
സിജെപിസമരവുമായി ബന്ധപ്പെട്ട ഇൻസ്റ്റഗ്രാം പോസ്റ്റിനെ തുടർന്നുണ്ടായ വിവാദങ്ങൾക്കിടെ സംവിധായകൻ സിബി മലയിലിനെ കുറിച്ച് നടത്തിയെന്ന തരത്തിൽ പ്രചരിച്ച പരാമർശത്തിൽ ആദ്യമായി വിശദീകരണവുമായി രംഗത്തെത്തി അവതാരകയും നടിയുമായ പേർളി മാണി.
തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് 'പരാജയപ്പെട്ട സംവിധായകൻ' എന്ന ഇൻസ്റ്റഗ്രാം സ്റ്റോറിയെക്കുറിച്ചും, ജോ സിബി മലയിൽ ഉയർത്തിയ വിമർശനങ്ങളെക്കുറിച്ചും പേർളി വിശദമായി സംസാരിച്ചത്. സിബി മലയിലിനെ ഉദ്ദേശിച്ചല്ല ആ പരാമർശമെന്നും, അദ്ദേഹത്തോട് മാപ്പ് പറയുന്നതായും താരം വ്യക്തമാക്കി.
സിജെപി വിഷയത്തിൽ പേർളി പങ്കുവെച്ച പോസ്റ്റിനെതിരെ സംവിധായകൻ സിബി മലയിലിന്റെ മകനും നടനും സിനിമാപ്രവർത്തകനുമായ ജോ സിബി മലയിൽ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. പേർളിയുടെ നിലപാടിനെ 'സേഫ് ഗെയിം' എന്ന് വിശേഷിപ്പിച്ച ജോ, സ്വാതന്ത്ര്യസമര സേനാനികളുടെ ഓർമകളെ പോലും അപമാനിക്കുന്ന തരത്തിലാണ് താരം പെരുമാറിയതെന്ന വിമർശനവും ഉന്നയിച്ചിരുന്നു.
ഈ വിമർശനങ്ങൾക്ക് പിന്നാലെയാണ് പേർളി ഇൻസ്റ്റഗ്രാമിൽ, "ഒരു പരാജയപ്പെട്ട സംവിധായകൻ എന്റെ നാല് പേജ് പോസ്റ്റിനെക്കുറിച്ച് പത്ത് പേജുള്ള തിരക്കഥ എഴുതുകയാണ്" എന്ന സ്റ്റോറി പങ്കുവെച്ചത്. പിന്നാലെ ജോ സിബി മലയിൽ, പേർളി ഉദ്ദേശിച്ചത് തന്റെ പിതാവ് സിബി മലയിലിനെയാണെന്ന് ആരോപിച്ചതോടെ വിവാദം കൂടുതൽ ശക്തമാവുകയും ചെയ്തു.
'ആ വാക്ക് തെറ്റായിരുന്നു; അതുകൊണ്ടാണ് സ്റ്റോറി ഡിലീറ്റ് ചെയ്തത്'
വീഡിയോയിൽ വിഷയത്തെക്കുറിച്ച് പ്രതികരിച്ച പേർളി, ജോയുടെ ചില പരാമർശങ്ങളാണ് തന്നെ വൈകാരികമായി ബാധിച്ചതെന്ന് പറഞ്ഞു.
"ഞാൻ പറയാത്ത കാര്യങ്ങൾ പോലും പറഞ്ഞതായി വ്യാഖ്യാനിച്ചു. സ്വാതന്ത്ര്യസമര സേനാനികളുടെ ശവകുടീരങ്ങളിൽ തുപ്പുന്നതുപോലെയാണ് ഞാൻ പെരുമാറിയതെന്ന് അദ്ദേഹം പറഞ്ഞത് എന്നെ വളരെ വേദനിപ്പിച്ചു. ആ ദേഷ്യത്തിലാണ് 'പരാജയപ്പെട്ട സംവിധായകൻ' എന്ന വാക്ക് ഞാൻ ഉപയോഗിച്ചത്," എന്ന് പേർളി പറഞ്ഞു.
എന്നാൽ ആ പ്രയോഗം തെറ്റായിരുന്നുവെന്ന് പിന്നീട് തിരിച്ചറിഞ്ഞെന്നും, അതുകൊണ്ടുതന്നെയാണ് സ്റ്റോറി നീക്കം ചെയ്തതെന്നും താരം വ്യക്തമാക്കി.
"അത് ശരിയായ പ്രതികരണമല്ലായിരുന്നു. അതുകൊണ്ടാണ് ഞാൻ ആ സ്റ്റോറി ഡിലീറ്റ് ചെയ്തത്. ആ വാക്ക് ഉപയോഗിച്ചതിൽ ഞാൻ മാപ്പ് ചോദിക്കുന്നു," പേർളി പറഞ്ഞു.
'സിബി മലയിൽ മലയാള സിനിമയുടെ ഐക്കണാണ്'
ജോ സിബി മലയിൽ തന്റെ സ്റ്റോറി സിബി മലയിലിനെ ഉദ്ദേശിച്ചാണെന്ന് പറഞ്ഞത് തനിക്ക് വലിയ ഞെട്ടലായിരുന്നുവെന്നും പേർളി പറഞ്ഞു.
"അദ്ദേഹത്തിന്റെ അച്ഛൻ സിബി മലയിൽ മലയാള സിനിമയിലെ ഒരു ഐക്കോണിക് സംവിധായകനാണ്. അദ്ദേഹത്തിന്റെ വലിയ ആരാധികയാണ് ഞാൻ. അദ്ദേഹത്തെ കുറിച്ച് അങ്ങനെ പറയുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ല. അത് കേട്ടപ്പോൾ എനിക്ക് വളരെ വേദന തോന്നി," എന്നാണ് പേർളിയുടെ പ്രതികരണം.
സിബി മലയിലിനെ കുറിച്ച് മോശമായി പറഞ്ഞുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ വാർത്ത നൽകിയെന്നും, അതിന് മറുപടി പോലും പറയേണ്ടെന്ന് ആദ്യം തീരുമാനിച്ചിരുന്നുവെന്നും താരം പറഞ്ഞു.
"ഞാൻ ഒരിക്കലും സിബി മലയിലിനെ അങ്ങനെ വിശേഷിപ്പിക്കില്ല. അദ്ദേഹം മലയാള സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ്," എന്നും പേർളി കൂട്ടിച്ചേർത്തു.
വിവാദമായ 'കാവി നിറം' ഇൻസ്റ്റഗ്രാം സ്റ്റോറിയെക്കുറിച്ചും പേർളി വിശദീകരിച്ചു. തന്റെ യഥാർഥ കുറിപ്പ് നോട്ട് പാഡിൽ എഴുതിയ ശേഷം കാൻവ ഉപയോഗിച്ചാണ് ഡിസൈൻ ചെയ്തതെന്നും, അതിൽ കാവി നിറം വന്നത് പ്രത്യേകം ശ്രദ്ധിച്ചിരുന്നില്ലെന്നും അവർ പറഞ്ഞു.
അതിനെ ചൂണ്ടിക്കാട്ടി ജോ സിബി മലയിൽ, "ഈ നിറം കണ്ടാൽ തന്നെ നിങ്ങൾ ഏത് പാർട്ടിയുടെ കൂടെയാണെന്ന് മനസ്സിലായി" എന്ന തരത്തിൽ പ്രതികരിച്ചതായും പേർളി ആരോപിച്ചു.
അതിനുള്ള മറുപടിയായാണ് "ഇന്ത്യൻ പതാകയിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നിറം കാവിയാണ്" എന്ന സ്റ്റോറി പങ്കുവെച്ചതെന്നും, അത് രാഷ്ട്രീയ പ്രസ്താവനയായിരുന്നില്ലെന്നും താരം വിശദീകരിച്ചു.
അത് അദ്ദേഹത്തിനുള്ള മറുപടി മാത്രമായിരുന്നു. പക്ഷേ അതിന്റെ സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിച്ചു. പിന്നീട് ഞാൻ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കുന്ന ആളാണെന്ന തരത്തിലാണ് അത് പ്രചരിപ്പിക്കപ്പെട്ടത്," എന്നും പേർളി പറഞ്ഞു.
രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളിലും തനിക്ക് സുഹൃത്തുക്കളുണ്ടെന്നും, എല്ലാ രാഷ്ട്രീയ ആശയങ്ങളെയും ബഹുമാനിക്കുന്നുവെന്നും താരം വീഡിയോയിൽ കൂട്ടിച്ചേർത്തു.
വീഡിയോയുടെ അവസാനം, തന്നെ വിമർശിക്കുന്നവർ വിമർശനം നിർത്തണമെന്നല്ല താൻ പറയുന്നതെന്നും, എന്നാൽ സ്വന്തം വാക്കുകളുടെ യഥാർഥ പശ്ചാത്തലം ആളുകൾ മനസ്സിലാക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും പേർളി വ്യക്തമാക്കി.