
അമേരിക്കൻ മലയാളിയായ തമ്പി ആൻ്റ്ണി തനിക്കു ചുറ്റുമുള്ള മനുഷ്യരുടെ വൈകാരിക അനുഭവങ്ങൾ അതേ തീഷ്ണതയോടുകൂടി കഥകളായി ആവിഷ്‌കരിക്കുമ്പോൾ, അത് നാം അറിയേണ്ട ആധുനിക ജീവിതത്തിൻ്റെ പരിസരങ്ങളായി മാറുന്നു. മലയാളത്തിലെ പ്രശസ്തമായ ആനുകാലികങ്ങളിൽ മുൻപ് പ്രസിദ്ധീകരിച്ചു വന്ന പതിനൊന്ന് കഥകളാണ് ഡോഗ് വാക്കർ എന്ന ഈ സമാഹാരത്തിലുള്ളത്.
പട്ടിനോട്ടക്കാരൻ എന്ന് അർത്ഥം വരുന്ന ഡോഗ് വാക്കർ എന്ന പദം മലയാളത്തിന് പുതിയതാണെങ്കിലും അമേരിക്കയിലും മറ്റു പാശ്ചാത്യ നാടുകളിലും ഇതും ഒരു മാന്യമായ തൊഴിലാണ്, വളരെ സർവ്വ സാധാരണവുമാണ്. ഒരു ജോലിക്കാരൻ വീടുകളിൽ വന്നു നായ്‌ക്കളെ സംരക്ഷിക്കുകയോ, ആഹാരം കൊടുത്ത് വളർത്തുകയോ, നടക്കാൻ കൊണ്ടു പോവുകയോ ഒക്കെ ചെയ്യുന്ന രീതിയോ, തസ്തികയോ നമ്മുടെ മലയാളനാട്ടിൽ പ്രചാരത്തിലായിട്ടില്ല. പാശ്ചാത്യ സംസ്‌കാരത്തിന് നല്ല വളക്കൂറുള്ള മണ്ണീലേക്ക് ഇതും വേഗത്തിൽ പടർന്നു കൊണ്ടിരിക്കുന്നു.
പൂർവ്വികരുടെ ജീവിതത്തിലെന്നതുപോലെ, ആധുനീക മനുഷ്യൻ്റെയും ജീവിതത്തിൽ വളർത്തു നായ്‌ക്കൾ അഭിവാജ്യ ഘടകമായി മാറിക്കൊണ്ടിരിക്കുന്നു. ആ മിണ്ടാപ്രാണികളൂടെ നിഷ്‌കളങ്കമായ സ്നേഹത്തിനു മുമ്പിൽ പുതിയകാല മനുഷ്യൻ അടിയറവു പറയും എന്നതിൽ ഒരു സംശയവും ഇല്ല. മനസ്സു തുറന്ന് മിണ്ടാനും പറയാനും, സ്നേഹത്തോടെ ശാസിക്കാനും, തൻ്റേതെന്ന അഭിമാനത്തിൽ വളർത്താനും, ഒരു നായക്കുട്ടിയെങ്കിലും ഉള്ളത് ഇന്ന് പലർക്കും ഒരാശ്വാസമാണ്.
പുസ്തകത്തിൻ്റെ പേരിലുള്ള 'ഡോഗ് വാക്കർ' എന്ന കഥയിൽ മരണശിക്ഷക്കു വിധിക്കപ്പെട്ട മാർട്ടിൻ മുക്കായുടെ മനസ്സിൽ നിറയെ അവൻ ഓമനിച്ചു വളർത്തിയ 'സിംബ' എന്ന പട്ടിക്കുട്ടിയായിരുന്നു. അവനെ അവസാനമായി കുമ്പസാരിപ്പിക്കാൻ ചെന്ന വൈദികനോട് അവൻ്റെ അന്താഭിലാക്ഷമായി പറയുന്നത്, തൻ്റെ സിംബയെ അങ്ങു തന്നെ ദത്തെടുക്കണമെന്നാണ്. മാർട്ടിൻ മുക്കായില്ലാത്ത ലോകത്ത് അവൻ്റെ സ്നേഹം കിട്ടാതെ സിംബാ അനാഥമായില്ല എന്നു പറഞ്ഞാണ് കഥ അവസാനിപ്പിക്കുന്നത്. അതിൻ്റെ വിശദാംശങ്ങൾ വിങ്ങലോടെയെ ഏതൊരു വായനക്കാരനും വായിക്കാനാവൂ.

കത്തിക്കുത്ത് കേസിലെ മുഖ്യപ്രതി ആദിവാസിപ്പയ്യനായ ദേവരൂപനിലൂടെയും, അവനെ കോടതിയിലെത്തിച്ച ഹെഡ് കോൺസ്റ്റബിൾ കുഞ്ഞുരാമനിലൂടെയുമാണ് 'വാവരൂ' എന്ന കഥ മുന്നേറുന്നത്. അറിഞ്ഞും അറിയാതെയും അവനെ ' ദേവരൂപൻ ' എന്ന യഥാർത്ഥ പേര് വിളിക്കാൻ ബുദ്ധിമുട്ടുള്ളവർ അവനെ വിളിക്കുന്ന ഓമനപ്പേരാണ് ' വാവരൂ '. ജഡ്ജി നീലകണ്ഠൻ നമ്പൂതിരി വാവരൂനെ നോക്കി ചിരിച്ചതിൻ്റെയും പിഴ മൂവായിരം രൂപയിൽ നിന്ന് ആയിരമായി കുറച്ചു കൊടുത്തതിൻ്റെയും രഹസ്യം ചുരുളഴിയുകയാണ് കഥയിൽ.
'കുപ്രസിദ്ധ ഡ്രഗ് ഡീലർ കാർലോസ് ലോപ്പസ് അമേരിക്കൻ ബോർഡർ പെട്രോളിൻ്റെ കസ്റ്റഡിയിൽ എന്നതായിരുന്നു അന്നത്തെ ബ്രേക്കിങ്ങ് ന്യൂസ് ' എന്നു തുടങ്ങുന്ന 'മെക്സിക്കൻ മതിൽ' എന്നതിൽ പറയുന്നത് അമേരിക്കയിൽ കുടിയേറിയ, വികലാംഗനായ മെക്സിക്കോക്കാരൻ്റെ കഥയാണ്. നല്ല വേഷം ധരിച്ചു അടച്ചിട്ട ഒരു കടയുടെ മുമ്പിലിരുന്ന് യാചിക്കുന്ന കാർലോസിലൂടെ അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരുടെ പ്രശ്നങ്ങൾ അവതരിപ്പിക്കുന്നു. കഥയുടെ പ്രമേയം ആദ്യമേ വായനക്കാരിലേക്കെത്തിക്കുന്ന രീതിയാണ് ഈ കഥകളിൽ പരീക്ഷിച്ചിരിക്കുന്നത്. അനുഭവും നിരീക്ഷണവും ഏതൊരു സൃഷ്ടിക്കും അത്യന്താപേക്ഷിതമാണെങ്കിലും കലാപരമായി കള്ളം പറയാനും സങ്കൽപ്പിക്കാനും കഴിവുള്ളവർക്കേ കഥകൾ മെനഞ്ഞെടുക്കാനാവൂ.
' ആദ്യരാത്രിയിൽ പെൺകുട്ടികളോട് ഒന്നും തുറന്നു പറയരുതെന്ന ' ചൊല്ലിൽ കാര്യമുണ്ടെന്നു മനസ്സിലായത് ആ രാത്രിയിലാണ്. നേരം വെളുത്തപ്പോൾത്തന്നെ നവവധു പടിയിറങ്ങിപ്പോയി. എല്ലാം പെട്ടെന്നായിരുന്നു അതങ്ങനെ അന്ത്യരാത്രിയായി പര്യവസാനിച്ചു. ഈ സംഭവങ്ങളൊക്കെ 'താമരൈമുത്ത്' എന്ന കഥയിൽ ബാലകൃഷണൻ അനന്തപുരിയിലെ ബാറിൽ ഇരുന്ന് ഡെന്നിച്ചനെ ഓർമ്മിപ്പിക്കുന്നു.
'അ. പു. ക.' എന്ന ചുരുക്കെഴുത്ത് കുന്നംകുളത്തെ അതി പുരാതനമായ കത്തോലിക്കാ കുടുംബത്തിൽ ജനിച്ച പൗലോസ് പൂവത്താനിയുടെയും ഭാര്യ റോസ് മേരിയുടെയും കഥയാണ്. എന്തെഴുതിയാലും ആത്മാർത്ഥതയും സത്യസന്ധതയും നിറഞ്ഞവാക്കുകൾ ഏതുവായനക്കാരനെയും കൂടെ നിർത്തുകയും ചിന്തിപ്പിക്കുകയും ചെയ്യുമെന്ന കാര്യത്തിൽ സംശയം ഇല്ല.
ഇന്നത്തെ ഡിജിറ്റൽ ലോകത്തിൽ, പത്രമാധ്യമങ്ങളുടെ തകർച്ചയുടെ കഥ പറയുന്ന കഥയാണ് 'പുരുക്ഷോത്തമൻപിള്ള: റൂം 99. അധികം കഥകളൊന്നും എഴുതിയിട്ടില്ലെങ്കിലും, കുറേ നല്ല കഥകളെഴുതി ശ്രദ്ധിക്കപെട്ട ഒരെഴുത്തുകാരൻ പെട്ടെന്ന് എഴുത്തു നിർത്തുന്നിടത്താണ് സംഭവങ്ങളുടെ തുടക്കം. അത്തരമൊരവസ്ഥയിൽ കുറേ വായനക്കാർ മറക്കുമെങ്കിലും ആ കഥാകാരൻ്റെ പുതിയ കഥകൾക്കായി കാത്തിരുന്ന ഒരു വായനക്കാരൻ അയാളെ അന്വേഷിച്ചു പോവുകയാണ്. കഥ വായിച്ചു തീരും മുൻപേ കിഴക്കുനിന്നുള്ള ആദിതനെ വളരെ ആകാംഷയോടെ വായനക്കാർക്ക് കണ്ടെത്താനാവും.
എഴുപതുകളിൽ ആലപ്പുഴയിൽ നിന്ന് അമേരിക്കയിലെത്തിയ കുഞ്ഞച്ചൻ്റെ പൊങ്ങച്ചത്തിൻ്റെ കഥയാണ് ' കാഡിലാക് കുഞ്ഞച്ചൻ '. ഈ കഥ സാങ്കല്പികം മാത്രമാണെന്നും കഥാപാത്രങ്ങൾക്ക് അമേരിക്കയിലെയോ ഇന്ത്യയിലെയോ ആരോടെങ്കിലും സാമ്യം തോന്നുന്നുവെങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രമാണെന്ന മുഖവരയോടെയാണ് കഥ തുടങ്ങുന്നത്. കഥ വായിച്ചു കഴിയുമ്പോൾ മുഖവുര വെറും വെറുതേ പറഞ്ഞതല്ലെന്ന് ബോധ്യമാകും.
മലയാളം - ഇംഗ്ളിഷ് ചലച്ചിത്ര രംഗത്ത് തമ്പി ആൻ്റണി അറിയപ്പെടുന്ന ഒരു നടനാണ്, എങ്കിലും ഇദ്ദേഹം പറയും " അഭിനയം എനിക്ക് സന്തോഷം നൽകുമെങ്കിലും തൻ്റെ അതിലും വലിയ സന്തോഷം എഴുത്തിലാണെന്ന്, താൻ ആദ്യമൊരു എഴുത്തുകാരനായിരുന്നു" ആ വാക്കുകൾ തന്നെയായിരുന്നു അദ്ദേഹത്തിൻ്റെ വ്യക്തിത്വത്തിൻ്റെ യഥാർത്ഥ അടയാളം.
മേൽപ്പറഞ്ഞ കഥകൾ കൂടാതെ ഊരുതെണ്ടി, ആൽക്കാട്രാസ്, അന്തിക്രിസ്തു, നോ സ്ട്രിംഗ്സ് അറ്റാച്ച്ഡ് എന്നീ പതിനൊന്നു കഥകളാണ് ഈ സമാഹാരത്തിലുള്ളത്. കഥകൾക്ക് പേരുനൽകുന്നതിൽ എഴുത്തുകാരൻ വളരെ ശ്രദ്ധിച്ചിട്ടുണ്ട്. അതുപോലെ തന്നെ ഓരോ കഥകളുടെയും പ്രമേയവും വ്യത്യസ്ഥമാണ്. ഗ്രീൻ ബുക്സാണ് 128 പേജുള്ള ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വില 180 രൂപ.

തമ്പി ആൻ്റണി
കോട്ടയം ജില്ലയിലെ പൊൻകുന്നത്ത് ജനനം. കോതമംഗലം മാർ അത്തനേഷ്യസ് കോളേജ്, സാൻ ഫ്രാൻസിസ്കോ സിറ്റി കോളേജ് തൂടങ്ങിയ ഇടങ്ങളിൽ വിദ്യാഭ്യാസം. കേരള പി. ഡബ്ളു. ഡി. വകുപ്പിൽ അസിസ്റ്റൻ്റ് എഞ്ചിനീയറായിരുന്നു. അമേരിക്കയിലും എൻജിനീയറിംസ് രംഗത്ത് പ്രവർത്തിച്ചു. ഇപ്പോൾ ആരോഗ്യ രംഗത്ത് സേവനം അനുഷ്ഠിക്കുന്നു.
എഴുത്തുകാരൻ, അഭിനേതാവ്, സിനിമാ നിർമ്മാതാവ്, തിരക്കഥാകൃത്ത്, എന്നീ നിലകളിലും പ്രശസ്തൻ. മലയാളത്തിലും ഹോളിവുഡിലുമായി അൻപതിലധികം സിനിമകളിൽ അഭിനയിച്ചു. അമേരിക്കയിൽ ഹോണോലുലു അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ 'ബിയോണ്ട് ദ സോൾ' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പൂരസ്‌കാരം ലഭിച്ചു.
സാൻ ഫ്രാൻസിസ്കോ ബേ ഏരിയ മലയാളി അസോസിയേഷൻ (MANCA), ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത അമേരിക്ക (LANA) തുടങ്ങി നിരവധി സാമൂഹ്യ സാംസ്‌കാരിക സാഹിത്യ സംഘടനകളിൽ സജീവമാണ്. മലയാളത്തിലെ മിക്ക ആനുകാലികങ്ങളിലും കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എഴുതുകാരൻ എന്ന നിലയിൽ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
അക്കൽദാമയിലെ കള്ളൻ (നാടകം), ഇടിചക്കപ്ലാമൂട് പോലീസ് സ്റ്റേഷൻ (നാടകം) മല ചവിട്ടുന്ന ദൈവങ്ങൾ (കവിത), വാസ്‌കോ ഡി ഗാമ (കഥ), ഡോഗ് വാക്കർ (കഥ), മരക്കിഴവൻ (കഥ), പെൺ ബൈക്കർ (കഥ), ഷിക്കാഗോയിലെ മഞ്ഞ് (കഥ), പ്രവാസ കഥകൾ (കഥ), സിനിമയും പിന്നെ ഞാനും (അനുഭവക്കുറിപ്പുകൾ) ഏകാന്തതയുടെ നിമിഷങ്ങൾ (നോവൽ) ഭൂതത്താൻ കുന്ന് (നോവൽ) കൂനമ്പാറക്കവല (നോവൽ) എന്നിവ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലേഡി ബൈക്കർ, ഡേവിൾ മൗണ്ടൻ, വാസ്‌കോ ഡി ഗാമ ആൻ്റ് ദ പ്രീസ്റ്റ് എന്നിവ ഇംഗ്ളീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
തെക്കേക്കൂറ്റ് ജോസഫ് ആൻ്റണിയുടെയും മറിയാമ്മ ആൻ്റണിയുടെയും മൂന്നാമത്തെ മകൻ. ഭാര്യ :- പ്രേമ. മക്കൾ :- നദി, കായൽ, സന്ധ്യ. സിനിമാ നടൻ ബാബു ആൻ്റണി സഹോദരനാണ്. email : athekkek@gmail.com