Image

ഐ.എസ്.സി. വിയന്നയുടെ 45-ാം വാര്‍ഷിക ടൂര്‍ണമെന്റിന് ഉജ്ജ്വല സമാപനം: ടൈറ്റന്‍സിന് കിരീടം

ജോബി ആന്റണി Published on 18 June, 2026
ഐ.എസ്.സി. വിയന്നയുടെ 45-ാം വാര്‍ഷിക ടൂര്‍ണമെന്റിന് ഉജ്ജ്വല സമാപനം: ടൈറ്റന്‍സിന് കിരീടം

വിയന്ന : ഓസ്ട്രിയയിലെ പ്രശസ്ത വോളിബോള്‍ ക്ലബായ ഐ.എസ്.സി. വിയന്നയുടെ (ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ക്ലബ്) 45-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച അന്തരാഷ്ട്ര വോളിബോള്‍ ടൂര്‍ണമെന്റിന് ഗംഭീര സമാപനം. നിരവധി വോളിബോള്‍ പ്രേമികള്‍ ഒത്തുചേര്‍ന്ന മത്സരത്തില്‍ യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 16 ടീമുകള്‍ പങ്കെടുത്തു.



അവിസ്മരണീയമായ മത്സരങ്ങള്‍ക്കും ആവേശത്തിനും സാക്ഷ്യം വഹിച്ച ടൂര്‍ണമെന്റിലെ ഫൈനല്‍ പോരാട്ടത്തില്‍ ഐ.എസ്.സി. വിയന്ന ടൈറ്റന്‍സും (ക്യാപ്റ്റന്‍-അരുണ്‍ മംഗലത്ത്) ഐ.എസ്.സി. വിയന്ന നെക്സ്റ്റ് ജനറേഷനും (ക്യാപ്റ്റന്‍- റ്റെജോ കിഴക്കേക്കര) ഏറ്റുമുട്ടുകയും ടൈറ്റന്‍സ് ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.

ഇറ്റലിയില്‍ നിന്നുള്ള യൂറോഫൈറ്റേഴ്‌സ് വോളി മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഐ.എസ്.സി. വിയന്ന വാരിയേഴ്‌സ് നാലാം സ്ഥാനത്തെത്തിയപ്പോള്‍ ആര്‍ ആന്‍ഡ് എസ് ഹെസ്സെന്‍ ഫ്രാങ്ക്ഫര്‍ട്ട് അഞ്ചാം സ്ഥാനം നേടി. അതേസമയം കീരീടം നേടുമെന്ന് കാണികളും കളിക്കാരും ഒരുപോലെ പ്രതീക്ഷ നിലനിറുത്തിയ ടീം സ്റ്റുറ്റ്ഗാര്‍ട്ട് ബ്ലിറ്റ്‌സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ വിയന്ന ടൈറ്റന്‍സിനോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടങ്ങി.



ഐ.എസ്.സി.യുടെ 3 താരങ്ങള്‍ മികച്ച കളിക്കാര്‍ക്കുള്ള അവാര്‍ഡുകളും സ്റ്റുറ്റ്ഗാര്‍ട്ടില്‍ നിന്നുള്ള റോഷന്‍ മികച്ച ഒഫന്‍സ് കളിക്കാരനുമായി തിരഞ്ഞെടുക്കപ്പെട്ടു. ബെസ്റ്റ് ഓള്‍റൗണ്ടറായി അരുണ്‍ മംഗലത്തും (ഐ.എസ്.സി. വിയന്ന ടൈറ്റന്‍സ്), ബെസ്റ്റ് സെറ്ററായി റ്റെജോ കിഴക്കേക്കരയും (ഐ.എസ്.സി. വിയന്ന നെക്സ്റ്റ് ജനറേഷന്‍), ബെസ്റ്റ് ഡിഫന്‍സ് കളിക്കാരാനായി അനീഷ് മംഗലത്തും (ഐ.എസ്.സി. വിയന്ന ടൈറ്റന്‍സ്) ട്രോഫികള്‍ നേടി.



അതേസമയം ഐ.എസ്.സി. വിയന്നയുടെ ഏറ്റവും മുതിര്‍ന്ന താരങ്ങളെ ആദരിക്കുന്ന ചടങ്ങിനും ടൂര്‍ണമെന്റ് സാക്ഷിയായി. 4-5 പതിറ്റാണ്ടുകളായി ക്ലബ്ബിനുവേണ്ടി കളിക്കുകയും പുതുതാരങ്ങള്‍ക്ക് വഴികാട്ടുകയും ഉപദേഷ്ടാക്കളായി പ്രവര്‍ത്തിക്കയും ചെയ്ത എല്ലാവരെയും ആദരിച്ചു. ജോര്‍ജ് ജോസഫ് മാരാശ്ശേരില്‍, ജോസ് തൈലയില്‍, ടോമി വിലങ്ങുപാറയ്ക്കല്‍, ജോര്‍ജ് തട്ടില്‍, തോമസ് കിഴക്കേക്കര തുടങ്ങിയവര്‍ ആദരവ് ഏറ്റുവാങ്ങി. കൂടാതെ, ഐ.എസ്.സി വിയന്നയ്ക്ക് നല്‍കികൊണ്ടിരിക്കുന്ന സംഭാവനകള്‍ പരിഗണിച്ച് മുതിര്‍ന്ന തരാം റ്റെജോ കിഴക്കേക്കരയ്ക്ക് ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് സമ്മാനിച്ചു. മികച്ച സാങ്കേതിക സഹായങ്ങള്‍ ഒരുക്കുന്നതില്‍ നേതൃത്വം വഹിച്ച ജോര്‍ജ് ഞൊണ്ടിമാക്കലിന് ബെസ്റ്റ് സപ്പോര്‍ട്ടര്‍ അവാര്‍ഡ് ലഭിച്ചു.

പ്രോസി എക്സോട്ടിക്ക് സൂപ്പര്‍ മാര്‍ക്കറ്റ് പ്രൈമം സ്പോണ്‍സറായ ടൂര്‍ണമെന്റില്‍ ജെ.ജെ ഫെര്‍സിഹ്റുങ്, ജോസ്‌കോ സൂപ്പര്‍ മാര്‍ക്കറ്റ്, എം.ടി.സി സൂപ്പര്‍ മാര്‍ക്കറ്റ്, കറി വൈബ്സ് റസ്റ്റോറന്റ് എന്നിവരും സ്‌പോണ്‍സര്‍മാരായിരുന്നു. ഗെരാസ്ഡോര്‍ഫെര്‍ മലയാളി ഫെറൈന്‍ (GMV) ഭക്ഷണമൊരുക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക