Image

തിലകര്‍ സ്ട്രീറ്റിലെ അന്തേവാസികള്‍ (എന്‍റെ സംഗീത യാത്രകള്‍ -9: എസ് രാജേന്ദ്ര ബാബു)

Published on 05 July, 2026
തിലകര്‍ സ്ട്രീറ്റിലെ അന്തേവാസികള്‍ (എന്‍റെ സംഗീത യാത്രകള്‍ -9: എസ് രാജേന്ദ്ര ബാബു)

എറണാകുളം കലാഭവനില്‍ പുല്ലാങ്കുഴലില്‍ പരിശീലനം തുടരുന്നതിനിടയില്‍ ജൂഡ്
ഡോമിനിക് കോടമ്പാക്കത്തെത്തിയത് ചലച്ചിത്രഗാന രംഗത്തെ പുല്ലാങ്കുഴല്‍
വിദഗ്ദ്ധന്മാരായ ഗുണസിംഗിനേയോ നഞ്ചപ്പയേയോ ഒന്നും വെല്ലുവിളിക്കാനല്ല,
മരക്കച്ചവടത്തിനാണ്. സിനിമയെപ്പോലെ തന്നെ മരക്കച്ചവടത്തിനും കോടമ്പാക്കം
പ്രശസ്തമായിരുന്നു. കോടമ്പാക്കം മുതല്‍ വടപളനി, സാലിഗ്രാമം, വിരുഗംബാക്കം,
വത്സരവാക്കം എന്നിവിടങ്ങളിലൂടെ പോരൂര്‍ വരെ കടന്നുപോകുന്ന ആര്‍ക്കാട്
റോഡിന്‍റെ ഇരുവശങ്ങളിലും നിരവധി ടിംബര്‍ ഡിപ്പോകള്‍ ഉണ്ടായിരുന്നു. മാസത്തില്‍
രണ്ടോ മൂന്നോ തവണ ഓരോ ലോഡ് മരവുമായി ജൂഡ് കേരളത്തില്‍ നിന്ന്
കോടമ്പാക്കത്തെത്തും. അതു വിതരണം ചെയ്ത് പണം വാങ്ങി തിരിച്ചു പോയശേഷം
അടുത്ത ലോഡുമായി വീണ്ടുമെത്തും.

അമ്പിളി ,ജൂഡ്,നടേശന്‍ ,അരുന്ധതി 

 ജൂഡിന്‍റെ സഹോദരീ ഭര്‍ത്താവ് സെബാസ്റ്റ്യന്‍
കോടമ്പാക്കത്ത് ടിംബര്‍ ബിസിനസുകാരനായിരുന്നു. ചില കുടുംബാവശ്യങ്ങള്‍ക്കായി
പെട്ടെന്ന് അദ്ദേഹത്തിന് നാട്ടിലേക്കു പോകേണ്ടി വന്നപ്പോള്‍ ടിംബര്‍ ഡിപ്പോയുടെ
ചുമതല താത്കാലികമായി ജൂഡ് ഏറ്റെടുത്തു. അളിയന്‍ തിരികെയെത്താന്‍
മാസങ്ങളോളം വൈകി. ഇക്കാലയളവിനുള്ളില്‍ ജൂഡ് കോടമ്പാക്കവുമായി
ഗാഢപ്രണയത്തിലായി. അതോടെ മരക്കച്ചവടം മതിയാക്കി ജൂഡ് പുതിയൊരു
ബിസിനസ് തുടങ്ങി - ടെലിഫോണ്‍ എസ് ടി ഡി ബൂത്ത്. സെല്‍ഫോണിനെ കുറിച്ച്
കേട്ടുകേള്‍വി പോലുമില്ലാത്ത കാലം. എസ് ടി ഡി ബൂത്തിന്‍റെ പുഷ്കരകാലവും. ഈ
അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തിക്കൊണ്ട് സാലിഗ്രാമം, വിരുഗംബാക്കം,

അപ്പന്‍  തച്ചേത്ത്

തേനാംപേട്ട് എന്നിങ്ങനെ മദിരാശിപ്പട്ടണത്തിന്‍റെ ഹൃദയ ഭാഗങ്ങളില്‍ മൂന്നിടത്ത് എസ്
ടി ഡി ബൂത്തുകള്‍ സ്ഥാപിച്ച് ജൂഡ് ഒരു നര്‍മ്മദാ സ്കൂട്ടറില്‍ അങ്ങനെ വിലസി നടന്നു.
സാലിഗ്രാമത്ത് ഇളയരാജ പതിവായി റെക്കോഡിംഗ് നിര്‍വഹിക്കുന്ന പ്രസാദ്
സ്റ്റുഡിയോയുടെ മുന്നിലെ ജൂഡിന്‍റെ ബൂത്തില്‍ വൈകുന്നേരങ്ങളില്‍ എസ് ടി ഡി
വിളിക്കാന്‍ സിനിമാക്കാരുടെ വലിയ തിരക്കാണ്. ഗായകനായ പാലക്കാട്ടുകാരന്‍
മനോജ് കൃഷ്ണന്‍ വൈകുന്നേരങ്ങളില്‍ ജൂഡിന്‍റെ ബൂത്ത് സന്ദര്‍ശിക്കുക പതിവായി.
പരിചയം സൗഹൃദമായി വളര്‍ന്നു. എസ്പി വെങ്കിടേഷിന്‍റെയും ബോംബെ രവിയുടെയും
അസിസ്റ്റന്‍റായിരുന്ന മനോജിന് ബൂത്തിന്‍റെ പരിസരത്തു തന്നെ ഒരു വീട്
കണ്ടുപിടിക്കാന്‍ ജൂഡ് സഹായിച്ചു. അതാണ് തിലകര്‍ സ്ട്രീറ്റിലെ 14-ാം നമ്പര്‍ വീട്. ആ
ഇരുനിലക്കെട്ടിടത്തിന്‍റെ മുകള്‍ഭാഗം മനോജ് വാടകക്കെടുത്തു. മദിരാശിയില്‍
വരുമ്പോള്‍ മാത്രം താമസിക്കാനാണ് വീടെടുത്തത്. മനോജ് നാട്ടില്‍
ആയിരിക്കുമ്പോഴൊക്കെ വീട് പൂട്ടിക്കിടക്കും. തന്‍റെ ടെലിഫോണ്‍ ബൂത്തിന്‍റെ
സമീപത്തായിരുന്നതിനാല്‍ ഇടയ്ക്കൊന്നു വിശ്രമിക്കാനായി പകുതി വാടക
മനോജിനു നല്‍കിക്കൊണ്ട് ജൂഡ് വാടകവീട് പങ്കിട്ടു. ആയിടക്ക് ഇന്ത്യാ ടുഡേയില്‍
സബ് എഡിറ്ററായി ചേര്‍ന്ന ഹരീഷ് കടയപ്രത്ത് കെകെ നഗറില്‍ കൈതപ്രം
ദാമോദരന്‍ നമ്പൂതിരിയുടെ ഒരു ബന്ധുവിനൊപ്പമായിരുന്നു താമസം.


ജൂഡ്‌.

കൈതപ്രത്തിന്‍റെ സുഹൃത്തായ മനോജ് തന്‍റെ വീട്ടില്‍ താമസിക്കാന്‍ ഹരീഷിന്
അനുവാദം നല്‍കി. ഹരീഷ് അതോടെ ജൂഡിന്‍റെ സുഹൃത്തായി. അക്കാലത്ത്
സാലിഗ്രാമത്ത് താമസിച്ചിരുന്ന ഞാന്‍ ജൂഡിന്‍റെ ബൂത്തിനു മുന്നിലൂടെയാണ് ഇന്ത്യാ
ടുഡേയിലേക്കു പോയിരുന്നത്. ജൂഡിന്‍റെ ബൂത്തില്‍ കാത്തിരിക്കുന്ന ഹരീഷിനെ
എന്നും രാവിലെ ഓഫീസിലേക്ക് എന്‍റെ സ്കൂട്ടറില്‍ ഒപ്പം കൂട്ടുക പതിവായതോടെ
ഞാനും ജൂഡിന്‍റെ സുഹൃത്തായി. വൈകുന്നേരങ്ങളില്‍ ഇന്ത്യാ ടുഡേയില്‍ നിന്ന്
സാലിഗ്രാമം വഴി കടന്നുപോകുന്ന ഞാനുള്‍പ്പെടെ ഹരശങ്കരന്‍, വേണുഗോപാല്‍,
പികെ ശ്രീനിവാസന്‍ എന്നിവര്‍ക്കൊക്കെ ജൂഡിന്‍റെ എസ് ടി ഡി ബൂത്തും തിലകര്‍
സ്ട്രീറ്റിലെ വീടും ഇടത്താവളങ്ങളായി. മാധ്യമ പ്രവര്‍ത്തകനായ കമല്‍റാം സജീവ്
ഇന്ത്യാ ടുഡേയിലെത്തി ഹരീഷിനൊപ്പം താമസമായതും ഇക്കാലത്താണ്.
സംഗീത സംവിധായകന്‍ രാജാമണിയുടെ അസിസ്റ്റന്‍റായ നടേശന്‍ (വിദ്യാധരന്‍
മാസ്റ്ററുടെ സഹോദരന്‍) ആയിടയ്ക്ക് തിലകര്‍ സ്ട്രീറ്റിലെ വീട്ടില്‍ താമസത്തിനെത്തി.
ഒപ്പം കാസര്‍കോട്ടു നിന്നെത്തിയ പ്രശാന്തും അവിടത്തെ അന്തേവാസിയായി.

ബിജു പൗലോസ്‌ .

ചിത്രഭൂമിയില്‍ സിനിമാ വാര്‍ത്തകള്‍ എഴുതുന്ന താല്‍ക്കാലിക ജോലിയിലായിരുന്ന
പ്രശാന്തിനെ സാമ്പത്തികമായി സഹായിക്കാനായി ഒരിക്കല്‍ സിഒ ആന്‍റോയും
നടേശനും ഞാനും കോറസ് പാടാന്‍ പങ്കെടുക്കുന്ന ഒരു തെലുങ്ക് റെക്കോഡിംഗിന് ഒപ്പം
കൂട്ടി. രാജാമണിയായിരുന്നു സംഗീത സംവിധായകന്‍. ഏഴു ദിവസത്തെ
റെക്കോഡിംഗിന് പ്രതിഫലമായി 7000 രൂപ വീതം ഓരോരുത്തര്‍ക്കും ലഭിച്ചു.
അപൂര്‍വമായേ പ്രതിഫലമായി ആയിരങ്ങള്‍ കൈകളിലെത്താറുള്ളു. സൂര്യാ
ടിവിയിലെ സബ് എഡിറ്റര്‍ സുനില്‍ ബേബി, ന്യൂസ് റീഡര്‍ ജോജു ജോസഫ് എന്നിവരും
താമസിയാതെ അവിടെ താമസക്കാരായി. തിലകര്‍ സ്ട്രീറ്റില്‍ പത്രപ്രവര്‍ത്തകര്‍
ഒത്തുചേരുമ്പോള്‍ വാര്‍ത്താപ്രാധാന്യമുള്ള സമകാലിക ചര്‍ച്ചകള്‍ക്കാകും മുന്‍ഗണന.
ഫിലിം ജേര്‍ണലിസ്റ്റ് ഹരി നീണ്ടകരയും മിക്ക ദിവസങ്ങളിലും അവിടെയുണ്ടാകും.
ഒന്നിലും സജീവമായി ഇടപെടാതെ എന്നാല്‍ എല്ലാവരുമായും സഹകരിച്ച് ഒതുങ്ങിമാറി
ഇരിക്കുന്ന ചെറുപ്പക്കാരനെ ആദ്യം എനിക്കു മനസ്സിലായില്ല. ഡിഗ്രി കഴിഞ്ഞ്
കമേഷ്യല്‍ പൈലറ്റ് ലൈസന്‍സ് (സിപിഎല്‍) എടുത്ത് ജോലി അന്വേഷിക്കുന്ന
രാജേഷ് പണിക്കരാണ് അദ്ദേഹമെന്ന് പിന്നീടാണ് മനസ്സിലായത്. ഫ്ളൈയിംഗ് ക്ലബില്‍
പരിശീലകനായിരുന്ന രാജേഷ് തമിഴ് നടന്‍ അജിത് ഉള്‍പ്പെടെയുള്ള നിരവധി
ചെറുപ്പക്കാരെ വിമാനം പറപ്പിക്കാന്‍ പരിശീലനം നല്‍കിയിട്ടുണ്ട്.


മധു റാണി 

നടേശന്‍ എത്തിയതോടെ തിലകര്‍ സ്ട്രീറ്റിലെ വീട് സന്ധ്യാ വേളകളില്‍
സംഗീതസാന്ദ്രമായി. ഗായകനും സംഗീതജ്ഞനുമായ പാലക്കാട് ശ്രീറാം, പോള്‍സണ്‍
(സംഗീത സംവിധായകന്‍ കീരവാണിയുടെ ഗിറ്റാറിസ്റ്റ്), ജോണ്‍സന്‍റെയും രാജാ
മണിയുടെയും കീബോഡ് പ്ലേയറായ ബിജു പൗലോസ് തുടങ്ങിയവരോടൊപ്പം ഞാനും
നിത്യസന്ദര്‍ശകനായി. ഹിന്ദുസ്ഥാനി സംഗീതജ്ഞ മധുറാണിയുടെ"ഇന്‍തെസാര്‍"
എന്ന ഗസല്‍ കാസറ്റ് ആദ്യമായി കേട്ടത് അവിടെവച്ചാണ്. അവരുടെ ആലാപനത്തിലെ
വികാരസാന്ദ്രത ആസ്വാദനത്തിന്‍റെ പരമോന്നതിയിലെത്തിച്ച് നമ്മെ കണ്ണീരണിയിക്കും.
ആ ഗാനങ്ങള്‍ക്ക് ഇന്ത്യയുടെ മഹാനടന്‍ ദിലീപ് കുമാര്‍ നല്‍കുന്ന വിവരണം
കൂടിയാകുമ്പോള്‍ പിന്നെ പറയാനുമില്ല. പാട്ടു കേട്ട് കണ്ണീരൊഴുക്കുന്ന എന്നെയും
പോള്‍സണെയും നടേശനെയും നോക്കി ആരോ ചോദിച്ചു -";അല്ല, അതിന്
നിങ്ങള്‍ക്ക് ഉര്‍ദു കേട്ടാല്‍ മനസ്സിലാകുമോ?"; അര്‍ത്ഥം കൂടി മനസ്സിലായിരുന്നെങ്കില്‍
ആ നിമിഷം ഞങ്ങള്‍ കെട്ടിത്തൂങ്ങിച്ചത്തേനെ. അത്രയ്ക്ക്
ഹൃദയദ്രവീകരണശേഷിയുണ്ട് മധുറാണിയുടെ മധുരാലാപനത്തിന്.
നടേശന്‍ ഒഴികെ മറ്റുള്ളവരെല്ലാം പകല്‍ സമയങ്ങളില്‍ അവരവരുടെ സ്ഥാപനങ്ങളില്‍
ജോലിത്തിരക്കിലായിരിക്കും. രാജാമണിക്ക് റെക്കോഡിംഗ് ഉള്ളപ്പോള്‍ മാത്രമാണ്
നടേശനു തിരക്ക്. ജോലിയില്ലാത്ത ദിവസങ്ങളില്‍ നടേശന്‍ ഒറ്റയ്ക്കിരുന്ന് ബോറടിച്ചു

ഹരി നീണ്ടകര 

മുഷിയും. ഒരിക്കല്‍ ഹരി നീണ്ടകര കടന്നു വന്നപ്പോള്‍ ഹാര്‍മ്മോണിയത്തില്‍ പുതിയ
പാട്ടുകള്‍ മെനഞ്ഞെടുക്കുന്ന നടേശനെയാണു കണ്ടത്. ശബ്ദമുണ്ടാക്കാതെ
അദ്ദേഹം ഒരരുകില്‍ പാട്ടു കേട്ടിരുന്നു. ഇടയ്ക്ക് ഹാര്‍മ്മോണിയത്തിനു
മുകളിലിരിക്കുന്ന ന്യൂസ് പേപ്പര്‍ കണ്ട് ഹരി നീണ്ടകര ഞെട്ടി! ബോറടിച്ചു
നിവൃത്തിയില്ലാതെ പേപ്പറില്‍ കണ്ട ഒരു വാര്‍ത്തയ്ക്ക് ഈണം പകരുകയാണ്
നടേശന്‍! ഉടന്‍ തന്നെ തന്‍റെ ബാഗില്‍ നിന്ന് ഗാനരചയിതാവ് അപ്പന്‍ തച്ചേത്ത്
എഴുതിയ പത്ത് ശ്രീകൃഷ്ണ ഭക്തിഗാനങ്ങള്‍ ഹരി നീണ്ടകര നടേശനു നല്‍കി.
മരുഭൂമിയില്‍ മരുപ്പച്ച കണ്ടതു പോലെ നടേശന്‍ തുള്ളിച്ചാടി. ഓരോ ദിവസവും
കമ്പോസ് ചെയ്ത പാട്ടുകള്‍ വൈകുന്നേരത്തെ സൗഹൃദ സദസ്സില്‍ നടേശന്‍
മനംമറന്നു പാടി. ദിവസങ്ങള്‍ക്കകം മനോഹരമായ പത്തു ഭക്തിഗാനങ്ങള്‍
റെഡിയായി. പാട്ടുകള്‍ ആവര്‍ത്തിച്ചു കേട്ട ജൂഡിന്‍റെ മനസ്സിലെ സംഗീതകാരന്‍
അതോടെ ഉണര്‍ന്നു. മൂന്നു ടെലിഫോണ്‍ ബൂത്തുകളിലെ കളക്ഷന്‍ എല്ലാ ദിവസവും
ജൂഡിന്‍റെ കാഷ്ബാഗില്‍ കുമിഞ്ഞുകൂടുകയാണ്. ബില്ല് മാസാവസാനം അടച്ചാല്‍
മതിയല്ലോ. പിന്നീട് എല്ലാം പെട്ടെന്നായിരുന്നു. 

രാജേഷ് പണിക്കര്‍ 

ഒരു കാസറ്റ് നിര്‍മ്മാതാവാകാന്‍ ജൂഡ്സ ന്നദ്ധത അറിയിച്ചതോടെ നടേശന്‍ ഊര്‍ജസ്വലനായി. ഭക്തിഗാന കാസറ്റുകള്‍ക്ക്
വലിയ ഡിമാന്‍റ് ഉണ്ടായിരുന്ന കാലം. അമ്പിളി, അരുന്ധതി എന്നീ ഗായികമാരും
നടേശനും പാടിയ പത്തു ശ്രീകൃഷ്ണ ഭക്തിഗാനങ്ങള്‍ വടപളനിയിലെ അരവിന്ദ്
ഓഡിയോയില്‍ റെക്കോഡ് ചെയ്തു. പതിവായി രാജാമണിയുടെ അസിസ്റ്റന്‍റായി
പ്രവര്‍ത്തിക്കുന്ന നടേശനെ ഇക്കുറി രാജാമണി അസിസ്റ്റ് ചെയ്തു. കാസറ്റിന്
"കൗസ്തുഭം" എന്നു പേരുമിട്ടു. റെക്കോഡിംഗ് കഴിഞ്ഞാലുടന്‍ ഏതെങ്കിലും കാസറ്റ്
കമ്പനിക്കാര്‍ കൗസ്തുഭം കൊത്തിയെടുത്ത് വിതരണം ചെയ്യുമെന്ന
പ്രതീക്ഷയിലായിരുന്നു എല്ലാവരും. പക്ഷേ യാതൊന്നും സംഭവിച്ചില്ല. കാത്തിരുന്നു
മടുത്തപ്പോള്‍ കാസറ്റ് കുറേക്കൂടി ആകര്‍ഷകമാക്കാന്‍ നടേശന്‍ പാടിവച്ച ചില
പാട്ടുകള്‍ എംജി ശ്രീകുമാറിനെ വച്ച് പാടിക്കാന്‍ തീരുമാനമായി. ശ്രീകുമാറിന് പാട്ടുകള്‍
ഇഷ്ടപ്പെട്ടതിനാല്‍ ഒരു തുക പ്രതിഫലമായി ജൂഡിനു നല്‍കി കാസറ്റ് അദ്ദേഹം
സ്വന്തമാക്കി.

നടെശ് ശങ്കര്‍ ,

തുടര്‍ന്ന് ചലച്ചിത്ര രംഗത്തേക്കുള്ള നടേശന്‍റെ സംഗീത സംവിധാന സ്വപ്നം
പൂവണിഞ്ഞു. "ആന്ദോളനം" എന്ന തന്‍റെ ആദ്യ ചിത്രത്തിന് നടേശന്‍ സംഗീത
സംവിധാനം നിര്‍വഹിച്ചത് തിലകര്‍ സ്ട്രീറ്റിലെ വീട്ടിലിരുന്നാണ്. കോടമ്പാക്കത്തെ
കരാട്ടെ മാസ്റ്ററായ";സാമ്രോയ് " സ്റ്റാന്‍ലി ഡിക്രൂസ് ഒരു സിനിമ സംവിധാനം ചെയ്യാന്‍
ആഗ്രഹിച്ചപ്പോള്‍ തന്‍റെ സുഹൃത്തായ പത്രപ്രവര്‍ത്തകന്‍ സുന്ദര്‍ദാസിനോട് ഒരു
സംഗീത സംവിധായകനെ നിര്‍ദ്ദശിക്കാന്‍ ആവശ്യപ്പെട്ടു. നടേശനെയാണ് അദ്ദേഹം
ശുപാര്‍ശ ചെയ്തത്. തന്‍റെ ഹാര്‍മ്മോണിയവുമായി സാമ്രോയിയുടെ വീട്ടിലെത്തി
നടേശന്‍ മനോഹരമായ പാട്ടുകള്‍ ചിട്ടപ്പെടുത്തി. കമ്പോസിംഗ് കഴിഞ്ഞ്
റെക്കോഡിംഗിനായി കാത്തിരിക്കുന്നതിനിടയില്‍ ഒരു പ്രത്യേക സാഹചര്യത്തില്‍
സാമ്രോയ് സ്ഥലം വിട്ടു. തന്‍റെ വീട്ടുസാധനങ്ങളുടെ കൂട്ടത്തില്‍ നടേശന്‍റെ
ഹാര്‍മ്മോണിയവും ലോറിയില്‍ കയറ്റിയാണ് സാമ്രോയ് മുങ്ങിയത്. വര്‍ഷങ്ങളോളം
രാജാമണിയുടെ സഹായിയായും ജോണ്‍സന്‍റെ ട്രാക്ക് ഗായകനായും കോറസ്
പാടിയും മദിരാശിയില്‍ തങ്ങിയ നടേശന്‍ തന്‍റെ കഴിവുകള്‍ക്ക് വേണ്ടത്ര
പ്രോത്സാഹനം ലഭിക്കാത്ത സാഹചര്യത്തില്‍ നാട്ടിലേക്കു മടങ്ങി. പ്രിയനന്ദന്‍റെ
"ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്" എന്ന ചിത്രമുള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ക്ക്
പില്‍ക്കാലത്ത് നടേശന്‍ സംഗീതം പകര്‍ന്നു. ഭക്തിഗാനങ്ങളും ലളിത ഗാനങ്ങളും
സംവിധാനം ചെയ്യുന്ന തിരക്കിലാണ് ഇപ്പോള്‍ തൃശൂരിലുള്ള നടേഷ് ശങ്കര്‍.

പ്രശാന്ത് കാനത്തൂര്‍ 

ഇന്ത്യാ ടുഡേയില്‍ നിന്ന് ഏഷ്യാനെറ്റിലേക്കു ചേക്കേറിയ ഹരീഷ് കടയപ്രത്ത് ഇപ്പോള്‍
പത്രപ്രവര്‍ത്തകനായും ഫിലിം സെന്‍സര്‍ ബോഡ് അംഗമായും കോഴിക്കോട്ടുണ്ട്.
കമല്‍റാം സജീവ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സൂര്യാ ടിവി വിട്ട
സുനില്‍ ബേബി പിന്നീട് മീഡിയാ വണ്‍ ചാനലിലെ പ്രോഗ്രാം പ്രൊഡ്യൂസറായി.
മാധ്യമരംഗത്ത് നിരവധി പുരസ്കാരങ്ങള്‍ വാരിക്കൂട്ടി. ഇപ്പോള്‍ എറണാകുളത്ത്
മൈഫിന്‍ എന്ന ഓണ്‍ലൈന്‍ ബിസിനസ് ചാനലിനു വേണ്ടി പ്രവര്‍ത്തിക്കുന്നു. ജോജു
ജോസഫ് പല ചാനലുകളിലും മാറിമാറി ന്യൂസ് റീഡറായി തുടരുന്നു. പ്രശാന്ത് ഇന്ന്
മാതൃഭൂമിയുടെ ചെന്നൈ എഡിഷന്‍റെ ബ്യൂറോ ചീഫാണ്. ഒരു മികച്ച ഡോക്യുമെന്‍ററി
സംവിധായകന്‍ കൂടിയായ പ്രശാന്ത് കാനത്തൂര്‍ അടുത്തകാലത്ത്"സ്റ്റേഷന്‍ നമ്പര്‍
ഫൈവ്"എന്നൊരു ചിത്രം സംവിധാനവും ചെയ്തു. 

രാജേഷ് പണിക്കര്‍ എയര്‍ ഇന്ത്യാ
എക്സ്പ്രസില്‍ ക്യാപ്ടനായി ലോകം മുഴുവന്‍ പറന്നു നടക്കുന്നു. ബിജു പൗലോസ്,
പാലക്കാട് ശ്രീറാം തുടങ്ങിയവര്‍ സംഗീതരംഗത്ത് തിരക്കിലാണ്. ഇന്‍റീരിയര്‍
ഡെക്കറേഷനില്‍ വിദഗ്ധനായ ജൂഡ് ഡോമിനിക് കുടുംബസമേതം മദിരാശിയിലുണ്ട്.
ഹരി നീണ്ടകരയും ഗായകന്‍ മനോജ് കൃഷ്ണനും സുഹൃത്തുക്കളെയാകെ
ദുഃഖത്തിലാഴ്ത്തി ഈ ലോകത്തോട് വിടപറഞ്ഞു. എല്ലാത്തിനും സാക്ഷിയായി
തിലകര്‍ സ്ട്രീറ്റിലെ 14-ാം നമ്പര്‍ വീട് ഇപ്പോഴും മാറ്റങ്ങളൊന്നുമില്ലാതെ സാലിഗ്രാമില്‍
നിലകൊള്ളുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക