Image

ഒരു വര്‍ഷം കൂടി ...(എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

Published on 16 June, 2026
ഒരു വര്‍ഷം കൂടി ...(എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

ജീവിതം ജനനമരണങ്ങള്‍ക്കിടയിലെ യിടവേള
ഏതോ അജ്ഞാത ശക്തി നിയന്ത്രിപ്പൂ അഗോചരമായ് 
ആ മഹാശക്തി യെന്‍ മാതൃഗര്‍ഭത്തില്‍ മെനഞ്ഞെന്നെ
മഹാത്ഭുതകരമായ് സൃഷ്ടിച്ചതെത്ര മഹത്തരം !

തിരിഞ്ഞുനോക്കിടുന്നു ഞാന്‍ കടന്നുപോന്ന വീഥികള്‍
ദീര്‍ഘദൂരമോടി യിന്നു  ശാന്തതീരമാര്‍ന്നു ഞാന്‍
ജീവിതത്തിന്നന്തിയില്‍ സമാശ്വസിപ്പു തൃപ്തയായ്
വൈധവ്യദുഃഖവും ഏകാന്തവാസവും അന്ധകാരം തന്നെ
ഇത്രമേല്‍ ലഭ്യമാം നന്മയില്‍ സംതൃപ്ത ജീവിതം
ഏകിയ ദൈവത്തെ നന്ദിസ്തവങ്ങളര്‍പ്പിച്ചു ജീവിപ്പേന്‍
ലഭ്യമാകുന്നില്ല ആര്‍ക്കും തന്നിച്ഛപോല്‍, ലഭ്യമാം 
ഏതിലും സംതൃപ്തി നേടുന്നതേയഭികാമ്യം!
ചെമ്പകപ്പൂക്കളെ തേടുന്നോരെത്തിടാം 
നൊമ്പരപ്പൂക്കള്‍ തന്‍ കന്യാവനങ്ങളില്‍,
ഈ ഭൂവിലാരും സംതൃപ്തരല്ലെന്നതേ പരമാര്‍ത്ഥം
വെട്ടിപ്പിടിക്കുവാനോടവേ കൈവിടേണ്ടതായുണ്ടേറെ
തൃഷ്ണയില്‍ ജീവിതം മുന്നോട്ടു നീക്കവേ സാന്ത്വനം 
എങ്ങു ലഭിക്കൂമെന്നോര്‍ത്തു ചരിക്കുന്നു മാനവന്‍
ഈശ്വര സവിധത്തിലാശ്രയം വയ്ക്കുകില്‍ 
ആശ്വാസം സര്‍വ്വേശന്‍ നല്‍കിടും നിശ്ചയം !
വത്സരമൊന്നുകൂടെന്‍ ജീവശ്രേണിയില്‍ നല്‍കിയ
സര്‍വ്വേശാ തവ തപ്പദം ചുംബിച്ചൂ നമിക്കുന്നേന്‍!!

……………………………….

Join WhatsApp News
Sudhir Panikkaveetil 2026-06-16 15:04:39
ഒരു കവിയുടെ ജീവിതത്തിലേക്കുള്ള തിരിഞ്ഞുനോട്ടം. അവർക്ക് തന്നെ നേരിട്ട നഷ്ടങ്ങളും വേദനയും എഴുതുമ്പോൾ ഈ ഭൂവിലാറും സംതൃപ്തരല്ലെന്ന സത്യവും അവർ കണ്ടെത്തുന്നു. ഈശ്വരനിൽ ആശ്രയവും ആശ്വാസവും വയ്ക്കുകയാണ് നന്മ എന്നും അവർ കണ്ടെത്തി പറയുന്നു. ചിന്തനീയമായ ഒരു കവിത. ഒരു വര്ഷം കൂടി ലഭിച്ചതിൽ ഈശ്വരന് നന്ദി പറയുന്നു. ഇന്ന് അവരുടെ ജന്മദിനമാണ്. ജന്മദിന ആശംസകൾ നേരാം.
ബെന്നി 2026-06-16 15:49:17
'വത്സരമൊന്നുകൂടെന്‍ ജീവശ്രേണിയില്‍ നല്‍കിയ' Birthday Wishes.
ജോസഫ് നമ്പിമഠം 2026-06-16 16:15:20
ജന്മദിനാശംസകൾ നേരുന്നു. ഏകാന്തതയിൽ, കവിത കൂട്ടായി ആശ്വാസമേകട്ടെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക