Image

കാന്‍സ് ലോക ചലച്ചിത്രോത്സവത്തില്‍ മലയാളി യുവസംഗീതസംവിധായകയ്ക്ക് ഇരട്ട ബഹുമതി.

പ്രസാദ് തീയാടിക്കല്‍ Published on 30 July, 2026
 കാന്‍സ് ലോക ചലച്ചിത്രോത്സവത്തില്‍ മലയാളി യുവസംഗീതസംവിധായകയ്ക്ക് ഇരട്ട ബഹുമതി.

ബാംഗ്‌ളൂര്‍: ലോക സിനിമയുടെ ശ്രദ്ധാകേന്ദ്രമായ കാന്‍സ് വേള്‍ഡ് ഫിലിം ഫെസ്റ്റിവല്‍ - Remember the Future 2026-ല്‍ മലയാളി യുവ സംഗീതസംവിധായക കെസിയ തോമസ് (22) ഇരട്ട പുരസ്‌കാരങ്ങള്‍ നേടി അന്താരാഷ്ട്ര ശ്രദ്ധ നേടി. Milo എന്ന ആനിമേഷന്‍ ഹ്രസ്വചിത്രത്തിനായി ഒരുക്കിയ പശ്ചാത്തല സംഗീതത്തിനാണ് 'Best Composer of the Future', 'Best Soundtrack' എന്നീ പുരസ്‌കാരങ്ങള്‍ കെസിയ സ്വന്തമാക്കിയത്.

തിരുവല്ല സ്വദേശിനിയായ കെസിയ തോമസ് നിലവില്‍ ബെംഗളൂരുവിലാണ് താമസം. പ്രശസ്തമായ ബര്‍ക്ക്‌ലി കോളേജ് ഓഫ് മ്യൂസിക് (ബോസ്റ്റണ്‍) ല്‍ നിന്ന് സംഗീതപഠനം പൂര്‍ത്തിയാക്കിയ കെസിയയുടെ അരങ്ങേറ്റ ചലച്ചിത്രസംഗീതമാണ് Milo. ഡില്ലണ്‍ ഷാര്‍പ്പ് സംവിധാനം ചെയ്ത ഈ ചിത്രത്തിനായി ഒരുക്കിയ സംഗീതം ഇതിനകം തന്നെ ഇറ്റലിയിലെ Verona International Short Film Festival 2026-ല്‍ Best Original Score വിഭാഗത്തില്‍ സെമിഫൈനലിസ്റ്റായും, അമേരിക്കയിലെ Independent Shorts Awards International Film Festival 2026-ല്‍ Official Selection ആയും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

''ഈ അംഗീകാരം ആദ്യം വിശ്വസിക്കാനായില്ല. വര്‍ഷങ്ങളായുള്ള പഠനത്തിന്റെയും പരിശീലനത്തിന്റെയും ഫലമാണ് ഈ നേട്ടം. ഒരു സംഗീതസംവിധായകയായി എന്റെ സംഗീതം പ്രേക്ഷകരിലേക്ക് എത്തുന്നുവെന്ന തിരിച്ചറിവാണ് ഏറ്റവും വലിയ സന്തോഷം,'' കെസിയ പറഞ്ഞു.

ചിത്രത്തിന്റെ കഥയും കഥാപാത്രങ്ങളുടെ വികാരയാത്രയും ആഴത്തില്‍ മനസ്സിലാക്കിയ ശേഷമാണ് സംഗീതം ഒരുക്കിയതെന്നും, ഓരോ രംഗത്തിന്റെയും വികാരഭാവം സംഗീതത്തിലൂടെ സ്വാഭാവികമായി അവതരിപ്പിക്കാനാണ് ശ്രമിച്ചതെന്നും അവര്‍ വ്യക്തമാക്കി.

തൃശൂര്‍ സ്വദേശിയായ തോമസ് ലൂയിസിന്റെയും തിരുവല്ല സ്വദേശിനിയായ അഞ്ജു മറിയം വിന്‍സെന്റിന്റെയും മകളായ കെസിയ, സിനിമകള്‍ക്കും വെബ് സീരീസുകള്‍ക്കുമായി കൂടുതല്‍ സംഗീതസംവിധാനം നിര്‍വഹിക്കാനും ലോകമെമ്പാടുമുള്ള സംവിധായകരുമായി സഹകരിക്കാനുമാണ് ആഗ്രഹിക്കുന്നതെന്ന് പറഞ്ഞു.

അതേസമയം, പുരസ്‌കാര ചടങ്ങ് ജൂലൈ 31-ന് ഫ്രാന്‍സില്‍ നടക്കുമെങ്കിലും, അംഗീകാര വിവരം വൈകിയാണ് ലഭിച്ചതിനാല്‍ വിസയും യാത്രാസൗകര്യങ്ങളും ഒരുക്കാന്‍ കഴിയാത്തതിനാല്‍ ചടങ്ങില്‍ നേരിട്ട് പങ്കെടുക്കാനാകില്ലെന്നും കെസിയ അറിയിച്ചു. ''ചടങ്ങില്‍ പങ്കെടുക്കാനായിരുന്നെങ്കില്‍ സന്തോഷമുണ്ടായിരുന്നു. എന്നാല്‍ അന്താരാഷ്ട്ര വേദിയില്‍ എന്റെ സംഗീതം അംഗീകരിക്കപ്പെട്ടത് തന്നെ ഏറ്റവും വലിയ പുരസ്‌കാരമാണ്,'' അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രസാദ് തീയാടിക്കല്‍
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക