
മുറ്റത്തേക്കു കയറി വന്ന കാറിന്റെ ശബ്ദം കേട്ട് അയാൾ ക്ലോക്കിലേക്കു നോക്കി. സമയം ആറു മണിയാകാൻ പോകുന്നതേയുള്ളൂ. നേരം വെളുത്തു വരുന്നു. ജയിംസിന്റെ കാർ മുറ്റത്തേക്കു കയറി വന്നു. കാർ നിർത്തി അവൻ കാളിങ് ബെൽ അടിച്ചു. അയാൾ വാതിൽ തുറന്നു കൊടുത്തിട്ട് മുറിയിലേക്ക് പോയി.
"പെട്ടിയെല്ലാം എടുത്തു വച്ചേക്കട്ടേ?" ജെയിംസ് ചോദിച്ചു.
"ങ്ഹാ." മറുപടിയായി കൂടുതലൊന്നും പറയാനില്ലായിരുന്നു.
അവൻ ആ രണ്ടു പെട്ടികളും എടുത്തു കാറിന്റെ ഡിക്കിയിൽ വച്ചിട്ട് അകത്തു വന്ന് സോഫയിൽ ഇരുന്നു. അൽപ്പം കഴിഞ്ഞപ്പോൾ അയാൾ ആകെ ബാക്കിയുണ്ടായിരുന്ന ഒരു ഹാൻഡ് ബാഗുമെടുത്തു പുറത്തിറങ്ങി. അത് കൂടി കാറിൽ വച്ചിട്ട് തിരിച്ചു വന്ന് വാതിൽ പൂട്ടുവാനായി താക്കോൽ എടുത്തപ്പോൾ ജെയിംസ് ചോദിച്ചു, "പ്രാർത്ഥിക്കുന്നില്ലേ?"
അയാൾ ജെയിംസിനെ ഒന്ന് നോക്കിയിട്ട് തല കുലുക്കി. അതിന്റെ അർഥം മനസ്സിലായിട്ടാകാം ജെയിംസ് തിരിച്ചു വീട്ടിലേക്കു കയറി. അയാൾ അവന്റെ പുറകേ വീട്ടിലേക്കു കയറി ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന അപ്പന്റെയും അമ്മയുടെയും വല്യപ്പന്റെയും ഫോട്ടോകളിലേക്കു നോക്കി കൈകൾ കൂപ്പി. എന്തോ പ്രാർത്ഥിച്ചു.
അവധിക്കു വന്നതിന്റെ പിറ്റേ ദിവസമാണ് അയൽപക്കത്തുള്ള ഒരു പെൺകുട്ടി വീട് വൃത്തിയാക്കാൻ എത്തിയത്. ഉമ്മറത്തെ ഭിത്തിയിലെ ചുക്കിലി തൂക്കുന്നതിനിടയിൽ അവൾ ആ ഭിത്തിയിൽ തൂക്കിയിട്ടിരുന്ന യേശു ക്രിസ്‌തുവിന്റെ ഫോട്ടോ എടുത്തുകൊണ്ടു മുറ്റത്തേക്കിറങ്ങുന്നതു കണ്ടു. "യേശുക്രിസ്‌തുവിന്റെ ഫോട്ടോ പോലും ചിതലുകൾ ബാക്കി വച്ചിട്ടില്ല." അവൾ പറഞ്ഞു. അതിനടുത്തായി വച്ചിരുന്ന തടിയുടെ ഒരു ഷെൽഫ് പകുതിയോളം വെറും ഒരു വർഷം കൊണ്ട് ചിതലുകൾ തിന്നു കഴിഞ്ഞിരുന്നു. അയാൾ ആ ഫോട്ടോകളിലേക്ക് ഒന്നുകൂടി നോക്കിയിട്ടു മുറ്റത്തേക്കിറങ്ങി.
ജെയിംസ് വീട് പൂട്ടി താക്കോൽ അയാളുടെ കയ്യിൽ കൊടുത്തു. അയാൾ അത് അവന്റ കയ്യിലേക്കു തന്നെ തിരിച്ചു നൽകി. ജെയിംസ് അത് വാങ്ങി കയ്യിൽ പിടിച്ചുകൊണ്ട് കാറിന്റെ ഡോർ തുറന്നു കൊടുത്തു. അയാൾ ആ ഡോറിൽ പിടിച്ചുകൊണ്ട് കിഴക്കോട്ടു നോക്കി. ഉദയ സൂര്യൻ ഉറക്കച്ചടവു മാറ്റി പതുക്കെ എഴുന്നേറ്റു വരുന്നു. ആ സ്വർണ്ണാഭ രശ്‌മികളൊന്നും കാണാനായില്ല. അയാൾ കിഴക്ക് ആകാശത്തിൽ വെള്ളകീറി വരുന്ന ആ നേർത്ത നിറച്ചാർത്തിലേക്കു നോക്കി. ആരോ അയാളെ പുറകോട്ട് വലിച്ചു. ഞൊടിയിടയിൽ നാലു പതിറ്റാണ്ടപ്പുറത്തേക്ക് അയാളുടെ ഓർമ്മകൾ അതിവേഗം പാഞ്ഞു.
നാട്ടിലെ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞപ്പോൾ പിന്നെ ബോംബെയിലായിരുന്നു തുടർന്നുള്ള അഞ്ചുവർഷത്തെ പഠനം. അതുകഴിഞ്ഞപ്പോൾ മികച്ച വിജയം കരസ്ഥമാക്കിയതുകൊണ്ടാവാം പഠിച്ച സ്ഥാപനത്തിൽ തന്നെ ജോലി കിട്ടി. എന്നാൽ ഒരു വർഷമായപ്പോഴേക്കും ഗൾഫിൽ ഒരു ജോലിക്ക് അവസരം ലഭിച്ചു. സൗജന്യമായി വിമാന ടിക്കറ്റ് വരെ വാഗ്‌ദാനം ലഭിച്ചപ്പോൾ പിന്നെ രണ്ടാമത് ഒന്നാലോചിച്ചില്ല. അങ്ങനെ ഗൾഫിൽ ജോലി ആരംഭിച്ച് ഒരു വർഷമായപ്പോൾ കമ്പനി രണ്ടു മാസത്തെ അവധിയും സൗജന്യ വിമാന ടിക്കറ്റും നൽകി. അങ്ങനെ ആദ്യമായി ഗൾഫിൽ നിന്നും അവധിക്കു വന്നു. മികച്ച സ്വീകരണമാണ് ബന്ധുമിത്രാദികളിൽ നിന്നും ലഭിച്ചത്. രണ്ടു മാസത്തെ അവധി കഴിഞ്ഞു മടങ്ങുവാൻ തയ്യാറായപ്പോൾ യാത്ര അയയ്ക്കാനായി വലിയൊരു ജനക്കൂട്ടമായിരുന്നു. ഒരു വലിയ കുടുംബമായിരുന്നതുകൊണ്ടു തന്നെ ചുറ്റും താമസിക്കുന്ന ബന്ധുക്കളെല്ലാം വെളുപ്പിനെ തന്നെ വീട്ടിൽ എത്തി. എന്നാൽ ദൂരെയുള്ള ചില അമ്മായിമാരും അളിയന്മാരും തലേദിവസം വൈകിട്ടേ വീട്ടിലെത്തി താമസിച്ചു.
അന്ന് കൊച്ചി വിമാനത്താവളം ഇന്നത്തെ നെടുമ്പാശേരിയല്ല. ഇന്ത്യൻ നേവിയുടെ ഒരു എയർപോർട്ട് സിവിലിയൻ അതോറിറ്റിക്ക് താത്കാലിക ആവശ്യത്തിനായി കൊടുത്തിരിക്കുകയാണ്. കുറച്ചു വിമാനങ്ങൾ മാത്രമേ അവിടെ വരുന്നുണ്ടായിരുന്നുള്ളൂ. രാവിലെ ആറു മണിക്ക് മുൻപേ വീട്ടിൽ നിന്നും യാത്രയാകും. പുറപ്പെടുന്നതിനു മുൻപ് കൂട്ടത്തിൽ പ്രായം കൂടുതലുള്ള ഒരാൾ പ്രാർത്ഥിക്കും. സുരക്ഷിതമായ യാത്രയും തുടർന്നുള്ള ജോലി സാഹചര്യങ്ങളുമെല്ലാം ഈശ്വരനിൽ ഭരമേൽപിച്ചാണ് പ്രാർത്ഥിക്കുക. മറ്റു ബന്ധുക്കളുടെ കുടുംബങ്ങളിൽ നിന്നുള്ള കൊച്ചു കുട്ടികൾ വരെ അവിടെയുണ്ടാകും. എല്ലാവരും കെട്ടിപ്പിടിച്ച് സ്നേഹോഷ്‌മളമായ ഉമ്മ തന്നാണ് യാത്രയാക്കുന്നത്. പലരുടെയും കണ്ണുകൾ ഈറനണിഞ്ഞിരിക്കും. മുറ്റത്തിന് കിഴക്കു വശത്തുള്ള ചെറിയ കുന്നിൻ ചരിവിലൂടെ ഉദയസൂര്യൻ എത്തിനോക്കുമ്പോഴേയ്ക്കും കാർ മുറ്റത്തു നിന്നും റോഡിലേക്കിറങ്ങിയിരിക്കും. കാറിന്റെ ജനാലച്ചില്ല താഴ്ത്തി താൻ ഒരു കൈ വീശിക്കാണിക്കും. തിരിച്ചു കുറഞ്ഞത് അൻപതു കൈകളെങ്കിലും തന്നെ വീശിക്കാണിക്കുന്നുണ്ടാവും.
ആ മുറ്റവും വാതിൽപ്പടിയും അന്നത്തേതു തന്നെ. പക്ഷേ, അവിടെ നിന്നിരുന്നവരൊക്കെ എവിടെ? മുതിർന്ന തലമുറയിലെ എല്ലാവരും തന്നെ ഈ ഭൂമിയുടെ മുകൾപരപ്പിൽ നിന്നും ഉള്ളിലേക്ക് ചിരമായി വാസം മാറ്റിയിരിക്കുന്നു. അവർ യഥാർത്ഥത്തിൽ എവിടെ ആയിരിക്കും? ആർക്കും അറിയില്ല. ജ്ഞാനികളുടെ ജ്ഞാനിയായ ശലോമോൻ പറയുന്നു, "ഹാ, മായ, മായ, സകലവും മായയത്രേ. ഒരു തലമുറ പോകുന്നു. മറ്റൊരു തലമുറ വരുന്നു." രണ്ടോ മൂന്നോ തലമുറകൾക്കപ്പുറം ആർക്കും ആരെയും അറിയില്ല. എങ്കിലും ആരോ പറഞ്ഞു കേട്ട മഹത്തായ കുടുംബ പാരമ്പര്യത്തിന്റെ അന്തസ്സിൽ ഊറ്റം കൊള്ളുന്നവർ! യുവജനങ്ങൾ ജീവിതോപാധി തേടി വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറിയിരിക്കുന്നു.
താൻ പിച്ച വച്ച് നടന്ന മുറ്റത്തെ മണൽത്തരികൾ തൻറെ പാദസ്‌പർശം തിരിച്ചറിയുന്നുണ്ടാകുമോ? ആ വീടിന് നൂറിൽപരം വർഷത്തെ പഴക്കമുണ്ട്. പഴയ വീടിന്റെ ചില ഭാഗങ്ങളൊക്കെ പുതുക്കി പണിതിട്ടുണ്ടെങ്കിലും കാര്യമായ മാറ്റമൊന്നും പുറമേ കാണാനില്ല. മുറ്റത്തിനു ചുറ്റുമുള്ള മതിൽ പണിതിട്ട് മൂന്നോ നാലോ പതിറ്റാണ്ട് ആയിട്ടേയുള്ളൂ. മുൻപൊക്കെ അവധിക്കു വരുമ്പോൾ വൈകിട്ട് ആ മതിലിൽ റോഡിലേക്കു നോക്കി ഇരിക്കും. വഴിയേ പോകുന്നവരെല്ലാം കുശലം പറഞ്ഞിട്ടേ പോകാറുള്ളൂ. ചിലരൊക്കെ അകത്തേക്കു കയറി വന്ന് ആ മതിലിൽ അടുത്തിരിക്കും.
ഗ്രാമത്തിലെ ആ സ്നേഹാന്തരീക്ഷം അന്യം നിന്നു പോയിരിക്കുന്നു. ആ മതിലിൽ തന്നെ അങ്ങുമിങ്ങും പായൽ പിടിച്ചിരിക്കുന്നു. പെയിന്റടിച്ചിട്ടു രണ്ടോ മൂന്നോ വർഷമേ ആയിട്ടുള്ളൂ. ഇപ്പോൾ അവധിക്കു വരുമ്പോൾ താൻ ആ മതിലിൽ ഇരിക്കാറില്ല. വഴിയിലേക്കു നോക്കിയാൽ വാഹനങ്ങൾ ചീറിപ്പായുന്നതല്ലാതെ കാൽനടക്കാർ തുലോം കുറവാണ്. അഥവാ ആരെങ്കിലും നടന്നു പോകുന്നവർ ഉണ്ടെങ്കിൽ അവർക്കു തന്നെ അറിയില്ല. അതുകൊണ്ടു കുശലം പറയാറുമില്ല. പണ്ടൊക്കെ ആ ഗ്രാമത്തിൽ സ്വന്തമായി ഒരു സൈക്കിൾ ഉണ്ടായിരുന്നവർ പോലും വിരളമായിരുന്നു. ഇന്ന് കാറോ ഒരു സ്‌കൂട്ടിയോ പോലുമില്ലാത്ത വീടുകൾ കുറവാണ്. ആളുകളേക്കാൾ കൂടുതൽ വാഹനമുള്ള ഗ്രാമം. തന്റെ ചെറുപ്പത്തിൽ ആ ഗ്രാമത്തിൽ വൈദ്യുതി എത്തിയിരുന്നില്ല. വീടിനുള്ളിൽ മണ്ണെണ്ണ വിളക്കിന്റെ അരണ്ടവെളിച്ചം മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും കുട്ടികളുടെ കലപിലാ ശബ്‌ദവും മുതിർന്നവരുടെ ശകാരവും കൊണ്ട് ശബ്‌ദ മുഖരിതമായിരുന്നു. ഇന്ന് റോഡരികിലുള്ള മതിലിനു മുകളിൽ മനോഹരമായ രണ്ടു വൈദ്യുത വിളക്കുകൾ ഉണ്ട്. വീടിനുള്ളിൽ നിരവധി ലൈറ്റുകളാൽ പ്രകാശ പൂരിതമാണ്. പക്ഷേ, അവിടെ കുട്ടികളുടെ സംസാരമോ മുതിർന്നവരുടെ ശകാരമോ ഇല്ല. ഉള്ളത് ടീവി യിൽ നിന്നുള്ളതു മാത്രം.
കാലചക്രം തിരിഞ്ഞപ്പോൾ അതിനിടയിൽ പെട്ടു ചതഞ്ഞരഞ്ഞ സ്നേഹബന്ധങ്ങൾ! പട്ടിണിയും പരിവട്ടവുമായിരുന്നപ്പോൾ ബന്ധങ്ങൾക്ക് ദൃഢതയുണ്ടായിരുന്നു. ഇന്ന് സാമ്പത്തിക സമൃദ്ധിയുടെ വേലിയേറ്റത്തിൽ സ്നേഹബന്ധങ്ങളുടെ ഇഴകൾ പലതും പൊട്ടിപ്പോയിരിക്കുന്നു! വിജനമായ പല അയൽവീടുകളും തന്റെ വീട് പോലെ അടഞ്ഞു തന്നെ കിടക്കുന്നു. നാടിന്റെ മാറിയ മുഖഛായ വികൃതമായിരിക്കുന്നു. യുവത്വമെല്ലാം എവിടെയോ പോയിമറഞ്ഞിരിക്കുന്നു. ജെയിംസ് കാർ മുന്പോട്ടെടുത്തു. അയാൾ നടന്നു ചെന്ന് ഗേറ്റ് അടച്ചു. തിരിഞ്ഞു വീട്ടിലേക്കയാൾ ഒരിക്കൽ കൂടി നോക്കി നെടുവീർപ്പിട്ടു.. കിഴക്ക് സൂര്യന്റെ പ്രഭാത കിരണങ്ങൾ കാർമേഘങ്ങളാൽ മറയ്ക്കപ്പെട്ടിരിക്കുന്നു. അയാൾ കാറിന്റെ മുൻസീറ്റിൽ കയറി ഇരുന്നു. അയാളുടെ ദുഃഖസാന്ദ്രമായ നിശ്വാസം കാറിന്റെ തുറന്നിട്ട ജനാലയിൽ കൂടി അന്തരീക്ഷത്തിലേക്കുയർന്നു. ഘനീഭവിച്ചു നിന്ന മേഘങ്ങൾ അതേറ്റുവാങ്ങിയതുകൊണ്ടാവാം വിൻഡ്ഷീൽഡിൽ മഴത്തുള്ളികൾ പതിച്ചു തുടങ്ങി. കാറിന്റെ ചക്രങ്ങൾ സാവധാനം ഉരുണ്ടു തുടങ്ങി.
__________________________
Read More: https://www.emalayalee.com/writer/170