
അടിമത്തത്തിന്റെ പാരമ്പര്യം കേരളത്തെ ഗ്രസിച്ചിരിക്കുന്നുവെന്നും സ്വതന്ത്രചിന്തയ്ക്കും വികാസത്തിനും അതു തടസ്സമാകുമെന്നുള്ള ചിന്തയാണ് ജാതിവ്യവസ്ഥിതിയിലൂടെ കേരള ചരിത്രത്തെ പുനർനിർണ്ണയിക്കുവാൻ ചരിത്രപഠനത്തിലൂന്നിയ ശ്രമം നടത്താൻ പി.കെ.ബാലകൃ ഷനെ പ്രേരിപ്പിച്ചത്.
അക്കാദമിക ലോകത്ത് പൂജാവിഗ്രഹമായില്ല. പദവികളുടെയും
പ്രശസ്തികളുടെയും പുറകെപ്പാഞ്ഞില്ല. തന്റേടിയായും വിപ്ലവകാരിയായും
സാംസ്കാരികനായകനായും സ്വയം ചമ ഞ്ഞില്ല. ഇങ്ങനെയും ഒരു മനുഷ്യൻ
ഇവിടെ ജീവിച്ചിരുന്നു. ഉൾക്കരുത്തും സ്വതന്ത്രചിന്തയും കൈമുതലാക്കി കവിത,
നാടകം, നോവൽ, ജീവിതചരിത്രം, ലേഖനം, വിമർശനം തുടങ്ങി
സമസ്തമേഖലകളിലും വ്യക്തിമുദ്രപതിപ്പിക്കുകയും എന്നാൽ അക്കാദമികലോകം
വേണ്ടത് ശ്രദ്ധിക്കാതിരിക്കുകയും ചെയ്ത ആ വ്യക്തിത്വമാണ്
പി.കെ.ബാലകൃഷ്ണൻ. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ അവസാനഘട്ടത്തിൽ
1925-ൽ എവടനക്കാട് പണിക്കശ്ശേരിൽ കേശവന്റെ മകനായി ജനിച്ച ഇദ്ദേഹം
സ്വാതന്ത്ര്യസമരത്തിൽ നേരിട്ട് പങ്കാളിയായ വ്യക്തികൂടിയാണ്. മഹാരാജാസ്
കോളേജിൽ വിദ്യാർത്ഥിയായിരിക്കെ ക്വിറ്റിന്ത്യാ സമരത്തിൽ പങ്കെടുത്ത്
ജയിലിലടയ്ക്കപ്പെട്ടു. പിന്നീട് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. വിദ്യാർത്ഥിരാഷ്ട്രീയ
വാരികയായിരുന്ന ആസാദിന്റെ പത്രാധിപ സമിതിയംഗമായി എഴുത്തിന്റെ
ലോകത്ത് വ്യാപരിച്ചു. കേരളകൗമുദി, കേരളഭൂഷണം, മാധ്യമം
തുടങ്ങിയവയുടെയെല്ലാം പ്രതാധിപസമിതിയംഗമായി പ്രവർത്തിച്ചു.
ജയിൽവാസത്തിനിടെ പരിചയപ്പെട്ട വ്യക്തികൾ മന്ത്രിമാരും മുഖ്യമന്ത്രിമാരും
കേന്ദ്രമന്ത്രിമാരുമായപ്പോഴും പി.കെ.ബാലകൃഷ്ണൻ സ്വന്തം ഇച്ഛാശക്തിയിൽ
ഉറച്ചുനിന്നു. സ്വാതന്ത്ര്യസമരപ്പെൻഷൻ കൈപ്പറ്റാൻ വിസമ്മതിച്ചു.
ആത്മാഭിമാനത്തോടെ താൻ കൊതിച്ചതും ആശ്ലേഷിച്ചതുമായി സ്വാതന്ത്ര്യത്തെ
നോക്കിക്കാണാനിഷ്ടപ്പെട്ടു. പി.കെ.ബാലകൃഷ്ണന്റെ ഉയർന്ന ചിന്തയും
ധിഷണാശക്തിയും സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചകളും അദ്ദേഹത്തിന്റെ
കൃതികളിലും ലേഖനങ്ങളിലും നിറഞ്ഞുനിന്നു. അവ പലപ്പോഴും മലയാളിയുടെ
ചിന്താമണ്ഡലത്തെ കലുഷിതമാക്കി. പരമ്പരാഗത പൂജാവിഗ്രഹങ്ങൾ പലതും
ഉടഞ്ഞു. യാഥാസ്ഥിതിക ചിന്തകർക്ക് അവ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. എന്നാൽ
കാലമേറെ കഴിഞ്ഞിട്ടും ആ ചിന്തകളുടെ പ്രസക്തി കൂടിയിട്ടേയുള്ളൂ. സ്വാതന്ത്ര്യം
നേടി എഴുപത്തഞ്ച് വർഷം പൂർത്തിയാകുന്ന ഈ വേളയിൽ ഈ ചിന്തകൾ
എത്രത്തോളം പ്രസക്തമാണ് എന്നന്വേഷിക്കുകയാണ് ഈ ലേഖനത്തിൽ
ചെയ്യുന്നത്.

കേരളീയ നവോത്ഥാനവും ചരിത്രമെഴുത്തും
അടിമത്തത്തിന്റെ പാരമ്പര്യം കേരളത്തെ ഗ്രസിച്ചിരിക്കുന്നുവെന്നും
സ്വതന്ത്രചിന്തയ്ക്കും വികാസത്തിനും അതു തടസ്സമാകുമെന്നുള്ള ചിന്തയാണ്
ജാതിവ്യവസ്ഥിതിയിലൂടെ കേരള ചരിത്രത്തെ പുനർനിർണ്ണയിക്കുവാൻ
ചരിത്രപഠനത്തിലൂന്നിയ ശ്രമം നടത്താൻ പി.കെ.ബാലകൃ ഷനെ പ്രേരിപ്പിച്ചത്.
ജാതിവ്യവസ്ഥ ദൃഢമായി പുലർന്നിരുന്ന കാലത്ത് നാം പങ്കുപറ്റിയിരുന്ന
ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും അടിസ്ഥാനം അടിമത്തമാണെന്ന
തിരിച്ചറിവ് പകരുന്നതായിരുന്നു ആ ഗ്രന്ഥം.കന്നുകാലികളേക്കാൾ കഷ്ടമായ
അവസ്ഥയിൽ ലൈംഗികവേഴ്ചയും ട്രൈബൽ സ്വഭാവവും
മാനസികാവസ്ഥയും പുലർത്തിപ്പോന്നിരുന്ന ജനങ്ങളാണ് ഇവിടെ
അധിവസിച്ചിരുന്നതെന്ന് തെളിവുകൾ നിരത്തി ബാലകൃഷ്ണൻ സ്ഥാപിച്ചു. ജാതി-
ജന്മി വ്യവസ്ഥകളെയും പരസ്പരം പതിതത്വം പുലർത്തുന്ന
കീഴ്ജാതികളുൾപ്പെടെയുള്ളവരുടെയും ജീവിതങ്ങളെ സൂക്ഷ്മദൃഷ്ടിയോടെ
നിരീക്ഷണം നടത്തി. ഇളംകുളം കുഞ്ഞൻപിള്ളയെപ്പോലുള്ള വ്യവസ്ഥാപിത
ചരിത്രരചയിതാക്കളുടെ രചനകളിലെ പൊള്ളത്തരങ്ങൾ അക്കമിട്ടുനിരത്തി.
ഇഷ്ടമുള്ള പേരോ ഇഷ്ടമുള്ള വസ്ത്രമോ ധരിക്കാൻ സ്വാതന്ത്ര്യമില്ലാതിരുന്ന
ജനങ്ങളെയും തരിസാപ്പള്ളി ശാസനത്തിൽ പരാമർശിക്കുന്നതുപോലെ,
അടിമക്കൈമാറ്റ സമ്പ്രദായത്തിൽ പെട്ടുഴന്നിരുന്ന മനുഷ്യരെയും അദ്ദേഹം
ജാതിയുടെ തീക്ഷ്ണത നിറഞ്ഞ കേരള പരിസരത്ത് കണ്ടെത്തി. ബ്രിട്ടീഷുകാർ
അടിമത്തനിരോധനം കൊണ്ടുവന്നതിന്റെ അർത്ഥം ഇവിടെ അടിമത്തം
പുലർന്നിരുന്നുള്ളതുകൊണ്ടാണല്ലോ എന്ന ചിന്താഗതി ലേഖനങ്ങളിലൂടെ അദ്ദേഹം
പകർന്നുവച്ചു. ഈ അടിമത്തമാനസികഘടന ഇപ്പോഴും നമ്മുടെ
അന്തരംഗത്തിലുണ്ട്. അത് ബ്രിട്ടീഷുകാർ നമ്മെ ഭരിച്ചതുകൊണ്ടുണ്ടായ അടിമത്ത
മനോഭാവമല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മറ്റുള്ളവരെ ചവിട്ടാനും പാദപൂജ
ചെയ്യിക്കാനും ഇന്നും നാം കാണിക്കുന്ന തൃഷ്ണ അടിമഭാരതത്തിന്റെ
തുടർച്ചയാണ്. ബ്രിട്ടീഷടിമത്തത്തിന് പ്രാധാന്യം കൊടുത്തു കൊണ്ട് നിർമ്മിച്ച
ചരിത്രഗ്രന്ഥങ്ങളിൽനിന്ന് പി.കെ.ബാലകൃഷ്ണന്റെ ചരിത്രരചനാരീതി
വ്യത്യാസപ്പെടുന്നതവിടെയാണ്. കൃത്രിമമായി കെട്ടിയുണ്ടാക്കുന്ന
സ്വാതന്ത്ര്യബോധവും വൈദേശിക ധ്വംസനവും അദ്ദേഹം വെറുത്തു. വിദേശികൾ
വരുന്നതിനു മുൻപുള്ള കേരളം ലജ്ജാവഹമായ മനുഷ്യത്വനിഷേധത്തിന്റെ
കേദാരമായിരുന്നുവെന്ന ചിന്തകൾ ബാലകൃഷ്ണനെ പ്രകമ്പനം കൊള്ളിച്ചു.
കേരളീയ നവോത്ഥാനത്തെ പുതിയ രീതിയിൽ നിർവ്വചിക്കുകയായിരുന്നു. ആ
ചരിത്രപഠനത്തിന്റെ ലക്ഷ്യം. കാർഷികഗ്രാമങ്ങളുടെ ആവിർഭാവം മുതൽ
ഇവിടെ നിലനിന്നിരുന്ന കേരളസമൂഹത്തിന്റെ ചിത്രം 19-ാം നൂറ്റാണ്ടിന്റെ
മദ്ധ്യത്തോടെ അവസാനിപ്പിക്കുകയും ചെയ്യുന്നതാണ് ജാതിവ്യവസ്ഥിതിയും
കേരളചരിത്രവും എന്ന ഗ്രന്ഥത്തിന്റെ ഉള്ളടക്കം. താഴ്ന്ന ജാതിക്കാരെ
അടിമകളാക്കി അവരുടെ അധ്വാനത്തെ ചൂഷണം ചെയ്തുകൊണ്ടു ജീവിക്കുന്ന ഒരു
മേൽജാതിവിഭാഗം ശോഭനമായ നാടിന് ഗുണം ചെയ്യുകയില്ല എന്നദ്ദേഹം
തിരിച്ചറിഞ്ഞു.

സ്വാതന്ത്ര്യാനന്തരഭാരതത്തെ ബാലകൃഷ്ണൻ നോക്കിക്കണ്ടവിധം
പി.കെ.ബാലകൃഷ്ണന്റെ ലേഖനങ്ങൾ ,മായാത്ത സന്ധ്യകൾ,നിദ്രാസഞ്ചാരങ്ങൾ,
;കേരളീയതയും മറ്റും തുടങ്ങിയ കൃതികളിൽ സമാഹരിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ നേർച്ചിത്രം പകർന്നുവെയ്ക്കുന്നവയായിരുന്നു.
ആ എഴുത്തുകൾ. തൊഴിലില്ലായ്മ കൊടികുത്തിവാണ ഭാരതത്തിൽ ഒരു ഓഗസ്റ്റ്
പതിനഞ്ചിന് എന്തുസംഭവിച്ചു എന്നദ്ദേഹം കുറിക്കുന്നു നാട്ടിൽ തൊഴിലില്ല,
നാട്ടുകാർ അധികവും പട്ടിണിയിലാണ്. തീരെ താഴത്തെട്ടിലുള്ളവരുടെ കഥയല്ല.
അങ്ങേ അറ്റത്തെ മുകൾത്തട്ടൊഴിച്ചാൽ ഏറെക്കുറെ എല്ലാവരും പെടും, ഈ
തൊഴിലില്ലായ്മ സൈന്യത്തിൽ. ഈ സ്വാതന്ത്ര്യദിനത്തിൽ ആയിരക്കണക്കിന്,
പതിനായിരക്കണ ക്കിന്, എന്തിന് ലക്ഷക്കണക്കിന് ആളുകൾ മുദ്രാവാക്യങ്ങൾ
മുഴക്കി മുഷ്ടിയും ചുരുട്ടി മുമ്പോട്ടു നീങ്ങുമെന്നാണ് കരുതിയത്. പക്ഷെ ഒന്നും
കണ്ടില്ല. നമ്മുടെ ദേശീയത്വത്തിന്റെ നാണയം രണ്ടു തലയ്ക്കലും ഒപ്പം തേഞ്ഞു
നിരപ്പായിക്കൊണ്ടിരിക്കുകയാണെന്നു തോന്നുന്നു” (പി. കെ.ബാലകൃഷ്ണൻ,
കേരളീയതയും മറ്റും. ഡി.സി.ബുക്സ്, കോട്ടയം, 2-ാംപതിപ്പ്, 2008).
മിഥ്യാഭിമാനങ്ങളുടെ പുറത്ത് കെട്ടിപ്പടുത്ത സ്വാതന്ത്ര്യചിന്തകളാണ് നമ്മുടേതെന്നും
യഥാർത്ഥ പ്രശ്നങ്ങളെ ഒരു രാഷ്ട്രീയമാറ്റവും അഭിസംബോധന ചെയ്യുന്നില്ലെന്നും
ബാലകൃ ഷ്ണൻ തുറന്നടിച്ചു. സ്വാതന്ത്ര്യം നേടാനുണ്ടായ വ്യഗ്രത അതിൽ
പുലരാൻ ആവശ്യമില്ലെന്ന് കരുതിയ തലമുറക്കൊപ്പമുള്ള ജീവിതത്തിൽ അദ്ദേഹം
തൃപ്തനായില്ല.
ഗാന്ധിയനിസത്തിന്റെ ഇര
ഗാന്ധിജിയെക്കുറിച്ച് കണക്കില്ലാത്തത് പുസ്തകങ്ങൾ ഇറങ്ങിയിട്ടുണ്ടെങ്കിലും
അവയെല്ലാം അന്ധമായ, ഗാന്ധിഭക്തിയായി മാത്രം മാറിയിരിക്കുന്നു.
മുൻവിധികളുമായി ഗാന്ധിജിയെ സമീപിക്കുന്നതായി നമ്മുടെ രീതി.
ഗാന്ധിജിയുടെ ഏറ്റവും വലിയ മൂല്യം രാഷ്ട്രീയപ്രവർത്തനത്തിൽ
ധാർമ്മികമൂല്യങ്ങളെ പ്രതിഷ്ഠിച്ചു എന്നതാണ്. സന്മാർഗമൂല്യങ്ങളും പൊതു
പ്രവർത്തനവുമായി സന്ധി ചേർന്നലേ ലോകത്തിനു രക്ഷയുള്ളൂ എന്ന
ഗാന്ധിയനിസം പി. കെ.ബാലകൃഷ്ണൻ ഉൾക്കൊണ്ടു. എന്നാൽ
ജാതിവ്യവസ്ഥയുടെ തത്വസംഹിത ആദരിച്ചിരുന്ന ഹിന്ദുമത
നവീകരണമായിരുന്നോ ഗാന്ധിജിയുടെ ലക്ഷ്യം എന്ന് ആശങ്കപ്പെടുക കൂടി ബാല
കൃഷ്ണൻ ചെയ്യുന്നുണ്ട്.

നോവൽ പഠനത്തിലൂടെ സാമൂഹ്യപഠനത്തിലേക്ക്
പി.കെ.ബാലകൃഷ്ണന്റെ ചന്തുമേനോൻ ഒരു പഠനം എന്ന കൃതി
ബയോഗ്രഫിക്കൽ ക്രിറ്റിസിസം രീതിയിലുള്ള രചനയാണ്. സ്വാതന്ത്ര്യത്തിലേക്ക്
നടന്നടുക്കുന്നതിന് മുന്നോടിയായി സ്വയം പരിഷ്കൃതരാകേണ്ടതുണ്ട് എന്ന്
ചിന്തിച്ച ചന്തുമേനോൻ ഇംഗ്ലീഷുമാതിരി രചിച്ച കൃതിയാണ് ഇന്ദുലേഖ.
ഇന്ദുലേഖയും ശാരദയും സാഹിത്യകലാസൃഷ്ടികളെന്ന നിലയിൽ അന്യാദൃശ
മഹിമ കൈക്കൊള്ളുന്നുണ്ടോ എന്ന് പരിശോധിക്കുകയല്ല പി.കെ ബാലകൃഷ്ണൻ
ചെയ്യുന്നത്. കേരളീയ സമൂഹത്തെ ആദ്യമായി ചലിപ്പിച്ച കൃതികളെന്ന നിലയിൽ,
ആ സമൂഹത്തിന്റെ പുനഃസംവിധാനക്രമമായിരുന്നു ലേഖകൻ ലക്ഷ്യമിട്ടത് എന്ന
ആശയത്തിലൂന്നിയാണ് പഠനം നടത്തിയിരിക്കുന്നത്. എന്നാൽ ആവർത്തിച്ചുള്ള
വായനയിൽ നായർ-നമ്പൂതിരിബാന്ധവത്തെ ചന്തുമേനോൻ ഭർത്സിക്കുന്നില്ലെന്ന്
ബാലകൃഷ്ണൻ കണ്ടെത്തിയിട്ടുമുണ്ട്. എന്നാൽആദർശാത്മകമായ ഒരു
ഭാവികാല സങ്കല്പത്തിന്റെ ജീവചിത്രം താനറിയാതെ വർത്തമാന കാലത്തിന്റെ
ഭിത്തിയിൽ വരയ്ക്കാനുള്ള സിദ്ധിയാണ്” (പി.കെ.ബാലകൃഷ്ണന്റെ ലേഖനങ്ങൾ,
പുറം 150). ചന്തുമേനോനുണ്ടായിരുന്നത് എന്ന് ബാലകൃഷ്ണൻ നിരീക്ഷിക്കുന്നു.
സാമൂഹ്യപഠനവും വ്യവസ്ഥിതികളെ ചോദ്യം ചെയ്യലും സ്വന്തം നിലകളെ
മനസ്സിലാക്കലും ഒരുമിച്ച് ചേരുന്നതു കൊണ്ടുകൂടിയാണ് ഇന്ദുലേഖ
സവിശേഷമാകുന്നത്. കേരളീയ സാമൂഹ്യജീവിതത്തിലെ നവോത്ഥാനഘട്ടത്തിൽ
ഏറ്റമുട്ടിയ രണ്ടു സ്വാധീനശക്തികളായിരുന്നു പാരമ്പര്യവും
പാശ്ചാത്യസംസ്കാരവും. സാഹിത്യത്തിലും ഈ സ്വാധീനം നിദാനമായി
വർത്തിച്ചു. അതെങ്ങനെയെന്ന് ചൂണ്ടിക്കാണിക്കാനാണ് ബാലകൃഷ്ണൻ
ചന്തുമേനോൻ പഠനത്തിലൂടെ ശ്രമിച്ചത്. ഇനി ഞാനുറങ്ങട്ടെ എന്ന നോവലിലും
കവചകുണ്ഡലങ്ങൾ നഷ്ടപ്പെട്ടാലും ആത്മാഭി മാനം കൈവിടാതെ അവസാനം വരെ
പോരാടുന്ന കർണ്ണന്റെ ചിത്രം പി.കെ. ബാലകൃഷ്ണൻ വരഞ്ഞിട്ടു. സൂതന്റെ
മകനെന്ന് വിളിച്ച് ജാത്യാൽ അപമാനിതനായി നിൽക്കേണ്ടി വന്ന കർണ്ണൻ,
തിരസ്കൃത സ്ത്രീത്വമായ ദ്രൗപതിയുടെ കാഴ്ചയിലൂടെ അനാവൃതമാകുന്നു.
ബോധധാര സമ്പ്രദായത്തിൽ രചിക്കപ്പെട്ട ഈ നോവലും ജാതികൃതമായ
തിരസ്ക്കാരത്തിന്റെ പരിച്ഛേദമാണ്. ;ടിപ്പു സുൽത്താൻ എന്ന
ജീവചരിത്രഗ്രന്ഥത്തിലും സ്വാതന്ത്ര്യദാഹത്തിലേക്ക് നമ്മെ ഏറെ അടുപ്പിച്ച
വ്യക്തിയായിട്ടാണ് അദ്ദേഹത്തെ പി.കെ.ബാലകൃഷ്ണൻ അടയാളപ്പെടുത്തിയത്.
തെന്നിന്ത്യയിൽനിന്നും ബ്രിട്ടീഷുകാരെ വിറപ്പിച്ച ഏകശക്തിയായും
ധീരദേശാഭിമാനിയായും ടിപ്പുവിനെ കാണുമ്പോൾ വർഗീയവിഷം കുത്തിവച്ച്
നാം ചരിത്രപുസ്തകങ്ങളിൽ പഠിക്കുന്ന ടിപ്പുവല്ല നമ്മുടെ മുൻപിൽ
പ്രത്യക്ഷപ്പെടുക. പ്ലൂട്ടോ പ്രിയപ്പെട്ട പ്ലൂട്ടോ എന്ന ഗ്രന്ഥത്തിൽ ഒരു നാടൻ
പട്ടിയുടെ അനിഷേധ്യമായ യജമാനസ്നേഹത്തിന്റെ കഥയാണ്
പറഞ്ഞുവയ്ക്കുക. ഗഹനമായ ഭാഷയിൽനിന്നുമാറി ലളിതമായ രചനാശൈലി
പുലർത്തുന്ന കൃതി സ്വാതന്ത്ര്യാനന്തരം നാം പുലർത്തിയ നിസ്സംഗതയുടെ
പ്രതീകം കൂടിയാണ്.
സിദ്ധിയുടെ നിലയും കുമാരനാശാൻ നിരൂപണവും
നോവൽ സിദ്ധിയും സാധനയും എന്ന ഗ്രന്ഥത്തിലൂടെ താരാശങ്കർ ബാനർജിയുടെ
“ആരോഗ്യനികേതനവും; ജയിൻ ഓസ്റ്റിന്റെ “പ്രൈഡ് ആന്റ് പ്രജുഡിസും
ദസ്തയേവ്സ്കിയുടെ കാരമസോവ് സഹോദരന്മാരും പഠനവിഷയമാക്കിയ
പി.കെ.ബാലകൃഷ്ണൻ സിദ്ധിയും സാധനയും കൈമുതലാക്കിയ
കുമാരനാശാനെയും അദ്ദേഹത്തിന്റെ കൃതികളെയും ശ്രദ്ധാപൂർവ്വം പഠിച്ചെ
ടുത്തു. ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി, നളിനി, ചിന്താവിഷ്ടയായ സീത,
ശ്രീബുദ്ധചരിതം തുടങ്ങിയ കൃതികളിലെ സിദ്ധിയുടെ നില അന്വേഷിച്ചു.
കേരളീയ നവോത്ഥാനത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ദുരവസ്ഥയിൽ
ജാതികൃതമായ ഉച്ചനീചത്വങ്ങളെ ഉള്ളൂവെന്ന് തുറന്നുകാണിച്ചു. ചാത്തന്റെ
കുടിലിലേക്ക് സാവിത്രി എന്ന അന്തർജ്ജനം കടന്നുവന്നപ്പോൾ സ്വന്തം
അമ്മയെയും പെങ്ങളെയും മാറ്റിപ്പാർപ്പിക്കുകയും വാതിലിന് പുറത്ത്
ശയിക്കുകയും ചെയ്ത ചാത്തൻ ജാതിവ്യവസ്ഥയുടെ ഇര മാത്രമാണ്.
സാമൂഹ്യനവോത്ഥാന കൃതിയെന്ന പേരിൽ രചിക്കപ്പെട്ടവയിലെ ആന്തരിക
വൈരുദ്ധ്യങ്ങൾ അദ്ദേഹം ചൂണ്ടിക്കാണിച്ചു.
എഴുത്തച്ഛന്റെ കല-ചില വ്യാസ ഭാരതപഠനങ്ങളുംഎന്ന നിരൂപണത്തിൽ ഒരു
വലിയ അദ്ധ്യായം തന്നെ വ്യാസഭാരതത്തിന്റെ രൂപപരിണാമത്തെയും
ഇന്ത്യയുടെ സമുദായ പരിണാമത്തെയും പഠിക്കുന്നതിനാണ് അദ്ദേഹം
ചെലവഴിച്ചിരിക്കുന്നത്.
“കുരുവംശ കഥാപ്രതിപാദനങ്ങളെ മാത്രം അവലംബിച്ചുകൊണ്ട്
മഹാഭാരതത്തിലെ സമുദായഘടനയുടെ സ്ഥിതിയെന്തെന്ന് ചിന്തിച്ചാലും ചോദ്യം
ചെയ്യാനാകാത്ത രീതിയിൽ ബ്രാഹ്മണ മേധാവിത്വത്തിൽ കീഴിൽ
വർണാശ്രമധർമ്മം അന്നേക്ക് ഉറച്ചുകഴിഞ്ഞിരുന്നില്ലെന്ന് മാത്രമല്ല നാം കാണുക.
അങ്ങനെ ഒന്നിന്റെ ഉറച്ച സംസ്ഥാപനത്തിനുവേണ്ടിയുള്ള ബലത്തായ പീഠഭൂമി
മഹാഭാരതത്തിലൂടെയാണ് സജ്ജമാക്കപ്പെട്ടത് എന്ന ധാരണയാണ് ഒരാൾക്കുണ്ടാ
കുക” (എഴുത്തച്ഛന്റെ കല ചില വ്യാസഭാരതപഠനങ്ങളും പുറം 145) എന്ന
നിലയ്ക്ക് ആ ഗ്രന്ഥത്തിൽ അദ്ദേഹം ഉദ്ധരിക്കുന്നുമുണ്ട്. എഴുത്തച്ഛൻ
ചാക്കാലനായർ വിഭാഗത്തിൽപ്പെട്ടയാൾ എന്ന നിലയിലാണ്
പി.കെ.ബാലകൃഷ്ണൻ പഠനം നടത്തുന്നത്. എഴുത്തച്ഛന്റെ കൃതികളിലെ
ജാതികൃത സ്വഭാവത്തെ വേർതിരിച്ചെടുക്കാനുള്ള ശ്രമവും അദ്ദേഹം
നടത്തിയിട്ടുണ്ട്. അംബോദ്കറെക്കുറിച്ച്
ജാതിശ്രേണിയുടെയും വർണ്ണാശ്രമധർമ്മത്തിന്റെയും പീഡനങ്ങൾ
ജീവിതാനുഭവമാക്കിയിരുന്ന വ്യക്തിയായിരുന്നു അംബേദ്കർ. അദ്ദേഹം
അവസാനനാളുകളിൽ ഹിന്ദുമതം വെടിഞ്ഞ് ബുദ്ധമതം സ്വീകരിച്ചയാളാണ്.
ഇന്ത്യയുടെ നിരന്തരാനുഭവമായിരുന്ന രാഷ്ട്രീയ പാരമ്പര്യം വർണ്ണാശ്രമധർമ്മ
പ്രകാരമുള്ള ജാതിസമൂഹത്തിന്റെ സംഭാവനയാണെന്ന് ചരിത്രപണ്ഡിതൻ
കൂടിയായ അദ്ദേഹം വിശ്വസിച്ചിരുന്നു.” (പി.കെ.ബാലകൃഷ്ണന്റെ ലേഖനങ്ങൾ,
പുറം. 194).
ഹിന്ദുമതത്തിലെ ജാതിധർമ്മവ്യവസ്ഥിതി തികച്ചും ശ്രേഷ്ഠമാണെന്ന ധാരണയിൽ
നിന്നും ഗാന്ധി ഒരിക്കലും മാറിയിരുന്നില്ലെന്നും അധഃകൃതനായ അംബേദ്കറുടെ
ബുദ്ധി കുശലതയും വിജ്ഞാനവും വാദപ്രതിവാദ കൗശലവും ബ്രിട്ടീഷ്
ഭരണാധികാരികൾ ആദരിച്ചംഗീകരിച്ച് സ്ഥാനവും ചുമതലകളും
കൊടുത്തില്ലായിരുന്നെങ്കിൽ സ്വതന്ത്ര ഇന്ത്യയുടെ സ്ഥിതി എന്താ
കുമായിരുന്നുവെന്നും പി.കെ.ബാലകൃഷ്ണൻ ചിന്തിക്കുന്നുണ്ട്.
ഒരത്ഭുതപ്രതിഭാസമായാണ് അംബേദ്കറെ അദ്ദേഹം കണ്ടത്.
നിന്ദയും വെറുപ്പും വർജ്ജനവും കൊണ്ട് മുഖരിതമായിരുന്നു കേരളീയ
ജാതിസമൂഹം. ദേശീയതയിലേക്കുള്ള പ്രയാണത്തിൽ ജാതികൃതമായ
ഉച്ചനീചത്വങ്ങൾ വലിയ വിലങ്ങുതടിയായിരുന്നു. ചരിത്രം, ഭാഷാശാസ്ത്രം,
സാമൂഹ്യശാസ്ത്രം, നിരൂപണം, നോവൽ തുടങ്ങിയ സമസ്ത മേഖലകളിലും
വ്യാപരിച്ചുകൊണ്ട് ഇന്ത്യൻ ദേശീയതയുടെ പരിമിതികളെയും പ്രശ്ന ങ്ങളെയും
അഭിമുഖീകരിക്കാനുള്ള ശ്രമമാണ് പി.കെ. ബാലകൃഷ്ണൻ നടത്തിയത്. അത്
തികച്ചും മൗലികവും സ്വതന്ത്ര്യവുമായ ചിന്താഗതിയിലൂടെ
സാക്ഷാത്കരിക്കാനാണദ്ദേഹം ശ്രമിച്ചത്. സ്വാതന്ത്ര്യത്തിനായി
ജയിൽവാസമനുഭവിക്കാനും വിദ്യാഭ്യാസം ഉപേക്ഷിക്കാനും അദ്ദേഹം തയ്യാറായി.
നാരായണഗുരുവിനെപ്പോലുള്ള സാമൂഹ്യപരിഷ്ക്കർത്താക്കളെയും സഹോദരൻ
അയ്യപ്പൻ, മത്തായി മാഞ്ഞൂരാൻ, കുമാരനനാശാൻ, അംബേദ്കർ തുടങ്ങിയ
വ്യക്തിത്വങ്ങളെയും പഠിക്കാനും സ്വതന്ത്രഭാരതത്തിന്റെ അകവും പുറവും
ഉൾക്കാഴ്ചയോടെ കാണാനും ഒരു കാല ഘട്ടത്തിലെ ജനതയ്ക്ക് കരുത്തു
നൽകിയ വ്യക്തിത്വമാണ് പി.കെ ബാലകൃഷ്ണന്റേത്. ധീരതയും ധിക്കാരവും
അദ്ദേഹത്തെ പല പത്രക്കാരുടെയും കണ്ണിലെ കരടാക്കി മാറ്റി. കാലമെത്ര
കഴിഞ്ഞാലും അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളുടെ പ്രസക്തി ഏറിവരികയാണ്.
യുക്തിബദ്ധതയും ആശയവ്യക്തതയും ഒന്നിക്കുന്ന ഈ കരുത്തുറ്റ ചിന്തകൾ
സ്വതന്ത്ര്യഭാരതത്തിന്റെ ചിന്തകളിൽ അനിഷേധ്യ സാന്നിദ്ധ്യമാകേണ്ടതാണ്.

(ഡോ. ജെൻസി കെ.എ. സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയില്‍ മലയാളം വിഭാഗം അസി. പ്രൊഫസറാണ് )