
ആത്മകഥ എഴുതാനൊരുങ്ങി നടന്‍ രജനികാന്ത്. താരവുമായി അടുത്തബന്ധമുള്ള വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ബാല്യകാലത്തെ അനുഭവങ്ങളില്‍ തുടങ്ങി സിനിമയിലെത്തിയതും പ്രശസ്തി കൈവരിച്ചതും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ രജനി ആത്മകഥയില്‍ കുറിക്കുമെന്നാണ് അറിയുന്നത്. ജീവിതത്തിലുണ്ടായ പ്രധാന സംഭവങ്ങള്‍, പോരാട്ടങ്ങള്‍, സങ്കടകരമായ അനുഭവങ്ങള്‍ തുടങ്ങിയവയും പുസ്തകത്തില്‍ ഇടംപിടിക്കും.
രജനിയുടെ ജീവിതകഥ സിനിമയാക്കാനുള്ള ആലോചനകളും നടക്കുന്നുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും മകള്‍ സൗന്ദര്യയും രജനികാന്ത് ആത്മകഥാരചന തുടങ്ങിയതായി സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ നെല്‍സണ്‍ ഒരുക്കുന്ന ജയിലര്‍ 2 വിന്റെ പണിപ്പുരയിലാണ് രജനികാന്ത്. ചിത്രം ഒക്ടോബര്‍ 15 ന് പുറത്തിറങ്ങും. ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 600 കോടിയിലേറെ നേടിയ ചിത്രം വിജയിച്ചത് മുതല്‍ ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയതാണ് രണ്ടാം ഭാഗത്തിനായി. ഒരു പ്രൊമോ വീഡിയോയ്‌ക്കൊപ്പം രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം എത്തിയത് ജനുവരി 14 ന് ആയിരുന്നു. പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു. ചിത്രത്തില്‍ ബോളിവുഡ് താരം ഹൃത്വിക് റോഷനും ഒരു കാമിയോ വേഷത്തില്‍ വരുന്നുണ്ട്.
തമിഴ് സിനിമയില്‍ ഏറ്റവും വലിയ ഓപണിം?ഗ് വരാന്‍ സാധ്യതയുള്ള അപ്കമിം?ഗ് പ്രോജക്റ്റുമാണ് ജയിലര്‍ 2. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ആദ്യ ഭാഗം പോലെതന്നെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും രണ്ടാം ഭാഗവും. മോഹന്‍ലാല്‍ ഉള്‍പ്പെടെ നിരവധി താരങ്ങളുടെ കാമിയോ ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് സിനിമ നിര്‍മിക്കുന്നത്. ചിത്രം ഈ വര്‍ഷം തിയറ്ററുകളിലെത്തും. ചിത്രത്തില്‍ വിനായകന്‍ അവതരിപ്പിച്ച വര്‍മന്‍ എന്ന വില്ലന്‍ കഥാപാത്രം ഏറെ കയ്യടി നേടിയിരുന്നു. സിനിമയുടെ രണ്ടാം ഭാഗത്തിലും വിനായകന്‍ ഉണ്ടാകുമെന്ന് നടന്‍ തന്നെ വ്യക്തമാക്കിയിരുന്നു.