
ഹൂസ്റ്റണ്‍: ഫോമായുടെ ട്രഷറര്‍ എന്ന നിലയില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി സംഘടനയുടെ സാമ്പത്തിക കാര്യങ്ങള്‍ സുതാര്യമായും ഉത്തരവാദിത്തത്തോടെയും കൈകാര്യം ചെയ്ത സിജില്‍ പാലയ്ക്കലോടിയുടെ നേതൃത്വകാലം, ഫോമായുടെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളുടെ സുവര്‍ണഘട്ടമായി വിലയിരുത്തപ്പെടുന്നു. സാമ്പത്തിക അച്ചടക്കത്തിനൊപ്പം സമൂഹത്തോടുള്ള പ്രതിബദ്ധതയും മാനവിക മൂല്യങ്ങളും മുന്‍നിര്‍ത്തിയുള്ള നിരവധി ജനക്ഷേമ പദ്ധതികളിലൂടെ ഫോമായുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് ശ്രദ്ധേയമാണ്.

ഫോമായുടെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ സംരംഭങ്ങളിലൊന്നായ കേരള കണ്‍വന്‍ഷനോടനുബന്ധിച്ച് പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ. കെ.എം ചെറിയാന്റെ മെഡിക്കല്‍ സ്ഥാപനവുമായി സഹകരിച്ച് അവതരിപ്പിച്ച പ്രിവിലേജ് കാര്‍ഡ് പദ്ധതി വലിയ ജനപ്രീതി നേടിയിരുന്നു. അതോടൊപ്പം മെഡിക്കല്‍ കാര്‍ഡ്, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന അമ്പത് നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്ക് അമ്പതിനായിരം രൂപ വീതം ധനസഹായം വിതരണം ചെയ്ത പദ്ധതി സമൂഹത്തില്‍ വലിയ സ്വീകാര്യത നേടുകയും നിരവധി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ക്ക് കരുത്തേകുകയും ചെയ്തു.
ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഇലക്ട്രിക് വീല്‍ചെയറുകള്‍, മുച്ചക്ര സ്‌കൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവ വിതരണം ചെയ്തതും, ഫോമാ ഹെല്‍പ്പിംഗ് ഹാന്‍ഡ് പദ്ധതിയിലൂടെ ചെങ്ങന്നൂര്‍ സ്വദേശിനിയായ ഒരു നിര്‍ധന വീട്ടമ്മയ്ക്ക് ഒരു ലക്ഷം രൂപയുടെ സഹായം കൈമാറിയതും ഫോമായുടെ സാമൂഹിക പ്രതിബദ്ധതയുടെ മികച്ച മാതൃകകളായി മാറി. കൂടാതെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ കുളത്തൂപ്പുഴയിലെ ആദിവാസി വിഭാഗങ്ങള്‍ക്ക് തൊഴില്‍ സ്വയംപര്യാപ്തത ലക്ഷ്യമാക്കി ടൂള്‍ കിറ്റുകള്‍ വിതരണം ചെയ്തതും ശ്രദ്ധേയമായ പദ്ധതിയായിരുന്നു.
ഫോമാ ഭവന പദ്ധതിയിലൂടെ നിരവധി കുടുംബങ്ങള്‍ക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാനായപ്പോള്‍, സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി അമ്പത് വനിതകള്‍ക്ക് തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്ത് സ്വയംതൊഴിലിലേക്കുള്ള വഴിയൊരുക്കുകയും ചെയ്തു. മെഡിക്കല്‍ ക്യാമ്പുകള്‍, സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന 750 വിധവകളായ അമ്മമാര്‍ക്ക് പുതുവസ്ത്രം, മെഡിക്കല്‍ കിറ്റുകള്‍, സാമ്പത്തിക സഹായം എന്നിവ ഉള്‍പ്പെടുത്തി നടപ്പാക്കിയ 'അമ്മമാരോടൊപ്പം' പദ്ധതി ഫോമായുടെ ഏറ്റവും പ്രശംസിക്കപ്പെട്ട സാമൂഹിക ഇടപെടലുകളിലൊന്നായി മാറി.
കൊച്ചിയിലെ ഗോകുലം പാര്‍ക്കില്‍ സംഘടിപ്പിച്ച ഫോമാ ബിസിനസ് മീറ്റ് സംരംഭകരെ ഒരുമിപ്പിക്കുന്ന വേദിയായി മാറിയപ്പോള്‍, വയനാട് ദുരന്തബാധിത പ്രദേശങ്ങള്‍ മനുഷ്യാവകാശ കമ്മിഷനോടൊപ്പം സന്ദര്‍ശിച്ച് ദുരിതബാധിതര്‍ക്കൊപ്പം നിലകൊണ്ടതിലൂടെ ഫോമായുടെ മാനവിക മുഖം കൂടുതല്‍ ശക്തമായി. കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി ഫോമാ സെന്‍ട്രല്‍ റീജിയണിന്റെ സഹകരണത്തോടെ വീല്‍ചെയറുകളും വീടുകളും വിതരണം ചെയ്തതും സംഘടനയുടെ സേവനപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ അധ്യായമായി.

അമേരിക്കന്‍ മലയാളി സമൂഹത്തെയും ഒരുപോലെ ഉള്‍ക്കൊണ്ട പ്രവര്‍ത്തനങ്ങളാണ് ഈ കാലയളവില്‍ ഫോമാ സംഘടിപ്പിച്ചത്. യുവജനങ്ങള്‍ക്കും വനിതകള്‍ക്കുമായി വിവിധ സെമിനാറുകള്‍, യൂത്ത് കണ്‍വന്‍ഷന്‍, വിമന്‍സ് സമ്മിറ്റ് തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ച് പുതിയ തലമുറയെ സംഘടനയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്കും നേതൃത്വം നല്‍കി.
രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ട് വര്‍ണാഭമായ ഫോമാ കുടുംബ കണ്‍വന്‍ഷന്‍ നടക്കുകയാണിപ്പോള്‍. ഒക്ടോബറില്‍ പുതിയ ഭരണസമിതിക്ക് അധികാരം കൈമാറുന്നതുവരെ വിവിധ പദ്ധതികള്‍ തുടരുകയും സംഘടനയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യുമെന്ന് സിജില്‍ പാലയ്ക്കലോടി അറിയിച്ചു.
സംഘടനാ മികവും സാമ്പത്തിക സുതാര്യതയും സാമൂഹിക പ്രതിബദ്ധതയും ഒരുമിച്ച് കൈകോര്‍ക്കുമ്പോള്‍ ഒരു പ്രവാസി സംഘടനയ്ക്ക് എത്രത്തോളം ജനകീയമാകാന്‍ കഴിയുമെന്ന് തെളിയിച്ച ഭരണനിരയിലെ പ്രധാന സാന്നിധ്യമായാണ് സിജില്‍ പാലയ്ക്കലോടിയുടെ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനകാലം ഫോമാ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുന്നതെന്ന് സംഘടനാ പ്രവര്‍ത്തകരും സാമൂഹിക നിരീക്ഷകരും വിലയിരുത്തുന്നു.

അതേസമയം, കഴിഞ്ഞ രണ്ട് വര്‍ഷക്കാലം ട്രഷറര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയ ഫോമായുടെ പ്രസിഡന്റിനും എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ എല്ലാ ഭാരവാഹികള്‍ക്കും, അംഗ അസോസിയേഷനുകളുടെ നേതൃത്വത്തിനും പ്രതിനിധികള്‍ക്കും, ഫോമായുടെ എല്ലാ അംഗങ്ങള്‍ക്കും, വിവിധ പദ്ധതികള്‍ക്ക് പിന്തുണയും സഹകരണവും നല്‍കിയ സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും സിജില്‍ പാലയ്ക്കലോടി ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി. സംഘടനയുടെ ഓരോ നേട്ടവും വ്യക്തിപരമായ വിജയമല്ല, കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്നും, ഈ കാലയളവില്‍ ലഭിച്ച വിശ്വാസവും പിന്തുണയും എന്നും വിലമതിക്കുന്നതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിലും ഫോമായുടെ വളര്‍ച്ചയ്ക്കും സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്കും സാധ്യമായ എല്ലാ പിന്തുണയും നല്‍കി സംഘടനയോടൊപ്പം സജീവമായി പ്രവര്‍ത്തിക്കുമെന്നും സിജില്‍ പാലയ്ക്കലോടി അറിയിച്ചു.