Image

നടി അൻസിബയുടെ പരാതി: ലക്ഷ്മി പ്രിയയ്ക്കും വനിതാ എസ്.ഐക്കുമെതിരെ കേസെടുക്കാൻ കോടതി നിർദേശം

Published on 05 July, 2026
നടി അൻസിബയുടെ പരാതി: ലക്ഷ്മി പ്രിയയ്ക്കും വനിതാ എസ്.ഐക്കുമെതിരെ കേസെടുക്കാൻ കോടതി നിർദേശം

കൊച്ചി: നടി അൻസിബ ഹസ്സൻ നൽകിയ പരാതിയിൽ നടി ലക്ഷ്മി പ്രിയ, തൃപ്പൂണിത്തുറ വനിതാ സെല്ലിലെ എസ്.ഐ രേഷ്മ എന്നിവർക്കെതിരെ കേസെടുക്കാൻ പൊലീസിന് കോടതി നിർദേശം നൽകി. വ്യാജ പരാതിയുടെ മറവിൽ തന്നെ നിയമവിരുദ്ധമായി സ്റ്റേഷനിൽ തടഞ്ഞുവെക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന അൻസിബയുടെ ഹർജിയിലാണ് തൃപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്താൻ കോടതി ഹിൽ പാലസ് പൊലീസിന് കർശന നിർദേശം നൽകി.

​ലക്ഷ്മി പ്രിയ നൽകിയ ഒരു പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു മുൻപ് അൻസിബയെ തൃപ്പൂണിത്തുറ വനിതാ സെല്ലിലേക്ക് വിളിപ്പിച്ചത്. എന്നാൽ ഈ പരാതി തികച്ചും വ്യാജമാണെന്നും തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനും മാനസികമായി തളർത്താനുമാണ് ലക്ഷ്മി പ്രിയ ശ്രമിച്ചതെന്നും അൻസിബ ആരോപിക്കുന്നു. വനിതാ എസ്.ഐ ഉൾപ്പെടെയുള്ളവരുടെ ഒത്താശയോടെ തന്നെ സ്റ്റേഷനിൽ നിയമവിരുദ്ധമായി തടഞ്ഞുവെച്ചെന്നും, അവിടെവെച്ച് ഭീഷണിപ്പെടുത്തി നിർബന്ധിതമായി മാപ്പെഴുതി വാങ്ങിച്ചെന്നും അൻസിബ തന്റെ പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.

​ഈ വിഷയത്തിൽ നേരത്തെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ഉൾപ്പെടെ അൻസിബ പരാതി നൽകിയിരുന്നു. തുടർന്ന് തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിൽ വകുപ്പുതല അന്വേഷണം നടന്നുവെങ്കിലും അൻസിബയുടെ പരാതിയിൽ കഴമ്പില്ലെന്ന രീതിയിലുള്ള റിപ്പോർട്ടാണ് പൊലീസ് സമർപ്പിച്ചത്. പൊലീസിന്റെ ഈ ആഭ്യന്തര അന്വേഷണം ശരിയായ ദിശയിലല്ലെന്നും കുറ്റക്കാരെ സംരക്ഷിക്കാനാണ് ശ്രമമെന്നും ചൂണ്ടിക്കാട്ടിയാണ് നടി കോടതിയെ സമീപിച്ചത്. നിലവിൽ കോടതി നേരിട്ട് ഇടപെട്ടതോടെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പുതിയ അന്വേഷണം ആരംഭിക്കാൻ പൊലീസ് നിർബന്ധിതരായിരിക്കുകയാണ്. നേരത്തെ അൻസിബയുടെ സമാനമായ മറ്റൊരു പരാതിയിൽ കോടതി നിർദേശപ്രകാരം നടൻ ടിനി ടോമിനെതിരെയും പൊലീസ് കേസെടുത്തിരുന്നു.

'അമ്മ'യിൽ പവർ ഗ്രൂപ്പുണ്ട്, എന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു; മോഹൻലാൽ രാജിവെച്ചതും ഇവർ കാരണക്കാരെന്ന് ശ്വേത മേനോൻ

തിരുവനന്തപുരം: മലയാള സിനിമയിലെ താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര തർക്കങ്ങൾ പുതിയ തലത്തിലേക്ക്. സംഘടനയിൽ ശക്തമായ 'പവർ ഗ്രൂപ്പ്' പ്രവർത്തിക്കുന്നുണ്ടെന്ന ഗുരുതര ആരോപണവുമായി 'അമ്മ' പ്രസിഡന്റ് ശ്വേത മേനോൻ രംഗത്തെത്തി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ കുറിപ്പിലാണ് ശ്വേത സംഘടനയ്ക്കുള്ളിലെ അടിയൊഴുക്കുകളെക്കുറിച്ച് തുറന്നടിച്ചത്. ഒരു സാധാരണ സ്ത്രീക്ക് മലയാള സിനിമയിലെ ഈ പവർ ഗ്രൂപ്പിനെ ഒരിക്കലും ഒറ്റയ്ക്ക് നേരിടാൻ ആവില്ലെന്നും, താൻ 'അമ്മ' പ്രസിഡന്റായി മത്സരിച്ച അന്നുമുതൽ ഇന്നുവരെ നേരിട്ട ആക്രമണങ്ങളുടെ ലിസ്റ്റ് നോക്കിയാൽ ഇക്കാര്യം വ്യക്തമാകുമെന്നും അവർ കുറിച്ചു.

​സംഘടനയിലെ ഈ പവർ ഗ്രൂപ്പിന്റെ ഇടപെടലുകൾ കാരണമാണ് മുൻ പ്രസിഡന്റ് മോഹൻലാലിന് പോലും രാജിവെച്ച് പോകേണ്ടി വന്നതെന്ന് ശ്വേത മേനോൻ വെളിപ്പെടുത്തി. സംഘടനയുടെ ജനറൽ ബോഡി യോഗത്തിൽ വെച്ച് തന്നെ കയ്യേറ്റം ചെയ്യാനുള്ള ശ്രമം വരെ നടന്നു. ഇത്തരം അസഹനീയമായ സാഹചര്യത്തിലാണ് 'അമ്മ'യിൽ നിന്ന് പിന്മാറുന്നതിനെപ്പറ്റി താൻ ഗൗരവമായി ചിന്തിച്ചതെന്നും അവർ വ്യക്തമാക്കി. തന്റെ പോരാട്ടങ്ങൾ ഒരിയ്ക്കലും ഏതെങ്കിലും സ്ഥാനങ്ങൾക്കോ വ്യക്തിപരമായ നേട്ടങ്ങൾക്കോ വേണ്ടിയായിരുന്നില്ലെന്നും കുറിപ്പിൽ പറയുന്നു.

​സ്ഥിരവരുമാനമില്ലാതെ ജീവിക്കുന്ന ഒട്ടനവധി മുതിർന്ന കലാകാരന്മാർ 'അമ്മ'യിലുണ്ടെന്നും മറ്റാരുടെയും മുന്നിൽ കൈനീട്ടാതെ അവർക്ക് മരുന്നും ആഹാരവും ഉറപ്പാക്കുക എന്നതാണ് സംഘടനയുടെ സ്ഥാപിത ലക്ഷ്യമെന്നും ശ്വേത ഓർമ്മിപ്പിച്ചു. ഈ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള പണം തരുന്നത് ഹിന്ദുവാണോ, മുസ്‌ലിമാണോ, ക്രിസ്ത്യാനിയാണോ, അമ്പലമാണോ, പള്ളിയാണോ, അംബാനിയാണോ അതോ അദാനിയാണോ എന്നൊന്നും തങ്ങൾ നോക്കാറില്ലെന്നും, സഹായിക്കാൻ മുന്നോട്ട് വരുന്ന എല്ലാവരെയും ഒരേ മനസ്സോടെയാണ് സ്വീകരിക്കുന്നതെന്നും വ്യക്തമാക്കിയാണ് ശ്വേത മേനോൻ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

'അമ്മ'യിലെ തർക്കങ്ങളിൽ ബിജെപിക്ക് പങ്കില്ല; സിനിമാ വേഷധാരികളായ രാഷ്ട്രീയക്കാരുടെ കുപ്രചാരണമെന്ന് എസ്. സുരേഷ്

തിരുവനന്തപുരം: മലയാള സിനിമയിലെ താരസംഘടനയായ 'അമ്മ'യിലുണ്ടായ ആഭ്യന്തര തർക്കങ്ങളിലും വിഭാഗീയതയിലും ബിജെപിക്ക് യാതൊരുവിധ പങ്കുമില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് വ്യക്തമാക്കുന്നു. 'അമ്മ'യുടെ ആഭ്യന്തര കാര്യങ്ങളിൽ ബിജെപി ഇടപെടുന്നു എന്ന രീതിയിൽ പുറത്തുവരുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്നും പാർട്ടിയെ ഇതിലേക്ക് അനാവശ്യമായി വലിച്ചിഴയ്ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് താരസംഘടനയിലെ പുതിയ വിവാദങ്ങളോട് ബിജെപി സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കിയത്.

​സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാരാണ് ബിജെപിയെ ഇതിലേക്ക് ബോധപൂർവ്വം വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നതെന്ന് എസ്. സുരേഷ് ആഞ്ഞടിച്ചു. ഇടനിലക്കാരെ വെച്ച് കോടികൾ നൽകി സിനിമാക്കാരെ ആരെയും വശത്താക്കേണ്ട ഗതികേട് ബിജെപിക്കില്ല. സിനിമയിൽ തന്നെ തുടർന്നിരുന്നെങ്കിൽ സുരേഷ് ഗോപിക്ക് കോടികൾ സമ്പാദിക്കാമായിരുന്നുവെന്നും, എന്നാൽ കറകളഞ്ഞ ദേശീയതയിൽ വിശ്വസിക്കുന്നത് കൊണ്ട് മാത്രമാണ് അദ്ദേഹം സിനിമ വിട്ട് ബിജെപിയിലേക്ക് വന്നതെന്നും സുരേഷ് ഓർമ്മിപ്പിച്ചു.

​'അമ്മ'യുടെ നിലവിലെ പ്രസിഡന്റ് ശ്വേത മേനോനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും അദ്ദേഹം മറുപടി നൽകി. ശ്വേത മേനോൻ ബിജെപിയുടെ പ്രതിനിധിയോ പാർട്ടി അംഗമോ അല്ലെന്നും അവർ ഒരു ദേശീയവാദിയും നരേന്ദ്ര മോദിയുടെ ഭക്തയുമായിരിക്കാം എന്നും അദ്ദേഹം പറഞ്ഞു. മുൻപ് ഇന്നസെന്റ് 'അമ്മ'യുടെ പ്രസിഡന്റായപ്പോൾ സിപിഎം സംഘടന പിടിച്ചെടുക്കുകയാണെന്നോ, രമേശ് പിഷാരടി അഡ്ഹോക്ക് കമ്മിറ്റി തലവനായപ്പോൾ കോൺഗ്രസ് ഇടപെട്ടെന്നോ ബിജെപി ആരോപിച്ചിട്ടില്ല. രാഷ്ട്രീയത്തിന് അതീതമായി സംഘടനയുടെ കാര്യങ്ങളിൽ ബിജെപി എപ്പോഴും മാന്യത പാലിച്ചിട്ടുണ്ടെന്നും സുരേഷ് കൂട്ടിച്ചേർത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക