Image

സംസാരവും സംസ്കാരവും (കവിത: തൊടുപുഴ കെ ശങ്കർ മുംബൈ)

Published on 12 July, 2026
സംസാരവും സംസ്കാരവും (കവിത: തൊടുപുഴ കെ ശങ്കർ മുംബൈ)

സംസാരം കേട്ടാലുടൻ അറിയാമൊരുത്തന്റെ
സംസ്കാരം എന്തെന്നതു നിശ്ചയമസംശയം!
സംസ്‌കാരമൊരുത്തർക്കും മറയ്ക്കാനാവില്ലതു
സംഭാഷണത്തിൽ സ്വയം വന്നുപോമറിയാതെ!

പ്രവൃത്തി കണ്ടാലുടൻ അറിയാം ഒരുത്തന്റെ 
പ്രവൃത്തി  ചെയ്യാനുള്ള ശേഷിയും ശുഷ്കാന്തിയും!
പ്രാരംഭം നന്നായിരുന്നെങ്കിലേ പിന്നീടുള്ള 
പ്രവൃത്തിയെല്ലാം ശുഭ ദായിയായ് ഭവിക്കുള്ളൂ!

ദേശവും അവിടുത്തെ ഭാഷാപ്രയോഗമെല്ലാം 
ലേശവും മറയ്ക്കാതെ ഭാഷയിലുളവാകും!
വിദ്യയും സംസ്കാരവും ഒത്തുപോകുമെന്നതു
മിഥ്യയാണൊരിക്കലും ചേരണമെന്നില്ലല്ലോ!

രക്തത്തിലൂറിച്ചേർന്ന കുടുംബ പാരമ്പര്യം 
വ്യക്തമായ് നിഴലിക്കും വാക്പ്രയോഗത്തിൽ നീളെ !
കുടുംബ പാരമ്പര്യം പെരുമാറ്റത്തിൽ നിന്നു-
മുടനേതിരിച്ചറിഞ്ഞീടുവാനാകും നൂനം!

സംസാരം ശ്രോതാവിനു രസിക്കുന്നതു പോലെ 
കൈകാര്യം ചെയ്യാനുള്ള ചാതുരി എളുതല്ല!
ഒരിക്കൽ കേട്ടാൽ പേർത്തും കേൾക്കുവാനിച്ഛിക്കും പോൽ 
ഉരിയാടുവാനുള്ള ചാതുരി വിരളം താൻ!

ചിലർ തൻ സംഭാഷണം കേട്ടെന്നാലപ്പോൾത്തന്നെ
നിലച്ചു പോകും നമ്മിലങ്കുരിച്ചൊരാ പ്രിയം!
എങ്കിലും ചിലരുടെ ചാതുരിയസാമാന്യം
ശങ്കിച്ചിടാതെയാരും കേട്ടുകേട്ടിരുന്നു പോം!

ഭഗവാൻ ശ്രീരാമനെ ദർശിച്ച ഹനുമാൻ പോയ് 
സുഗ്രീവനോടു ചൊന്നാൻ "സംസ്കാര സമ്പന്നഹ"!
വിദ്യയ്‌ക്കു സരസ്വതീ ദേവിയുമതു പോലെ 
വിത്തത്തിനെന്നാൽ  മഹാലക്ഷ്മിയും വർത്തിയ്ക്കുന്നു!


നമ്മളെ വളർത്തിയ സംസ്കാരം നന്നാണെന്നാൽ 
നമ്മുടെ സംസാരവും മെച്ചമായിരുന്നീടും!
യുവതലമുറയെ ശ്രദ്ധിച്ചു വളർത്തിയാ-
ലവരുമിവരണ്ടും ഭദ്രമായ് കാക്കും നൂനം!
-                       ------------------
20 -2 -2026 
 

Join WhatsApp News
Sudhir Panikkaveetil 2026-07-12 20:49:09
ഇത് ധർമ്മോപദേശപരമായ ഒരു പദ്യമാണ്. പദ്യവും കവിതയും തമ്മിലുള്ള വ്യത്യാസം കവിതയ്ക്ക് വൃത്തമോ താളമോ വേണമെന്നില്ല ഭാവനാപൂർണ്ണമായിരിക്കും. ഈ വരികളിലൂടെ കവി വായനക്കാർക്ക് ഉപദേശങ്ങൾ നൽകുന്നു. നന്നായിട്ടുണ്ട്. ഇനിയും ഇതുപോലെ രചനകളുമായി വരിക.
Girish Nair 2026-07-14 02:35:57
മനുഷ്യന്റെ സ്വഭാവരൂപീകരണത്തിൽ വാക്കിനും പ്രവർത്തിക്കും വളർത്തുദോഷത്തിനും വളർത്തുകൂറിനുമുള്ള പങ്കിനെ വളരെ മനോഹരമായി ആവിഷ്കരിച്ച ഒരു നല്ല ദാർശനിക കൃതിയാണിത്. സമകാലിക സമൂഹത്തിന് ഏറെ ചിന്തനീയമായ ഒരു സന്ദേശം ഈ വരികൾ സമ്മാനിക്കുന്നു.
നിരണം Karunakaran 2026-07-14 11:15:03
അതി സുന്ദരമായ കവിത. ഈണത്തിൽ പാടി രസിക്കാം. നല്ല ആശയമുണ്ട്. കവിക്ക് അഭിനന്ദനങ്ങൾ നിരണം കരുണാകരൻ
തൊടുപുഴ കെ ശങ്കർ മുംബൈ 2026-07-14 16:15:12
👏പ്രിയ സുധീർജി! സുപ്രഭാതം! എന്റെ "സംസാരവും സംസ്കാരവും" എന്ന പുതിയ കവിതയെപ്പറ്റി നല്ല അഭിപ്രായം എഴുതിയതിനു വളരെ നന്ദി. മൊബൈൽ ഫോൺ ഹൊറിസോണ്ടൽ ആയി പിടിച്ചിട്ടു വായിക്കുക. അപ്പോൾ എല്ലാം വ്യക്തമായി ദൃശ്യമാകും. അത് കേക വൃത്തത്തിലെഴുതിയ കവിതയാണ്. വെറും പദ്യമല്ല. അതിൽ ആദ്യാക്ഷര, ദ്വിതീയാക്ഷര, തൃതീയാക്ഷര പ്രാസം എല്ലാം ഉണ്ട്. വൃത്തവും ഛന്ദസ്സും അലങ്കാരവും എല്ലാം നോക്കി വളരെ ശ്രദ്ധിച്ചു ഈയിടെ എഴുതിയതുമാണ്. ഈണത്തിൽ ഇമ്പമായി പാടിയാൽ കേൾക്കാൻ ശ്രവണസുഖം പകരുന്നതുമാണ്. അതിന്റെ ആലാപന ഭംഗി ഗംഭീരമായിരിക്കും. അത് സംശയിക്കണ്ട. നിരീക്ഷണം, ഉപദേശം എല്ലാം അതിൽ സമപാകത്തിൽ അഥവാ തുല്യ അനുപാദത്തിൽ കൊർത്തിണക്കിയതുമാണ്. ഞാൻ ഗദ്യകവിത എഴുതാറില്ലെന്നു അറിയാമല്ലോ. നന്ദി! സാദരം, ശങ്കർ മുംബൈ 🌷🌷🌷🌷🌷
Sudhir Panikkaveetil 2026-07-14 16:50:14
ശ്രീ ശങ്കർ സാർ ഞാൻ നെഗറ്റിവ് ആയി ഇട്ട കമന്റല്ല അത്. . അത് പദ്യം തന്നെയാണ് എന്റെ അറിവിൽ. തെറ്റാണെന്നു താങ്കൾക്ക് പറയാം. എന്തായാലും നല്ല ആശയമുള്ള പദ്യം , വൃത്തവും, അലങ്കാരവും അങ്ങനെ വ്യാകരണങ്ങൾ ഒക്കെ നോക്കി എഴുതുന്നതിനെ പദ്യമെന്നു വിളിക്കുന്നു. കവിതക്ക് അതൊക്കെ വേണമെന്നില്ല. അത് ഒരു രണ്ടാംകിട സാധനമല്ല.. ഹാ..ഹാ.. അതുകൊണ്ട് സാർ അതേപ്പറ്റി സംശയിക്കേണ്ട.
Raju Thomas 2026-07-15 02:13:27
I am of our dear literary critic Sudhhir’s mind on this poem. He said it is beautiful. He said nothing to belittle the craft or anything in the poem. Don’t be so touchy! Also, I would that the last two didactic lines were not there (hoping you are humble enough to take that comment in the right spirit.) U may look forward to my honest comment on ur next installment in Emalayalee. Yours admiringly,
വിദ്യാധരൻ 2026-07-15 12:44:37
ഒരാളുടെ സംസാരത്തിൽ നിന്ന് അവരുടെ പരിഷ്കൃതത്വം, സാംസ്കാരിക പശ്ചാത്തലം, ധാർമ്മിക മൂല്യങ്ങൾ എന്നിവ നമുക്ക് വിലയിരുത്താൻ കഴിയും. എന്നാൽ ഭാഷ മാത്രം ഒരാളെക്കുറിച്ച് പൂർണ്ണമായ ഒരു ചിത്രം നൽകുന്നില്ല. ഒരു വ്യക്തിയുടെ വളർത്തൽ, ആത്മനിയന്ത്രണം, മറ്റുള്ളവരോടുള്ള ബഹുമാനം എന്നിവയിലേക്കുള്ള ഒരു പ്രധാന ജാലകമാണ് അവരുടെ സംസാരം; ഇവയെല്ലാം ഒരു "പരിഷ്കൃത" ചിന്താഗതിയുടെ പ്രധാന ലക്ഷണങ്ങളാണ്. എന്നിരുന്നാലും, ബാഹ്യമായ ആകർഷണീയത, സാഹചര്യത്തിനനുസരിച്ച് ഭാഷാശൈലി മാറ്റുന്നത് അല്ലെങ്കിൽ സാമൂഹിക-സാമ്പത്തിക തടസ്സങ്ങൾ എന്നിവ കാരണം പറയുന്ന വാക്കുകളെ മാത്രം ആശ്രയിക്കുന്നത് ചിലപ്പോൾ തെറ്റിദ്ധാരണയുണ്ടാക്കാം.
To Sankar 2026-07-15 13:50:20
There is an old saying; ''if you cannot take the heat, don't enter the kitchen'. I cannot agree with all you said. If you go to the remote villages of Kerala, you can see humble, simple, great people. But their vocabulary may be very limited. The words used by them are not a judgment of them.
Raju Thomas 2026-07-15 17:50:30
The actual saying is: “If you cannot take the heat, get out of the kitchen.” But all beware now, Sree Sankar is on the offensive!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക