Image

ഫോമായോടൊപ്പം ഐക്യത്തിന്റെയും സേവനത്തിന്റെയും പാതയില്‍: ഒരോര്‍മ്മക്കുറിപ്പ്

Published on 25 July, 2026
ഫോമായോടൊപ്പം ഐക്യത്തിന്റെയും സേവനത്തിന്റെയും പാതയില്‍: ഒരോര്‍മ്മക്കുറിപ്പ്

അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ സാംസ്‌കാരിക പ്രതീകമായി തലയുയര്‍ത്തി നില്‍ക്കുന്ന 'ഫോമാ'യുടെ  ഐക്യത്തിന്റെയും സേവനത്തിന്റെയും നാള്‍വഴികളില്‍ ഒരു എളിയ പങ്കാളിയാകാന്‍ കഴിഞ്ഞത് എന്റെ ജീവിതത്തിലെ വലിയൊരു സുകൃതമായി ഞാന്‍ കരുതുന്നു.

ഓര്‍മ്മകള്‍ 2008-ലേയ്ക്ക് പോവുകയാണ്. ശ്രീ. ശശിധരന്‍ നായര്‍, എം.ജി മാത്യു, അനിയന്‍ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ ഫോമായുടെ പ്രഥമ കമ്മറ്റി രൂപീകൃതമായ കാലം. ഇന്നത്തെ ഫോമാ പ്രസിഡന്റ് ശ്രീ. ബേബി മണക്കുന്നേല്‍ അന്ന് കോണ്‍ഫറന്‍സ് ചെയര്‍മാനായും, ഞാന്‍ രജിസ്‌ട്രേഷന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ച ആ നാളുകള്‍ ഇന്നും മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്നു. ഏവരും ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിച്ചതിന്റെ ഫലമായി, വെറും മൂന്നു മാസത്തെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ചരിത്രം കുറിച്ചതും ഏവരുടെയും മനംനിറഞ്ഞതുമായ ഒരു കണ്‍വന്‍ഷന്‍ അന്ന് ഞങ്ങള്‍ക്ക് അണിയിച്ചൊരുക്കാന്‍ കഴിഞ്ഞു. ഏറെ സന്തോഷകരമായ മറ്റൊരു കാര്യം, ഈ മഹാ പ്രസ്ഥാനത്തിന് 'ഫോമാ' എന്ന പേര് നാമനിര്‍ദ്ദേശം ചെയ്തത് പ്രഥമവനിത പൊന്നു ചേച്ചിയും ഞാനും ചേര്‍ന്നാണെന്ന് വിനയത്തോടെ പറയട്ടെ.

ഫോമാ ഇന്ന് നോര്‍ത്ത് അമേരിക്കയിലെയും കാനഡയിലെയും നൂറിലധികം വരുന്ന മലയാളി അസോസിയേഷനുകളെ ഒരേ കുടക്കീഴില്‍ അണിനിരത്തിക്കൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായി വളര്‍ന്നു പന്തലിച്ചിരിക്കുന്നു. ഫോമായുടെ ഏറ്റവും വലിയ കരുത്ത് അതിന്റെ ജനാധിപത്യപരമായ അടിത്തറയാണ്. ഈ അഭിമാന സംഘടനയുടെ തുടക്കം മുതലിങ്ങോട്ട് അതിന്റെ വളര്‍ച്ചയുടെ ഓരോ പടവിലും ഒപ്പമുണ്ടാകാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ ചാരിതാര്‍ത്ഥ്യമുണ്ട്. രണ്ടു തവണ രജിസ്‌ട്രേഷന്‍ ചെയര്‍മാനായും, പിന്നീട് റീജണല്‍ രിജിസ്‌ട്രേഷന്‍ ചെയര്‍, റീജണല്‍ ട്രഷറര്‍, കംപ്ലയന്‍സ് കമ്മറ്റി മെമ്പര്‍, കഴിഞ്ഞ കണ്‍വന്‍ഷന്റെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എന്നീ നിലകളിലും നിലവില്‍ റിസപ്ഷന്‍ ചെയര്‍മാനായും പ്രവര്‍ത്തിക്കാന്‍ ലഭിച്ച അസുലഭ അവസരങ്ങളെ തികഞ്ഞ കൃതജ്ഞതയോടെയും അഭിമാനത്തോടെയുമാണ് ഞാന്‍ നോക്കിക്കാണുന്നത്.

ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തെ സ്‌നേഹത്തിന്റെ പൊന്‍നൂലില്‍ കോര്‍ത്തിണക്കി, നമ്മുടെ സാംസ്‌കാരിക പൈതൃകവും സാമൂഹിക പ്രതിബദ്ധതയും കാത്തുസൂക്ഷിക്കുന്നതില്‍ ഫോമാ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. സഹജീവികളെ ഹൃയത്തോട് ചേര്‍ത്ത് നിര്‍ത്തി സഹായവും സേവനവും മുഖമുദ്രയാക്കി, അമേരിക്കയിലെയും കേരളത്തിലെയും സമൂഹത്തിന്റെ ഉന്നമനത്തിനായി ഫോമാ നല്‍കുന്ന സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. വരും കാലങ്ങളിലും ഫോമായ്ക്ക് കൂടുതല്‍ ഉയരങ്ങളില്‍ എത്താനും ലോകമലയാളി സമൂഹത്തിന് ശക്തമായ നേതൃത്വവും സേവനവും നല്‍കാനും സാധിക്കട്ടെ എന്ന് ഞാന്‍ ആശിക്കുന്നു.

ഫോമാ ജന്‍മമെടുത്ത മണ്ണിലെ ഈ കണ്‍വന്‍ഷന്‍ നമ്മുടെ വേരുകളും മഹത്തായ മൂല്യങ്ങളും പുതിയ തലമുറയ്ക്ക് പകര്‍ന്നു നല്‍കുന്ന ഒരു സാംസ്‌കാരിക മഹോത്സവമായി മാറട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. പരസ്പര സൗഹൃദവും സഹകരണവും ഊട്ടിയുറപ്പിക്കുന്നതിനൊപ്പം, ഭാവിയിലേക്കുള്ള പുതിയ കര്‍മ്മപദ്ധതികള്‍ക്കും സേവനമാര്‍ഗ്ഗങ്ങള്‍ക്കും ഈ വേദി തുടക്കം കുറിക്കട്ടെ. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യസേവനം, നേതൃത്വവികസനം, കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കി സമൂഹത്തിന് പുതിയ ദിശാബോധം നല്‍കാനും, നമ്മുടെ ഭാഷയും പാരമ്പര്യവും വരും തലമുറയ്ക്ക് കൈമാറാനും നമുക്ക് സാധിക്കണം.

ഈ കണ്‍വന്‍ഷന്റെ വന്‍വിജയത്തിനായി അഹോരാത്രം പ്രയത്‌നിക്കുന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്കും, ഭാരവാഹികള്‍ക്കും, സംഘാടകര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകള്‍. ഈ സാംസ്‌കാരിക മഹാമേളയിലേക്ക് ലോകമെമ്പാടുമുള്ള മലയാളികളെ ഞാന്‍ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുകയാണ്.

''ഐക്യമാണ് നമ്മുടെ ശക്തി, സംസ്‌കാരമാണ് നമ്മുടെ വ്യക്തിത്വം, സേവനമാണ് നമ്മുടെ ദൗത്യം...''

സ്‌നേഹപൂര്‍വ്വം,
ജോയി എന്‍ സാമുവല്‍
റിസപ്ഷന്‍ ചെയര്‍ 2026.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക