Image

ഏകാന്ത പഥികനോട് (കവിത: ജോസഫ് നമ്പിമഠം)

Published on 30 July, 2026
ഏകാന്ത പഥികനോട് (കവിത: ജോസഫ് നമ്പിമഠം)

ജീവിതപ്പൊരുൾ തേടിയലയുമേകാന്ത പഥികാ
ദീർഘം ദുർഘടം വന്യം മുന്നിലെ കാനനപ്പാതകൾ
ദുർഘട വനവീഥികളിലൂടെയല്ലോ നിൻ യാത്ര
ആരും കാണാസത്യപ്പൊരുൾ തേടിയല്ലോ നിൻ യാത്ര
ആരും കാണാവീഥികളിലൂടെയല്ലോ നിൻ യാത്ര
കാമ ക്രോധ മദ മാത്സര്യങ്ങളാകും  
വന്യജീവിപ്പാതയിലൂടല്ലയോ നിൻയാത്ര

ഹേ പഥികാ
ഈ വിജന സത്രത്തിലൽപ്പം വിശ്രമിച്ചീടുക
ഈ ലതാനികുഞ്ജങ്ങളിലൽപ്പനേരമിരിക്കുക  
പോകും മുന്പേ പാഥേയവും കൂടെക്കരുതാം

കർമ്മ കാണ്ഡക്കെട്ടുകൾ പൊട്ടിച്ചെറിയുക
കാണാബന്ധച്ചരടുകളറുത്തെറിയുക
ജീവിതാർജ്ജിത ദുർമേദസ്സുകളൊക്കെയും വെടിയുക 
അഹംബോധത്തെ കാട്ടിലുപേക്ഷിക്കുക

ഘനമേതുമില്ലാ മേഘലാഘവത്വം
കൈവരും വരെയും കാനന പാതകളിലലയുക
ആരും കാണാ ഗുഹയിലൊളിക്കുക
മിന്നാ മിനുങ്ങിന്റെ ഇത്തിരിവെട്ടം സ്വന്തമാക്കുക

പ്രാകൃത ശിലകളിലാരുമെഴുതാത്ത ലിപികളിൽ
ആരും തൊടാത്ത എഴുത്താണികളാൽ
ചിന്തകൾ കുറിച്ചിടുക
പുത്തനാമിതിഹാസം രചിക്കുക

ആ ലിപി പഠിച്ചവൻ, ആ ഇതിഹാസം
വായിക്കാൻ വരും വരെയും, സമാധിയിലാകുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക