
ധീരതയുടെ പ്രതിരൂപമാണ് മഹാഭാരതത്തില്‍ അര്‍ജുനന്‍. പക്ഷെ ഇവിടെ
കൊച്ചിക്കാരന്‍ അര്‍ജുനന്‍ ആട്ടിന്‍കുട്ടിയെപ്പോലെ പേടിച്ചുവിറച്ചു നില്‍ക്കുകയാണ്.
പേടിക്കാതിരിക്കുന്നതെങ്ങനെ? സംഗീതത്തിന്‍റെ ഉഗ്രമൂര്‍ത്തി സാക്ഷാല്‍ ദേവരാജന്‍
മാസ്റ്ററുടെ മുന്നിലാണ് നില്‍ക്കുന്നത്! വര്‍ഷം 1960. കൊല്ലം കാളിദാസ
കലാകേന്ദ്രത്തിന്‍റെ പട്ടത്താനത്തെ നാടക ക്യാമ്പില്‍ ദേവരാജന്‍ മാസ്റ്റര്‍ പുതിയ
നാടകത്തിനായി സംഗീതസംവിധാനത്തിന്‍റെ തപസ്സിലാണ്. മറ്റു കലാകാരന്മാര്‍ ചുറ്റും
ഇരിക്കുന്നു. നിശ്ശബ്ദഗംഭീരവും സംഗീതസാന്ദ്രവുമായ അന്തരീക്ഷം. നടന്‍ മണവാളന്‍
ജോസഫിന്‍റെ ശിപാര്‍ശപ്രകാരം സമിതിയിലെ ഹാര്‍മോണിസ്റ്റാകാന്‍ കൊച്ചിയില്‍
നിന്നെത്തിയിരിക്കുകയാണ് "ആട്ടിന്‍കുട്ടി!" മണവാളന്‍റെ സഹോദരനും
തബലിസ്റ്റുണ്‍മായ രാജപ്പന്‍ പരിചയപ്പെടുത്തി- "മാസ്റ്റര്‍, ഇത് അര്‍ജുനന്‍.
ഹാര്‍മോണിയം വായിക്കാന്‍ വന്നയാളാണ്." ഹാര്‍മോണിസ്റ്റിനെ അടിമുടി ഒന്നു
നോക്കിയിട്ട് മാസ്റ്റര്‍ പറഞ്ഞു - "അര്‍ജുനനായാലും ഭീമനായാലും കൊള്ളാം,
വായിക്കാന്‍ കൊള്ളില്ലെങ്കില്‍ പറഞ്ഞുവിടും"; ഭയഭക്തിയോടെ അര്‍ജുനന്‍
ഹാര്‍മോണിയത്തിനു മുന്നിലിരുന്നു. അര്‍ജുനന്‍ ക്രമേണ ദേവരാജന്‍ മാസ്റ്ററുടെ
പ്രിയപ്പെട്ട ഹാര്‍മോണിസ്റ്റായി; മാനസപുത്രനായി. ഹാര്‍മോണിസ്റ്റ് അര്‍ജുനന്‍ പിന്നീട്
മലയാളികള്‍ ഹൃദയത്തില്‍ കുടിയിരുത്തിയ സംഗീത സംവിധായകന്‍ എംകെ
അര്‍ജുനനായി. "സംഗീതത്തിലും ജീവിതത്തിലും എന്നും ഈ അര്‍ജുനനു
വഴികാട്ടിയായി തേരുതെളിച്ചത് ആ കാരുണ്യ മൂര്‍ത്തിയായ തമ്പുരാനാണ്"
ഗുരുനാഥനെ കുറിച്ചോര്‍ക്കുമ്പോള്‍ അര്‍ജുനന്‍ മാസ്റ്ററുടെ മനസ്സില്‍ ആദരവിന്‍റെ
വേലിയേറ്റം!

എം കെ അര്‍ജുനന്‍
കൊടിയ ദാരിദ്ര്യദുഃഖത്തില്‍ നിന്ന് ആശ്വാസം തേടി കുട്ടിക്കാലത്ത് സഹോദരന്‍
പ്രഭാകരനൊടൊപ്പം പഴനിയിലെ ജീവകാരുണ്യാനന്ദാശ്രമത്തില്‍ എത്തിയ അര്‍ജുനന്‍
കുമാരയ്യാ പിള്ള എന്ന സംഗീതാചാര്യന്‍റെ ശിക്ഷണത്തില്‍ ശാസ്ത്രീയ സംഗീതത്തില്‍
അവഗാഹം നേടിയപ്പോള്‍ പില്‍ക്കാലത്ത് അതു മലയാള സംഗീതത്തിന്
മുതല്‍ക്കൂട്ടാവുമെന്ന് ആരും കരുതിയില്ല. കൊച്ചിയിലും പരിസരത്തുമുള്ള ചെറിയ
ചെറിയ സമിതികളില്‍ ഗായകനായി കൗമാരവും യൗവനവും താണ്ടുന്നതിനിടയില്‍
ഹാര്‍മോണിയം വായിക്കുന്നതിലും അര്‍ജുനന്‍ പ്രാവീണ്യം നേടി. ഷരീഫ് എന്ന
സുഹൃത്തിന്‍റെ സഹായത്തോടെ പിജെ ആന്‍റണിയുടെ നാടക സമിതിയില്‍ എത്തിയ
കഥ ഓര്‍ക്കുമ്പോള്‍ അദ്ദേഹത്തിനു ചിരിയാണ്."ക്യാമ്പില്‍ നിന്ന് നാടക
സ്ഥലത്തേക്കുള്ള വണ്ടിയില്‍ ഞാനും തിക്കിക്കയറി. സുഹൃത്ത് നേരത്തേയുള്ള
വണ്ടിയില്‍ പുറപ്പെട്ടു കഴിഞ്ഞിരുന്നു. മറ്റുള്ളവര്‍ക്ക് എന്നെ പരിചയവുമില്ല.
അപരിചിതന്‍ തിക്കിക്കയറിയതിന്‍റെ പേരില്‍ അംഗങ്ങള്‍ തമ്മില്‍ നാടകം കഴിഞ്ഞ്
തര്‍ക്കമായി. തര്‍ക്കം വാക്കേറ്റമായി. പിജെ ആന്‍റണി അംഗങ്ങളെയും എന്നെയും
കണ്ണടച്ച് തെറി പറഞ്ഞു. കോപം വന്നാല്‍ ആന്‍റണി പരിസരം മറന്ന് തെറിയഭിഷേകം
നടത്തും. സമിതിയില്‍ പുതിയതായി ഹാര്‍മോണിയം വായിക്കാന്‍ കണ്ടെത്തിയ
ആളാണതെന്ന് ഷെരീഫ് വ്യക്തമാക്കുന്നതിനു മുമ്പു തന്നെ ഞാന്‍ സ്ഥലം വിട്ടിരുന്നു.
എല്ലാവരും കൂടി പരിസരത്താകെ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല.

എം കെ അര്‍ജുനനനും ദേവരാജനും ലേഖകനും
ക്യാമ്പിലെത്തിയപ്പോള്‍ ഞാന്‍ വരാന്തയില്‍ കിടന്നുറങ്ങുന്നതാണ് കണ്ടത്. പിജെ
ആന്‍റണി സ്നേഹത്തോടെ വിളിച്ചു,";ആളറിയാതെ പറ്റിപ്പോയതാണ്. ക്ഷമിക്കണം.
അര്‍ജുനാ, എഴുന്നേല്‍ക്ക്, ഭക്ഷണം കഴിക്കാം." ഞാന്‍ അയഞ്ഞില്ല. ഭക്ഷണം
വേണ്ടെന്നു വാശിപിടിച്ചു. ആന്‍റണി വീണ്ടും വീണ്ടും വിളിച്ചു. ഞാന്‍ തീരെ വഴങ്ങിയില്ല.
ഒടുവില്‍ അദ്ദേഹത്തിന്‍റെ ക്ഷമകെട്ടു. "എന്നാല്‍ താന്‍ എഴുന്നേറ്റ് കുറച്ചു കള്ളെങ്കിലും
കുടിക്ക്."; അതൊരു കൂട്ടച്ചിരിയിലാണ് അവസാനിച്ചത്. അദ്ദേഹവുമൊത്തുള്ള
സൗഹൃദം പിന്നീട് വളരെക്കാലം തുടര്‍ന്നു. പിജെ ആന്‍റണിയുടെ നിരവധി
നാടകങ്ങള്‍ക്ക് ഞാന്‍ പില്‍ക്കാലത്ത് സംഗീതം നല്‍കിയിട്ടുണ്ട്."

കാളിദാസ കലാകേന്ദ്രത്തില്‍ അംഗമായതു മുതല്‍ അര്‍ജുനന്‍റെ സംഗീതത്തിനും
ജീവിതത്തിനും പ്രകടമായ വ്യതിയാനങ്ങളുണ്ടായി. തുടര്‍ച്ചയായ നാല്‍പതു വര്‍ഷം ആ
സമിതിയുമായി അദ്ദേഹം സഹകരിച്ചു. കേരളത്തിലെ മറ്റൊരു സമിതിയിലും ഒരു
കലാകാരന്‍ ഇത്രകാലം സഹകരിച്ചിട്ടുണ്ടാവില്ല. ";ദേവരാജന്‍ മാസ്റ്ററാണ് കാളിദാസ
കലാകേന്ദ്രത്തിന്‍റെ സ്ഥാപകന്‍. സംഗീതത്തോടൊപ്പം എന്നെ ജീവിതവും പഠിപ്പിച്ചത്
അദ്ദേഹമാണ്. എങ്ങനെ ജീവിക്കണം, മറ്റുള്ളവരോട് എങ്ങനെ പെരുമാറണം, കിട്ടുന്ന
വരുമാനം കുടുംബത്തിനു പ്രയോജനപ്പെടുംവിധം എങ്ങനെ ചെലവഴിക്കണം എന്നു
തുടങ്ങി അച്ചടക്കവും അടുക്കും ചിട്ടയുമെല്ലാം ഞാന്‍ മനസ്സിലാക്കിയത് മാസ്റ്ററില്‍
നിന്നാണ്. സമിതിയിലെ അംഗങ്ങള്‍ തികഞ്ഞ അച്ചടക്കം പാലിക്കണമെന്ന്
അദ്ദേഹത്തിനു നിര്‍ബന്ധമായിരുന്നു. എന്നാല്‍ ആരുടെയും വ്യക്തിസ്വാതന്ത്ര്യത്തില്‍
അദ്ദേഹം ഇടപെട്ടിരുന്നില്ല. സമിതിയുടെ പ്രവര്‍ത്തനത്തില്‍ ആര്‍ക്കെങ്കിലും
പരാതിയോ നിര്‍ദ്ദേശങ്ങളോ അവതരിപ്പിക്കാനുണ്ടെങ്കില്‍ അംഗങ്ങളുടെ ജനറല്‍
ബോഡി യോഗം വിളിച്ച് പ്രശ്നം ചര്‍ച്ച ചെയ്തു പരിഹരിക്കുകയായിരുന്നു പതിവ്. ചില
കലാകാരന്മാര്‍ നാടകം കഴിഞ്ഞ് മദ്യപിച്ച് മറ്റംഗങ്ങള്‍ക്ക് ശല്യമാകുന്നതായി പരാതി
ഉയര്‍ന്നപ്പോള്‍ ജനറല്‍ ബോഡി യോഗം വിളിച്ചു ചേര്‍ത്തു. മീറ്റിംഗ് നടക്കുന്ന ഹാളിന്‍റെ
ഒരു കോണില്‍ പനി ബാധിച്ച് മൂടിപ്പുതച്ച് കിടക്കുകയായിരുന്നു ഞാന്‍. യോഗം
ആരംഭിച്ചു. "നിങ്ങളില്‍ പലരും മദ്യപിക്കുന്നവരാണെന്ന് എനിക്കറിയാം. അതു
നിങ്ങളുടെ സ്വകാര്യ സന്തോഷമാണ്. ഞാന്‍ അതില്‍ ഇടപെടില്ല. പക്ഷേ അത്തരം
സന്തോഷം സമിതിയിലെ മറ്റംഗങ്ങള്‍ക്ക് ദോഷകരമാകാതെ നോക്കണം. ആ
കിടക്കുന്നയാളെ കണ്ടില്ലേ. അയാള്‍ ഇടക്കിടെ മദ്യപിക്കുമെന്ന് എനിക്കറിയാം. പക്ഷേ
അയാള്‍ മദ്യപിച്ച് എന്തെങ്കിലും ശല്യമുണ്ടാക്കിയതായി ആര്‍ക്കെങ്കിലും
പരാതിയുണ്ടോ? ഇല്ല" ദേവരാജന്‍ മാസ്റ്റര്‍ പറഞ്ഞു നിര്‍ത്തി. ഞാന്‍ മദ്യപിക്കുന്ന
വിവരം മാസ്റ്റര്‍ക്ക് അറിയാമെന്ന് അപ്പോഴാണ് ഞാന്‍ മനസ്സിലാക്കിയത്. മാസ്റ്ററുടെ
ഏറ്റവും അടുത്ത സുഹൃത്തായിരുന്നല്ലോ വയലാര്‍. അദ്ദേഹം മദ്യപിക്കാറുണ്ടായിരുന്നു.
ചില സുഹൃത്തുക്കള്‍ വിദേശത്തു നിന്നു വരുമ്പോള്‍ മാസ്റ്റര്‍ വയലാറിനു വേണ്ടി
വിദേശമദ്യം വരുത്തി നല്‍കിയിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്,"അര്‍ജുനന്‍ മാസ്റ്റര്‍ ഓര്‍ക്കുന്നു. "
പതിനഞ്ചു രൂപയായിരുന്നു അക്കാലത്തെ പ്രതിഫലം. ആ തുക കൊണ്ട് ജീവിക്കാനും
മിച്ചം പിടിക്കാനും സാധിച്ചിരുന്നത് മാസ്റ്ററില്‍ നിന്നു പഠിച്ച സാമ്പത്തിക അച്ചടക്കം
കൊണ്ടു മാത്രമായിരുന്നു. മിച്ചം പിടിച്ച തുകയ്ക്കു വാങ്ങിയ സ്ഥലത്താണ് ഞാന്‍
പിന്നീടു വീടു പണിത് കുടുംബത്തോടൊപ്പം താമസമാക്കിയത്ڈ.

അര്‍ജുനന്‍ മാഷ് ഒരു പഴയ ചിത്രം
ചലച്ചിത്രരംഗത്ത് തിരക്കേറിയതോടെ കാളിദാസ കലാകേന്ദ്രത്തിന്‍റെ ചുമതല ഒ
മാധവനെ ഏല്‍പിച്ച് ദേവരാജന്‍ മാസ്റ്റര്‍ മദിരാശിയിലേക്കു പോയി. ആ വര്‍ഷത്തെ
പുതിയ നാടകണ്‍മായ"യമുന";യ്ക്ക് സംഗീതം പകരാന്‍ അര്‍ജുനനെ ഏല്‍പിച്ചാല്‍
മതിയെന്ന് മാസ്റ്റര്‍ നിര്‍ദ്ദേശവും നല്‍കി. "വിവരം അറിഞ്ഞ ദിവസം ഞാന്‍ ഉറങ്ങിയില്ല.
ദേവരാജന്‍ മാസ്റ്റര്‍ ഇരുന്ന സ്ഥലത്ത് കയറിയിരിക്കുക എനിക്കു ചിന്തിക്കാന്‍ പോലും
സാധിക്കുമായിരുന്നില്ല. അന്നു രാത്രി ഞാന്‍ നാടകക്യാമ്പില്‍ നിന്ന് ആരുമറിയാതെ
സ്ഥലം വിട്ടു. അധികം പണം കൈയിലില്ലാത്തതു കൊണ്ട് ദൂരെയെങ്ങും പോകില്ലെന്ന്
മനസ്സിലാക്കിയ മാധവന്‍ ചേട്ടനും വൈക്കം ചന്ദ്രശേഖരന്‍ നായരും കാലായ്ക്കല്‍
കുമാരനും കൊല്ലത്ത് കാടന്‍മുക്കിലുള്ള എന്‍റെ ചെറിയമ്മയുടെ വീട്ടിലെത്തി. ഞാന്‍
അവിടെ ഒളിച്ചിരിപ്പുണ്ടായിരുന്നു. അവര്‍ എന്നെ പിടികൂടിയെങ്കിലും ഞാന്‍
തീരുമാനത്തില്‍ ഉറച്ചു നിന്നു. ";എന്നാല്‍ അവിടെ വന്ന് സമിതി പിരിച്ചുവിട്ടേക്ക്.
ദേവരാജന്‍ തുടങ്ങിവച്ചത് അര്‍ജുനന്‍ അവസാനിപ്പിക്ക്. അംഗങ്ങളെല്ലാം
അവരവരുടെ വഴിക്ക് പോകട്ടെ," ഒ മാധവന്‍ നിരാശയോടെയും തെല്ല്
അരിശത്തോടെയും പറഞ്ഞു. സമിതിയുടെ നടത്തിപ്പു തന്നെ
സ്തംഭനാവസ്ഥയിലെത്തുമല്ലോ എന്നോര്‍ത്ത് ഉപാധികളോടെ ഞാന്‍ വഴങ്ങി - മാസ്റ്റര്‍
ഉപയോഗിച്ച മുറിയില്‍ ഇരുന്ന് പാട്ടുണ്ടാക്കാനാവില്ല. കംപോസിംഗും റിഹേഴ്സലും
മറ്റൊരിടത്തേക്ക് മാറ്റണം. വ്യവസ്ഥ അംഗീകരിക്കപ്പെട്ടു. പട്ടത്താനത്ത് മറ്റൊരു
കെട്ടിടത്തില്‍ മാധവന്‍ ചേട്ടന്‍ സൗകര്യം ഏര്‍പ്പെടുത്തി, അര്‍ജുനന്‍ മാസ്റ്റര്‍
കഴിഞ്ഞകാല അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുന്നു.

എം കെ അര്‍ജുനനും കുടുംബവും
മറ്റ് നാടക സമിതികളിലേക്കും സംഗീതം ചെയ്യാനുള്ള ക്ഷണം ലഭിച്ചു തുടങ്ങിയതോടെ
കാളിദാസനില്‍ ഹാര്‍മോണിയം വായിക്കുന്ന പതിവ് മതിയാക്കി. തുടര്‍ന്നുള്ള ശ്രദ്ധ
മുഴുവന്‍ സംഗീത സംവിധാനത്തിലായി. കെപിഎസി, ആലപ്പി തിയേറ്റേഴ്സ്,
ദേശാഭിമാനി തിയേറ്റേഴ്സ്, കായംകുളം പീപ്പിള്‍സ് തിയേറ്റേഴ്സ്, ചങ്ങനാശ്ശേരി ഗീഥാ
ആര്‍ട്ട്സ് ക്ലബ്, വൈക്കം മാളവിക, സൂര്യസോമ, അങ്കമാലി മാനിഷാദ... അങ്ങനെ
നിരവധി സമിതികളുടെ നാടകങ്ങള്‍ക്ക് അര്‍ജുനന്‍ മാസ്റ്റര്‍ സംഗീതം പകര്‍ന്നു.
1964-ല്‍ ആദ്യമായി ഒരു ചലച്ചിത്രത്തിനു സംഗീതം നല്‍കി. ചിത്രം ഒരേ ഭൂമി ഒരേ
രക്തം".;. പക്ഷേ ചിത്രം പുറത്തു വന്നില്ല. 1968-ല്‍ കറുത്ത പൗര്‍ണമി എന്ന ചിത്രത്തിനു
സംഗീതം നല്‍കിയതോടെ എംകെ അര്‍ജുനന്‍ ശ്രദ്ധിക്കപ്പെട്ടു. അതിലെ പാട്ടുകളെല്ലാം
ശ്രോതാക്കള്‍ ഏറ്റുവാങ്ങി. മാനത്തിന്‍ മുറ്റത്ത്..., ഹൃദയമുരുകി നീ കരയില്ലെങ്കില്‍...,
പൊന്‍കിനാവിന്‍ പുഷ്പരഥത്തില്‍... തുടങ്ങിയ ഗാനങ്ങള്‍ ഇന്നും ഒളിമങ്ങാതെ
മലയാളി മനസ്സില്‍ തിളങ്ങുന്നു. തുടര്‍ന്ന് റസ്റ്റ് ഹൗസ് (യദുകുല രതിദേവനെവിടെ,
പാടാത്ത വീണയും പാടുംچ, മുത്തിലും മുത്തായ), സിഐഡി നസീര്‍
(നിന്‍മണിയറയിലെ, നീലനിശീഥിനീ), പുഷ്പാഞ്ജലി (നക്ഷത്ര കിന്നരന്മാര്‍
വിരുന്നുവന്നു, ദുഃഖമേ നിനക്കു പുലര്‍കാല വന്ദനം), ആദ്യത്തെ കഥ (ഭാമിനീ ഭാമിനീ,
ഓട്ടുവളയെടുക്കാന്‍ മറന്നു ഞാന്‍ മറന്നു), യാമിനി (പുഞ്ചിരിപ്പൂവുമായ് (സിന്ധുچ
(ചെട്ടികുളങ്ങര ഭരണിനാളില്‍چ), ഹലോ ഡാര്‍ലിംഗ് (അനുരാഗമേ അനുരാഗമേ,
ദ്വാരകേ ദ്വാരകേ), (പിക്നിക്) ചന്ദ്രക്കല മാനത്ത്, കസ്തൂരി മണക്കുന്നല്ലോ കാറ്റേ,
വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി), ഇതു മനുഷ്യനോچ (സുഖമൊരു ബിന്ദു
ദുഃഖമൊരു ബിന്ദു), ആശിര്‍വാദം (സീമന്തരേഖയില്‍), കന്യാദാനം (രണ്ടു നക്ഷത്രങ്ങള്‍
കണ്ടുമുട്ടി), ചീനവല (തളിര്‍വലയോ താമരവലയോ), കാത്തിരുന്ന നിമിഷം
(ചെമ്പകത്തൈകള്‍ പൂത്ത) ... അങ്ങനെ എത്രയെത്ര ഗാനങ്ങള്‍! ദേവരാജന്‍ മാസ്റ്ററും
രാഘവന്‍ മാസ്റ്ററും ദക്ഷിണാമൂര്‍ത്തി സ്വാമിയും ബാബുരാജുമൊക്കെ മലയാള
ചലച്ചിത്ര സംഗീതരംഗം അടക്കിവാഴുമ്പോഴാണ് അര്‍ജുനന്‍ മാസ്റ്റര്‍ തന്‍റെ ഇടം
കണ്ടെത്തിയത്. പി ഭാസ്കരനും വയലാറും ഒക്കെ അര്‍ജുനന്‍റെ വളര്‍ച്ചയ്ക്ക കരുത്തു
പകര്‍ന്നെങ്കിലും ശ്രീകുമാരന്‍ തമ്പി - അര്‍ജുനന്‍ കൂട്ടുകെട്ടിലാണ് ഏറ്റവുമധികം
ഗാനങ്ങള്‍ പിറന്നത്. ചലച്ചിത്ര സംഗീത ചരിത്രത്തില്‍ സുവര്‍ണലിപികളാല്‍
രേഖപ്പെടുത്തേണ്ട അനശ്വര ഗാനങ്ങള്‍ അവര്‍ നെയ്തുകൂട്ടി!

എം കെ അര്‍ജുനനും യേശുദാസും ശ്രീകുമാരന്‍ തമ്പിയും
ആദ്യകാലത്ത് ആര്‍കെ ശേഖറും പില്‍ക്കാലത്ത് ജോണ്‍സണുമാണ് അര്‍ജുനന്‍
മാസ്റ്റരുടെ സഹായികളായി പ്രവര്‍ത്തിച്ചത്. അദ്ദേഹത്തിന്‍റെ മനോഹരങ്ങളായ
ഈണങ്ങള്‍ക്ക് അനുയോജ്യമായ ഓര്‍ക്കസ്ട്ര ഒരുക്കാന്‍ രണ്ടുപേരും പരമാവധി
ശ്രമിച്ചിട്ടുണ്ട്. ഒരു സഹപ്രവര്‍ത്തകന്‍ എന്നതിനേക്കാള്‍ ഒരു
സഹോദരനെപ്പോലെയാണ് അര്‍ജുനന്‍ മാസ്റ്റര്‍ ആര്‍കെ ശേഖറെ കണ്ടിരുന്നതെങ്കില്‍
ജോണ്‍സണ്‍ അദ്ദേഹത്തിനു മകനു തുല്യമായിരുന്നു. ശേഖറിന്‍റെ അകാലനിര്യാണം
ആ കുടുംബത്തിനേല്‍പിച്ച ആഘാതത്തിന് അങ്ങേയറ്റം ആശ്വാസമായി വര്‍ത്തിച്ചതും
മാസ്റ്റര്‍ തന്നെ. ശേഖറിന്‍റെ മരണശേഷവും ഓരോ റെക്കോഡിംഗിനും ശേഖറിനു
നല്‍കിപ്പോന്ന പ്രതിഫലം മാസ്റ്റര്‍ ആ കുടുംബത്തില്‍ പതിവായി എത്തിച്ചിരുന്നു.
ശേഖറിന്‍റെ മകന്‍ ദിലീപിന് അന്നു പന്ത്രണ്ടു വയസ്സ്. കീബോഡില്‍ പിച്ചവയ്ക്കുന്ന
കാലം. ശശികുമാറിന്‍റെ സംവിധാനത്തില്‍ ജംബുലിംഗം എന്ന ചിത്രത്തിലെ പൂവച്ചല്‍
ഖാദര്‍ എഴുതിയ ഗാനത്തിന്‍റെ റെക്കോഡിംഗിന് സ്റ്റുഡിയോയില്‍ അര്‍ജുനന്‍ മാസ്റ്റര്‍
ആദ്യമായി ദിലീപിനേയും കൂട്ടിക്കൊണ്ടു വന്നു. ലതികയും സംഘവും ചേര്‍ന്നു പാടുന്ന
മുല്ലപ്പൂ കൊണ്ടുവായോ, മല്ലിപ്പൂ കൊണ്ടുവായോ എന്ന ഗാനത്തിന്‍റെ റിഹേഴ്സല്‍
നടക്കുകയാണ്. ചെറിയ പയ്യനു മ്യൂസിക് പറഞ്ഞുകൊടുക്കാന്‍ തെല്ലു
മടിയോടെയാണെങ്കിലും ജോണ്‍സണ്‍ മുന്നോട്ടു വന്നു. റെക്കോഡിംഗ് കഴിഞ്ഞപ്പോള്‍
മാസ്റ്റര്‍ സ്വന്തം പോക്കറ്റില്‍ നിന്ന് നൂറു രൂപ ദിലീപിനു പ്രതിഫലം നല്‍കി. ദിലീപ്
വളര്‍ന്നു വളര്‍ന്ന് പില്‍ക്കാലത്ത് ഇളയരാജയുടേയും ഹംസലേഖയുടേയും മറ്റ് പ്രമുഖ
സംഗീത സംവിധായകരുടെയും ഒക്കെ പ്രധാന കീബോഡ് പ്ലെയര്‍ ആയി. പിന്നീട്
ലോകം പിടിച്ചടക്കിയ സംഗീതസംവിധായകനായി - എആര്‍ റഹ്മാനായി.
ചലച്ചിത്ര രംഗത്ത് തിരക്കിലായിരുന്നപ്പോഴും നാടക സംഘങ്ങളെ അര്‍ജുനന്‍ മാസ്റ്റര്‍
കൈവെടിഞ്ഞിരുന്നില്ല. 350-ലധികം നാടകങ്ങള്‍ക്കും 175-ലധികം
ചലച്ചിത്രങ്ങള്‍ക്കുമായി ആയിരത്തോളം സുന്ദര ഗാനങ്ങള്‍ അര്‍ജുനന്‍ മാസ്റ്റര്‍
മലയാളിക്കു സമ്മാനിച്ചു. പകരം ചലച്ചിത്രലോകം മാസ്റ്റര്‍ക്കു സമ്മാനിച്ചതോ,
അവഗണന മാത്രം. 2017-ല്‍ ആദ്യമായാണ് അര്‍ജുനന്‍ മാസ്റ്ററുടെ പാട്ടുകള്‍
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റിയുടെ ശ്രദ്ധയില്‍ പെട്ടത്.
പത്മാപുരസ്കാരങ്ങള്‍ പലതവണ പടിക്കല്‍ വരെ എത്തിനോക്കി കടന്നുപോയി.
എന്നാല്‍ സംസ്ഥാന നാടക അവാര്‍ഡ് കമ്മിറ്റിയാകട്ടെ പതിനാറു തവണ അദ്ദേഹത്തെ
മികച്ച സംഗീതസംവിധായകനായി തെരഞ്ഞെടുത്തു. ജനങ്ങളുടെ പ്രിയപ്പെട്ട
കലാകാരന്‍ ഇതിലൊന്നും പരിഭവിക്കാനോ സന്തോഷിക്കാനോ പോയില്ല.

മലയളികളുടെ പ്രിയങ്കരനായ അര്‍ജുനന്‍ മാസ്റ്റര്‍ 2020 ഏപ്രില്‍ 6-ാം തീയതി നമ്മെ
വിട്ടുപിരിഞ്ഞു. കൊവിഡ് മഹാമാരിയുടെ താണ്ഡവവും കര്‍ശന നിയന്ത്രണങ്ങളും
മൂലം അന്തിമോപചാരം അര്‍പ്പിക്കാന്‍ അധികമാര്‍ക്കും സാധിച്ചില്ല. ആരാധകര്‍ക്കും
സുഹൃത്തുക്കള്‍ക്കും താങ്ങാനാകാത്ത വേദനയായിരുന്നു ആ വിടവാങ്ങല്‍. ആ
സംഗീതോപാസകന്‍റെ ഓര്‍മ്മയ്ക്കായി സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് ആശ എന്ന കലാ
സാംസ്കാരിക സംഘടനയുടെ ആഭിമുഖ്യത്തില്‍ മാസ്റ്ററുടെ പേരില്‍ ഒരു അവാര്‍ഡ്
നിശ്ചയിച്ചിട്ടുണ്ട്. മാസ്റ്ററുടെ പ്രിയസുഹൃത്തും പ്രശസ്ത കവിയും ഗാനരചയിതാവുമായ
ശ്രീകുമാരന്‍ തമ്പിയാണ് പ്രഥമ എംകെ അര്‍ജുനന്‍ അവാര്‍ഡ് ഏറ്റുവാങ്ങിയത്.
സംഗീതകുലപതിയായ ദേവരാജന്‍ മാസ്റ്ററുടെ മാനസപുത്രനു മരണമില്ല. പള്ളുരുത്തി
ഭവാനീശ്വര ക്ഷേത്രത്തിനു സമീപമുള്ള ഓപ്പണ്‍ എയര്‍ സ്റ്റേഡിയം അര്‍ജുനന്‍
മാസ്റ്ററുടെ നാമധേയത്തിലാണ് അറിയപ്പെടുന്നത്. സ്റ്റേഡിയത്തിന്‍റെ നവീകരണ
പ്രവര്‍ത്തനങ്ങള്‍ കൊച്ചിന്‍ കോര്‍പറേഷന്‍റെ മേല്‍നോട്ടത്തില്‍ ഇപ്പോള്‍
പുരോഗമിച്ചുവരുന്നു. നൂറുകണക്കിനുള്ള മനോഹര ഗാനങ്ങളിലൂടെ മലയാളി
മനസ്സുകളില്‍ ചിരഞ്ജീവിയായി എക്കാലവും അദ്ദേഹം നിറഞ്ഞു നില്‍ക്കും.