Image

ഇല്ല എന്നും ഉവ്വ് എന്നുമുള്ള രണ്ടുത്തരങ്ങൾ (ഉണ്ണി ആറിന്‍റെ കഥകള്‍ : ഡോ.തോമസ് സ്കറിയ)

Published on 30 July, 2026
ഇല്ല എന്നും ഉവ്വ് എന്നുമുള്ള രണ്ടുത്തരങ്ങൾ (ഉണ്ണി ആറിന്‍റെ കഥകള്‍ : ഡോ.തോമസ് സ്കറിയ)

നീതി എന്ന ആശയത്തെ സാമൂഹികമായ ചുറ്റുപാടുകളിൽ നിന്ന് നിരീക്ഷിക്കുകയാണ് ഈ കഥാകൃത്തിന്റെ കൗതുകം എന്നു തോന്നുന്നു  

                                                                     
സ്ഥലം ( Space)  നൂറ്റാണ്ടുകളായി തത്ത്വചിന്തകന്മാരെ അലട്ടുന്ന വിഷയങ്ങളിലൊന്നാണ്. സ്ഥലത്തെ ശാസ്ത്രീയമായും ചിട്ടയായും വിശദീകരിക്കാനുള്ള പ്രഥമവും പ്രധാനവുമായ ശ്രമം ഗ്രീക്ക് ഗണിതശാസ്ത്രജ്ഞനായ യൂക്ലിഡിൽ (Euclid 330-270BC?) നിന്നാണുണ്ടായത്. അദ്ദേഹത്തെ ജ്യാമിതി (geometry) യുടെ പിതാവായിട്ടാണ് കണക്കാക്കുന്നത്. ഇന്ദ്രിയങ്ങളാൽ സംവേദിക്കപ്പെട്ട സ്ഥലത്തിന്റെ ആദർശവൽക്കരണമാണ് യൂക്ലീഡിയൻ സ്ഥലം. വസ്തുക്കളുടെ സ്ഥാനവും വലിപ്പവും ദൂരവും ആളുകൾ സ്ഥാനനിർണ്ണയം ചെയ്യുന്ന പ്രക്രിയയാണ് സ്ഥലപ്രത്യക്ഷം അഥവാ സ്ഥലധാരണ. അത് ഒരിക്കലും സ്ഥിരമല്ല.മറിച്ച്, കാഴ്ചക്കാരന്റെ സാഹചര്യത്തെ ആശ്രയിച്ചിരിക്കുന്നു. ഉദാഹരണത്തിന് ഒരു വസ്തുവിന്റെ പ്രത്യക്ഷ വലിപ്പം അത് കാണുന്ന നിരീക്ഷകനുമായുള്ള സാമിപ്യത്തെയോ ദൂരത്തെയോ ആശ്രയിച്ചിരിക്കുന്നു. യൂക്ലിഡിയൻ ജ്യാമിതി അതിനു വിപരീതമായി സ്ഥലത്തെ ഏകതാനവും സ്ഥിരവുമായി കണ്ടു. മാറ്റമില്ലാത്ത സ്വഭാവങ്ങളുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ സ്ഥലത്തെ സങ്കല്പിക്കുന്നു. യൂക്ലിഡിയൻ സ്ഥലം അമൂർത്തമായ ഒരു ആദർശമോ മാതൃകയോ ആണ് . യഥാർത്ഥ സ്ഥലം, എങ്ങനെ കാണുകയും പ്രതിനിധീകരിക്കുകയും ചെയ്യുന്നുവെന്നതിനെ അടിസ്ഥാനമാക്കി  ചരവും വ്യാഖ്യാനത്തിനു തടസ്സമില്ലാത്തതുമാണ് എന്നു കണ്ടെത്താം. സ്ഥലത്തിന്റെ ദൃശ്യ പ്രതിനിധാനങ്ങൾ അനിവാര്യമായും അപഭ്രംശത്തിന്റെ ഒരു ഘടകത്തെ ഉൾക്കൊള്ളുന്നു. വാസ്തവത്തിൽ വക്രീകരണം എന്നത് ഒരു സാങ്കേതിക സംജ്ഞയാണ്. വൃത്താകൃതിയിലുള്ള ഭൂമിയെ പരന്ന പ്രതലത്തിൽ ദൃശ്യവല്ക്കരിക്കുന്ന രീതിയെ വിവരിക്കാനുള്ള ഒരു സാങ്കേതിക പദം. ചില പ്രദേശങ്ങളെ വലിച്ചു നീട്ടും ചിലത് ചുരുക്കും. കാർട്ടോഗ്രാഫിക്ക് യാഥാർത്ഥ്യത്തെ വളച്ചൊടിക്കുകയല്ലാതെ മറ്റൊരു മാർഗ്ഗവും മുന്നിലില്ല. ടോളമിയുടെ ഭൂമിശാസ്ത്രം തന്നെ ഉദാഹരണം. ടോളമി സ്പെയിനിൽ നിന്ന് ചൈനയിലേക്കുള്ള ഭൂപ്രദേശത്തെ പെരുപ്പിച്ചു കാണിക്കുകയും സമുദ്രത്തിന്റെ വലിപ്പത്തെ കുറച്ചു കാണിക്കുകയും ചെയ്തു. അതിനെ നിഷ്കളങ്കമായ ഒരപരാധമായി കണക്കാക്കിയാൽ മതിയാവും. 1492 ൽ കൊളംബസ്സിനെ സമുദ്രസഞ്ചാരത്തിനു പ്രോത്സാഹിപ്പിച്ചത് പരിഗണിക്കുമ്പോൾ അതിന്റെ സാംസ്കാരിക പ്രത്യാഘാതം എത്ര വലിയതാണെന്നു വ്യക്തമാകും. ഭൂപടങ്ങൾ ഒരിക്കലും സ്ഥലത്തിന്റെ നിഷ്പക്ഷവും പൂർണ്ണവും വസ്തു നിഷ്ഠവുമായ പ്രാതിനിധ്യങ്ങളല്ല.കാരണം, അവ ലോകത്തെ വ്യവസ്ഥാപിതമായ വിധത്തിൽ യുക്തിസഹമാക്കുകയാണ്. യഥാർത്ഥത്തിൽ ലോകദൃശ്യങ്ങൾ നിരന്തരം മാറിക്കൊണ്ടിരിക്കുന്നതാണ്. എന്നിരുന്നാലും നമ്മുടെ സ്ഥല ബോധത്തിന് സ്ഥിരമായ  ധാരണ നൽകാൻ ഭൂപടങ്ങൾ ഉതകുന്നു. കൂടാതെ സ്ഥലത്തെ സമഗ്രമായി പര്യവേക്ഷണം  ചെയ്യാൻ  കഴിയും  എന്ന മിഥ്യാധാരണ അവ വളർത്തുന്നു. ഭൂപടങ്ങൾ ലോകത്തെ വിവരിക്കുന്നില്ല. പക്ഷേ, ലോകത്തെ നിർമ്മിക്കും . നിർദ്ദിഷ്ട സാംസ്കാരിക ആവശ്യങ്ങൾക്ക് അനുസൃതമായി അത് പ്രത്യയ ശാസ്ത്ര ഉപകരണമാകുന്നു .  ഗുസ്താവ്  മെറ്റ്സർ നിരീക്ഷിച്ചതു പോലെ ഭൂപടങ്ങൾ പ്രത്യേക പ്രത്യയശാസ്ത്ര പദ്ധതികളുടെ ഉല്പന്നങ്ങളാണ്. ലോകത്തെക്കുറിച്ചുള്ള വിവരണങ്ങളെക്കാൾ വിശ്വാസത്തിന്റെ പ്രസ്താവനകൾ . വിശ്വാസത്തെ വിവരിക്കുന്നവ. വിശ്വാസികളിൽ സുരക്ഷിതത്വബോധം ഉളവാക്കുന്നവ. ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങളിൽ നിന്നുളള നിർദ്ദിഷ്ട വിശദാംശങ്ങളുടെ തിരഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കിയുള്ള അമൂർത്ത നിർമ്മിതികളാണ് ഭൂപടങ്ങൾ . എന്നിരുന്നാലും ഡി.ആർ.എഫ്. ടെയ്ലർ ചൂണ്ടിക്കാണിച്ചതു പോലെ ഭൂമിശാസ്ത്രപരമായ യാഥാർത്ഥ്യത്തിന്റെ സമഗ്രമായ പ്രാതിനിധ്യങ്ങളായി എടുക്കാൻ അവ ആവശ്യപ്പെടുന്നു. അതിനാൽ, ലോകത്തിന്റെ വസ്തുനിഷ്ഠ ചിത്രങ്ങളായി അവയെ പരിഗണിക്കുന്നു. .ഭൂപടത്തിന്റെ പ്രത്യയശാസ്ത്രപരമായ പ്രാധാന്യം മനസ്സിലാക്കുന്നത് ഭൂമിശാസ്ത്രത്തിന്റെ ലക്ഷ്യങ്ങളെ ഗ്രഹിക്കുന്നതിന് സഹായിക്കും. ഒരു പ്രത്യേക സ്ഥലത്തിന്റെ / പ്രദേശത്തിന്റെ പരിസ്ഥിതിയും രാഷ്ട്രീയ സാഹചര്യങ്ങളും സാംസ്കാരിക വ്യത്യാസങ്ങൾക്ക് കാരണമാകും. സ്ഥലവുമായി ബന്ധപ്പെട്ട് വ്യക്തികളുടെ പെരുമാറ്റ രീതികൾ തിരിച്ചറിയാൻ കഴിയും.  വ്യത്യസ്ത സ്ഥലങ്ങളിൽ വ്യത്യസ്ത രീതിയിൽ പ്രവർത്തിക്കാൻ മനുഷ്യർ നിർബന്ധിതരാവുന്നു.

ആയിരത്തിത്തൊള്ളായിരത്തി അറുപതുകളിൽ ഭൂമിശാസ്ത്രജ്ഞന്മാർ സ്ഥലത്തിന്റെ സാമൂഹികരൂപീകരണം നിർണ്ണയിക്കുന്നുവെന്ന് കരുതപ്പെടുന്ന സാർവ്വത്രിക നിയമങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു. പ്രാദേശിക വിശദാംശങ്ങളെക്കാൾ പൊതുതത്ത്വങ്ങളിലായി അവരുടെ ഊന്നൽ. സ്ഥലം മനുഷ്യരുടെ പെരുമാറ്റത്തെ വലിയ തോതിൽ ബാധിക്കുന്നുണ്ട്. സ്ഥലത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങളും സാംസ്കാരിക വ്യത്യാസങ്ങളും അവഗണിക്കാൻ പാടില്ല എന്ന് അവർ തിരിച്ചറിഞ്ഞു. എല്ലാറ്റിന്റെയും മാനദണ്ഡം മനുഷ്യനാണെന്ന മാനവവാദം മനുഷ്യപ്രവർത്തനങ്ങളുടെ ഒരു ക്രമീകരണമാണ് സ്ഥലമെന്ന നിലപാടിൽ എത്തിച്ചേരുകയാണുണ്ടായത്.. മനുഷ്യർ രൂപകല്പന ചെയ്യുന്നതും നിയന്ത്രിക്കുന്നതുമായ ഒരിടം . എന്നാൽ, നമ്മുടെ ബോധ അബോധ തലങ്ങളിലെ അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്ഥലം എല്ലായ്പ്പോഴും ഭാഗികവും ആപേക്ഷികവുമായ ഭൂമിശാസ്ത്രത്തിന്റെ കാര്യമാണ്. ഭൂമി എല്ലാവരുടേതുമാണ്. ഭൂമിയിൽ ജീവിക്കുന്ന എല്ലാ മനുഷ്യർക്കും അന്തസ്സോടെ ജീവിക്കാൻ അവകാശമുണ്ട്. മനുഷ്യനാണ് ദൈവത്തിനല്ല പ്രാധാന്യം.. ശാസ്ത്രവും തത്ത്വചിന്തയും മാത്രമല്ല, ഭൗതിക ശാസ്ത്ര നിയമങ്ങളെ നിരാകരിക്കുന്ന അധികമാനങ്ങളുള്ള ആശയങ്ങളെ ഉൾക്കൊള്ളുന്ന കഥകളും ഇത്തരം വിഷയങ്ങൾ പ്രമേയമായി സ്വീകരിക്കാറുണ്ട്. മലയാളത്തിൽ ഉണ്ണി. ആറിന്റെ കഥകൾ അതിനുദാഹരണമാണ്.

മനുഷ്യസ്വഭാവത്തെക്കുറിച്ചുള്ള ശാശ്വത സത്യങ്ങൾ കണ്ടെത്താനുള്ള മാർഗ്ഗങ്ങളിലൊന്നാണ് കഥ പറച്ചിൽ. ഓരോ കഥയും ഓരോ ഭൂപടം വരയ്ക്കുന്നുണ്ടാവും. അറിഞ്ഞോ അറിയാതെയോ വന്നുപെടുന്ന സ്ഥലസാന്നിധ്യമാണ് ഉണ്ണി. ആറിന്റെ കഥകളുടെ ഒരു സവിശേഷത. അവയെ സ്ഥലപുരാണങ്ങളായും വായിക്കുന്നതിൽ തെറ്റില്ല. അതിന്റെ അർത്ഥം ഗ്രഹിക്കണമെങ്കിൽ അവ വരച്ചിടുന്ന ഭൂപടം മനസ്സിലാക്കണം. വന്ന കാര്യം എന്തെന്നു പറയാൻ ആവശ്യപ്പെടുമ്പോൾ വന്ന കാര്യമല്ല വന്നതെവിടെനിന്നാണെന്നു പറഞ്ഞുകൊണ്ടു തുടങ്ങുന്ന കുട്ടിയപ്പൻ (ലീല) ആ അർത്ഥത്തിൽ ഒരു പ്രതീകമാണ്. ലന്തക്കാരും പറങ്കികളും ബ്രിട്ടീഷുകാരും നടന്ന വഴിയിലൂടെ മായാതെ നില്ക്കുന്ന അധികാരത്തിന്റെ പ്രാചീനമായ അടയാളങ്ങൾ കണ്ട് നടന്ന എഴുപതുവയസ്സുകാരനും (ബാദുഷ എന്ന കാൽനടക്കാരൻ) വിനോദയാത്രയ്ക്കിറങ്ങിയ മധ്യവയസ്കകളും (ആനന്ദ മാർഗ്ഗം ) വരിക്കപ്ലാവിനോടും കടപ്ലാവിനോടും വിശേഷങ്ങൾ പറഞ്ഞ് നടന്ന കുഞ്ഞും (കോട്ടയം 17) ശിക്കാരിയാവാൻ മോഹിച്ചവനും (ക) ഒക്കെ സ്ഥല സംബന്ധിയായ സാഹചര്യങ്ങളെ നേരിടുന്നുണ്ട്. സ്ഥലത്തോട് ഗാഢമായ അടുപ്പം പുലർത്തുന്ന മനുഷ്യർ. ചിലർ പുനരാഖ്യാനം ചെയ്താൽ ദൈവമാക്കപ്പെട്ടവരായി മാറുന്നു. ചിലരാകട്ടെ ചിരിച്ചു കാട്ടി ചതിക്കുന്നവരും. അവരുടെ ജീവിതത്തിൽ" സ്ഥലത്തെയും കാലത്തെയും ഗണിക്കുന്നതിനിടയിലുണ്ടാകുന്ന ചില വിള്ളലുകളിലൂടെ ഒരു ഉറവ പോലെ ആകസ്മികതകൾ സംഭവിക്കുന്നു " (ആയുധമെഴുത്ത്). അതാണ് ഉണ്ണി.ആറിന്റെ കഥകളുടെ സ്വഭാവം. മിക്കവാറും അദ്ദേഹത്തിന്റെ എല്ലാ കഥകൾക്കും അതു ബാധകമാണ്. ഭയം ഘനീഭൂതമായി നില്ക്കുന്ന കഥകൾ. കോട്ടയത്തുനിന്നാരംഭിച്ച് കോട്ടയത്തു തന്നെ തിരിച്ചെത്തുന്ന കോട്ടയം കഥകൾ . അവയ്ക്ക് കോട്ടയത്തിനു പുറത്തുള്ള ജീവിതവുമായി ബന്ധപ്പെട്ട തത്ത്വങ്ങൾക്കും വ്യക്തത നൽകാൻ കഴിയുന്നു.

ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് ആസക്തി നിറഞ്ഞ മനസ്സുമായി സഞ്ചരിക്കുന്ന കൂട്ടിയപ്പനും അയാൾക്ക് കൂട്ടു പോകുന്ന പിള്ളേച്ചനുമാണ് ലീലയിലെ രണ്ടു പ്രധാനകഥാപാത്രങ്ങൾ . ഇടവും ഇടപെടലുമാണ് കഥയുടെ ഭാവഗതി നിർണ്ണയിക്കുന്നത്. കുട്ടിയപ്പൻ ഉറക്കത്തിൽ നിന്നു പിള്ളേച്ചനെ വിളിച്ചുണർത്തുന്നിടത്തു നിന്നാരംഭിക്കുന്നു ,കഥ. കിടങ്ങൂർക്കാണ് അവരുടെ ആദ്യയാത്ര. കോട്ടയത്തിന്റെ മുഴുവൻ കയറ്റിറക്കങ്ങളും നാവിലെഴുതി വെച്ചിരിക്കുന്നവനാണ് പിള്ളേച്ചൻ.ഒരു വിജ്ഞാന ഖനിയാണ് കുട്ടിയപ്പൻ. കിടങ്ങൂരു നിന്നും പാലായ്ക്കുള്ള വഴി തിരിയുന്നിടത്ത് വണ്ടി നിർത്തുന്നതും ഷാപ്പിൽ കേറുന്നതുമാണ് പിന്നെ വിവരിക്കുന്നത്.ഷാപ്പിനു പുറത്തുള്ള മാടക്കടയുടെ ചായ്ച്ചു കെട്ടിയ ഓലക്കീറിനു കീഴിൽ നിന്നാണ് ഭാവിപരിപാടി തീരുമാനിക്കുന്നത്. അവിടെ നിന്ന് നേരെ മണർകാട്ടേക്ക്. അവിടെ വെച്ച് പണിക്കരാണ് വയനാട്ടിലേക്ക് പോകാൻ നിർദ്ദേശിച്ചത്. ഭാര്യയോട് ബീഹാറിലേക്കാണെന്നും പറഞ്ഞ് പിള്ളേച്ചൻ കുട്ടിയപ്പനൊപ്പം വയനാട്ടിലേക്ക് . തിരികെ കോട്ടയം . പിന്നെ കുമരകം.  അവിടെ നിന്നും തിരുനക്കര . അവിടെ വെച്ച് ദാസാപ്പാപ്പിയാണ് കുറ്റിപ്പുറത്തേക്ക് പോകാൻ പറഞ്ഞത്. അവിടെച്ചെന്ന് തങ്കപ്പൻ നായരുടെ മകളെയും കൂട്ടി വയനാട്ടിലേക്ക് . ഇങ്ങനെ ലീല അക്ഷരാർത്ഥത്തിൽഒരു സഞ്ചാരകഥയായി വിലയിരുത്താം. കുട്ടിയപ്പന്റെ ആഗ്രഹത്തെ വിസ്മരിക്കുന്നില്ല  . അതിനെ ഫലപ്രദമായി സൃഷ്ടിച്ചെടുക്കുന്നതിനു സ്ഥലവും യാത്രയും ചില പ്രധാന ധർമ്മങ്ങൾ നിർവ്വഹിക്കുന്നുണ്ട്. കുറ്റിപ്പുറം പാലത്തിനു മുകളിലൂടെ പോകുമ്പോൾ താഴെ  തുണിയില്ലാതെ കിടക്കുന്നതാരാന്ന് നോക്കിക്കേ എന്ന് കൂട്ടിയപ്പൻ പറയുന്നു.   ഇതിലും ഭേദം നമ്മുടെ മീനച്ചിലാറു തന്നെയെന്നു  പിള്ളേച്ചൻ മറുപടിയും പറഞ്ഞു. അവിടെ മുദ്രിതമാക്കപ്പെടുന്നത് രണ്ടു മനോഭാവങ്ങളാണ്. കാമമോഹിതനാണ് കുട്ടിയപ്പൻ. പരമ്പരാഗതമായ മൂല്യ ബോധത്തിന്റെ പിടിയിലാണ് പിള്ളേച്ചൻ. കാമ സൂചനകളാൽ സമൃദ്ധമായ ഭാഷയും ഭാവനയും സ്ഥലവും സന്ദർഭവുമാണ് കഥാകൃത്ത് ഒരുക്കിയിട്ടുള്ളത്. ആണിന്റെ അനുഭവലോകത്തു നിന്നുകൊണ്ടാണ് ആഖ്യാനം. എങ്കിലും വിശാലമായ മാനവധർമ്മത്തിനും മനുഷ്യനന്മയ്ക്കും ഈ കഥയിൽ ഇടമുണ്ട്. " അവളുടെ തന്തയ്ക്ക് തോന്നാത്ത കാര്യം പിള്ളേച്ചനെന്നാത്തിനാ തോന്നുന്നത് " എന്ന ചോദ്യം ഉന്നയിക്കുന്ന കുട്ടിയപ്പൻ തന്നെയാ "നാളെ രാത്രീല് നമ്മുടെ കൂടെ ഞാൻ ലീലേം കൂടെ വീട്ടിലേക്കു കൊണ്ടുപോകുവാ" എന്നും പറയുന്നത്. ‘പത്തു കല്പനകൾക്കിടയിൽ രണ്ടു പേർ ' ഉന്നയിക്കുന്ന ധർമ്മങ്ങളും വിചാരണ ചെയ്യപ്പെടേണ്ടതുതന്നെ. കരുണയും കാമവുമാണ് കഥയുടെ കാതലായ വിഷയങ്ങൾ . ലേവിയുടെ വിധവയും ഇമ്മാനുവലും അനുഭവിക്കുന്ന ധർമ്മ സങ്കടം ഇച്ഛയെ വരിക്കണമോ എന്നതാണ്. സ്വയം ചിന്തിച്ച് തീരുമാനത്തിലെത്തിച്ചേരുവാനവരെ വിലക്കുന്ന കല്പനകളുടെ ധാർമ്മികതയെ കഥാകൃത്ത് പരിഹസിക്കുന്നു. എപ്പോഴാണ് മനുഷ്യർക്ക് അവരുടെ സ്വന്തം ഭാഗധേയം നിർണ്ണയിക്കാനാവുക എന്നത് ഒരു പ്രധാന വിഷയമാണ്. നന്മ തിന്മകളെ നിശ്ചയിക്കുന്ന മാനദണ്ഡം ചോദ്യം ചെയ്യപ്പെടണം. മനുഷ്യന് മനുഷ്യനെ മനസ്സിലാക്കാൻ കഴിയണം. പ്രകൃതി അവന്റെ ഇച്ഛകൾക്കു തണൽ വിരിക്കുന്നിടത്ത് കഥ അവസാനിക്കുന്നു. മനുഷ്യ കേന്ദ്രിതമായി വികസിക്കുന്നു എന്നതാണ് ഉണ്ണി ആറിന്റെ കഥകളെ  അടിസ്ഥാനപരമായി വിലയിരുത്തുമ്പോൾ ലഭിക്കുന്ന ഉത്തരം.. നാട്ടു നടപ്പുകൾക്കും തീർപ്പുകൾക്കും അവിടെ വിലയില്ല , സ്ഥാനവുമില്ല. അതിനനുസരിച്ച് ജീവിക്കാനുള്ള തീരുമാനമാണ് മാനസികാരോഗ്യമെന്ന സങ്കല്പത്തെ ഭൂതാവിഷ്ടൻ എന്ന കഥ പ്രശ്നവല്ക്കരിക്കുന്നു. അശ്ലീലമായിത്തീരുന്ന ആദർശവും രാഷ്ട്രീയവും വിമർശിക്കപ്പെടുന്നുമുണ്ട്. ചരിത്രം അറിയുന്നത് ഒരു ബലതന്ത്രമല്ല ബലഹീനതയായി പരിണമിക്കുന്നതിലാണ് ഈ കഥയുടെ ഫലപ്രാപ്തി കുടികൊള്ളുന്നത്.

കോട്ടയത്തിന് പരിചിതമായ മതസാമുദായിക അനുഭവലോകങ്ങളിൽ നിന്നു കൊണ്ടുള്ള സാമൂഹ്യ വിമർശനത്തിന് ഉണ്ണി ആറിന്റെ കഥകളിൽ ഇടം ഉണ്ട്. കോട്ടയം 17 പള്ളീം പള്ളി വിലക്കും വിഷയമായി വരുന്ന കഥയാണ്. കുഞ്ഞിന്റെ മനസ്സിനുള്ള വലിപ്പവും മനസ്സിലുള്ള ഭക്തിയും പള്ളിക്കും പള്ളിക്കമ്മറ്റിക്കുമില്ലെന്നും നന്മയും കാരുണ്യവും ഒക്കെ പറയാനും പ്രസംഗിക്കാനും മാത്രമാണവർക്കെന്നും ഈ കഥ ഓർമ്മിപ്പിക്കുന്നു. ഇവരുടെ നിയന്ത്രണത്തിൽ വളരുന്നവരുടെ മാനുഷിക വൃത്തികൾ സ്വതന്ത്രമോ സത്യസന്ധമോ ആയിരിക്കില്ല. ആ അവസ്ഥാവിശേഷത്തെ വിശകലനം ചെയ്യുന്നവയാണ് പ്രിയനേ വാഴ്ത്തപ്പെട്ട പാപീ , പത്തു കല്പനകൾക്കിടയിൽ രണ്ടു പേർ എന്നീ കഥകൾ. വികടസ്വഭാവം സ്വീകരിക്കുന്ന ഹാസ്യം കൊണ്ട് ചരിത്രത്തെയും അധികാരത്തെയും വിമർശിക്കുന്ന ഉണ്ണി ആറിന് മനുഷ്യന്റെ നിർമ്മമതയെയും നിഷ്ക്രിയതയെയും കണ്ടില്ലെന്നു നടിക്കാനാവില്ല. ഇല്ല എന്നും ഉവ്വ് എന്നും രണ്ടുത്തരങ്ങൾക്കിടയിൽ കഥയിലെ ജീവിതങ്ങളെ അദ്ദേഹം അണിനിരത്തുന്നു. അതവരുടെ അവസ്ഥ മാത്രമല്ല. അനേകരുടെ അവസ്ഥകളാണ്. ഒരാൾക്ക് മറ്റൊരാളെ കൊല്ലാൻ അവകാശമുണ്ടോ? ഒരു മുതലാളിയെ കൊന്നതുകൊണ്ടു പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാവുമോ? ( നീലച്ചിത്രം ) .ഉവ്വ് എന്നോ ഇല്ല എന്നോ നിങ്ങളുടെ ഉത്തരം? രണ്ടുത്തരത്തിനും സാധുതയുണ്ട്. രണ്ടും രണ്ട് ജ്ഞാനാവസ്ഥകളെ പ്രതിനിധീകരിക്കുന്നു. ആനുഭവിക ലോകത്തിലാണ് അത് നിർണ്ണയിക്കപ്പെടുന്നത്. നീതി എന്ന ആശയത്തെ സാമൂഹികമായ ചുറ്റുപാടുകളിൽ നിന്ന് നിരീക്ഷിക്കുകയാണ് ഈ കഥാകൃത്തിന്റെ കൗതുകം എന്നു തോന്നുന്നു. യാഥാർത്ഥ്യത്തെയും അദ്ദേഹം പുനർവിചിന്തനത്തിനു വിധേയമാക്കുന്നുണ്ട്. കാഴ്ചയുടെ യാഥാർത്ഥ്യവും ചിന്തയുടെ യാഥാർത്ഥ്യവും ഒരു വ്യവസ്ഥയ്ക്കകത്ത് എങ്ങനെ പ്രവർത്തിക്കാമെന്നു സ്ഥാപിക്കാൻ തന്നെ ഉണ്ണി ആർ.ഒരു കഥയെഴുതിയിട്ടുണ്ട് , ബഹു ജീവിതം . ഇന്നതേ ചെയ്യാവൂ ഇന്നതേ കാണാവൂ എന്നു നിർബന്ധിക്കേണ്ട ആവശ്യമില്ലെന്ന് ബോദ്ധ്യപ്പെടുത്താനാവുന്നില്ലായെന്നിടത്താണ് പ്രതിസന്ധി.. പൊതുവെ മനുഷ്യൻ എന്ന സങ്കല്‍പ്പത്തെയാണ് ഉണ്ണി ആറിന്റെ കഥകൾ കേന്ദ്ര പ്രമേയമാക്കുന്നത്. അവയെ മനുഷ്യയാഥാർത്ഥ്യത്തിന്റെ ഭിന്ന അവസ്ഥാവിശേഷങ്ങളുടെ കഥകൾ എന്നു വിളിക്കാം

1.ഉണ്ണി ആർ.കഥകൾ . ഡി.സി.ബുക്സ് കോട്ടയം 2012

                             

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക