
ഗാസ: ഗാസയുടെ ഭരണമൊഴിഞ്ഞ് പലസ്തീൻ പ്രസ്ഥാനമായ ഹമാസ്. ഏകദേശം രണ്ട് പതിറ്റാണ്ടോളമായി ഗാസയുടെ ഭരണം നിയന്ത്രിച്ചിരുന്ന തങ്ങളുടെ ഔദ്യോഗിക ഭരണസമിതി പിരിച്ചുവിട്ടതായി ഇന്ന് ഹമാസ് പ്രഖ്യാപിച്ചു. 2007 മുതൽ ഹമാസാണ് ഗാസ ഭരിച്ചിരുന്നത്. ഹമാസ് സർക്കാരിന്‍റെ അടിയന്തര സമിതി തലവൻ മുഹമ്മദ് അൽ-ഫറ ഔദ്യോഗികമായി രാജി സമർപ്പിച്ചതോടെ 20 വർഷം നീണ്ട ഭരണം അവസാനിച്ചു.
ഗാസയുടെ ചരിത്രത്തിൽ വലിയൊരു രാഷ്ട്രീയ മാറ്റത്തിന് വഴിതുറക്കുന്നതാണ് ഈ തീരുമാനം.
നാഷണൽ കമ്മിറ്റി ഫോർ ദി അഡ്മിനിസ്ട്രേഷൻ ഓഫ് ഗാസയ്ക്കാണ് ഭരണം കൈമാറിയത്. വൈകാതെ ഇവർ ഗാസയുടെ ഭരണം ഏറ്റെടുക്കും.
6 മാസം മുൻപാണ് അമേരിക്കയുടെയും മറ്റ് അന്താരാഷ്ട്ര മധ്യസ്ഥരുടെയും നേതൃത്വത്തിൽ ഒപ്പുവെച്ച വെടിനിർത്തൽ കരാറിന്റെ ഭാഗമായി ബോർഡ് ഓഫ് പീസ് നാഷണൽ കമ്മിറ്റി ഫോർ ദി അഡ്മിനിസ്ട്രേഷൻ ഓഫ് ഗാസ രൂപീകരിച്ചത്. കഴിഞ്ഞ ഒക്റ്റോബറിലെ വെടിനിർത്തൽ കരാറിലെ പ്രധാന വ്യവസ്ഥയായിരുന്നു ഭരണം ടെക്നോക്രാറ്റുകളുടെ സമിതിക്ക് കൈമാറണം എന്നത്. ഈജിപ്തിലെ കെയ്റോയിൽ മറ്റ് പലസ്തീൻ സംഘടനകളുമായി നടത്തിയ ചർച്ചകൾക്കുശേഷമാണ് ഹമാസിന്‍റെ നിർണായക തീരുമാനം.
ഗാസയിലെ പുനർനിർമാണ പ്രവർത്തനങ്ങൾക്കും സിവിൽ ഭരണത്തിനും നേതൃത്വം നൽകുന്നത് ഈ സമിതിയായിരിക്കും. നിലവിൽ ഗാസയിലുള്ള സർക്കാർ ജീവനക്കാർ ഈ പുതിയ സമിതിക്ക് കീഴിൽ തുടർന്നും പ്രവർത്തിക്കുമെന്ന് ഹമാസ് അറിയിച്ചിട്ടുണ്ട്.
ഇതേസമയം ഹമാസ് ഭരണപരമായ ചുമതലകൾ ഒഴിഞ്ഞെങ്കിലും, തങ്ങളുടെ ആയുധങ്ങൾ താഴെവെക്കാനും സൈനിക വിഭാഗത്തെ പൂർണ്ണമായി പിരിച്ചുവിടാനും ഇതുവരെ തയ്യാറായിട്ടില്ല. അന്താരാഷ്ട്ര തലത്തിലും ഇസ്രായേലുമായി നടക്കുന്ന ചർച്ചകളിൽ ഇപ്പോഴും ഏറ്റവും വലിയ തർക്കവിഷയം ഹമാസിന്റെ നിരായുധീകരണമാണ്. അതിനാൽ ഈ പുതിയ നീക്കം താല്ക്കാലികമായി എത്രത്തോളം ഫലപ്രദമാകുമെന്ന് നിരീക്ഷകർ ഉറ്റുനോക്കുന്നു.