Image

ജര്‍മനിയിലെ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരനേട്ടവുമായി ടോവിനോ തോമസ് ചിത്രം 'നരിവേട്ട'

Published on 30 July, 2026
 ജര്‍മനിയിലെ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരനേട്ടവുമായി ടോവിനോ തോമസ് ചിത്രം 'നരിവേട്ട'

 

ജര്‍മനിയിലെ സ്റ്റുട്ട്ഗാര്‍ട്ടില്‍ നടന്ന ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരത്തിളക്കവുമായി മലയാള ചിത്രം നരിവേട്ട. ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ ഒരുക്കിയ ചിത്രം ഓഡിയന്‍സ് അവാര്‍ഡ് കാറ്റഗറിയിലാണ് പുരസ്‌കാരം സ്വന്തമാക്കിയത്. ദി ജര്‍മന്‍ സ്റ്റാര്‍ ഓഫ് ഇന്ത്യ എന്ന പുരസ്‌കാരമാണ് പ്രേക്ഷകരുടെ പിന്തുണയോടെ ഈ മലയാള ചിത്രം നേടിയെടുത്തത്. ചിത്രത്തിന്റെ സംവിധായകന്‍ അനുരാജ് മനോഹറിന് ആണ് പുരസ്‌കാരം സമ്മാനിക്കുന്നത്.

ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡര്‍ ഷിയാസ് ഹസ്സന്‍, യു .എ .ഇ യിലെ ബില്‍ഡിങ് മെറ്റീരിയല്‍ എക്സ്പോര്‍ട്ട് ബിസിനസ് സംരംഭകന്‍ ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് നരിവേട്ട നിര്‍മ്മിച്ചത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാര്‍ഡ് ജേതാവ് അബിന്‍ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ടോവിനോ തോമസ്, ചേരന്‍ എന്നിവര്‍ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്തത്.

വളരെ പ്രസക്തമായ വിഷയം ചര്‍ച്ച ചെയ്ത ചിത്രത്തില്‍ ഗംഭീര പ്രകടനമാണ് ടോവിനോ തോമസ് കാഴ്ചവെച്ചത്. ഇതിലെ പ്രകടനത്തിന് മികച്ച ഏഷ്യന്‍ നടനുള്ള സെപ്റ്റിമിയസ് അവാര്‍ഡ് ടോവിനോ തോമസ് രണ്ടാം തവണയും സ്വന്തമാക്കിയിരുന്നു. വിജയ് സേതുപതി, ആരം സബ്ബ, മഹ്മൂദ് ബക്രി, മിസ്സാഘ് സാരെ, നിമാ സദ്ര്, വാന്‍ലോപ്പ് റുങ്കുംജാഡ്, ജെറോം കുര്‍നിയ എന്നിവരോട് മത്സരിച്ചാണ് ടോവിനോ തോമസ് നരിവേട്ടയിലെ പ്രകടനത്തിന് ഇത്തവണ അവാര്‍ഡ് നേടിയത് എന്നതും ശ്രദ്ധേയമായി.

മികച്ച പ്രേക്ഷക - നിരൂപക പ്രതികരണമാണ് നരിവേട്ട നേടിയത്. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ ഒരു പോലീസ് കഥാപാത്രമായാണ് ടോവിനോ വേഷമിട്ടത്. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നായി ഇത് മാറുകയും ചെയ്തു. ചിത്രത്തിന്റെ മികച്ച മേക്കിങ്, കഥ പറച്ചില്‍ എന്നിവക്ക് സംവിധായകന്‍ അനുരാജ് മനോഹറും വലിയ പ്രശംസയാണ് നേടിയത്. വാര്‍ത്താപ്രചരണം : വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക