Image

പൗലോസ് സാർ ഇനി ഓർമ്മയാണ് (ജെയിംസ് കുരീക്കാട്ടിൽ)

Published on 16 July, 2026
പൗലോസ് സാർ ഇനി ഓർമ്മയാണ് (ജെയിംസ് കുരീക്കാട്ടിൽ)

രാവിലെ ഈ വാർത്ത കേട്ടപ്പോൾ ആദ്യം വിശ്വസിക്കാനായില്ല. എന്തെങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് ആരും പറഞ്ഞുകേട്ടിരുന്നില്ല. രണ്ടാഴ്ച മുമ്പാണ് അവസാനമായി സംസാരിച്ചത്. ജോസഫ് മാഷിന്റെ ന്യൂയോർക്ക് സന്ദർശനവുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു വിഷയം. പതിവുപോലെ നിറഞ്ഞ ഉത്സാഹത്തോടെയും ആത്മാർഥതയോടെയുമാണ്  ജോസഫ് മാഷിനെ ഹോസ്റ്റ് ചെയ്തതും പരിപാടികൾ സംഘടിപ്പിച്ചതുമൊക്കെ.

പരിചയപ്പെട്ട നാൾ മുതൽ എനിക്ക് ഏറെ ആദരവ് തോന്നിയ വ്യക്തിത്വമായിരുന്നു പൗലോസ് സാർ. സൗമ്യനും മിതഭാഷിയുമായിരുന്നു.  സ്വതന്ത്രചിന്ത ആയിരുന്നു അദ്ദേഹത്തിന്റെ  ജീവിതദർശനം. ജോസഫ് ഇടമറുകിന്റെ മരണം വരെ അദ്ദേഹവുമായി ആത്മബന്ധം പുലർത്തിയിരുന്നു. എഴുത്തും വായനയുമായിരുന്നു അദ്ദേഹത്തിന് ജീവിതത്തിൽ എല്ലാം.

ജീവിതത്തിന്റെ നല്ലൊരു ഭാഗം, ഏകദേശം ഇരുപത്തിയഞ്ച് വർഷം, അദ്ദേഹം കൊൽക്കത്തയിൽ ചെലവഴിച്ചു. ബംഗാൾ റാഷണലിസ്റ്റ് അസോസിയേഷന്റെ സ്ഥാപക സെക്രട്ടറിയും കൊൽക്കത്ത മലയാളി അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റുമായ അദ്ദേഹം സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ  എന്നും സജീവമായിരുന്നു.

എന്നാൽ, അദ്ദേഹത്തിന്റെ ഹൃദയത്തോട് ഏറ്റവും ചേർന്നിരുന്നത് നാടകമായിരുന്നു. നാടകങ്ങൾ എഴുതി, സംവിധാനം ചെയ്തു, അഭിനയിച്ചു. കഥകളും ലേഖനങ്ങളും നാടകങ്ങളും ഉൾപ്പെടെ ആറു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച് തന്റെ ചിന്തകളെ അക്ഷരങ്ങളിലൂടെ സമൂഹത്തിന് സമർപ്പിച്ചു.

അമേരിക്കയിലെത്തിയ ശേഷവും ആ ജ്വാല കെട്ടുപോയില്ല. ന്യൂയോർക്കിലെ സർഗവേദി, ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക, എസ്സെൻസ് ഗ്ലോബൽ യു.എസ്.എ. തുടങ്ങിയ സംഘടനകളിലൂടെ അദ്ദേഹം സാംസ്കാരിക-സാമൂഹിക പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യമായി തുടർന്നു. എവിടെയായിരുന്നാലും, മനുഷ്യരെയും ആശയങ്ങളെയും ചേർത്തുനിർത്തുന്ന ഒരു കണ്ണിയായിരുന്നു  അദ്ദേഹം.

ഒരു ജന്മദിനത്തിൽ മരണത്തെക്കുറിച്ച് അദ്ദേഹം എഴുതിയ ലേഖനം ഇന്നും മനസ്സിൽ തെളിഞ്ഞുനിൽക്കുന്നു. ജീവിതത്തിൽ പലവട്ടം മരണത്തെ മുഖാമുഖം കണ്ടു തിരിച്ചുവന്ന ഒരാളുടെ അനുഭവത്തിന്റെ ആഴമുണ്ടായിരുന്നു ആ വരികളിൽ. ആ ലേഖനം അദ്ദേഹം തുടങ്ങിയത് ഇങ്ങനെയായിരുന്നു:

“ഇന്നെനിക്ക് ബോണസ്സായി ഒരു വയസ്സ് കൂടി കിട്ടി. ചേർത്തുപിടിച്ചവർക്കും കൂടെനിന്ന കൂട്ടുകാർക്കും ഒരുപാട് നന്ദി.”
അവസാനിപ്പിച്ചത് ഇങ്ങനെ:
“പതിറ്റാണ്ടുകൾ കഴിഞ്ഞു. ദേശവും കാലവും മാറി. എന്നാലും ഞാനിന്നും യാത്ര തുടരുകയാണ്.”

ആ യാത്ര ഇന്ന് അവസാനിച്ചു.
മടക്കമില്ലാത്ത മറ്റൊരു യാത്രയിലേക്ക് അദ്ദേഹം പുറപ്പെട്ടു. എന്നാൽ മനുഷ്യരുടെ ജീവിതം അവസാനിക്കുന്നത് അവരുടെ ശ്വാസത്തോടെയല്ല; അവർ മറ്റുള്ളവരുടെ ഓർമ്മകളിൽ നിന്ന് മാഞ്ഞുപോകുമ്പോഴാണ്. പൗലോസ് സാർ അങ്ങനെയൊരാളല്ല. അദ്ദേഹത്തിന്റെ സൗമ്യതയും ചിന്തയുടെ വെളിച്ചവും സ്നേഹവും, അദ്ദേഹം പകർന്ന സൗഹൃദവും എന്നും ഓർമ്മകളിൽ ജീവിച്ചിരിക്കും.
ആദരാഞ്ജലികൾ, മാഷേ.
യാത്രാമൊഴി.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക