
കലാകാരൻമാർ പൊതുവെ അവരുടെ പ്രശ്നങ്ങൾ പുറത്തു പറയാൻ മടിക്കുന്നവരാണ്. ഇത് മാനസികവും ശാരീരികവുമായ വിവിധ പ്രശ്‌നങ്ങളിലേക്ക് അവരെ നയിക്കും. ഈ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനാണ് 'സ്വൈരവചനം' ആരംഭിച്ചത്.
കഥകളിയിലെ തന്റെ കത്തി, ചുവന്ന താടി വേഷങ്ങളിൽ ചുരുങ്ങിയകാലം കൊണ്ട് പേരെടുത്ത മുതിർന്ന കഥകളി കലാകാരൻ ഹരി ആർ നായർ കഴിഞ്ഞ മെയ് 23നു ചെറുതുരുത്തിക്കടുത്തുള്ള അദ്ദേഹത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കാണപ്പെടുകയുണ്ടായി. രണ്ടാഴ്ച മുൻപ് ഹരിയുടെ സഹോദരിയും മറ്റു ചില ബന്ധുക്കളും അദ്ദേഹത്തിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും, അന്വേഷണം വേണമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് കൊടുത്ത ഒരു നിവേദനത്തിൽ ആവശ്യപ്പെടുകയുണ്ടായി. അന്വേഷണം പുരോഗമിക്കുകയാണ്.
കേരള കലാമണ്ഡലത്തിലെ കഥകളി അദ്ധ്യാപകൻ കൂടിയായ ഹരിയുടെ മരണം കലാസാംസ്കാരിക മേഖലകളിൽ വലിയ ചർച്ചാവിഷയമായിരിക്കുകയാണ്.
മാനസികവും ശാരീരികവുമായ വിഷമങ്ങൾ അനുഭവിക്കുന്ന കലാകാരന്മാരെ സഹായിക്കാൻവേണ്ടി ഒരു കൂട്ടം കഥകളി ആസ്വാദകർ ചേർന്ന് 2025 ഡിസംബർ 15നു "സ്വൈരവചനം" എന്ന പേരിൽ ഒരു കൗൺസിലിംഗ് സെല്ലിന് രൂപം കൊടുത്തിരുന്നു. ഈ വിവരം വാട്സാപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തിരുന്നെങ്കിലും, അന്ന് അതിനു വലിയ പ്രാധാന്യം കിട്ടിയില്ല. ഹരിയുടെ മരണത്തോടെ, "സ്വൈരവചനം" പോലെയുള്ള സെല്ലിന്റെ പ്രസക്തി പലർക്കും ബോധ്യമാവുകയും, അത് പുനഃസംഘടിപ്പിക്കുകയും ചെയ്യുകയുണ്ടായി. "ആരും കേൾക്കാനില്ല, ഒറ്റപ്പെടുന്നു, പ്രശ്നങ്ങൾ താങ്ങാനാവുന്നില്ല, ആരെങ്കിലും ഒന്ന് താങ്ങായി നിന്നിരുന്നെങ്കിൽ" എന്നെല്ലാം തോന്നുന്ന മനുഷ്യരെ ചേർത്തു പിടിച്ചു അവരുടെ പ്രശ്നങ്ങൾ പരിഹരിച്ചു മുന്നോട്ടുപോകാനാണ് അഞ്ചു പേരടങ്ങുന്ന ഈ സെൽ ശ്രമിക്കുന്നത്.

ചിത്രങ്ങള്‍ :നിഷ ചെമ്പകശേരി
നിഷ മേനോൻ ചെമ്പകശ്ശേരി (കഥകളി സംഘാടക), പ്രശാന്ത് കലാമണ്ഡലം (കഥകളി കലാകാരനും, അധ്യാപകനും), ആർച്ച ഗൗരി വർമ്മ (മാനസികാരോഗ്യ സാമൂഹിക പ്രവർത്തക), സഞ്ജു പാലിശ്ശേരി (ഡോക്ടർ), അകവൂർ സന്തോഷ് (ആയുർവേദ ഡോക്ടർ) എന്നിവർ അടങ്ങുന്നതാണ് ഈ സെൽ. ആർക്കും ഇവരുടെ മൊബൈൽ ഫോണിൽ എപ്പോൾ വേണമെങ്കിലും വിളിക്കാം. ആദ്യമായാണ് ഇങ്ങനെ ഒരു സെൽ രംഗകലാകൂട്ടായ്മയുടെ ഭാഗമാകുന്നത്.
കേരളത്തിൽ ഏകദേശം 850-ലധികം കഥകളി കലാകാരന്മാരുണ്ട് (നിലവിൽ സജീവമല്ലാത്തവരും ഇതിൽ ഉൾപ്പെടുന്നു). പലരും സീസണിലെ വരുമാനത്തെ മാത്രം ആശ്രയിക്കുന്നവരാണ്. മുതിർന്നവരും പേരെടുത്തവരുമായ ചില കലാകാരന്മാർ ഒഴികെ ഭൂരിപക്ഷത്തിനും ഒരു സ്ഥിര വരുമാനമില്ല. കഥകളി കലാകാരന്മാർക്കിടയിൽ ആത്മഹത്യ സാധാരണമല്ലെങ്കിലും, പലരും വിവിധ കാരണങ്ങളാൽ വിഷാദവും സമ്മർദ്ദവും അനുഭവിക്കുന്നു. ഒരു ദശാബ്ദത്തിലേറെയായി കേരളത്തിലുടനീളം കഥകളി സംഘടിപ്പിക്കുന്ന നിഷ മേനോൻ ചെമ്പകശ്ശേരി, മാനസികവും സാമ്പത്തികവുമായ വെല്ലുവിളികൾ കാരണം കഷ്ടപ്പെടുന്ന കലാകാരന്മാരുടെ എണ്ണം ഇന്ന് വളരെ കൂടുതലാണെന്നു പറയുന്നു. അരക്ഷിതാവസ്ഥയും ഒറ്റപ്പെടലും അനുഭവപ്പെടുന്ന പല കലാകാരന്മാർക്കും അവരുടെ പ്രശ്നങ്ങൾ തുറന്നു പറയാൻ ഒരു വേദിയില്ല എന്നുള്ളത് ദുഖകരമാണ്. അതുകൊണ്ടാണ് അവർ ഇതുപോലൊരു സെല്ലിന് രൂപം കൊടുത്തത്.

ചിത്രങ്ങള്‍ :നിഷ ചെമ്പകശേരി
കലാകാരൻമാർ പൊതുവെ അവരുടെ പ്രശ്നങ്ങൾ പുറത്തു പറയാൻ മടിക്കുന്നവരാണ്. പ്രശ്നങ്ങൾ അവർ തങ്ങളുടെ ഉള്ളിൽ കൂട്ടിവക്കുന്നു. ഇത് മാനസികവും ശാരീരികവുമായ വിവിധ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് അവരെ നയിക്കും. ചിലർ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാകുന്നു. മറ്റു ചിലർക്ക് തങ്ങൾ പ്രതീക്ഷിക്കുന്ന പ്രകടനം സ്റ്റേജിൽ കാഴ്ചവെക്കാൻ കഴിയുന്നില്ല. ഈ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനാണ് 'സ്വൈരവചനം' ആരംഭിച്ചത്. ഈ സെല്ലിലെ ആരും അവരുടെ മൊബൈൽ ഫോണുകൾ ഓഫാക്കാറില്ല. ഏതു കലാകാരന് എപ്പോൾ വേണമെങ്കിലും അവരെ ബന്ധപ്പെടാം. ഒരു പ്രശ്നം അറിയിച്ചു കഴിഞ്ഞാൽ, സഹായം ആവശ്യമുള്ള വ്യക്തിയുമായി ആശയവിനിമയം നടത്താൻ കലാകാരനുമായി ഏറ്റവും അടുത്ത പാനലിലെ ഒരു അംഗത്തെ നിയോഗിക്കും. ഗ്രൂപ്പിനുള്ളിൽ ആ വ്യക്തിയുടെ പേര് ഉൾപ്പെടുത്താതെ ഇക്കാര്യം ചർച്ച ചെയ്യും. വിളിക്കുന്ന ആളിന്റെ ഐഡന്റിറ്റി അംഗങ്ങൾ രഹസ്യമായി സൂക്ഷിക്കും. കലാകാരന്മാർക്ക് മാത്രമല്ല, അവരുടെ ബന്ധുക്കൾക്കും ഈ സെല്ലിലേക്ക് വിളിക്കാവുന്നതാണ്.
ഗ്രാമപ്രദേശങ്ങളിലെ ക്ഷേത്ര കേന്ദ്രീകൃതമായ ഒരു കലാരൂപത്തിൽ നിന്ന് ടൂറിസം, പ്രാദേശിക ക്ലബ്ബുകൾ എന്നിവയിലൂടെ സുസ്ഥിരമായ ഒരു വരുമാനം നേടിത്തരുന്ന ഒന്നായി കഥകളി ഇന്ന് മാറിയിരിക്കുന്നു. ക്ലബ്ബുകളുടെയും സ്പോൺസർഷിപ്പിന്റെയും ആവിർഭാവം നിരവധി കലാകാരന്മാർക്ക് മാന്യമായ ഒരു ഉപജീവനമാർഗ്ഗം കണ്ടെത്താൻ ഇതുമൂലം കഴിഞ്ഞിട്ടുണ്ട്. പക്ഷെ സമയം, ചിട്ട എന്നിവ കഥകളിയിൽ മറ്റെല്ലാ കലാരൂപങ്ങളിലുമെന്നപോലെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. കലാകാരന്മാർക്ക് ഇതൊരു വെല്ലുവിളികൂടിയാണ്. മിക്ക കലാകാരന്മാരും കുടുംബത്തോടൊപ്പം വേണ്ടത്ര സമയം ചിലവഴിക്കാൻ കഴിയാതെ ഒരു സഞ്ചാര ജീവിതം നയിക്കുന്നു. പലപ്പോഴും സൂര്യാസ്തമയത്തിനു ശേഷമാണ് കളികൾ നടക്കുന്നത്, ചിലപ്പോൾ രാത്രി മുഴുവൻ നീണ്ടുനിൽക്കും. കലാകാരൻമാർ പല സ്ഥലങ്ങളിലും തങ്ങാറുണ്ട്. അവരുടെ പ്രകടനങ്ങൾ അവർക്ക് ആരാധകരെ നേടിത്തരുന്നു. ഈ ബന്ധം ചിലപ്പോൾ വിവാഹേതര ബന്ധങ്ങളിലേക്ക് നയിച്ചേക്കാമെന്നു എഴുത്തുകാരനും, സദനം കഥകളി അക്കാദമിയുടെ മുൻ മാനേജരുമായ (1993-95) ശ്രീവൽസൻ തിയ്യാടി പറയുന്നു. ഇതുമൂലം പല കലാകാരന്മാരുടെയും ദാമ്പത്യ ജീവിതം ബുദ്ധിമുട്ടിലാകും. പ്രസിദ്ധിയും പണവും പലരെയും മദ്യത്തിന് അടിമകളുമാക്കും. ഇത്തരം കലാകാരന്മാർക്ക് "സ്വൈരവചനം" പോലുള്ള സംരംഭങ്ങൾ സഹായകമാകുമെന്ന് തിയ്യാടി കരുതുന്നു.

ചിത്രങ്ങള്‍ :നിഷ ചെമ്പകശേരി
കഥകളി കാലക്രമേണ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ടെങ്കിലും അതൊരു അസംഘടിത മേഖലയായി ഇന്നും തുടരുന്നു എന്നത് നിർഭാഗ്യകരമാണ്. സ്ഥിരപ്രതിഷ്ഠ നേടിയ കലാകാരന്മാർക്ക് വിഷമിക്കേണ്ട കാര്യമില്ല. എന്നാൽ പിന്തുണയും സ്പോൺസർഷിപ്പും ഇല്ലാതെ ഗ്രാമീണ മേഖലകളിൽ നിന്ന് വരുന്ന കലാകാരന്മാർക്ക് ഇതൊരു വലിയ പ്രശ്നമാണ്. അങ്ങനെയുള്ളവർക്ക് ശക്തമായ പിന്തുണയുമായാണ് ഈ സെല്ലിലെ എല്ലാവരും പ്രവർത്തിക്കാൻ പോകുന്നതെന്ന് ആയുർവേദ ഡോക്ടറും അംഗവുമായ അകവൂർ സന്തോഷ് പറയുന്നു.
ഇനി മറ്റൊരു കലാകാരനും ഹരിയുടെ അവസ്ഥ ഉണ്ടാവരുതെന്നു ഈ കൗൺസിലിങ് സെല്ലിലെ അംഗങ്ങൾ ആഗ്രഹിക്കുന്നു. പ്രശസ്ത കഥകളി കലാകാരനും ചെന്നൈയിലെ കലാക്ഷേത്ര ഫൗണ്ടേഷനിലെ അധ്യാപകനുമായ കലാമണ്ഡലം (വൈക്കം) പ്രശാന്ത് പറയുന്നത് ഹരിയെപ്പോലുള്ള ഒരു മുതിർന്ന കലാകാരൻ തന്നോട് അടുപ്പമുള്ള ഒരാളോട് പ്രശ്നങ്ങൾ തുറന്നു പറഞ്ഞിരുന്നെങ്കിൽ ഒരു പക്ഷെ ഇങ്ങനൊരു വഴി സ്വീകരിക്കേണ്ടി വരില്ലായിരുന്നു എന്നാണ്. ഒരു നല്ല സുഹൃത്ത് ഇല്ലാതിരുന്നതായിരുന്നു ഹരിയുടെ പ്രശ്നം. കുറച്ച് മാസങ്ങൾക്ക് മുമ്പ് തങ്ങൾ ഒരുമിച്ച് ഒരു ഷോ നടത്തിയപ്പോഴാണ് ഹരിയെ താൻ അവസാനമായി കണ്ടതെന്നും, അദ്ദേഹത്തിന്റെ പ്രകടനം കണ്ടാൽ, അദ്ദേഹം സമ്മർദ്ദമോ വിഷാദമോ അനുഭവിക്കുന്നുണ്ടെന്ന് ആരും സംശയിക്കില്ലെന്നും പ്രശാന്ത് പറയുന്നു. താൻ നേരിടുന്ന ആന്തരിക സംഘർഷങ്ങളുടെ ലക്ഷണങ്ങളൊന്നും വെളിപ്പെടുത്താതെ ശക്തമായ പ്രകടനം അദ്ദേഹം കാഴ്ചവെക്കുമായിരുന്നു. കഥകളി കലാകാരന്മാർ ഉൾപ്പെടെ നിരവധി കലാകാരന്മാർക്ക് മാനസിക സഹായം തേടുന്നത് ഒരു മോശപ്പെട്ട കാര്യമായാണ് കരുതുന്നത്. ഇവിടെയാണ് "സ്വൈരവചനം" എന്ന കൂട്ടായ്മയുടെ പ്രാധാന്യം. ഹരിയുടെ മരണശേഷം ‘സ്വൈരവചനം’ പുനരാരംഭിച്ചതിന് തൊട്ടുപിന്നാലെ ഒരു കഥകളി കലാകാരൻ പ്രശാന്തിനെ വിളിച്ചു. അയാൾക്ക് ഉറങ്ങാൻ കഴിയുന്നില്ലെന്ന് പറഞ്ഞു. ഒരു മണിക്കൂറോളം പ്രശാന്ത് അദ്ദേഹത്തോട് സംസാരിച്ചു. വീണ്ടും വിളിക്കുമെന്ന് അദ്ദേഹം പറഞ്ഞപ്പോൾ, ദയവായി അങ്ങനെ ചെയ്യാൻ പറഞ്ഞു ഫോൺ വച്ചു. ഇനി വിളിക്കുമ്പോൾ താൻ ക്ലാസ്സിലാണെങ്കിൽ തിരിച്ചു വിളിക്കുമെന്ന് ഉറപ്പു നൽകി. വിളിച്ചയാൾ ഇതുകേട്ട് വളരെ സന്തോഷവാനായെന്നും, ഒരിക്കലും ഒരു കടുത്ത നടപടിയും സ്വീകരിക്കില്ലെന്ന് പ്രശാന്തിനു വാക്ക് കൊടുക്കുകയും ചെയ്യുകയുണ്ടായി.

ചിത്രങ്ങള്‍ :നിഷ ചെമ്പകശേരി
നിങ്ങളുടെ പ്രശ്നങ്ങൾ ചെറുതോ വലുതോ ആകട്ടെ, അവ കുടുംബവുമായോ ജോലിയുമായോ ബന്ധപ്പെട്ടതായാലും, മാനസികമോ ശാരീരികമോ ആയാലും അവക്കെല്ലാം പരിഹാരങ്ങൾ ഉണ്ട്. എന്തെങ്കിലു തരത്തിലുള്ള അസ്വസ്ഥത വളരെക്കാലമായി നിലനിൽക്കുന്നുണ്ടെങ്കിൽ അതിനെ മറികടക്കാൻ പിന്തുണയും, പങ്കുവെക്കലിനായി ഒരു ഇടവും തേടേണ്ടത് അത്യാവശ്യമാണെന്ന് നിഷ പറയുന്നു. "സ്വൈരവചനം" എന്ന കൗൺസിലിംഗ് സെല്ലിന്റെ ഉദ്ദേശവും അതാണ്. പക്ഷെ പരിഹാരങ്ങൾ വേണ്ടവർ മുന്നോട്ട് വരണം എന്നതാണ് പ്രധാനം. അയാൾ സെല്ലിലെ ഏതെങ്കിലും ഒരാളെ സമീപിച്ചാൽ മാത്രമേ അവർക്കു അയാളെ സഹായിക്കാൻ കഴിയു. അതേസമയം, "സ്വൈരവചനം" ഒരു പടി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നു. തീവ്രമായ പ്രശ്നങ്ങൾ അനുഭവിക്കുന്ന കലാകാരന്മാരെ കണ്ടെത്തി, അവരുടെ പ്രശ്നങ്ങൾക്ക് പരിഹരിച്ചു സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുകയെന്നതാണത്. അത്തരത്തിലുള്ള ആരെയെങ്കിലും കുറിച്ചറിയാമെങ്കിൽ സെല്ലിലേക്ക് ആർക്കും വിളിക്കാവുന്നതാണെന്നും നിഷ പറഞ്ഞു.
ഇന്ത്യൻ നാവികസേനയിലെ മുൻ സർജൻ ലെഫ്റ്റനന്റ് കമാൻഡറും സെല്ലിലെ ഒരംഗവുമായ സഞ്ജു പാലശ്ശേരിക്ക് മാനസികവും ശാരീരികവുമായ വിവിധ വിഷയങ്ങളിൽ നല്ല പരിചയമുണ്ട്. ശരീരവും മനസ്സും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാൽ അവയെ പരിപാലിക്കേണ്ടതുണ്ടെന്ന് സഞ്ജു പറഞ്ഞു. നിങ്ങളുടെ മനസ്സ് സുഖകരമല്ലെങ്കിൽ, അത് നിങ്ങളുടെ ശരീരത്തിൽ പ്രകടമാകും. ക്ഷീണത്തിന്റെ അടിസ്ഥാന കാരണം സമ്മർദ്ദമായിരിക്കാം. "സ്വൈരവചനം" സെൽ പുനഃസംഘടിപ്പിച്ച ശേഷം ഒരുപാടു കലാകാരൻമാർ വിളിക്കാറുണ്ടെന്നു കേരള സർക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ വകുപ്പിൽ മെഡിക്കൽ ഓഫീസറായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്ന സഞ്ജു പറഞ്ഞു. കലാകാരന്മാർ ഭാര്യയെയും കുട്ടികളെയും അവഗണിച്ചുകൊണ്ട് ആഡംബര ജീവിതം നയിക്കുന്ന സാഹചര്യങ്ങളുമുണ്ട്. അങ്ങനെയുള്ള കാലമാരന്മാരുടെ കുടുംബാംഗങ്ങൾ വിളിക്കാറുണ്ടെന്നും, മിക്കതിനും പരിഹാരം കണ്ടെത്താൻ കഴിഞ്ഞെന്നും മറ്റൊരു പാനൽ അംഗമായ അകവൂർ സന്തോഷ് പറയുന്നു.

ചിത്രങ്ങള്‍ :നിഷ ചെമ്പകശേരി
വിവിധ പ്രായത്തിലുള്ള കലാകാരൻമാർ അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി തന്റെ അടുക്കൽ വരാറുണ്ടെന്ന് മുതിർന്ന കഥകളി കലാകാരനായ ദാമോദരൻ പാഴൂർ പറയുന്നു.
ചിലർക്ക് പ്രശ്നങ്ങൾ വിദ്യാഭ്യാസപരമാണ്, മറ്റുള്ളവർക്ക് അവ വ്യക്തിപരമാണ്. അവരെ അലട്ടുന്ന വിഷയങ്ങൾ ചർച്ച ചെയ്യാൻ അദ്ദേഹം പലപ്പോഴും മണിക്കൂറുകൾ ചിലവഴിക്കാറുണ്ട്. ഗ്രൂപ്പിസവും പക്ഷപാതവും എല്ലായിടത്തും ഉണ്ടെന്നും ഒരു കലയും അതിൽ നിന്ന് മുക്തമല്ലെന്നും അദ്ദേഹം പറയുന്നു. "സ്വൈരവചനം" പോലുള്ള സംരംഭങ്ങൾ തീർച്ചയായും കലാകാരന്മാർക്ക് ഗുണം ചെയ്യും എന്നാണ് പാഴൂരിന്റെ അഭിപ്രായം.