
മലയാളിയുടെ നാവിൻ തുമ്പത്ത് ‘സംഗീത മധുരനാദം’ പുരട്ടിക്കൊണ്ട് മാന്യശ്രീ വിശാമിത്രൻ എന്ന ചിത്രത്തിലൂടെ 1974-ൽ സംഗീത സംവിധാന രംഗത്തേക്ക് കടന്നുവന്ന ശ്യാം വരാനുള്ള വർഷങ്ങൾ തന്റേതായിരിക്കുമെന്ന് ആദ്യം കരുതിയിരുന്നില്ല. തുടർന്ന് ഇരുനൂറിലധികം ചിത്രങ്ങൾക്കായി ആയിരത്തോളം ഗാനങ്ങൾ ചിട്ടപ്പെടുത്തിയ ശ്യാം തന്റെ വ്യത്യസ്തവും നൂതനവുമായ ശൈലി കൊണ്ടാണ് മലയാളിക്ക് പ്രിയങ്കരനായ സംഗീത സംവിധായകനായി മാറിയത്. ആദ്യ ചിത്രത്തിന് സംഗീത സംവിധാനം നിർവ്വഹിക്കുമ്പോൾ ഒരു തുടക്കക്കാരന്റെ വിസ്മയമോ വിഭ്രാന്തിയോ ഒന്നും ശ്യാമിനെ ആശങ്കപ്പെടുത്തിയില്ല. കാരണം ആയിരക്കണക്കിന് ദക്ഷിണേന്ത്യൻ ഭാഷാ ചിത്രങ്ങളിൽ ദേവരാജൻ മാസ്റ്റർ, ദക്ഷിണാമൂർത്തി, എം.എസ്. വിശ്വനാഥൻ, സലിൽ ചൗധരി തുടങ്ങിയ പ്രഗത്ഭരുടെയെല്ലാം വയലിനിസ്റ്റായും സംവിധാന സഹായിയായും നേടിയ പ്രവർത്തന പരിചയത്തിന്റെ കരുത്തോടെയാണ് ശ്യാം സ്വതന്ത്ര സംഗീത സംവിധായകനായി അരങ്ങേറിയത്. മലയാള ചലച്ചിത്രങ്ങൾക്ക് വേറിട്ടൊരു പശ്ചാത്തല സംഗീത സംസ്കാരം സംഭാവന ചെയ്തത് ശ്യാമാണ്. കർണ്ണാടക സംഗീതത്തിൽ ലാൽഗുഡി ജയരാമന്റെ ശിഷ്യനായിരുന്ന ശ്യാം പാശ്ചാത്യ സംഗീതത്തിലും അവഗാഹം നേടിയത് തന്റെ സംവിധാനശൈലി അനന്യവും അനായാസവുമാക്കാൻ സഹായകമായി. വ്യത്യസ്തങ്ങളായ ഗാനങ്ങൾ നിരവധിയുള്ളപ്പോഴും സി.ബി.ഐ ഡയറിക്കുറിപ്പുകൾ പോലുള്ള ചിത്രങ്ങളുടെയെല്ലാം പശ്ചാത്തല സംഗീതം വേറിട്ടു നിൽക്കുന്നത് ഗാനാവിഷ്കാരത്തിലും പശ്ചാത്തല സംഗീതാവിഷ്കാരത്തിലും അദ്ദേഹത്തിന്റെ പ്രത്യേകത അടയാളപ്പെടുത്തുന്നവ തന്നെ.

ശ്യാം
കോളേജിലേക്ക് പോകും വഴി മാതാപിതാക്കളറിയാതെ എം.എസ്. വിശ്വനാഥന്റെ വയലിനിസ്റ്റായി സ്റ്റുഡിയോയിലേക്ക് നടന്ന സാമുവൽ ജോസഫിന്റെ നിയോഗം ഒരു നിയമജ്ഞനായി കോടതി മുറിയിൽ ഒതുങ്ങിക്കൂടുന്നതിന് പകരം മലയാളത്തിലും തമിഴിലും അറിയപ്പെടുന്ന സംഗീത സംവിധായകനാകാനായിരുന്നു. സാമുവൽ ജോസഫിനെ സാം എന്ന ചുരുക്കപ്പേരിൽ വിളിച്ചു തുടങ്ങിയത് എം.എസ്. വിശ്വനാഥനാണ്. മലയാളത്തിൽ എത്തിയപ്പോൾ സാം, ശ്യാം ആയി. (തന്റെ ഉച്ചാരണ സൗകര്യത്തിനായി ജോസഫ് ക്രിസ്റ്റഫറിനെ ജോസഫ് കൃഷ്ണ എന്ന് വിശ്വനാഥൻ മാറ്റി വിളിച്ചതും പിന്നീട് അദ്ദേഹം ആ പേരിൽ തന്നെ പ്രശസ്തനായ സംഗീത സംവിധായകനായതും കോടമ്പാക്കത്തെ സംഗീത പുരാണം. പുല്ലാങ്കുഴൽ വാദകനായി എം.എസ്.വി.യുടെ ടീമിൽ ചേർന്ന വി.സി. ജോർജിന്റെ പേര് ഓർത്തെടുക്കാൻ വിഷമിച്ചപ്പോൾ സ്ഥിരം പുല്ലാങ്കുഴൽ വാദകനായ നഞ്ചപ്പയുടെ സമീപത്തിരുന്ന ജോർജിനെ ‘കുഞ്ചപ്പ’ എന്ന് വിളിച്ചത് മറ്റൊരു കഥ.)
ചിത്രം റിലീസാകുന്നതുവരെ പ്രതിഫലത്തിന് കാത്തിരിക്കേണ്ട ദുരവസ്ഥ ഒരുകാലത്ത് നടീനടന്മാരെപ്പോലെ കോടമ്പാക്കത്തെ വാദ്യകലാകാരന്മാർക്കും ഉണ്ടായിരുന്നു. റെക്കോർഡിംഗ് കഴിഞ്ഞാലുടൻ അവരുടെ പ്രതിഫലം ലഭിക്കാൻ സംഘടനാപരമായി നിർമ്മാതാക്കൾക്കെതിരെ വർഷങ്ങൾ നീണ്ടുനിന്ന സമരത്തിന് സംഗീത സംവിധായകൻ എം.ബി. ശ്രീനിവാസനെ ശക്തമായി പിന്തുണച്ചത് ശ്യാമാണ്. അങ്ങനെയാണ് കോടമ്പാക്കത്തെ സിനി മ്യൂസീഷ്യൻസ് യൂണിയൻ നിലവിൽ വന്നത്. സംഗീത വിഭാഗം സമരം ചെയ്ത് വിജയിച്ചതോടെ മറ്റ് സാങ്കേതിക പ്രവർത്തകരും ആ വഴിക്ക് നീങ്ങി. തുടർന്ന് മേക്കപ്പ് യൂണിയനും സ്റ്റണ്ട് യൂണിയനും ഡാൻസ് യൂണിയനുമൊക്കെ നിലവിൽ വന്നു.

ശ്യാമിനെ മാര്‍ഗഴി ഫെസ്റ്റിവലില്‍ ആദരിക്കുന്നു
ശ്യാം തിരക്കിലായിരുന്ന കാലത്ത് വിദഗ്ദ്ധരായ ഒരു സംഘം വാദ്യകലാകാരന്മാർ എപ്പോഴും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ജോൺസൺ, ഔസേപ്പച്ചൻ, വിദ്യാസാഗർ, എസ്.പി. വെങ്കിടേഷ്, ഗുണസിംഗ്, ബാലകൃഷ്ണൻ തുടങ്ങിയ സംഗീത സംവിധായകരൊക്കെ അക്കാലത്ത് ശ്യാമിന്റെ വാദ്യസംഘത്തിൽ ഉണ്ടായിരുന്നവരാണ്. വളരെ തിരക്കിലായിരുന്നപ്പോഴും വേദികളിൽ സംഗീത പരിപാടികൾ അവതരിപ്പിക്കാൻ അദ്ദേഹം തയ്യാറായതും അതുകൊണ്ടു തന്നെയാവണം. കേരളത്തിനകത്തും പുറത്തും അങ്ങനെ ധാരാളം സംഗീത വേദികൾ അദ്ദേഹം കീഴടക്കി. ജയചന്ദ്രൻ, ഉണ്ണിമേനോൻ, കൃഷ്ണചന്ദ്രൻ, ലതിക തുടങ്ങിയവരായിരുന്നു ഗായകർ. പിൽക്കാലത്ത് ചിത്രയും ആ സംഘത്തിൽ ഉൾപ്പെട്ടു. വാദ്യകലാകാരന്മാരിൽ ശിവമണിക്ക് പ്രത്യേക പരിഗണന ഉണ്ടായിരുന്നു. പരിപാടിക്കിടയിൽ ശിവമണിയുടെ ഡ്രംസ് സോളോ പ്രധാന ആകർഷണമായി. വർഷങ്ങൾക്ക് മുൻപ് കോഴിക്കോട് ടാഗോർ ഹാളിൽ നടന്ന പരിപാടിക്കിടയിൽ രസകരമായ ഒരനുഭവമുണ്ടായി. ഉണ്ണിമേനോൻ പാടാനായി മൈക്കിന് മുന്നിലെത്തിയപ്പോൾ വേദിയിൽ നിന്ന ശ്യാം സ്റ്റേജിന്റെ പിറകിലേക്ക് പോയി. ഉണ്ണിമേനോൻ കാത്തുനിന്നു. പാട്ടിന്റെ തുടക്കത്തിലെ വയലിൻ സോളോ വായിക്കാൻ മൈക്കിന് മുന്നിൽ കോഴിക്കോട് മണി തയ്യാർ. ശ്യാം മടങ്ങിയെത്തുമ്പോൾ ഒപ്പമുണ്ടായിരുന്ന യേശുദാസ് സദസ്സിനെ ഞെട്ടിച്ചു!. അതുവഴി കടന്നുപോയ യേശുദാസ് ശ്യാമിന്റെ പ്രോഗ്രാം നടക്കുന്നതറിഞ്ഞു വന്നതാണ്. ഉണ്ണിമേനോന്റെ ഡയറി വാങ്ങി അതിൽ കണ്ട പാട്ട് യേശുദാസ് പാടി — ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ... ഉണ്ണിമേനോൻ തുരുപ്പുഗുലാനായി കരുതിയിരുന്ന പാട്ട് യേശുദാസ് പാടി കൈയടി വാങ്ങിയപ്പോൾ പിന്നിലിരുന്ന ഉണ്ണിമേനോന്റെ നിരാശ മറക്കാനാവില്ല. ഉണ്ണിമേനോൻ ആദ്യം ട്രാക്ക് പാടുകയും പിന്നീട് യേശുദാസിന്റെ ശബ്ദത്തിൽ പുറത്തുവരികയും ചെയ്ത ഗാനമാണത്. അടുത്തകാലത്ത് കോഴിക്കോട്ടെ സാംസ്കാരിക സംഘടനയായ കലയും കോഴിക്കോട് കോർപ്പറേഷനും സംയുക്തമായി ടാഗോർ ഹാളിൽ വെച്ച് ശ്യാമിനെ ആദരിച്ചപ്പോൾ തുടർന്ന് നടന്ന സംഗീത പരിപാടിയിൽ ആ ഗാനം പാടി ഉണ്ണിമേനോൻ തിളങ്ങി.

ശ്യാം മാര്‍ഗഴി ഫെസ്റ്റിവലില്‍
സിനിമയിൽ നിലനിന്നിരുന്ന അന്ധവിശ്വാസത്തിനെതിരെ ഒരിക്കൽ അദ്ദേഹം സ്വീകരിച്ച നിലപാട് രസകരമാണ്. സിനിമയുടെ നിർമ്മാണത്തിന് മുൻപ് നിർണ്ണായക തീരുമാനങ്ങളെല്ലാം ‘കോരച്ചീട്ടി’ന് വിധേയമായിരുന്ന കാലഘട്ടം. മിക്ക നിർമ്മാതാക്കളും കോര എന്ന ജ്യോത്സ്യനെ മാത്രം ആശ്രയിച്ച് വട്ടംകൂടി. കോര ചീട്ട് കലക്കി അതിൽ നിന്ന് ഓരോന്നെടുത്ത് നടീനടന്മാരെയും സാങ്കേതിക വിദഗ്ദ്ധരെയും നിർദ്ദേശിക്കും. (മുൻഗണനാ പട്ടികയിൽ ഇടം പിടിക്കാൻ കോരച്ചേട്ടനെ ചിലർ രഹസ്യമായി സന്ദർശിച്ചിരുന്നുവെന്നും അടക്കംപറച്ചിൽ ഉണ്ടായിരുന്നു.) സംഗീത സംവിധായകൻ ചിട്ടപ്പെടുത്തുന്ന ഈണത്തിൽ ഏത് തിരഞ്ഞെടുക്കണമെന്ന് വരെ കോര ചീട്ട് കലക്കി പ്രവചിക്കുന്ന വിധത്തിൽ ചലച്ചിത്ര രംഗം അധഃപതിച്ചു. അങ്ങനെ കോരയുടെ മുന്നിൽ അകപ്പെട്ട ശ്യാം ഒരിക്കൽ ഒരു പണി പറ്റിച്ചു. അദ്ദേഹം മനോഹരമായി ചിട്ടപ്പെടുത്തിയ ഒരീണം കോര ചീട്ട് കലക്കി നിരസിച്ചപ്പോൾ അതേ ഈണം ശ്രുതി മാറ്റി ശ്യാം വീണ്ടും കേൾപ്പിച്ചു. കോര വീണ്ടും ചീട്ട് കലക്കി അതു സ്വീകരിച്ചു. രണ്ടു തവണയും ഒരേ ഈണമാണ് കേൾപ്പിച്ചതെന്ന് കോരയ്ക്ക് മനസ്സിലായിരുന്നില്ല. വളരെക്കാലം കഴിഞ്ഞാണ് ശ്യാമിന്റെ ഈ കുസൃതി പുറംലോകം അറിഞ്ഞത്. അപ്പോഴേക്കും സിനിമയിലെ കോരപ്രഭാവം അസ്തമിച്ചിരുന്നു.
കുശുമ്പ്, കുന്നായ്മ, കുതികാൽവെട്ട് എന്നിവയിൽ ഏതെങ്കിലും ഒരു ‘കു’ ഇല്ലാത്ത സിനിമാ പ്രവർത്തകനെ കണ്ടെത്താൻ പ്രയാസമാണ്. ഇവയിലെ യാതൊരു വിശേഷണത്തിനും അർഹരല്ലാത്ത വിരലിലെണ്ണാവുന്ന അപൂർവ്വം ചിലരിലെ മാന്യ വ്യക്തിത്വമാണ് സംഗീത സംവിധായകൻ ശ്യാം. വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരെയും ഒരുപോലെ കാണാനുള്ള വിശാലഹൃദയവും അദ്ദേഹത്തിനുണ്ട്. ശ്യാം മലയാളിയാണെന്ന് പോലും വിശ്വസിക്കുന്ന ആരാധകരും കുറവല്ല. അവാർഡുകൾ നിരവധിയുണ്ടെങ്കിലും 1984-ൽ ഐ.വി. ശശിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ കാണാമറയത്ത് എന്ന ചിത്രത്തിലെ ‘ഒരു മധുരക്കിനാവിൻ ലഹരിയിലോ...’ എന്നാരംഭിക്കുന്ന ഗാനം 2011-ൽ ഇറങ്ങിയ തേജാഭായി ആന്റ് ഫാമിലി എന്ന ചിത്രത്തിനായി വീണ്ടും സ്വീകരിക്കപ്പെട്ടത് ശ്യാമിന്റെ സംഗീത സംവിധാന മികവിന്റെ അംഗീകാരമായി വിലയിരുത്തപ്പെടാവുന്നതാണ്.