
കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നത് കരിമണല്‍ കര്‍ത്തായുടെ നികുതിവെട്ടിപ്പും കള്ളപ്പണ ഇടപാടുകളും.. കേന്ദ്ര ഏജന്‍സികള്‍ക്ക് എക്‌സാലോജികും ടി.വീണയും പിണറായി വിജയനും ഒന്നും മുഖ്യ പ്രതികളല്ല (main accused). IT, PMLA, Company Act കേസുകളില്‍ (ആദായനികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍) ഇവരൊക്കെ കേവലം കൂട്ടുപ്രതികള്‍( co-accused) ആണ്. ആ നിലയില്‍ കേന്ദ്ര ഏജന്‍സികള്‍ സ്വീകരിക്കുന്ന തുടര്‍ നടപടികള്‍ എന്താണെന്നു കാത്തിരുന്നു കാണേണ്ടിവരും.
കര്‍ത്തായുടെ മൊഴിയില്‍കൂടെ ഈ കേസിന് ഒരു പുതിയ തലമാണു വന്നിരിക്കുന്നത്. അതാണ് പിണറായി വിജയന്‍ എന്ന മുന്‍ മുഖ്യമന്ത്രിക്കെതിരെയുള്ള അഴിമതി ആരോപണം. നിലവില്‍ അഴിമതി വിരുദ്ധനിയമത്തില്‍ (anti-corruption act) മേല്പറഞ്ഞ കേന്ദ്ര ഏജന്‍സികള്‍ മൂന്നും ഏതെങ്കിലും അന്വേഷണം നടത്തുന്നതായി റിപ്പോര്‍ട്ടുകളില്ല. ആ മൂന്ന് ഏജന്‍സികള്‍ക്കും അതിനുള്ള അധികാരവും (jurisdiction) ഇല്ല. കേന്ദ്രത്തില്‍ അതിനുള്ള അധികാരം സിബിഐക്കാണ്. ഈ കേസില്‍ സിബിഐ FIR രജിസ്റ്റര്‍ ചെയ്തിട്ടുമില്ല.
Anti-corruption ഒരു സംസ്ഥാന വിഷയം ആണ്. ആരോപണ വിധേയമായ വ്യക്തികള്‍ (കൈക്കൂലി കൊടുത്തവരും വാങ്ങിയവരും) കേരളത്തിലാണ്. Cause of action (സംഭവം) നടന്നതും കേരളത്തിലാണ്. അതുകൊണ്ടുതന്നെ ഈ പറഞ്ഞ അഴിമതിയാരോപണത്തില്‍ അന്വേഷണം നടത്താനും കൈക്കൂലി കൊടുക്കുകയും വാങ്ങുകയും ചെയ്ത പ്രതികളുടെ അറസ്റ്റുള്‍പ്പെടെയുള്ള നടപടികളെടുക്കാനും സംസ്ഥാന സര്‍ക്കാരിനും പോലീസിനും നിയമപരമായ ബാധ്യതയുണ്ട്.
അഴിമതി കേസിനെ കേന്ദ്ര ഏജന്‍സികളുടെ നികുതിവെട്ടിപ്പു-കള്ളപ്പണം വെളുപ്പിക്കൽ കേസുകളുമായി ബന്ധപ്പെടുത്താനും സംസ്ഥാന പോലിസിന്റെ അഴിമതിവിരുദ്ധ നടപടികള്‍ വേണ്ടെന്നുവെക്കാനും നിയമപരമോ ധാര്‍മികമോ ആയ യാതൊരു സാഹചര്യവുമില്ല.
വി.ഡി സതീശന്‍ നയിക്കുന്ന സര്‍ക്കാരും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പോലീസും എന്തുകൊണ്ടു നടപടി എടുക്കുന്നില്ല? ഇത്ര വലിയ അഴിമതിയുണ്ടായിട്ടും എന്തുകൊണ്ടാണു സര്‍ക്കാര്‍ കാണാതെ നടിക്കുന്നത്? ജനത്തിനും നിയമത്തിനും മുന്നില്‍ അതിനുള്ള മറുപടി പറയാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. അധികാര സ്ഥാനത്തിരിക്കേ പൊതുപ്രവര്‍ത്തകന്‍ നടത്തിയ അഴിമതിയില്‍ അന്വേഷണത്തിനും അറസ്റ്റിനും കേരള പോലീസിനും വിജിലന്‍സിനും അധികാരമുണ്ട്.
കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്ന കേസുകള്‍ ആയതിനാല്‍ ഇടപെടാന്‍ കഴിയില്ല എന്ന് പറഞ്ഞ് സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല.അഴിമതിയുടെ വ്യാപ്തി മറ്റ് സംസ്ഥാനങ്ങളിലേക്കും രാജ്യത്തിന് പുറത്തേക്കും വ്യാപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. അതിന് ഒരു കേന്ദ്ര ഏജന്‍സി അനിവാര്യമാണ്. സംസ്ഥാന പോലീസും വിജിലന്‍സും കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ സിബിഐയുടെ സഹായം തേടാം. സിബിഐക്ക് നേരിട്ട് കേസ് എടുക്കാന്‍ പല സംസ്ഥാനങ്ങളിലും തടസ്സമുണ്ട്. സിബിഐയുടെ വരവിനെ തടയാന്‍ കേരളവും പശ്ചിമ ബംഗാളും പോലെയുള്ള സംസ്ഥാനങ്ങള്‍ നേരത്തെ പാസാക്കിയ ബില്‍ ആണ് ഇതിനു കാരണം.
സംസ്ഥാന പോലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് കണ്ടാല്‍ സര്‍ക്കാരിന് സിബിഐ അന്വേഷണത്തിന് വിടാം. അല്ലെങ്കില്‍ കോടതി വഴി സിബിഐ അന്വേഷണത്തിന് ഉത്തരവിടാം.
ഇ.ഡിയും ആദായ നികുതിയും എസ്എഫ്‌ഐഒയും അന്വേഷിക്കുന്നത് കരിമണല്‍ കര്‍ത്തയുടെ 300 കോടിയുടെ നികുതിവെട്ടിപ്പും കള്ളപ്പണം വെള്ളുപ്പിക്കലും ആണ്. അതിനായി കൂട്ടുനിന്നു എന്ന ചെറിയ പങ്ക് മാത്രമാണ് ആ കേസിൽ വീണയ്ക്കുള്ളത്. വീണ ചെയ്യാത്ത സേവനത്തിന് പ്രതിഫലം വാങ്ങിയിട്ടുണ്ടോ എന്നത് മാത്രമാണ് കേന്ദ്രം അന്വേിക്കുന്നത്. സേവനം നല്‍കിയിട്ടില്ല എന്നത് ഏറെക്കുറെ വ്യക്തവുമാണ്. ഈ പണം പിണറായിയില്‍ നിന്ന് നിയമവിരുദ്ധമായി ലഭിക്കുന്ന സർക്കാർ ആനുകൂല്യങ്ങള്‍ക്ക് പകരമായി നല്‍കുന്ന പ്രതിഫലമാണെന്ന് കണ്ടെത്തിയാല്‍ അത് അഴിമതിയാണ്. അതില്‍ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. സംസ്ഥാനം അതിന് തയ്യാറായില്ലെങ്കില്‍ ഈ കേസ് അവിടെ തീരും.
കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ മുന്‍ സര്‍ക്കാര്‍ എടുത്ത കേസുകള്‍ നിരവധിയാണ്. ഇവിടെ പിണറായിയുടെ പങ്കിനെ കുറിച്ച് ശശിധരന്‍ കര്‍ത്ത നല്‍കിയ മൊഴി ഇ.ഡിയുടെ പക്കലുണ്ട്. ഇതിനകം ശേഖരിച്ച മൊഴികളും കണ്ടുകെട്ടിയ ആസ്തിയും എല്ലാം ഇ.ഡി അവരുടെ ഇന്റേണല്‍ ജുഡീഷ്യല്‍ സംവിധാനമായ അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിയുടെ മുമ്പാകെ സമര്‍പ്പിച്ച് അംഗീകാരം തേടിയിട്ടുണ്ട്. കണ്ടുകെട്ടിയ ആസ്തികള്‍ നിശ്ചിത ദിവസത്തിനുള്ളില്‍ ഈ അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് വ്യവസ്ഥ. അഴിമതിപ്പണം കൊണ്ട് വാങ്ങിയതോ അതിനു തതുല്യമായ ആസ്തിയോ ആണ് കണ്ടുകെട്ടിയതെന്ന് അവിടെ ഏജന്‍സി ബോധ്യപ്പെടുത്തും. ഇത്തരത്തില്‍ അഡ്ജുഡിക്കേറ്റിംഗ് നടപടിക്രമങ്ങള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ഇതോടെ പിണറായി വിജയനും അഴിമതിയില്‍ പങ്കുപറ്റിയെന്ന് പകല്‍പോലെ വ്യക്തമായിരിക്കുകയാണ്. ഇത്രയും വ്യക്തമായ തെളിവുകള്‍ ഉള്ള സ്ഥതിക്ക് സംസ്ഥാന പോലീസിന് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഒരു ബുദ്ധിമുട്ടുമില്ല.
ചുരുക്കത്തില്‍, പിണറായി കുടുങ്ങണോ രക്ഷപ്പെടണോ എന്ന് തീരുമാനിക്കേണ്ടത് സതീശനും രമേശനുമാണ്.