
കോളേജ് അധ്യാപകൻ, സാഹിത്യകാരൻ (ബാലസാഹിത്യം, സഞ്ചാര സാഹിത്യം, നോവൽ, തിരക്കഥ) എന്നീ നിലകളിലും, സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെൻ്ററിൻ്റെ ആദ്യ അനൗദ്യോഗിക ചെയർമാൻ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, ബാലകൈരളി വിജ്ഞാനകോശത്തിൻ്റെ ശില്പി, സാക്ഷരതാ മിഷൻ ഡയറക്ടർ എന്നിങ്ങനെ വിവിധ ഔദ്യോഗിക പദവികളിലും സ്തുത്യർഹമായ രീതിയിൽ പ്രവർത്തിച്ചിട്ടുണ്ട്. 1980ലെ ഇല്ലം എന്ന നോവലിലൂടെ നേടിയ കേരള സാഹിത്യ അക്കാദമി അവാർഡിൽ നിന്നാരംഭിച്ച് 2021 ൽ ആത്മകഥയായ ഹൃദയരാഗങ്ങൾ എന്ന കൃതിക്കു ലഭിച്ച കേന്ദ്ര സാഹിത്യ അക്കാദമി അവാർഡു വരെ അദ്ദേഹത്തെ തേടിയെത്തി. 1941ൽ മൂവാറ്റുപുഴയിൽ ജനിച്ച ഡോ.ജോർജ് ഓണക്കൂർ, എം. എ മലയാളത്തിനു ശേഷം മാർ ഇവാനിയോസ് കോളേജ് അധ്യാപകനായി തിരുവനന്തപുരത്ത് എത്തി. അപ്പോഴും എം. ഫിൽ, പി. എച്ച്. ഡി എന്നിങ്ങനെ പഠനം തുടർന്നുകൊണ്ട് അധ്യാപകസംഘടനാ പ്രവർത്തനങ്ങളിലും സജീവമായി നിലകൊണ്ടു. തൻ്റെ കലാലയ ജീവിതാനുഭവങ്ങൾ കോർത്തുകൊണ്ട് എഴുതിയ ഉൾക്കടൽ എന്ന നോവൽ പിന്നീട് അതേ പേരിൽ ചലച്ചിത്രമായി. ജീവിതത്തിൻ്റെ വിവിധ മുഖങ്ങളെ അദ്ദേഹം തൻ്റെ എഴുത്തിൽ സന്നിവേശിപ്പിച്ചു. വ്യത്യസ്തമായ പ്രമേയങ്ങൾ തിരഞ്ഞെടുത്ത് ഭാവാത്മകമായി അവതരിപ്പിച്ചതുകൊണ്ടുതന്നെ പ്രസിദ്ധീകരിച്ചു കാലങ്ങൾക്കു ശേഷവും ഇന്നും അവ വായനക്കാരെ ആകർഷിക്കുന്നു. പതിറ്റാണ്ടുകൾക്കു മുൻപു പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പേരിൽ ഇന്നും അഭിനന്ദനം ലഭിക്കുക എന്നത് ചെറിയ കാര്യമല്ല. ഇന്നിപ്പോഴും പ്രായത്തിൻ്റെ പരിമിതി തളർത്താതെ വളരെ സജീവമായി കേരളത്തിൻ്റെ സാംസ്കാരികമണ്ഡലത്തിൽ തിളങ്ങി നിൽക്കുന്നു.
ഡോ. ജോർജ് ഓണക്കൂറുമായി ദുർഗ മനോജ് നടത്തിയ ദീർഘസംഭാഷണം.
ചോദ്യം: ഡോ. ജോർജ് ഓണക്കൂർ എന്ന പേരിനൊപ്പം ചേർത്തു വായിക്കുന്ന മറ്റൊരു വാക്കാണ് ഉൾക്കടൽ. നോവലും, തിരക്കഥയുമായി ആ വാക്ക് മലയാള സിനിമയിൽ ഒരു മാറ്റത്തിൻ്റെ തുടക്കമിട്ടു. എന്താണ് ഉൾക്കടലിനെക്കുറിച്ച് തിരിഞ്ഞു നോക്കുമ്പോൾ പറയാനുള്ളത്?
ഉത്തരം: ഉൾക്കടൽ എന്ന നോവൽ പിറക്കുന്നത് എൻ്റെ ജീവിതാനുഭവങ്ങളിൽ നിന്നാണ്. കാമ്പസ് ജീവിതത്തിൻ്റെ കാഴ്ചകൾ സ്വന്തം ജീവിതം തന്നെ ആയിരുന്നു. എം. എ. കഴിഞ്ഞ ഉടൻ തന്നെ അധ്യാപകനാകുന്നു. അന്നത്തെ വിദ്യാർത്ഥികൾ, അവരുടെ താത്പര്യങ്ങൾ, അധ്യാപകർ ഒക്കെ എൻ്റെ ചുറ്റും വളരെ സജീവമായ കാഴ്ചകളാകുമ്പോൾ അതേക്കുറിച്ച് എഴുതാൻ പ്രത്യേക തയ്യാറെടുപ്പു വേണ്ടതില്ല. വളരെ സ്വാഭാവികമായി അതു സംഭവിക്കുകയാണ്. രാഹുലൻ എന്ന നായകനു മുന്നിലേക്ക്, റീന, മീര, തുളസി ഈ മൂന്നു നായികമാർ അവരുടെ ജീവിതം വെച്ചുനീട്ടുകയാണ്. രാഹുലൻ ഒരു നാട്ടിൻ പുറത്തുകാരൻ. അവനു കലഹിക്കാനറിയില്ല. അവൻ വ്യവസ്ഥിതികളോടു സമരസപ്പെടുന്നവനാണ്. ഒരിക്കലും ഒന്നിനു നേർക്കും വിപ്ലവവീര്യത്തോടെ വിരൽ ചൂണ്ടാൻ അവനു സാധിക്കില്ല. തനിക്കെതിരെ സംഭവിക്കുന്നത്, ഹൃദയവേദനയോടെ നിശ്ശബ്ദനായി കണ്ടു നിൽക്കുകയാണവൻ. അവന് ഭയമുണ്ട്, ഒച്ച ഉയർത്തിയാൽ ഭംഗം വരുന്ന ജീവിതമാണ് അവൻ അതുവരെ ജീവിച്ചിട്ടുള്ളത്. ശബ്ദം ഉയർന്നാൽ അച്ഛൻ വെട്ടി സൂക്ഷിച്ചിരിക്കുന്ന പുളിവാറൽ തുടയിൽ പതിക്കും. അങ്ങനെ തീർത്തും നിശ്ശബ്ദനാക്കപ്പെട്ട രാഹുലൻ്റെ ജീവിതത്തിലെ ആദ്യകാലങ്ങളിൽ പ്രണയം എന്നതിനപ്പും അയാളുടെ ജീവിതവെളിച്ചമാണ് തുളസി. എന്നാൽ തുളസിയുടെ അപ്രതീക്ഷിത മരണം അയാളിൽ സൃഷ്ടിക്കുന്ന വേദനയാണ് സഹോദരൻ്റെ സുഹൃത്ത് എന്ന നിലയിൽ റീഹ കാണുന്ന രാഹുലൻ. ഒരു ചിത്രകാരിയും എഴുത്തുകാരനും തമ്മിൽ വേഗം താദാത്മ്യം പ്രാപിക്കുന്നു. അവിടേയ്ക്കാണ് മീനയുടെ കടന്നുവരവ്. ഏതായാലും ഒടുവിൽ ഏറ്റവും നിർണായക ഘട്ടത്തിൽ രാഹുലൻ ഒരു ശരിയായ തീരുമാനമെടുക്കുന്നു. ഇതാണ് ഉൾക്കടലിൻ്റെ ഒരു കഥാഗതി.
ഞാൻ ഏറ്റവും കൂടുതൽ കാലം വിദ്യാർത്ഥിയായും അധ്യാപകനായും ജീവിച്ച ആളാണ്. വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ എഴുത്തുകാരനായും, അധ്യാപകനായിരിക്കുമ്പോൾ തന്നെ പ്രഭാഷകനായും, സാംസ്കാരിക മണ്ഡലത്തിൽ ഇടപെടുന്ന ആളായും പ്രവർത്തിച്ചിരുന്നു. എൻ്റെ നീലാകാശം, ആരാധന, കൈതപ്പൂ എന്നിങ്ങനെയുള്ള സിനിമകൾക്കു ശേഷമാണ് ഉൾക്കടൽ സിനിമയാകുന്നത്. ഉൾക്കടൽ നോവൽ രൂപത്തിൽ വന്നത് പിന്നീട് ഉൾക്കടിൻ്റെ പ്രൊഡ്യൂസറായി മാറിയ കെ.ജെ.തോമസിൻ്റെ സഹോദരി, റോസമ്മ വായിച്ചിരുന്നു. റോസമ്മ എൻ്റെ സുഹൃത്തുമാണ്. കെ ജി ജോർജ് സ്വപ്നാടനം ഒക്കെ എടുത്തു നിൽക്കുന്ന കാലമാണത്. സ്വപ്നാടനം പോലും സാമ്പത്തികമായി നേട്ടമൊന്നും നേടിക്കൊടുത്തിട്ടില്ല ജോർജിന്. ഈ സമയത്ത്, ജനകീയമായ ഒരു സിനിമ വേണം എന്ന് കെ ജി ജോർജും കെ ജെ തോമസും തീരുമാനിക്കുന്നു. എന്നാൽ ഉൾക്കടൽ സിനിമയാക്കൂ എന്നു റോസമ്മ നിർദ്ദേശം മുന്നോട്ടുവെച്ചു. ഒരു നായകന് ഒരു നായിക എന്ന മട്ടിൽ മാത്രം സിനിമകൾ രൂപം കൊണ്ടിരുന്ന കാലത്ത് ഒരു നായകന് മൂന്നു നായികമാരുള്ള ഉൾക്കടൽ എങ്ങനെ സിനിമയാക്കും? എന്നാൽ കെ ജി ജോർജ് ആ കഥ സമ്മതിക്കുന്നു. പിന്നെ ഒരു തിരക്കഥാകൃത്തിനപ്പുറം നിന്ന് ആ സിനിമ യാഥാർത്ഥ്യമാക്കിയെടുക്കുകയായിരുന്നു.
എനിക്ക് ഒരു ഡിമാൻ്റ് മാത്രമേ ഉണ്ടായിരുന്നുള്ളു. റീനയായി നടി ശോഭ വേണം. എന്നാൽ
കെ ജി ജോർജിന് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഒപ്പം പഠിച്ച ജയഭാദുരി റീനയുടെ വേഷം ചെയ്യണം എന്നായിരുന്നു ആഗ്രഹം. പക്ഷേ, അതൊന്നുമത്ര എളുപ്പമല്ലാത്തതിനാൽ തന്നെ ശോഭ തന്നെ റീനയായി. അതുപോലെ കെ ജി ജോർജിന് സിനിമയിൽ പാട്ടു വേണ്ട എന്ന പക്ഷമായിരുന്നു. എന്നാൽ എൻ്റെ നിർബന്ധത്തിനാണ് പാട്ടുകൾ ചേർത്തത്. നോവലിൻ്റെ തുടക്കത്തിൽ ഞാൻ ചേർത്ത ഓ എൻ വി യുടെ പുഴയിൽ മുങ്ങിത്താഴും സന്ധ്യ ;കുങ്കുമപ്പൊട്ടി-
ന്നഴകും വിഴുങ്ങുന്നൂ തിര;പെയ്തൊഴിയാത്ത
മുകിലിന്നസ്വാസ്ഥ്യമായ്, മുളന്തണ്ടിലെത്തിരു-
മുറിവില്ലാലോ മെല്ലെ ചുണ്ടമർത്തവേ,...
എന്നു തുടങ്ങുന്ന കവിത തന്നെ സിനിമയുടെ തുടക്കത്തിൽ ഉപയോഗിച്ചു. ഉൾക്കടലിലെ പാട്ടുകൾ എല്ലാം ഇന്നും കാലത്തെ അതിജീവിച്ചു നിൽക്കുന്നു. ശരബിന്ദു മലർദീപ നാളം ഇന്നും മലയാളിയുടെ പ്രിയ ഗാനങ്ങളിൽ മുന്നിലല്ലേ? അന്ന് ഒ എൻ വി യും ദേവരാജൻ മാസ്റ്ററും തമ്മിൽ പിണക്കമാണ്. അങ്ങനെയാണ് സംഗീതം നൽകാൻ എം ബി ശ്രീനിവാസൻ തന്നെയെന്നു നിശ്ചയിക്കുന്നത്. ചിത്രീകരണം ബാലു മഹേന്ദ്ര, ഷൂട്ടിങ് ലൊക്കേഷൻ മാർ ഇവാനിയോസും, എം ജി കോളേജും ഇതൊക്കെ തീരുമാനിക്കുമ്പോൾ എൻ്റെ പൂർണ സഹായവും പിന്തുണയും ഉണ്ടായിരുന്നു. അതുപോലെ വേണു നാഗവള്ളിയുടെ സിനിമയിലേക്കുള്ള വരവ്, അതിന് കാരണമായത് പപ്പൻ ( സംവിധായകൻ പത്മരാജൻ) ആണ്. സിനിമയിൽ രാഹുലനെ അവതരിപ്പിക്കാനൊരു പുതുമുഖം തന്നെ വേണമായിരുന്നു. ഞാൻ പപ്പനെ വിളിച്ചു കാര്യം പറഞ്ഞു. അങ്ങനെ ഒരു വൈകുന്നേരം ബാലു മഹേന്ദ്രയും ജോർജും ഞങ്ങൾ എല്ലാവരും കൂടി ഇരിക്കുന്ന നേരത്ത് ഒരു ചെറുപ്പക്കാരൻ ഒരു ബുള്ളറ്റിൽ ഞങ്ങളുടെ മുന്നിൽ വന്നിറങ്ങി. അതാണ് സിനിമയിലെ രാഹുലനായ വേണു നാഗവള്ളി.
ഈ ചിത്രത്തിൻ്റെ ആലോചന പുരോഗമിക്കുന്നതിനിടയിൽ കെ.ജി ജോർജ് ഞാനില്ലാത്ത ഒരു ചർച്ചയിൽ ചിത്രത്തിൻ്റെ പേരു മാറ്റണം, ഈ പേര് ഒട്ടും സിനിമാറ്റിക് അല്ല എന്നൊരു നിലപാട് എടുത്തു. അതു പക്ഷേ, റോസമ്മ എന്നെ വിളിച്ചു പറഞ്ഞു. ഞാനത് അപ്പോൾ തന്നെ തടഞ്ഞു, ഒരു കാരണവശാലും സിനിമയുടെ പേരു മാറ്റാൻ പറ്റില്ല എന്ന്. കാരണം ജോർജിൻ്റെ ഒരു ശീലം, ഏത് കൃതി സംവിധാനം ചെയ്താലും അതിൻ്റെ പേരങ്ങു മാറ്റും. അപ്പോൾ പിന്നെ എഴുത്തുകാരൻ്റെ പേര് പുറത്തു വരില്ലല്ലോ. ഉൾക്കടലിൽ അതു നടന്നില്ല. ഉൾക്കടൽ എന്നാൽ ഉള്ളിലേക്കു കേറിക്കിടക്കുന്ന കടൽ എന്നല്ല, ഉള്ളിലെ കടൽ എന്നാണ് ഞാൻ അർത്ഥമാക്കിയത്. The Sea within എന്നാണ് അതിൻ്റെ അർത്ഥം. ധാരാളം ഓർമകൾ ഉൾക്കടലുമായി ബന്ധപ്പെട്ട് ഉണ്ട്.
ചോദ്യം: എന്തുകൊണ്ടാണ് സർ സിനിമയിൽ നിന്നും പിന്നീട് അകന്നു മാറിയത്? ഉൾക്കടൽ പോലൊരു സിനിമയുടെ തിരക്കഥാരചനയ്ക്കു ശേഷം സത്യത്തിൽ ഒരു തിരക്കേറിയ ചലച്ചിത്ര പ്രവർത്തകനാകേണ്ടിയിരുന്നതല്ലേ?
പലരും ചോദിച്ചിട്ടുള്ള ചോദ്യമാണ് എന്തുകൊണ്ട് സിനിമയിൽ നിന്നും മാറി നിന്നു എന്നത്. നമ്മുടേത് ഒരു കൊച്ചു ജീവിതമല്ലേ? നമുക്കൊന്നും അധികം പ്ലാൻ ചെയ്യാൻ ഇല്ലായിരുന്നു എന്നതാണ് സത്യം. അതൊരു അവസരവും സാധ്യതയും ഒപ്പം വെല്ലുവിളിയുമായിരുന്നു. ഞാൻ കോളേജിലാണ് അധ്യാപകനാണ്. സാഹിത്യം ഉണ്ട്, ഇതിനിടയിൽ സിനിമയ്ക്കു വേണ്ടി മാറ്റിവെക്കാൻ സമയം ഇല്ലായിരുന്നു എന്നതാണ് സത്യം. സാക്ഷരതാ മിഷൻ, ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ട് ഡയറക്ടർ, സംസ്ഥാനസർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെൻ്ററിൻ്റെ പ്രഥമ അനൗദ്യോഗിക ചെയർമാൻ എന്നിങ്ങനെ ധാരാളം ഔദ്യോഗിക ത്തിരക്കുകൾക്കിടയിൽ സിനിമ എൻ്റെ മുൻഗണനയിലേക്കു കടന്നു വന്നില്ല എന്നതാണ് യാഥാർത്ഥ്യം.
ഞാൻ ഒരിക്കലും തിരക്കഥാകൃത്ത് മാത്രമായിരിക്കാൻ ആഗ്രഹിച്ചില്ല. ഞാൻ അധ്യാപകനാണ്, ഒപ്പം വിദ്യാർത്ഥിയാണ്. എനിക്ക് തിരക്കഥ മാത്രം എഴുതിയാൽ പോരായിരുന്നു. സിനിമയിലെ ജീവിതത്തിന് ഒരു നിശ്ചിത സമയക്രമം പറയാനാകില്ല. ജോലി ഔദ്യോഗിക ഉത്തരവാദിത്തങ്ങൾ അതൊക്കെ വളരെ വലുതായിരുന്നു. ഒരു സമയം ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾക്കു പരിമിതിയുണ്ടല്ലോ. അതുതന്നെ കാരണം.
ചോദ്യം: ശാന്തിയും സമാധാനവും പുലർന്നിരുന്ന തൻ്റെ നാടിനെക്കുറിച്ച്, അവിടെയുള്ള മനുഷ്യരുടെ സ്നേഹത്തിന്റെയും കരുതലിന്റെയും ഒരുപാടനുഭവങ്ങൾ ആത്മകഥയിൽ എഴുതിയിട്ടുണ്ടല്ലോ. വർത്തമാനകാല ജീവിതത്തെ മുൻനിർത്തി സ്വന്തം ഗ്രാമവും മാറിയ ജീവിതവും താങ്കൾ എങ്ങനെ നോക്കിക്കാണുന്നു?
ഉത്തരം: എൻ്റെ ഗ്രാമം എൻ്റെ ശക്തിയാണ്. എഴുത്തിൻ്റെ വഴിയിൽ എൻ്റെ പ്രിയപ്പെട്ട ഇടം ഞാൻ ജനിച്ച എൻ്റെ വേരുകൾ പടർന്ന ഇടമാണ്. നമുക്കു മുന്നേ കടന്നുപോയ എഴുത്തുകാരെ എടുത്തു നോക്കൂ, ഉദാഹരണത്തിന് സി. വി രാമൻപിള്ള, തിരുവിതാംകൂറിൻ്റെ ചരിത്രവുമായി അഭേദ്യമായ ബന്ധമുണ്ട് സി. വി. യുടെ ജീവിതത്തിനും അദ്ദേഹത്തിൻ്റെ എഴുത്തിനും. അതുപോലെ ഒ. ചന്തുമേനോൻ, അദ്ദേഹം ഇടപഴകിയ വടക്കൻ കേരളത്തിലെ ഭൂഉടമ സമ്പ്രദായത്തിൽ നിലനിന്നിരുന്ന കോടതി വ്യവഹാരങ്ങളിൽ നിന്നാണ് ശാരദ എന്ന നോവൽ പിറക്കുന്നത്. ഇന്ദുലേഖ ഉണ്ടാകുന്നത് ഇംഗ്ലീഷ് വിദ്യാഭ്യാസം നമ്മുടെ സ്ത്രീകൾക്കും ലഭിച്ചു തുടങ്ങിയ കാലഘട്ടത്തിൽ നിന്നാണ്. അതുപോലെ, എൻ്റെ ആമുഖം എൻ്റെ ഗ്രാമമാണ്. പൊതുവേ പറഞ്ഞാൽ എല്ലാ ഗ്രാമങ്ങളും അക്കാലത്ത് സ്വയംപര്യാപ്തങ്ങളായിരുന്നു. എറണാകുളം ജില്ലയുടെ കിഴക്ക്, ചോറ്റാനിക്കര, മുളന്തുരുത്തി, പിറവം കഴിഞ്ഞാണ് ഓണക്കൂർ എന്ന എൻ്റെ ഗ്രാമം സ്ഥിതി ചെയ്യുന്നത്. അതുകഴിഞ്ഞ് രക്തസാക്ഷികളുടെ നാടായ കൂത്താട്ടുകുളമാണ്. അന്ന് നാടിൻ്റെ സമ്പദ് വ്യവസ്ഥയെ നിശ്ചയിച്ചിരുന്നത് നെല്ലാണ്. നെല്ലു വിറ്റ പണമാണ് ജീവിതത്തിൻ്റെ ആധാരം. എന്തും നെല്ലിൻ്റെ വിലയെ ആശ്രയിച്ചാണ് നിലകൊണ്ടത്. ഞാൻ എം. എയ്ക്കു പഠിക്കുന്ന കാലത്താണ് ഞങ്ങളുടെ നാട്ടിലേക്കു നാണ്യവിളകൾ കടന്നു വരുന്നത്. ഇന്ന് റബർ അവിടെ സാധാരണ വിളയായിക്കഴിഞ്ഞു. പഠിച്ച് പ്രൈമറി സ്ക്കൂൾ, അല്ലെങ്കിൽ ഹൈസ്ക്കൂൾ അധ്യാപകനാവുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട സംഗതി. കൃഷി, അനുബന്ധ തൊഴിലുകൾ, അതു കഴിഞ്ഞാൽ അധ്യാപക ജോലി, ഇവ ഏതു തന്നെയുമാകട്ടെ, നാടുവിട്ട് പോകേണ്ട ആവശ്യം വരുന്നില്ല. അപൂർവം ചിലർ മുംബൈ പോലുള്ള മഹാനഗരങ്ങളിലേക്കു ചേക്കേറിയിരുന്നില്ല എന്നല്ല, എങ്കിലും സാമാന്യമായി ജീവിതം അതാതു ഗ്രാമാതിർത്തിക്കുള്ളിൽ ഒതുക്കി നിർത്തപ്പെട്ടിരുന്നു.
നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്ന ചൊല്ല് അന്വർത്ഥമാക്കും വിധമൊരു ഗ്രാമത്തിൽ നെല്ല് അല്ലെങ്കിൽ കൃഷിയെ ഉപജീവിച്ചു സാധാരണ മട്ടിൽ ജീവിക്കുന്ന മനുഷ്യർക്കിടയിലാണ് ഞാൻ ജനിച്ചു വളർന്നത്. നാട്ടിലെ ആദ്യ എം. എ. ക്കാരനാണു ഞാൻ. എം. റ്റി. എം ഹൈസ്ക്കൂൾ, പാമ്പാക്കുടയിലായിരുന്നു ഹൈസ്ക്കൂൾ വിദ്യാഭ്യാസം. മൂവാറ്റുപുഴ നിർമലാ കോളേജിൽ നിന്നും ബി. എ ഇക്കണോമിക്സ് പാസായിക്കഴിഞ്ഞപ്പോൾ എൻ്റെ മുന്നിൽ ബി. എഡ് എടുത്ത് ഹൈസ്കൂൾ അധ്യാപകനാവാം എന്ന നിർദ്ദേശം വന്നു. എന്നാൽ ബി. എയ്ക്കു റാങ്ക് വാങ്ങിയ എനിക്ക് കോളേജ് അധ്യാപനത്തോടാണ് കൂടുതൽ താത്പര്യം തോന്നിയത്. അതിനൊരു കാരണമുണ്ട്, നല്ല വായനാശീലം ഉണ്ടായിരുന്നു അക്കാലത്തു തന്നെ എനിക്ക്. അതിലേക്കു നയിച്ചതാകട്ടെ സക്ഷാൽ പി. എൻ പണിക്കർ സാറിൻ്റെ ഉത്സാഹത്തിൽ ഞങ്ങളുടെ ഗ്രാമത്തിൽ രൂപം കൊണ്ട ഗ്രാമീണ വായനശാലയും. രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിനു മുന്നേതന്നെ ഓണക്കൂർ ദേശീയ വായനശാല എന്ന് ആ വായനശാലയ്ക്കു പേരു നൽകിയ പിഎൻ പണിക്കർ സാറിൻ്റെ ദീർഘവീക്ഷണം എങ്ങനെ കാണാതെ പോകും? എല്ലാ ദിനപത്രങ്ങളും, മാതൃഭൂമി ആഴ്ചപ്പതിപ്പ്, കെ. ബാലകൃഷണൻ പത്രാധിപരായ കൗമുദി തുടങ്ങിയ വാരികകൾ ഒക്കെ അവിടെ വരുമായിരുന്നു. വായനശാലയിൽ നിന്നും വായിക്കുന്നതൊക്കെ വീട്ടിൽ എൻ്റെ മുത്തശ്ശിക്കു ഞാൻ പറഞ്ഞു കൊടുക്കേണ്ടതുണ്ടായിരുന്നു. വായനയുടെ ആദ്യ പ്രചോദനം യഥാർത്ഥത്തിൽ മുത്തശ്ശി തന്നെയാണ്. അവർക്ക് കഥ പറഞ്ഞു കൊടുക്കാനായി ഞാൻ വായിച്ചു. അവർക്ക് എഴുത്തും വായനയും അറിയില്ല. എന്നാൽ ആഴത്തിലുള്ള വിജ്ഞാനവും അറിവും വിവേകവും ഉണ്ടായിരുന്നു. കഥ പറഞ്ഞു കൊടുക്കാൻ വേണ്ടി ആരംഭിച്ച വായന, മെല്ലെ ഗഹനമായി. അത്, സമൂഹത്തിൽ ഒരു എഴുത്തുകാരനുള്ള പ്രാധാന്യം സ്ഥാനവും എനിക്കു മനസ്സിലാക്കിത്തന്നു. അതിനാൽത്തന്നെ ഒരു ഹൈസ്ക്കൂൾ അധ്യാപകനായി ഗ്രാമത്തിൻ്റെ നാലതിരുകൾക്കുള്ളിൽ നിലകൊള്ളുന്നതിനുമപ്പുറം വിശാലമായ ലോകത്തേക്കു ഞാൻ കണ്ണുനട്ടു. അതാണ് ബി എഡിനു പകരം എം എ പഠിക്കാൻ എന്നെ പ്രേരിപ്പിച്ചത്. എം എ യ്ക്ക് ബിരുദത്തിനു പഠിച്ച വിഷയം മാറ്റി മലയാളമാണ് എടുത്തത്. നിർമല കോളേജ് പ്രിൻസിപ്പാൾ ഫാദർ തോമസ് നെടുങ്കല്ലേൽ ആണതു നിർദ്ദേശിച്ചത്. അങ്ങനെ ചങ്ങനാശ്ശേരിയിൽ എം. എ മലയാളത്തിനു ചേർന്നു. പിന്നെ കാലക്രമത്തിൽ എം. ഫിൽ, പി. എച്ച്. ഡി എന്നിങ്ങനെ പഠന രംഗത്തു മുന്നേറാനുമായി.
സ്ക്കൂളിൽ പഠിക്കുന്ന കാലം മുതൽ നാട്ടിലെ സാംസ്കാരിക പ്രവർത്തനത്തിൽ പങ്കാളിയായിട്ടുണ്ട്. ഹൈസ്ക്കൂളിൽ പഠിക്കുമ്പോൾ സ്ക്കൂൾ ആനിവേഴ്സറിക്ക് ഒ. എൻ. വിയെ ക്ഷണിച്ചുകൊണ്ടുവന്നു സംസാരിപ്പിച്ചിട്ടുണ്ട്. വായനശാലയുടെ വാർഷികത്തിന് വയലാർ, പൊൻകുന്നം വർക്കി, ജി. ശങ്കരക്കുറുപ്പ് തുടങ്ങിയവർ ഞങ്ങളുടെ നാട്ടിൽ വരികയും പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്. വയലാറും ഒ. എൻ. വി യും വീട്ടിൽ താമസിച്ചിട്ടുമുണ്ട്. എഴുത്തുകാരുമായുള്ള ഇടപെടലും എഴുത്തിനോടുള്ള ആരാധന വർദ്ധിപ്പിക്കാൻ കാരണമായിട്ടുണ്ടാകണം.
അക്കാലത്ത് ജീവിതത്തിൽ പ്രതിസന്ധികൾ ഒന്നും ഉണ്ടായിട്ടില്ല എന്നല്ല, അതു തരണം ചെയ്യാൻ സാധിച്ചിരുന്നു. എം. എ യ്ക്കു പഠിക്കുമ്പോൾ തന്നെ കോട്ടയത്തുനിന്നുള്ള പത്രസ്ഥാപനങ്ങളുമായി നല്ല ബന്ധം ഉണ്ടായിരുന്നു. ധാരാളം എഴുതുകയും, ചെറിയ തുകകൾ എഴുത്തിൽ നിന്നൊരു വരുമാനമായി ലഭിക്കുകയും ചെയ്തിരുന്നുവെന്നത് ചെറിയ കാര്യമായിരുന്നില്ല. പഠനത്തിനും അതൊരു ഊർജമായി മാറി.

പഠനം കഴിയുമ്പോഴേക്കും മാർ ഇവാനിയോസ് കോളേജിൽ വേക്കൻസി വന്നു. ഞാൻ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. എനിക്ക് തിരുവനന്തപ്പുരത്തോടു തോന്നിയ പ്രധാന ആകർഷണം കൗമുദി ആഴ്ചപ്പതിപ്പായിരുന്നു. പത്രാധിപർ കെ.ബാലകൃഷ്ണനെ നേരിൽ ചെന്നു കണ്ടു. ഒരു സൗഹൃദം അവിടെ ആരംഭിച്ചു. അതുപോലെ ധാരാളം ശിഷ്യർ ഉണ്ടായി.
കേരളകൗമുദിയുടെ പത്രാധിപർ കെ സുകുമാരൻ്റെ ഇളയ മകൻ എം. എസ്. രവി എൻ്റെ ശിഷ്യനായിരുന്നു. ആകാശവാണിയിലെ റ്റി. എൻ. ഗോപിനാഥൻ നായർ, കൈമപ്പറമ്പൻ, ജഗതി എൻ കെ ആചാരി ഇവരുടെ ഒക്കെ മക്കൾ മാർ ഇവാനിയോസിലാണ് പഠിച്ചിരുന്നത്. കോളേജിൽ അന്ന് മറ്റ് എഴുത്തുകാർ ഇല്ല. ഉണ്ടായിരുന്നത് ഇംഗ്ലീഷ് അധ്യാപകനായിരുന്ന എം. പി. പോൾ ആണ്. പോൾ സാറിനു ശേഷം ഞാനാണ് വന്നത്. എഴുത്ത്, പ്രസംഗം, എന്നിങ്ങനെ സജീവമായി നിലകൊണ്ട കാലം. അക്കാലത്താണ് എഴുത്തിനൊരു തെളിച്ചം വന്നത് എന്നാണു ഞാൻ വിശ്വസിക്കുന്നത്. റഷ്യൻ സാഹിത്യവും ബംഗാളി സാഹിത്യവും ആയിരുന്നു എനിക്കേറെ പ്രിയം. റഷ്യൻ കർഷകരായ കൊസാക്കുകളെക്കുറിച്ചുള്ള രചനകൾ, ബംഗാളിയിലെ ആരണ്യക് എന്ന കൃതിയിലൂടെ, വന ജീവിതവും കാർഷിക ജീവിതവും എന്നെ ആകർഷിച്ചു. അങ്ങനെയാണ് ഒരു നോവൽ എന്ന ചിന്ത ഉരിത്തിരിയുന്നത്. എൻ്റെ ഗ്രാമത്തെക്കുറിച്ച് എഴുതുക എന്നു ചിന്തിച്ചു തുടങ്ങിയ കാലം.
അക്കാലത്ത്, നമ്മുടെ ഗ്രാമങ്ങളിലും അശാന്തിയുടെ കാറ്റ് വീശിത്തുടങ്ങിയിരുന്നു. നമ്മളു കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ എന്നു പാടിയ പോലായിരുന്നില്ല കാര്യങ്ങൾ. എവിടെയൊക്കെയോ യുവത്വം, അവർ സ്വപ്നം കണ്ടതല്ല മുന്നിൽ സംഭവിക്കുന്നതെന്നു മനസിലാക്കാൻ തുടങ്ങി. തീർച്ചയായും സ്വാതന്ത്ര്യനന്തര ഇന്ത്യയ്ക്ക് ഏറെക്കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നു. ഏതാണ്ട് കൊള്ളയടിക്കപ്പെട്ട ഒരു രാജ്യം, സ്വന്തം കാലിൽ ഉയർന്നു നിൽക്കാനുള്ള കഠിനശ്രമങ്ങൾക്കിടയിൽ തൊഴിലില്ലായ്മയും ദാരിദ്ര്യവും ഒക്കെ ജനങ്ങൾക്കു സഹിക്കേണ്ടി വന്നു. യുവത്വം അസ്വസ്ഥമായി. സ്വാതന്ത്ര്യം കിട്ടിയ ഉടനെ സ്വർഗം കിട്ടുമെന്ന ചിന്ത ചിലരിലെങ്കിലും ശക്തമായിരുന്നു എന്നു കരുതണം. ഗ്രാമങ്ങളിൽ കാറ്റിനു തീ പിടിക്കുന്ന അവസ്ഥ. പുറമേ ശാന്തവും അകമേ പ്രക്ഷുബ്ദമായ അവസ്ഥ. അകാശം വളരെ അകലെയാണെന്ന ചിന്ത ശക്തിപ്പെട്ട കാലം. ആ പശ്ചാത്തലത്തിൽ എൻ്റെ ഗ്രാമത്തിൻ്റെ കഥ ഞാൻ എഴുതിത്തുടങ്ങി. അകലെ ആകാശം എന്ന നോവൽ അങ്ങനെ രൂപം കൊണ്ടു. അത് മലയാള മനോരമ അതിൻ്റെ വാരാന്തപ്പതിപ്പിൽ ഖണ്ഡഃശ പ്രസിദ്ധീകരിച്ചു. വിശദമായ ഇല്ലസ്ട്രേഷനോടുകൂടി എല്ലാ ആഴ്ചകളിലും എൻ്റെ പേർ അച്ചടിച്ചുവന്ന അനുഭവം മറക്കാനാകില്ല. എൻ്റെ ഗ്രാമം എന്നെ തിരിച്ചറിഞ്ഞു തുടങ്ങിയ നാളുകൾ ആയിരുന്നു അത്.
ഒരിക്കൽ ഒരു അഭിമുഖത്തിൽ എനിക്കു നേരിടേണ്ടി ഒരു ചോദ്യമുണ്ട്, ആരാണ് ഞാൻ എന്നതായിരുന്നു അത്. ഞാൻ പറഞ്ഞു, ഞാൻ വയലിൽ കിളിർത്ത ഒരു ചെടിയാണ്. അതിനെ ആരോ പറമ്പിലേക്ക് എടുത്തു നട്ടു. ആരൊക്കെയോ വെള്ളമൊഴിച്ചു, വളമിട്ടു ഞാൻ വളർന്നു, ഇടയ്ക്കു പൂ വിട്ടു, കായ്ച്ചു. ഇങ്ങനെ ഞാനുമീ ഭൂമിയിൽ നിലകൊള്ളുന്നു.
എൻ്റെ വിഷയം എന്നും ഭൂമിയും മനുഷ്യരുമാണ്. അതു വിട്ട് എനിക്കൊരു എഴുത്തില്ല. The Earth and the People. അവിടാണ് എൻ്റെ തുടക്കം. എൻ്റെ ഗ്രാമത്തിൽ, അവിടെയുള്ള മനുഷ്യരിൽ, അവരുടെ ജീവിതത്തിലാണെൻ്റെ വേരുകൾ. അതാണെൻ്റെ എഴുത്തും.
ചോദ്യം: കാല്പനികസ്പർശമുള്ള ഭാവചാരുതയാർന്ന ആഖ്യാനമാണ് സാറിന്റെ നോവലുകളെ വായനക്കാർക്ക് പ്രിയങ്കരമാക്കിയത്. എങ്ങനെയാണ് അത്തരം ആഖ്യാനത്തിലേക്ക് എത്തിച്ചേർന്നത്?
മാൻ ഈസ് ദ സ്റ്റൈൽ അഥവാ മനുഷ്യനാണ് ശൈലി എന്നു പറയുന്ന പോലെ എഴുത്തിലും വ്യത്യാസമുണ്ട്. നഗരത്തിൽ ജീവിക്കുന്ന ഒരാളുടെ ജീവിതം തിരക്കുകളുടേതാണ്. അയാളുടെ ഉള്ളിലെ പുഴ, എല്ലാ മാലിന്യവും പേറുന്ന ദുർഗന്ധം വമിക്കുന്ന ഒന്നാണ്. എന്നാൽ എൻ്റെ പുഴ, സ്വച്ഛവും സുന്ദരവുമാണ്. അതിൽ തെളിഞ്ഞ ജലമാണ് എനിക്കു പുഴയെന്ന വാക്കിൻ്റെ അർത്ഥം. ഞാനൊരു ബോംബേ നിവാസിയാണെങ്കിൽ എൻ്റെ എഴുത്തിൽ ആ മഹാനഗരവും അതിൻ്റെ പരിസരവും ആകും പ്രത്യക്ഷപ്പെടുക. എന്നാൽ എൻ്റെ വേരുകൾ ഇവിടെ ഈ മണ്ണിലാണ്. ഞാനാ ജീവിതമാണ് എഴുതുക. ഒരു കോളേജ് അധ്യാപകനായതിനാൽത്തന്നെ ഉൾക്കടലിൽ ഞാൻ എഴുതിയത് എൻ്റെ പരിസരമാണ്. ഏതു പ്രതിസന്ധിയിലും ക്ഷുഭിതനാകാതെ തന്നിലേക്ക് ഒതുങ്ങുന്ന രാഹുലൻ എന്ന അതിലെ നായകൻ ഒരു നാട്ടിൻ പുറത്തുകാരനാണ്. അയാൾക്ക് ക്ഷമിക്കാനും, ഏറ്റവും ഒടുവിൽ തനിക്കു വന്നു ഭവിച്ചേക്കാവുന്ന കഷ്ടനഷ്ടങ്ങളെ പരിഗണിക്കാതെ തൻ്റെ പ്രണയിനിയെ ചേർത്തു പിടിക്കാനുമേ സാധിക്കൂ. എൻ്റെ കഥാപാത്രങ്ങൾ ഏതും ഇത്തരത്തിൽ രൂപം കൊണ്ടവയാണ്. എൻ്റെ നാട്ടിലെ രക്തസാക്ഷികളായ യുവാക്കളുടെ അമ്മമാരുടെ കരച്ചിൽ എൻ്റെ ഉള്ളുലച്ചിട്ടുണ്ട്, അവരുടെ നിലവിളിയെ ക്രിസ്തുവിൻ്റെ മരണത്തെ കാണുന്ന മാതാവിൻ്റെ ദുഃഖവുമായി ചേർത്തു വായിച്ചപ്പോൾ ഹൃദയത്തിൽ ഒരു വാൾ എന്ന നോവലിനു ജീവൻ വെച്ചു. അതു കൊണ്ടാവാം എഴുതി വർഷങ്ങൾ പിന്നിട്ടിട്ടും ഉൾക്കടൽ ഉൾപ്പെടെയുള്ള പുസ്തകങ്ങൾ ഇന്നും വായിക്കപ്പെടുന്നത്.
ചോദ്യം: കേരളത്തിന്റെ കാർഷികസംസ്കൃതിയുടെ പരിണാമത്തെ ഇല്ലം എന്ന നോവലിൽ അവതരിപ്പിക്കുന്നുണ്ടല്ലോ. ഇന്നതെത്തി നിൽക്കുന്നതെവിടെയാണ്?
ഇന്നാ സംസ്ക്കാരം ഇല്ലെന്നു പറയാം.കൃഷിയായിരുന്നു പ്രധാനം. പണ്ട് നാട്ടിൻ പുറത്തെ ഒരു വീട്ടിലെത്തിയാൽ അവരുടെ ധനസ്ഥിതി അറിയുന്നത്, അവിടെ എത്ര കലപ്പയുണ്ട്, എരിത്തിലിൽ എത്ര കാളയുണ്ട് പശുവുണ്ട് എന്നു നോക്കി ആയിരുന്നു. ഇന്ന് അമ്മ പശുവിനെ കറന്നെടുത്തു കാച്ചിയെടുത്ത പാലുകുടിച്ചു വളരുന്ന എത്ര കുട്ടികൾ നമുക്കുണ്ട്? ആ സംസ്കാരത്തിലേക്കു നമുക്ക് തിരിച്ചു പോകാനാവില്ല. വയനാടിൽ വിത്തു സംരക്ഷിച്ച ചെറുവയൽ രാമന് പത്മശ്രീ നൽകി ആദരിക്കുന്ന കാഴ്ച കണ്ട് ഞാൻ സന്തോഷിച്ചു. ഏതൊരു വൈറ്റ്കോളർ ജോലിക്ക് ഒപ്പമോ അതിനു മീതെയോ ആണ് കർഷകൻ എന്നു ഞാൻ വിശ്വസിക്കുന്നു. നമുക്ക് തിരിച്ചു നടക്കാൻ യാതൊരു സാധ്യതയും ഇല്ല എന്നല്ല. സാധ്യമാകുന്നത്ര നമ്മളതു ചെയ്യുക എന്നതാണു പ്രധാനം. നമ്മുടെ കാമ്പസുകൾ എന്താണു നമുക്ക് മനോഹരമാക്കി പരിപാലിക്കാനാകാത്തത്? ഹൈവേ വികസനം വന്നപ്പോൾ വഴിയരികിലെ എല്ലാ തണൽ മരങ്ങളും വെട്ടിവീഴ്ത്തപ്പെട്ടു.അതെ, ഹൈവേ നമുക്കാവശ്യമാണ്, എന്നാൽ പകരം എത്ര മരങ്ങൾ നമുക്കു നടാൻ സാധിച്ചു എന്നതിന് ഉത്തരമുണ്ടോ? അവിടെയാണ് അപകടം.
ചോദ്യം: വഴിയിൽ വെളിച്ചമുണ്ടായിരുന്നു; കാലുകൾ ഇടറുകയില്ല. എന്ന് എഴുതിയിട്ടുണ്ടല്ലോ. അങ്ങയുടെ ജീവിതത്തിൻ്റെ പ്രകാശം എന്താണ്?
കുട്ടിക്കാലം മുതൽ ധാരാളം വായിക്കുമായിരുന്നു. ഇന്നതേ വായിക്കൂ എന്നില്ല. കോളേജിൽ രാമായണവും മഹാഭാരതവും ശാകുന്തളവും ഞാൻ പഠിപ്പിച്ചിട്ടുണ്ട്. മുൻവിധികളില്ലാതെയാണ് ഞാൻ വായനയെ സമീപിച്ചത്. അതുകൊണ്ടു തന്നെ വായിച്ച് അറിവുനേടി. ആ അറിവിൻ്റെ ബലത്തിലാണ് നിൽക്കുന്നത്. മതങ്ങളുടെ വേലിക്കെട്ടുകക്കുള്ളിൽ കുടുങ്ങിക്കിടക്കാതെ എല്ലാ മതങ്ങളെക്കുറിച്ചും ആഴത്തിൽ പഠിച്ചു, മനസ്സിലാക്കി, അവയുടെ അന്തഃസത്ത മനുഷ്യർക്കു പകർന്നു കൊടുക്കാൻ എനിക്കാകുന്നു. എനിക്ക് വലിയ ചെലവുകൾ ഒന്നുമില്ല. ചുരുങ്ങിയ പണം കൊണ്ടു ലളിതജീവിതം മുന്നോട്ടു കൊണ്ടുപോകാനറിയാം. അതിനാൽത്തന്നെ മറ്റുള്ളവരെ സ്വാധീനിക്കേണ്ട ആവശ്യമില്ല. എൻ്റെ കാലുകളുടെ ബലത്തിൽ ഉറച്ചു നിൽക്കാനാകുന്നു. ഭാരതീയ സംസ്കൃതിയെ മനസിലാക്കി. ധാരാളം ക്ഷേത്രങ്ങളിൽ രാമായണത്തെക്കുറിച്ച് കർക്കടകത്തിൽ നിരന്തരം സംസാരിക്കുന്നു. പള്ളികളിൽ നബിദിനത്തിൽ സംസാരിക്കുന്നു. ഞാൻ പഠിക്കുന്നു നിരന്തരം, ഇന്നും പഠനം തുടരുന്നു. അറിവുണ്ടെങ്കിൽ ഇടറുമോ? തളരുമോ? വഴി തെറ്റുമോ? ഇല്ല. എൻ്റെ വഴിയേതാ എൻ്റെ വീടേതാ എന്നു ചോദിക്കേണ്ട കാര്യമില്ല. അതെനിക്ക് കൃത്യമായും അറിയാം.
ഒരു സംഭവം ഓർമ വരുന്നു. നിശാഗന്ധിയിൽ വെച്ചു നടക്കുന്ന വലിയ സമ്മേളനം നടക്കുന്നു. എ.പി.ജെ ആണ് അതിഥി. സാക്ഷാൽ ഇന്ത്യൻ രാഷ്ട്രപതി അബ്ദുൾ കലാം! വേദിയുടെ നടുക്ക് ഒരു വലിയ കസേര ഇട്ടിട്ടുണ്ട്. സിംഹാസനം പോലെ ഒന്ന്. രാഷ്ട്രപതി വേദിയിലേക്കു കടന്നു വന്നു. ദേശീയ ഗാനം കഴിഞ്ഞു, അദ്ദേഹം ഇരിപ്പിടത്തിനടുത്തേക്കു നടന്നു. ആ വലിയ കസേര കണ്ട അദ്ദേഹം അതു പിന്നിലേക്ക് തള്ളിമാറ്റി, തൊട്ടടുത്തു കിടന്ന സാധാരണ കസേരകളിൽ ഒന്നിൽ അദ്ദേഹം ഇരുന്നു. കസേരയുടെ വലുപ്പം നമ്മുടെ മഹത്വമായി കാണരുത് എന്ന് അദ്ദേഹം കാട്ടിത്തന്നു. മറ്റുള്ളവർക്ക് ഇല്ലാത്ത വലുപ്പം തൻ്റെ കസേരയ്ക്കു വേണ്ട എന്ന അദ്ദേഹത്തിൻ്റെ നിലപാടിൽ നിന്നും നമുക്കേറെ പഠിക്കാനുണ്ട്. നമ്മൾ താഴെയാണെങ്കിൽ ഉയരത്തിൽ നിന്നുള്ള വീഴ്ച ഭയക്കണ്ട. ആരുടേം മുന്നിൽ കൈനീട്ടണ്ട. കേരളത്തിലെ മൂന്നു കോടി ജനങ്ങളിൽ ഒരാളാണ് ഞാൻ. കേരളം വിട്ടാൽ മറ്റൊരു സംസ്ഥാനത്ത് എത്തപ്പെട്ടാൽ ഞാൻ അവിടെ ഒരു അതിഥിതൊഴിലാളിക്കു സമമാകും. എളിമ, സുതാര്യത, ലാളിത്യം ഇതാകണം നമ്മളെ നയിക്കേണ്ടത്. അങ്ങനെ വിജ്ഞാനസമ്പാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അനർഹമായതിൻ്റെ പിന്നാലെ പായാതെ ലളിതമായി ജീവിക്കാനുറച്ചാൽ ജീവിതത്തിൽ പ്രകാശം നിറയും.
ചോദ്യം: ഇന്നത്തെ സാഹിത്യ രംഗത്തെക്കുറിച്ച്, അതിലെ സോഷ്യൽ മീഡിയയുടെ പ്രാധാന്യത്തെയും ആർട്ടിഫിഷ്യൽ ഇൻ്റലിജെൻസിൻ്റെ ആവിർഭാവത്തേയും എങ്ങനെ കാണുന്നു?
ഇന്ന് എഴുത്തുകാർ ഈ സോഷ്യൽ മീഡിയ കാലഘട്ടത്തിൽ അല്പം സംഭ്രമിച്ചോ എന്നൊരു പേടി എനിക്കുണ്ട്, അതു നമ്മുടെ എഴുത്തിനേയും സംസ്ക്കാരത്തേയും ദുർബലപ്പെടുത്തുമോ എന്നു ഞാൻ സംശയിക്കുന്നു. അറിയാതെ എഴുത്തിനേക്കാൾ പ്രാമുഖ്യം മറ്റു പലതിനും നൽകേണ്ടി വരുന്ന അവസ്ഥയുണ്ട് എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.
ഇന്നിപ്പോൾ ആർട്ടിഫിഷ്യൽ ഇൻ്റലിജെൻസിൻ്റെ കാലത്ത് നമ്മൾ പറയുന്ന ആശയം ഏതുമാകട്ടെ നിമിഷ നേരംകൊണ്ട് എഴുതിക്കിട്ടും.എന്നാൽ അതിൽ എഴുത്തുകാരൻ ഉണ്ടാകില്ല, ഒരു പ്രോഡക്ടേ ഉണ്ടാകൂ. അത് കച്ചവടത്തിൻ്റെ ഉത്പന്നമാണ്.
ഞാൻ ഒരു കവിത ഗാന്ധിജിയെക്കുറിച്ച് വേണമെന്ന് ആവശ്യപ്പെട്ടു. അത് എഴുതി കിട്ടി പക്ഷേ, അതൊരിക്കലും വള്ളത്തോളിൻ്റെ എൻ്റെ ഗുരുനാഥൻ പോലൊരു മൗലികതയുള്ള കവിതയല്ല. ഒരു പന്ത്രണ്ടു വരി കിട്ടിയെന്നു മാത്രം. പ്രൊഡ്യൂസറാണ്. ആർട്ടിസ്റ്റ് അല്ല, റൈറ്റർ അല്ല. ഈ കാലഘട്ടത്തിലാണ് എഴുത്തുകാരൻ ജീവിക്കുന്നത്.
ചോദ്യം: ഇന്നത്തെ അവാർഡുകളെക്കുറിച്ച്, അതായത് അവാർഡ് നിരാസം, അവാർഡ് പ്രഖ്യാപിച്ച ശേഷമുള്ള തർക്കങ്ങൾ, എന്താണ് ഇതേക്കുറിച്ച് സാഹിത്യ അക്കാദമി അവാർഡുകൾ ഉൾപ്പെടെ ഒട്ടനവധി അംഗീകാരങ്ങൾ തേടി എത്തിയ താങ്കൾക്ക് പറയാനുള്ളത്?
ഇന്ന് എനിക്കു കിട്ടുന്ന അവാർഡുകൾ ഒരു അംഗീകാരമായി ഞാൻ കണക്കാക്കുന്നു. ചെറുപ്രായത്തിൽ കിട്ടുന്ന അവാർഡ് ഒരു പ്രോത്സാഹനവുമാണ്. ചിലപ്പോഴൊക്കെ അവാർഡ് നിരാസങ്ങൾ ഒരു ഫാഷനായോ എന്നും തോന്നിയിട്ടുണ്ട്. അവാർഡുകൾക്കായി പുസ്തകം അയക്കാറില്ല. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിനായി നമ്മൾ അപേക്ഷിക്കേണ്ടതില്ല. സെർച്ച് കമ്മറ്റി കണ്ടെത്തുന്നതാണത്. അവാർഡുകൾ ചോദിച്ചു വാങ്ങേണ്ടവയല്ല. എന്നേ അതേക്കുറിച്ചു പറയാനുള്ളൂ.
ചോദ്യം: ഈ ജീവിതം സാർത്ഥകമല്ലേ?
ഉത്തരം: എൻ്റെ ആദ്യ നോവൽ 1972 ൽ പ്രസിദ്ധീകരിച്ചു. ഇപ്പോൾ ഏതാണ്ട് അമ്പത്തിയൊന്നു വർഷം നീണ്ട സാഹിത്യ പ്രവർത്തനം എന്നും പറയാം. ഞാൻ പിറന്നാളുകൾ ആഘോഷിക്കാറില്ല. കാരണം, കടന്നു പോകുന്ന വർഷങ്ങളെക്കുറിച്ച് എനിക്ക് ചിന്തയില്ല. ജീവിതം എന്നാൽ നിരന്തരം അന്വേഷണമാണ്. അറിവാണ് തേടുന്നത്. അതിനാൽ എൻ്റെ ജീവിതം എപ്പോഴും നവമായി നിലകൊള്ളുന്നു. അവാർഡുകൾ പലതു ലഭിച്ചു. എഴുത്തിൻ്റെ തുടക്കകാലത്തു ലഭിച്ചവ പ്രോത്സാഹനങ്ങൾ ആയിരുന്നു, അത് കൂടുതൽ എഴുതാൻ പ്രേരണയായി. എന്നാൽ ഇന്നു ലഭിക്കുന്നവ ഞാൻ നടന്നു തീർത്ത വഴികളെ അടയാളപ്പെടുത്തുന്ന ആദരവുകളായി ഞാൻ കണക്കാക്കുന്നു. എഴുത്തിൽ ഞാൻ നിർഭയനായിരുന്നു. എനിക്ക് ഉത്തമ ബോധ്യമുള്ളവയാണ് എഴുതിയത്. എന്ത് എഴുതിയോ അതിൻ്റെ ഉത്തരവാദിത്വത്തിൽ നിന്നും ഒരിക്കലും ഒഴിഞ്ഞു മാറുകയുമില്ല. എന്നാൽ അനാവശ്യ പരാമർശങ്ങൾ നടത്തി വിവാദങ്ങൾക്കു വേണ്ടി ശ്രദ്ധ ആകർഷിക്കാനായി വിവാദം ഉണ്ടാക്കിയിട്ടുമില്ല. മൂല്യങ്ങളിൽ വിശ്വസിക്കുന്നു. ഞാനൊരു അധ്യാപകനാണ്. മുന്നിൽ വരുന്ന വിദ്യാർത്ഥികൾക്കാണ് ആദ്യ പരിഗണ. ആ ജോലിയിൽ കൃത്യത പുലർത്തണം, അതുപോലെ ഏറ്റെടുക്കുന്ന ഏതൊന്നിനോടും ഉത്തരവാദിത്തമുണ്ട്. അതുകൊണ്ടാണ് സിനിമാലോകത്തു നിന്നും പിന്നീടു മാറി നിന്നത്. ഇപ്പോഴും ഞാൻ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. വേറിട്ട ജീവിത മുഖങ്ങൾ എഴുത്തിൽ സന്നിവേശിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ഇപ്പോൾ മാർഗി കഥകളി വിദ്യാലയത്തിൻ്റെ പ്രസിഡൻ്റ് ആണ്. സി വി രാമൻപിള്ള നാഷണൽ അവാർഡ് ട്രസ്റ്റ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിക്കാൻ സാധിക്കുന്നു. സി. വി. യുടെ പ്രതിമ പബ്ലിക് ലൈബ്രറി വളപ്പിൽ സ്ഥാപിക്കാൻ കഴിഞ്ഞു എന്നതു ചെറിയ കാര്യമായിരുന്നില്ല. ഒട്ടേറെ പ്രതിസന്ധികൾ തരണം ചെയ്താണ് അതു സാധിച്ചത്. എനിക്ക് വാർദ്ധക്യം വരാനിരിക്കുന്ന ഒരു കാര്യം മാത്രമാണ്. ജീവിതം തീർന്നുവെന്ന് അമ്പതു വയസ്സിലും അറുപതു വയസ്സിലും ചിന്തിക്കുന്നവരുണ്ട്. എന്നാൽ കുട്ടിക്കാലത്ത് ശീലിച്ച അതിജീവനത്തിൻ്റെ മന്ത്രം തന്ന ശക്തിയാണ് എന്നെ നിലനിർത്തുന്നത്. ഞാനാരുമല്ല, എന്നാൽ എന്തെങ്കിലും ആയിത്തീരാൻ നിരന്തരം ശ്രമിക്കുന്ന ഒരാളാണ് ഞാൻ. എന്തെങ്കിലും ആയി എന്നു ചിന്തിച്ചാൽ അവിടെ അവസാനിക്കും എല്ലാം.
ഡോ. ജോർജ് ഓണക്കൂർ തൻ്റെ ജീവിതം അധ്യാപനത്തിനും എഴുത്തിനും പ്രഭാഷണത്തിനും സാംസ്കാരിക പ്രവർത്തനങ്ങൾക്കുമായി സമർപ്പിച്ചതാണ്. ദൈവ വിശ്വാസവും, ജീവിത മൂല്യങ്ങൾ മുറുകെ പിടിക്കും എന്ന സ്വയം നിശ്ചയിച്ച മാർഗരേഖയും കൈമുതലാക്കി എല്ലാ മതങ്ങളുടേയും പൊരുളറിഞ്ഞ്, അവയിലെ നന്മകൾ കോർത്തെടുത്ത്, അതു മറ്റുള്ളവർക്കും പകർന്നു നൽകി അദ്ദേഹം മുന്നോട്ടു പോകുകയാണ്. സ്വയം ഒരു ചെടിയെന്നു വിശേഷിപ്പിക്കുമ്പോഴും ഒരു വടവൃക്ഷം പോലെ, തലയെടുപ്പോടെ അദ്ദേഹം സാംസ്കാരിക കേരളത്തിനൊരു മുതൽക്കൂട്ടായി നിലകൊള്ളുന്നു. വാക്കുകളിൽ വിനയവും, പ്രവർത്തിയിൽ സഹാനുഭൂതിയും കരുതുന്നു. ഇത്തരം മനുഷ്യരെ മാർഗദീപമെന്നു വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല. ഇവർ സ്വയം വെയിൽച്ചൂടേറ്റു മറ്റുള്ളവർക്കു തണൽ നൽകുന്നു.