
ബാലതാരമായി എത്തി ബിഗ് സ്‌ക്രീനില്‍ നടിയായും ടെലിവിഷനില്‍ അവതാരകയായും തിളങ്ങിയ നിര്‍മാതാവായും ഗായികയായും കഴിവ് തെളിയിച്ചയാളാണ് നസ്രിയ. നടന്‍ ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് പിന്നാലെ നസ്രിയ സിനിമയില്‍ നാലുവര്‍ഷത്തോളം നീണ്ട ഇടവേള എടുത്തിരുന്നു. തുടര്‍ന്ന് വളരെ സെലക്ടീവായി മാത്രമേ സിനിമകളുടെ ഭാഗമായിരുന്നുള്ളൂ.
സാമൂഹികമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത് നസ്രിയയുടെ ഒരു ഇന്‍സ്റ്റാഗ്രാം സ്റ്റോറിയാണ്. എംഎപിജെ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വന്ന ഒരു ഉദ്ധരണി നടി സ്വന്തം സ്റ്റോറിയില്‍ ഷെയര്‍ ചെയ്യുകയായിരുന്നു.
'ചുവപ്പു കണ്ടാല്‍ നെട്ടോട്ടമോടുന്ന കാളകള്‍ക്ക് നിയന്ത്രണം വിടുന്നതിനെ കുറിച്ച് ഞാനേറെ ചിന്തിച്ചിരുന്നു. പക്ഷേ, ഇപ്പോള്‍ ഞാനും', എന്നര്‍ഥം വരുന്നതാണ് നസ്രിയയുടെ പോസ്റ്റ്. താന്‍ നേരിട്ട മുന്നറിയിപ്പുകള്‍(ചുവപ്പ്) അവഗണിച്ചതിന്റെ ഫലമാണ് ഇപ്പോള്‍ നേരിടുന്നതെന്ന പരോക്ഷാര്‍ത്ഥമാണ് ഈ പ്രയോഗത്തിലൂടെ വിവക്ഷിക്കപ്പെടുന്നത്.
പിന്നാലെ, നടിയെന്താണ് ഉദ്ദേശിക്കുന്നതെന്ന ചോദ്യവുമായി ആരാധകരെത്തി. സ്പെയിനിലെ പ്രസിദ്ധമായ കാളപ്പോരില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് നടി പങ്കുവെച്ചിരിക്കുന്ന ഉദ്ധരണി. ദേഷ്യത്തോടെയുള്ള പ്രതികരണം ഉളവാക്കുന്ന പ്രകോപനങ്ങളെ 'കാളയ്ക്കുമുന്നിലെ ചുവപ്പുതുണി' എന്ന പ്രയോഗമുപയോഗിച്ച് വിശേഷിപ്പിക്കാറുണ്ട്. അപായസൂചന മറികടന്നും വിഷമകരമായ ബന്ധങ്ങളില്‍ തുടരുന്നതിനെയും ഇങ്ങനെ വിശേഷിപ്പിക്കാറുണ്ടെന്ന് പറയപ്പെടുന്നു.
പോസ്റ്റുകൊണ്ട് നസ്രിയ എന്താണ് ഉദ്ദേശിച്ചതെന്ന് ചര്‍ച്ചയിലാണ് ആരാധകര്‍. സുഹൃദ്ബന്ധങ്ങളെക്കുറിച്ചാവാം നടി പറയുന്നത് എന്നാണ് ചില സാമൂഹികമാധ്യമ ഉപയോക്താക്കള്‍ പറയുന്നത്. ടൊവിനോ തോമസുമായി ഒന്നിക്കുന്ന 'എല്‍ ക്ലാസികോ' എന്ന ചിത്രത്തെ ഓര്‍മിപ്പിച്ച്, സിനിമയുടെ പ്രൊമോഷനാവാമെന്ന് ചിലര്‍ പാതി പരിഹാസരൂപേണയും അഭിപ്രായപ്പെടുന്നു.
നേരത്തെയും നസ്രിയയുടെ സമാന പോസ്റ്റ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. നല്ല ജോലി, കുടുംബം, കരിയര്‍ എന്നിവ തിരഞ്ഞെടുത്ത് ഭാവി ഭദ്രമാക്കൂ എന്ന് ആഹ്വാനം ചെയ്യുന്ന ഒരു പോസ്റ്റായിരുന്നു അന്ന് നസ്രിയ കുറിച്ചത്. കഴിഞ്ഞ ഏപ്രിലില്‍, സിനിമകളില്‍നിന്ന് വിട്ടുനില്‍ക്കുന്നതില്‍ വിശദീകരണവുമായി നടി രംഗത്തെത്തിയിരുന്നു.
കുറച്ചുകാലമായി വ്യക്തിപരവും വൈകാരികവുമായ ചില പ്രതിസന്ധികളിലായിരുന്നു താനെന്നും ഇപ്പോള്‍ സ്വയം വീണ്ടെടുപ്പിന്റെ പാതയിലാണെന്നുമായിരുന്നു അവര്‍ തുറന്നുപറഞ്ഞത്.
സൂക്ഷ്മദര്‍ശിനിയാണ് നസ്രിയയുടെ ഒടുവില്‍ ഇറങ്ങിയ ചിത്രം. ബേസില്‍ ജോസഫ് ആയിരുന്നു ചിത്രത്തിലെ നായകന്‍. ആവേശം സംവിധായകന്‍ ജിത്തു മാധവന്‍ തമിഴില്‍ ഒരുക്കുന്ന സൂര്യ ചിത്രത്തില്‍ നസ്രിയയാണ് നായിക.