
ബഹ്റൈനിലെ പ്രവാസി മലയാളികളുടെ ഹൃദയങ്ങള്‍ കീഴടക്കിയ ജനകീയ ഡോക്റ്ററായി ഏറെക്കാലം സേവനമനുഷ്ടിച്ച ഡോ.പി.വി ചെറിയാന്റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ബഹ്റൈനിലെ സര്‍ക്കാര്‍ മെഡിക്കല്‍കോളേജിലെ സേവനവും, ബഹ്റൈന്‍ ഭരണാധികാരികളുമായിട്ടുള്ള അദ്ധേഹത്തിന്റെ ശക്തമായ ബന്ധവും സാമൂഹിക സേവനത്തിനായി ഉപയോഗിച്ച വ്യക്തിത്വം. ബഹ്‌റൈനിലെ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍, ഇന്ത്യന്‍ ക്ലബ് ഭരണാധികാരി തുടങ്ങി നിരവധി സംഘടനകളെയും പ്രസ്ഥാനങ്ങളെയും മുന്നില്‍ നിന്ന് നയിച്ച ഡോക്റ്റര്‍ ഏറ്റവും ഒടുവില്‍ ബഹ്റൈന്‍ ക്യാന്‍സര്‍ സെന്റര്‍ എന്ന സംഘടനക്കു രൂപം നല്‍കി നിരവധിയായ ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസം നല്‍കി.

കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്റൈന്റെ ആരംഭകാലം മുതല്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ഡോക്റ്റര്‍. അസോസിയേഷന്‍ സംഘടിപ്പിച്ച വിവിധ സാമൂഹിക, സാംസ്‌കാരിക പരിപാടികളിലും മെഡിക്കല്‍ ക്യാമ്പുകളിലും അദ്ദേഹത്തിന്റെ നിറസാന്നിധ്യം സംഘടനയ്ക്ക് വലിയ പ്രചോദനമായിരുന്നു. സംഘടനയുടെ വളര്‍ച്ചയ്ക്കും പ്രവര്‍ത്തനങ്ങളുടെ മികവ് വര്‍ധിപ്പിക്കുന്നതിനുമായി നിരവധി നിര്‍ദേശങ്ങളും ഉപദേശങ്ങളും അദ്ദേഹം നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ സേവന മനോഭാവവും സംഘടനയോടുള്ള ആത്മാര്‍ത്ഥമായ പിന്തുണയും എന്നും സ്മരിക്കപ്പെടുമെന്ന് സെക്രട്ടേറിയറ്റ് കമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
പരേതന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും കെ.പി.എ സെക്രട്ടേറിയറ്റ് കമ്മിറ്റി അറിയിച്ചു.