Image

ഫൊക്കാന പോർക്കളത്തിൽ പൊരിഞ്ഞ ഇലെക്ഷൻ അങ്കംവെട്ട് (നർമ്മ ലേഖനം: എ.സി.ജോർജ്)

Published on 25 July, 2026
ഫൊക്കാന പോർക്കളത്തിൽ പൊരിഞ്ഞ ഇലെക്ഷൻ അങ്കംവെട്ട്  (നർമ്മ ലേഖനം: എ.സി.ജോർജ്)

മുകളിലെ ശീർഷകം കണ്ട് ആരും ഭയപ്പെടേണ്ടതില്ല. അത്യന്തം സമാധാന സൗഹാർദ്ദപരമായ ഇലക്ഷൻ പ്രചാരണ അങ്കത്തട്ടിലെ  അങ്കം വെട്ട്. ഇവിടെ ആരുടെയും രക്തം പൊടിയുന്നില്ല. ആവേശ തിമിർപ്പിൽ രക്തം തിളക്കുമായിരിക്കും. മലയാളിയല്ലേ, വിപ്ലവ, വീര്യ, അഭിമാന ആവേശ നാട്ടിൽ നിന്ന് വരുന്നവരല്ലേ?

ഫൊക്കാന  ഇലക്ഷന് വേണ്ടി, രണ്ട് ശക്തിയേറിയ, പാനലുകൾ, അരയും തലയും മുറുക്കി ഇലക്ഷൻ ഗോദായിൽ അതിശക്തിയായി ഏറ്റുമുട്ടുമ്പോൾ പല വിസ്മയങ്ങളും നടന്നേക്കാം എന്ന് മാത്രം. ഇതിൽ ആണെന്നോ പെണ്ണെന്നോ വ്യത്യാസം ഇല്ല. മത്സരത്തിനായുള്ള ജേഴ്സി അണിഞ്ഞ്  ഇരുപാനലുകാരും പരസ്പരം ഇലക്ഷൻ ഗുസ്തിയിൽ, കയ്യും മെയ്യും മറന്ന് പോരാടി എന്നിരിക്കും. കേരളത്തിൽ നിന്ന് വരുത്തിയ ആയുർവേദ എണ്ണകളും കുഴമ്പുകളും പുരട്ടി നല്ല മെയ് വഴക്കം വരുത്തിയ സുന്ദരി സുന്ദരന്മാരും തരുണീമണികളുമാണ് ഫൊക്കാനാ ഇലക്ഷൻ ഗോദയിൽ പോരടിക്കാൻ പോകുന്നത്. ആരൊക്കെ വാഴും ആരൊക്കെ വീഴും എന്നത് കണ്ടുകേട്ടറിയാൻ ഇനി നിങ്ങൾ അധിക ദിവസം കാത്തിരിക്കേണ്ടതില്ല. നാട്ടിലെ മാതിരി, ഇലക്ഷൻ പ്രചാരണ കലാശക്കൊട്ട് രണ്ടു പാനൽകാരും അതിഗംഭീരം ആയിട്ടാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നതെന്നു ഇരു കൂട്ടരുടെയും വക്താക്കൾ പറയുകയുണ്ടായി. ഫൊക്കാനയല്ലേ, ഈ പേരിൽ തന്നെ ഒരു ആന ഉണ്ടല്ലോ?., അതിനാൽ കേരളത്തിൽ നിന്നോ, അമേരിക്കയിലെ ഏതെങ്കിലും ഒരു കാഴ്ച ബംഗ്ലാവിൽ നിന്നൊ ഒന്നോ രണ്ടോ ആനകളെ ഈ കലാശക്കൊട്ടിനു പിടിച്ചുകൊണ്ട് വന്നാലും അത്ഭുതപ്പെടേണ്ടതില്ല. ഏതായാലും അമേരിക്കയുടെ നാനാഭാഗത്തും ചിന്നി ചിതറി കിടക്കുന്ന അതിപ്രബുദ്ധരും പ്രഗൽഭരുമായ മലയാളി ചെണ്ട കൊട്ടുകാരെ ചെണ്ട സഹിതം, ചെണ്ടകോൽ സഹിതം കൊട്ടാൻ വിളിക്കുന്നുണ്ടെന്നാണ് അറിഞ്ഞത്. കഴിഞ്ഞമാസം ഏതോ ഒരു മത സംഘടനക്കാർ അവരുടെ കയ്യിലെ കാശും കൊടുത്ത് നാട്ടിലെ പ്രസിദ്ധ സിനിമാതാരം ജയറാമിനെ  അമേരിക്കൻ മലയാളി ചെണ്ടക്കാരുടെ നടുക്ക് കൊണ്ടോന്ന് ചെണ്ടക്കോലുമായി പ്രതിഷ്ഠിച്ച പോലെ പ്രതിഷ്ഠിക്കാനോ പ്രദർശിപ്പിക്കാനോ താല്പര്യമില്ലെന്നാണ് അറിഞ്ഞത്. അത് സാമ്പത്തിക പരമായിട്ടും മറ്റും ബുദ്ധിപരം. ഫൊക്കാന സ്ഥാനാർത്ഥികൾ ആരാ മോൻ? 

ഈയിടെ നമ്മുടെ ഒരു ഫിലഡൽഫിയക്കാരൻ മത്തായി ചേട്ടൻ ഒരു വെക്കേഷൻ എടുത്ത് നാട്ടിലേക്ക് ഒരു ട്രിപ്പ് നടത്തി. കൊച്ചിയിലെ എംജി റോഡിലൂടെ, അദ്ദേഹം പതിയെ പതിയെ നടന്നു നീങ്ങുകയായിരുന്നു. ഉച്ചയൂണിന് കുഴിമന്തി കിട്ടുന്ന ഒരു ഹോട്ടൽ ടീ ഷോപ്പ് നോക്കിയായിരുന്നു അദ്ദേഹത്തിൻറെ നടത്തം. ഫൊക്കാന അടുത്തകാലത്ത് ഇറക്കിയ 10%  അമേരിക്കൻ മലയാളികൾക്ക് ഡിസ്കൗണ്ട് കിട്ടുന്ന ഫൊക്കാന ഡിസ്കൗണ്ട് കാർഡും കൈയിൽ വെച്ച്, അത് എടുക്കുന്ന ഒരു ഹോട്ടൽ നോക്കിയായിരുന്നു മത്തായി ചേട്ടൻ വെച്ചടിച്ചത്. അപ്പോഴതാ ഒരു ഹോട്ടൽ ടീ ഷോപ്പ് അതിനോട് അനുബന്ധമായ ഭിത്തിയിൽ തടിച്ച കറുത്ത അക്ഷരത്തിൽ ഫൊക്കാന 2026 മത്സരാർത്ഥികളുടെ വിവിധ വർണ്ണത്തിലുള്ള ചിത്രങ്ങൾ സഹിതം വോട്ട് യാചിച്ചുകൊണ്ടുള്ള ചുവരെഴുത്ത്. മുത്തായി ചേട്ടൻ മനസ്സിൽ ചിന്തിച്ചു. ഒരുപക്ഷേ കൊച്ചിയിൽ എവിടെയെങ്കിലും ഒക്കെ അമേരിക്കയിലെ ഫോക്കാനക്കു വോട്ട് ചെയ്യാൻ അമേരിക്കൻ മലയാളി ഡെലിഗേറ്റ്സ് കാണുമായിരിക്കും. അവരെ ഉദ്ദേശിച്ചായിരിക്കണം ഈ ചുവരെഴുത്ത്.

ഫൊക്കാന പ്രസ്ഥാനം എന്നതൊരു നോൺ പ്രോഫിറ്റ് സേവാ സംഘടന ആണെങ്കിൽ തന്നെയും നാട്ടിലെ കേരളത്തിലെ പൊളിറ്റിക്കൽ ഇലക്ഷനുമായി ചില സാമ്യങ്ങൾ കാണുന്നുണ്ട്. നാട്ടിലെ മാതിരി ഇലക്ഷൻ പ്രചരണ ചുവരെഴുത്ത്,  അതായത് കക്കൂസ് ഭിത്തികളുടെ അകത്തും പുറത്തും വരെ  സ്ഥാനാർത്ഥികളുടെ പടങ്ങളും, കാർട്ടൂണുകളും ചിലപ്പോൾ കണ്ടെന്നിരിക്കും. എന്നാൽ ഫൊക്കാന  സ്ഥാനാർത്ഥികളുടെ പേരും പടവും  കാർട്ടൂണുകളും, ഏതെങ്കിലും അമേരിക്കൻ  കക്കൂസുകളിൽ, ഇവിടുത്തെ ഇന്ത്യൻ ഗ്രോസറി കടകളുടെ കക്കൂസിൽ പോലും എഴുതിവെച്ചാൽ പോലീസ് പിടിക്കും കുടുങ്ങും. ജാഗ്രത.  

പിന്നെ നാട്ടിൽ  ജീപ്പിൻ മുകളിൽ മൈക്ക് വെച്ചു കെട്ടി റോഡ് നീളെയുള്ള തൊള്ള തുറപ്പൻ ഗർജ്ജനങ്ങളോ, പന്തം കൊളുത്തി പ്രകടനങ്ങളോ, എലിവാണം, മാലപ്പടക്കം, കതിനവെടി, അമിട്ട് തുടങ്ങിയ കരിമരുന്ന് പ്രയോഗങ്ങൾ ഉൾപ്പെടെയുള്ള ഗൃഹാതുര ഒച്ചപ്പാട് ഇലക്ഷൻ പ്രചരണ  തന്ത്രങ്ങൾ, കുതന്ത്രങ്ങൾ പരിപാടികൾ ഇവിടെ, യുഎസ്സിൽ ഇല്ലെങ്കിൽ തന്നെയും, കാലം മാറിയപ്പോൾ കോലവും മാറി എന്നപോലെ ഇവിടത്തെ ഇലക്ട്രോണിക്, സോഷ്യൽ മീഡിയ മാധ്യമങ്ങളിൽ മുൻപറഞ്ഞ ഇരു പാനലുകാരുടെയും സുന്ദരി സുന്ദര  കൺമയക്ക പ്രകടനങ്ങളും ചിത്രങ്ങളും വാഗ്ദാനങ്ങളുടെ കോരിത്തരിപ്പിക്കുന്ന മഴയും പെരുമഴയും,  കണ്ണ്ചിമ്മുന്ന, കളർഫുൾ അഭ്യാസപ്രകടനങ്ങൾ, തെരഞ്ഞെടുപ്പ് പാരഡി ഗാനങ്ങൾ പബ്ലിക്ക് കാണുന്നുണ്ട്. കേൾക്കുന്നുണ്ട്. പിന്നെ ഒരു വ്യത്യാസം, നാട്ടിലെ കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പ് എടുക്കുക. അവിടുത്തെ ഇലക്ഷൻ കമ്മീഷന്റെ തെരക്കെടുപ്പ് പ്രഖ്യാപനം വന്നു. സ്ഥാനാർത്ഥികൾക്ക് നോമിനേഷൻ കൊടുക്കാനും, പിൻ വലിക്കാനും ഇലക്ഷൻ പ്രചാരണത്തിനും,  ഇലക്ഷനും എല്ലാം കൂടി ഒരു മാസം മാത്രം. എന്നാൽ അമേരിക്കയിലെ, ഇത്തരം മെഗാ സംഘടനകൾക്ക് ഇലക്ഷൻ പ്രോസസിനും പ്രചാരണത്തിനും ഒക്കെയായി നീണ്ട രണ്ടു വർഷക്കാലം അതുപോലെ ജയിച്ചു വന്നാൽ പ്രവർത്തിക്കാനായി ഭരിക്കാൻ ആയി രണ്ടു വർഷക്കാലം, എന്തൊരു അന്തരം?. സ്വയം വരുത്തി വയ്ക്കുന്ന എന്തൊരു വിരോധാഭാസം.

ഇത്രയും കുറിച്ചു  കഴിഞ്ഞപ്പോഴാണ് ഓർത്തത്, ഏറ്റവും മുഖ്യകാര്യം,
കല്യാണ തിരക്കിനിടെ ചെക്കൻ കല്യാണ പെണ്ണിനെ താലികെട്ടാൻ മറന്നപോലെ ആകരുതല്ലോ. ഏതൊക്കെയാണ് ഫൊക്കാന ഇലെക്ഷൻ  മത്സര ഗുസ്‌തി പാനലുകൾ? ആരൊക്കെയാണ് ഫൊക്കാന  ഇലക്ഷൻ  മത്സരാർത്ഥി ഉജ്ജ്വല താരങ്ങൾ? ആ ഇരുപാനലുകാരെയും നമുക്ക് കയ്യടിച്ചു ഈ നർമ്മ  ലേഖന വേദിയിലേക്ക് ആനയിക്കാം.. പരിചയപ്പെടാം..

ടീം എംപവർ, ശാക്തീകരണം സാരഥി പ്രസിഡണ്ട് സ്ഥാനാർത്ഥിയായി: ലീല മാരേട്ട്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ടായി: ലിണ്ടോ ജോളി, വൈസ് പ്രസിഡണ്ടായി: ലാഗി തോമസ്, ജനറൽ സെക്രട്ടറിയായി: ജോർജ് ഓലിക്കൽ, ഖജാൻജിയായി: രേവതി പിള്ള.

ടീം ഇൻഡെഗ്രിറ്റി, അതായത് സത്യസന്ധത, സാരഥി പ്രസിഡൻഡു സ്ഥാനാർത്ഥിയായി: ഫിലിപ്പോസ് ഫിലിപ്പ്, എക്സിക്യൂട്ടീവ്  വൈസ് പ്രസിഡണ്ടായി: ലിണ്ടോ ജോളി, വൈസ് പ്രസിഡണ്ടായി: ജോസി കാരക്കാട്ട്, ജനറൽ സെക്രട്ടറിയായി: സന്തോഷ് നായർ, ഖജാൻജിയായി: ആന്റോ വർക്കി

പിന്നീട്, ഫൊക്കാനായുടെ അനേകം അത്യ ആകർഷകമായ തസ്തികകളിലേക്ക് ഏതാണ്ട് 70 പരം പ്രഗൽഭരായ ബഹുമാന്യരായ, പ്രവർത്തന മികവുള്ള, ചൊറു ചൊറുക്കുള്ള വ്യക്തികളുടെ പേരാണ് രണ്ടു പാനലിൽ നിന്നും മാറ്റുരക്കുന്നത്. ഈ നർമ്മ ലേഖന സ്റ്റേജിൽ, ഇവരെ എല്ലാവരെയും അണിനിരത്തുവാനുള്ള ഇടമില്ലാത്തതുകൊണ്ട് മാത്രം, അല്ലെങ്കിൽ ഈ ലേഖനത്തിനുള്ള വിസ്താര ഭയത്തിനാൽ അവരെല്ലാവരുടെയും പേരുകൾ ഇവിടെ കുറിക്കുന്നില്ല. ഇതിൽ രണ്ടു പാനലുകാരുടെയും മനോഹരങ്ങളായ ചിത്രങ്ങളിൽ രണ്ടു പാനലിൽ നിന്ന് മത്സരിക്കുന്ന മനോഹര മനോഹരികളുടെ പേരുകളും തസ്തികകളും വായിച്ചെടുക്കാവുന്നതേയുള്ളൂ.

ഈ സംഘടനയിലെ ചില മുഖ്യ സ്ഥാനാർത്ഥികൾക്ക്, പലവട്ടം ചാടിയിട്ടും, ഒത്തിരി കാലം മഴയും വെയിലും മഞ്ഞും സഹിച്ചു ഫൊക്കാന പിറകെ നടന്നിട്ടും, ചില വമ്പൻ സ്രാവുകളുടെയോ, കിംഗ് മേക്കർമാരുടെയോ ചരടു  വലികളാൽ അല്ലെങ്കിൽ കാലുവാരലാൽ അർഹമായ വോട്ട് കിട്ടാതെ തോറ്റു തുന്നം പാടേണ്ട ദുർഗതി വന്നിട്ടുണ്ട് എന്ന് ചില നിരീക്ഷകർ പറയുന്നു. ചില അവസരങ്ങളിലിലെല്ലാം എവിടെയോ തൂണുംചാരി നിന്നവന്മാർ പെണ്ണിനെ കെട്ടിക്കൊണ്ടുപോയി എന്നു പറയും പോലെ ഫൊക്കാന പ്രസിഡൻഡ് എന്ന മഹനീയ പദവിയും  തട്ടിയെടുത്തു കൊണ്ടുപോയി എന്നും ചിലർ  തമാശ രൂപേണ  അഭിപ്രായപ്പെടുകയുണ്ടായി.  ഏതായാലും ഇത്തവണ അങ്ങനെ യൊന്നും ഉണ്ടാകില്ല. നല്ല തീപാറുന്ന ഇലക്ട്രിഫയിങ്, മാസ്മര ശക്തിയോടെ ഫൊക്കാനയുടെ  ഉന്നത പദവികൾ  ഒരു പുഷ്പം പോലെ പിടിച്ചെടുക്കും എന്നു  ഇരു സാരഥികളും, ഇരുപാനലുകാരും തറപ്പിച്ചു പറയുന്നു. . ഈ ലേഖനം, ഒരു പാനലിനും, അല്ലെങ്കിൽ ഒരു വ്യക്തിക്കും വേണ്ടിയുള്ള പ്രചരണമോ, പിന്തുണയോ അല്ല. ഇതൊരു സ്വതന്ത്ര ചിന്തയോ, അത്തരം ലേഖനമോ ആയി മാത്രം കണ്ടാൽ മതി. കാര്യക്ഷമതയുള്ള, അർപ്പണബോധമുള്ള, നീതിബോധമുള്ള, നല്ല അറിവുള്ള വ്യക്തികൾ തെരഞ്ഞെടുക്കപ്പെടണം എന്നത് ആയിരിക്കുമല്ലോ ഭൂരിഭാഗം വ്യക്തികളും ചിന്തിക്കുന്നത്.

ഏതായാലും ഫൊക്കാന  എന്ന വലിയ ആനയെ അടുത്ത രണ്ടു വർഷത്തേക്ക് ശുഷ്കാന്തിയോടെ  ശുശ്രൂഷിച്ച നയിക്കേണ്ട രണ്ടു പാനലിൽ നിന്നുള്ള മുഖ്യ പാപ്പാന്മാരുടെ പേരുകൾ ഇവിടെ കുറിച്ചു കഴിഞ്ഞു. ഇവർ  ആരൊക്കെ വേണം. എന്ന തീരുമാനം കൈക്കൊള്ളേണ്ടത് ഫിലാഡൽഫിയ കൽഹാരി റിസോർട്ടിൽ കൂടുന്ന ഫൊക്കാന കൺവെൻഷനിലെ, ഫൊക്കാന  ഡെലഗേറ്റ്സ് ആണ്. ഇരു പാനലുകാരുടെയും തീപാറുന്ന  പ്രചരണ കലാശക്കൊട്ടും അവിടെ വച്ചായിരിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്. ഇവിടെ ഒരു അല്പം ആലങ്കാരിക ഭാഷ പ്രയോഗിച്ചത് ക്ഷമിക്കണം. രണ്ട് പാനലിലും എല്ലാ കാര്യത്തിലും നല്ല കിടിലൻ സ്ഥാനാർഥികളാണ് ഉള്ളത്. . ഇതിൽ ആര് ജയിച്ചാലും പബ്ലിക്കിന് നേട്ടം മാത്രം. പിന്നെ ഇലക്ഷൻ പരിപാടികൾ ആണ് കൺവെൻഷനിലെ ഏറ്റവും ആകർഷകമായ ഐറ്റം.

എന്നാലും നാട്ടിൽ നിന്നും മറ്റും, കാശുകൊടുത്ത്, പൊക്കിക്കൊണ്ട് വരുന്ന, സാംസ്കാരിക നായകരും, പൊളിറ്റീഷ്യന്മാരും, സിനിമക്കാരും എല്ലാം ചേർന്ന് അവതരിപ്പിക്കുന്ന നല്ല തട്ടുപൊളിപ്പൻ  അടിപൊളി കലാ  സമ്പുഷ്ട പരിപാടികൾക്കും,  അമേരിക്കയിൽ തന്നെ സ്ഥിര താമസമാക്കിയ അമേരിക്കൻ മലയാളി സാംസ്കാരിക കലാ പ്രവർത്തകർക്കും അവരുടെ ഈ കൺവെൻഷനിലെ അതി കിടിലൻ പ്രകടനങ്ങൾക്കും പ്രവർത്തനങ്ങൾക്കും എല്ലാം, അതുപോലെ ഇപ്പോഴത്തെ ഫൊക്കാന ഭാരവാഹികൾക്കും, നടക്കാൻ  പോകുന്ന  ഫൊക്കാന  ഇലക്ഷനിൽ വിജയശ്രീലാളിതരായി  ജയിച്ചു വരാൻ പോകുന്ന ഭാവി ഭാരവാഹികൾക്കും എല്ലാം നന്മകളും ആശംസകളും നേർന്നുകൊണ്ട് ഈ ലേഖനം ഉപസംഹരിക്കുകയാണ്.
 

Join WhatsApp News
വർക്കിച്ചൻ വട്ടക്കുഴി 2026-07-25 06:25:01
നല്ല അടിപൊളി - ചിരിയുടെ മാലപ്പടക്കങ്ങൾ പൊട്ടിച്ചുള്ള ഒരു ഭാഷാ പ്രയോഗങ്ങളും പ്രകടനങ്ങളും, ലളിതഭാഷയിൽ ചുരുക്കമായി ആരെയും നോവിക്കാതെ, എന്നാൽ ചിലരെ ചില പ്രവണതകളെ ശക്തമായി വിമർശിച്ചു കൊണ്ടുള്ള ഒരു ലേഖനം. എപ്പോഴും കസേരയിൽ ഒട്ടിപ്പിടിക്കുന്നവരെയും, കസേര മാത്രം നോക്കി നടക്കുന്നവരെയും, തോറ്റിട്ടും തോറ്റിട്ടും പിന്നെയും പിന്നെയും റോബർട്ട് ബ്രൂസ് മാതിരി വേണം ഉന്നത കസേര എന്ന രീതിയിൽ ദുരാഗ്രഹത്താൽ ഓടുന്നവരെയും, അതുപോലെ ആടിനെ പച്ചില കാട്ടി പ്രസിഡണ്ട് ആക്കിയേക്കാം എന്ന് പറഞ്ഞ് ആശ്വസിപ്പിച്ച അവസാനം കാല് വലിക്കുന്നവരെയും, അതായത് King മേക്കേഴ്സ് ആൾക്കാരെയും ചെറുതായി കുടഞ്ഞിട്ടുണ്ട്. എവിടെ നിന്നൊക്കെ പണക്കിഴിയുമായി, എവിടെയോ തൂണും ചാരി നിന്നവർ കസേരയിൽ കയറി കവച്ചിരിക്കുന്നതിനേയും പരിഹാസ്യമായി, തമാശ രൂപത്തിൽ ചിത്രീകരിച്ചിട്ടുണ്ട്. എന്നാൽ ആരെയും പേരെടുത്ത് പരിഹസിച്ചിട്ടില്ല. പിന്നെ കുറ്റങ്ങൾ ചെയ്യുന്നവരുടെ തലയിൽ എപ്പോഴും തപ്പി നോക്കുമ്പോൾ പപ്പുകൾ കണ്ടെന്നിരിക്കും. . പിന്നെ കഴിവുള്ളവരെ കൂടുതലായി കമ്മറ്റികളിൽ അടുപ്പിക്കാറില്ല. കഴിവുള്ളവരെ പലർക്കും ഭയമാണ്. ഓശാന പാടുന്ന വരെയും മൂടുതാങ്ങികളെയും ഒക്കെയാണ് കൺവെൻഷന്റെ ചുമതല FOKANA ആണെങ്കിലും ഫോമയാണെങ്കിലും ഏൽപ്പിക്കുന്നത്. പിന്നെ 70 വയസ്സ് ഒക്കെ കഴിയുന്നവരെ ബുദ്ധിമുട്ടുള്ള ചുമതലകളിൽ നിന്ന് മാറ്റി നിർത്തുന്നത് തന്നെയാണ് നല്ലത്. എല്ലാറ്റിനും ഒരു റിട്ടയർമെൻറ് പ്രായം ഉണ്ടല്ലോ. എന്നാലും അവർക്ക് പറ്റുന്നത് മാത്രം അവർക്ക് കൊടുക്കുന്നതിലും വിരോധമില്ല.
അപ്പച്ചൻ കൊമ്പത്ത് 2026-07-26 05:26:18
കുറച്ചു കാലമായിട്ട് പിടിയാന, കൊമ്പൻ ആനയുമായി ഏറ്റുമുട്ടുന്നതാണ് കണ്ടുവരുന്നത്. എല്ലാ പ്രാവശ്യവും പിടിയാനയെ ഇടിച്ചിട്ട് കൊമ്പൻ വിജയിക്കുന്നു. ഒരു നല്ല സജഷൻ ഉണ്ട്. അതായത് നാട്ടിലെ കൃഷി നശിപ്പിക്കുന്ന അരിക്കുമ്പനെ, അല്ലെങ്കിൽ പടയപ്പയോ പിടിച്ച് കപ്പലിൽ കേറ്റി കൊണ്ടുവന്ന ഇവിടത്തെ പൊക്കാനാ കൺവെൻഷനിൽ, അല്ലെങ്കിൽ ഇലക്ഷൻ കലാശക്കൊട്ടിൽ ഉപയോഗിക്കാമല്ലോ. എന്ന് പറഞ്ഞാൽ കൺവെൻഷനിൽ ജനം തടിച്ചു തടിച്ചു കൂടും. കൂടിയാൽ സാമ്പത്തികമായി മെച്ചമല്ലേ?. ഇനി അതിനു ബുദ്ധിമുട്ടാണെങ്കിൽ വല്ല കാഴ്ചബംഗ്ലാവിൽ നിന്ന് ദിവസ വാടകയ്ക്ക് എങ്കിലും, ഒരു മുതുക്കൻ ആന എങ്കിലും കൊണ്ടുവരൂ. നാട്ടിൽ നിന്ന് സിനിമാതാരങ്ങളെയും രാഷ്ട്രീയക്കാരെയും കൊണ്ടുവരുന്നതിൽ കൂടുതൽ നന്നായിരിക്കും . നമ്മൾ ആനയെ അതിഥി ആയിട്ട് വരുത്തുന്നത്. ഈ shilja ടീച്ചറിനെ ഒക്കെ കൊണ്ടുവന്ന ബോറടിപ്പിക്കുന്നതിനേക്കാൾ എത്രയോ നല്ല പരിപാടിയാണ്?. ആനയെ കൊണ്ടുവന്ന ആനകല പ്രകടനം നടത്തുന്നത്. നിങ്ങൾ ഫോമ ആമയാണെങ്കിൽ പോലും FOKANA ആനയെ ഈ ഫോമയിൽ കൊണ്ടുവരികയാണെങ്കിൽ FOKANA ആൾക്കാർ എല്ലാവരും FOMA മയിലേക്ക്മയിലേക്ക് എടുത്തുചാടി എന്നിരിക്കും. എവിടെയും സെക്കുലർ ആശയങ്ങൾ പ്രോത്സാഹിപ്പിക്കണം എന്നുകൂടി അപേക്ഷിക്കുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക