. അത് മനസ്സിനെയും മാറ്റിമറിക്കും.
എന്റെ പരിശീലകന്‍ 10 കിക്കുകള്‍ ചെയ്യാന്‍ പറഞ്ഞാല്‍ ഞാന്‍ ഒമ്പതില്‍ നിര്‍ത്തുമായിരുന്നു. അപ്പോള്‍ അദ്ദേഹം പറയും, 'നീ എല്ലായ്‌പ്പോഴും അവസാനത്തേതിന് തൊട്ടുമുമ്പാണ് നിര്‍ത്തുന്നത്. ഒരു കിക്ക് കൂടി ചെയ്താല്‍ മതി.' അതിന് ശേഷം വീണ്ടും 30 കിക്കുകള്‍ കൂടി ചെയ്യിപ്പിക്കും. തുടങ്ങി വെച്ച കാര്യം പൂര്‍ത്തിയാക്കണമെന്ന മനോഭാവം അത് മനസ്സില്‍ വളര്‍ത്തി. ആ അനുഭവത്തിന് ഞാന്‍ എന്നും നന്ദിയുള്ളവളാണ്. ഇപ്പോള്‍ മുവായ് തായ് പരിശീലനം എനിക്ക് ഒരുപാട് ഇഷ്ടമാണ്.
ശരീരഭാരം കുറയ്ക്കുക എന്നതായിരുന്നില്ല എന്റെ ലക്ഷ്യം. എനിക്ക് യാത്ര ചെയ്യണമെന്ന് തോന്നി. രണ്ടോ മൂന്നോ ആഴ്ച അവിടെ ചെലവഴിക്കാമെന്നാണ് ആദ്യം കരുതിയത്. പക്ഷേ പിന്നീട് എട്ടോ ഒമ്പതോ മാസം അവിടെ തന്നെ താമസിച്ചു. തായ്ലന്‍ഡിനെ ഞാന്‍ ഒരുപാട് ഇഷ്ടപ്പെട്ടു. അവിടെ എനിക്ക് വലിയ സ്വാതന്ത്ര്യം അനുഭവപ്പെട്ടു. ബൈക്കെടുത്ത് എവിടേക്കും പോകാം. ആ ജീവിതരീതി എനിക്ക് വളരെ ഇഷ്ടമായിരുന്നു,' വിസ്മയ മോഹന്‍ലാല്‍ പറഞ്ഞു.