Image

ഫോമാ കണ്‍വന്‍ഷന് തിരിതെളിയാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ എല്ലാം 'സെറ്റ്' ആയെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേല്‍

എ.എസ് ശ്രീകുമാര്‍ Published on 30 July, 2026
ഫോമാ കണ്‍വന്‍ഷന് തിരിതെളിയാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ എല്ലാം 'സെറ്റ്' ആയെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേല്‍

ഹൂസ്റ്റണ്‍: ഫോമാ പിറവിയെടുത്ത അതേ മണ്ണില്‍ 9-ാം ഫാമിലി ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന് യവനിക ഉയരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സാമൂഹിക-സാംസ്‌കാരിക കൂട്ടായ്മയായ ഫോമായുടെ ഒമ്പതാമത് ദേശീയ കുടുംബ സമ്മേളനം വിന്‍ധം ഹോട്ടലില്‍ വര്‍ണാഭമായ ചടങ്ങുകളോടെ അവിസ്മരണീയമാക്കുന്നതിനു വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് നാഷണല്‍ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അറിയിച്ചു. ഫുഡ്, അക്കോമഡേഷന്‍ എന്നിവ ഉള്‍പ്പെടെ വിപുലമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രജിസ്‌ട്രേഷന്‍ കൗണ്ടറുകളും തയ്യാറായിട്ടുണ്ട്. ഫൈനല്‍ പ്രോഗ്രാമും ആയി.

കേരളത്തനിമയോടെയുള്ള സാംസ്‌കാരിക ഘോഷയാത്ര, നൂറുകണക്കിന് നര്‍ത്തകികള്‍ അണിനിരക്കുന്ന മെഗാ തിരുവാതിര, വാദ്യവിസ്മയം തീര്‍ക്കുന്ന ചെണ്ടമേളം തുടങ്ങിയവയടെ അകമ്പടിയോടെ അതിവിപുലമായ പരിപാടികളാണ് വിവിധ വേദികളില്‍ അരങ്ങേറുന്നത്. ജൂലായ് 30-ാം തീയതി വ്യാഴാഴ്ച, ഘോഷയാത്രയ്ക്ക് ശേഷമാണ് ഉദ്ഘാടന സമ്മേളനം. കേരളത്തില്‍ നിന്നുള്ള സാംമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ വ്യക്തിത്വങ്ങള്‍ കണ്‍വന്‍ഷനില്‍ സാന്നിധ്യമറിയിക്കും. കോവിഡ് കാലത്ത് ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ കണ്‍വന്‍ഷനിലെ ശ്രദ്ധേയമായ സാന്നിധ്യമാകും. വി.ടി ബല്‍റാം എം.എല്‍.എയാണ് മുഖ്യാതിഥി.

വെള്ളിയാഴ്ച നടക്കുന്ന ജനറല്‍ ബോഡിയില്‍ മീറ്റ് ദ കാന്‍ഡിഡേറ്റ് പ്രോഗ്രാം ശ്രദ്ധേയമാകും. ഇതേതുടര്‍ന്നാണ് ആവേശോജ്ജ്വലമായ ഇലക്ഷന്‍ നടക്കുക. റീജിയന്‍ തലത്തില്‍ സമ്മാനാര്‍ഹരായവര്‍ വേദി കീഴടക്കുന്ന യൂത്ത് ഫെസ്റ്റിവലാണ്  കണ്‍വന്‍ഷന്റെ രണ്ടാം ദിവസമായ ജൂലൈ 31 വെള്ളിയാഴ്ചത്തെ ഹൈലൈറ്റ്. അന്നേ ദിവസം 11 മണി മുതല്‍ ഉച്ചകഴിഞ്ഞ് 2 മണിവരെ ഹൂസ്റ്റണിലുള്ള വിന്‍ധം ഹോട്ടലില്‍ 2,500 പേര്‍ക്കായി വിഭവസമൃദ്ധമായ ഓണസദ്യ വിളമ്പും. അമേരിക്കന്‍ മലയാളി സംഘടനാ ചരിത്രത്തിലെ ഏറ്റവും വലിയ ഓണസദ്യയൊരുക്കി പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കാനൊരുങ്ങുകയാണ് സംഘാടകര്‍.

നാടിന്റെ തനത് രുചിയും ആതിഥേയത്വത്തിന്റെ മഹത്വവും വിളിച്ചോതുന്ന ഈ സദ്യയില്‍ 23 ഇനം കറികളും മൂന്ന് തരം പായസങ്ങളും ഉള്‍പ്പെടെ സമൃദ്ധമായ വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തിന്റെ പരമ്പരാഗത രുചി അതേപടി അമേരിക്കന്‍ മണ്ണില്‍ അനുഭവിക്കാനാകുന്ന തരത്തിലാണ് സദ്യയുടെ ക്രമീകരണങ്ങള്‍. വൈകിട്ട് പദ്മിനി ജയന്റെ ഗാനമേളയും അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍ നിന്നെത്തുന്ന സംഗീതപ്രതിഭകളുടെ ഗാനമേളയും അരങ്ങുണര്‍ത്തും.

ശനിയാഴ്ച വിവിധ ഹെല്‍ത്ത് ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും. ബിസിനസ് മീറ്റ്, മിസ്റ്റര്‍ ആന്‍ഡ് മിസ് ഫോമാ മത്സരം, ബെസ്റ്റ് കപ്പിള്‍ കോമ്പറ്റീഷന്‍, ഫാഷന്‍ ഷോ, ബ്‌ളഡ് ഡ്രൈവ്, വിവിധ സ്റ്റേറ്റുകളെ പ്രതിനിധീകരിച്ചെത്തുന്ന 50-ഓളം അഭിനയ പ്രതിഭകള്‍ അരങ്ങിലെത്തുന്ന നാടകം, ഹൂസ്റ്റണിലെ വിവിധ ഡാന്‍സ് സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ നൃത്ത്യ നൃത്തങ്ങള്‍ എന്നിവ നടക്കും. സമാപനത്തോടനുബന്ധിച്ച് കലാഭവന്‍ ഷാജോണ്‍, സെയ്ഫുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന സ്റ്റേജ് ഷോ വേറിട്ട അനുഭവമാകും. ആഗസ്റ്റ് 1-ാം തീയതി ഞായറാഴ്ച ബ്രേക്ക് ഫാസ്റ്റോടു കൂടി ഫോമായുടെ 9-ാമത് അന്താരാഷ്ട്ര കണ്‍വന്‍ഷന് തിരശീല വീഴും. കണ്‍വന്‍ഷനില്‍ രുചിയേറിയ കേരള-നോര്‍ത്ത് ഇന്‍ഡ്യന്‍ ഭക്ഷണമാണ് വിളമ്പുന്നത്.

കണ്‍വന്‍ഷന്‍ ആരംഭിക്കുന്ന ജൂലൈ 31-ാം തീയതി രാവിലെ മുതല്‍ വൈകുന്നേരം വരെ ഹൂസ്റ്റണിലെ ഹോബി, ഐ.എ.എച്ച് എയര്‍പോര്‍ട്ടുകളില്‍ നിന്ന് കണ്‍വന്‍ഷന്‍ സ്ഥലത്തേയ്ക്ക് വാഹനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ഈ വാഹനങ്ങളില്‍ ഫോമായുടെ ബാനറും ഉണ്ടായിരിക്കുമെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. കണ്‍വന്‍ഷന്‍ കഴിഞ്ഞ് മടങ്ങുമ്പോള്‍ എയര്‍പോര്‍ട്ടില്‍ ഡ്രോപ്പ് ചെയ്യാനും ഫോമായുടെ പ്രത്യേക ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സൗകര്യം ഉണ്ടായിരിക്കുമെന്നും ബേബി മണക്കുന്നേല്‍ വ്യക്തമാക്കി.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക